അദാനി, പവർ ഗ്രിഡ് പ്രോജക്റ്റുകൾക്കെതിരെ ഗുജറാത്തിൽ കർഷക പ്രക്ഷോഭം
അഹമ്മദാബാദ്: കൃഷിഭൂമിയിലൂടെ കടന്നുപോകുന്ന പവർ ട്രാൻസ്മിഷൻ ലൈനുകൾക്കും ടവറുകൾക്കും നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ആരോപിച്ച് ഗുജറാത്തിലെ മോർബിയിൽ അദാനി, പവർ ഗ്രിഡ് കോർപ്പറേഷൻ പ്രോജക്റ്റുകൾക്കെതിരെ 9000-ത്തിലധികം കർഷകർ കൂറ്റൻ പ്രതിഷേധവുമായി രംഗത്ത്. മോർബി കളക്ടറേറ്റിലേക്ക് കർഷകർ നടത്തിയ ധർണയെത്തുടർന്ന് പ്രദേശത്ത് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർണമായും തടസപ്പെട്ടു.
അദാനി എനർജി സൊല്യൂഷൻസിന്റെ 765 കെ.വി ഹൽവദ് ട്രാൻസ്മിഷൻ ലൈൻ, പവർ ഗ്രിഡ് കോർപ്പറേഷന്റെ 800 കെ.വി ലൈൻ എന്നിവയ്ക്കെതിരെയാണ് കർഷകരുടെ പ്രക്ഷോഭം. സെപ്റ്റംബർ 23-ന് ഭൂവുടമകൾക്ക് വാല്യുവേഷൻ പ്രക്രിയയ്ക്കായി രണ്ടുദിവസത്തെ മാത്രം സാവകാശം നൽകി കളക്ടറേറ്റ് നോട്ടീസ് അയച്ചതാണ് നിലവിലെ പ്രക്ഷോഭത്തിന് തീകൊളുത്തിയത്.
"സർക്കാർ കർഷകർക്കൊപ്പമാണോ അതോ വൻകിട കമ്പനികൾക്കൊപ്പമാണോ നിൽക്കുന്നത്?" എന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന യുവ കർഷക നേതാവ് നെഹുൽ അമൃതീയ ചോദിച്ചു. കാർഷിക മേഖലയെ തകർക്കുന്ന ലൈനുകൾ കച്ചിലെ ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ മാറ്റാനോ അല്ലെങ്കിൽ ഭൂമിക്കടിയിലൂടെ സ്ഥാപിക്കാനോ ആണ് കർഷകർ ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പ്രതീകാത്മകമായി പ്ലക്കാർഡുകളും മറ്റും ഉയർത്തി പ്രതിഷേധിച്ചതിന് 21 കർഷകർക്കെതിരെ കേസെടുത്തതും പ്രതിഷേധം കൂടുതൽ ശക്തമാക്കി. മോർബിയിലെ ബിജെപി എംഎൽഎയും സംസ്ഥാന മന്ത്രിയുമായ കാന്തിലാൽ അമൃതീയയുടെ സഹോദരൻ രതിലാൽ അമൃതീയയും കർഷകർക്ക് പിന്തുണയുമായി സമരരംഗത്തുണ്ട്. എന്നാൽ റൂട്ട് മാറ്റാൻ സാധിക്കില്ലെന്നും പുതിയ നയപ്രകാരം കർഷകർക്ക് മുന്നത്തേക്കാൾ മൂന്നിരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.
Tags : Farmers'Protest Gurath's Morbi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash