കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരംരഹിത പാതയുമായി ബന്ധപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത കണ്ണൂർ, വയനാട് ജില്ലകളിലെ ജ
കൊട്ടിയൂർ: കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍- അമ്പായത്തോട്-തലപ്പുഴ 44ാം മൈല്‍ ചുരമില്ലാപാത യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായ പരിശ്രമം വേണമെന്ന് മന്ത്രി സണ്ണി ജോസഫ്.
44ാംമൈല്‍ ചുരംരഹിത പാത സംബന്ധിച്ച് കൊട്ടിയൂരില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരന്നു മന്ത്രി.
പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയെന്നത് അത്ര എളുപ്പല്ല. നിരവധി നടപടിക്രമങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് യാഥാര്‍ഥ്യമാക്കാനാവില്ല. കേന്ദ്ര അനുമതിക്കായി ജില്ലയിലെ ലോകസഭാ, രാജ്യസഭാ എംപിമാരുള്‍പ്പെടെയുള്ളവരുടെ പിന്തുണയും ഇടപെടലും ആവശ്യമാണ്. റോഡിനായി വിട്ടുനല്‍കുന്ന വനഭൂമിക്ക് പകരമായി ആവശ്യമായത്ര ഭൂമിനല്കാന് സർക്കാർ തയാറാണ്. ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ധരിപ്പിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി വിഡി സതീശന്, വനംമന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരെ നേരിൽ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
നിലവിലെ വയനാട്ടിലേക്കുള്ള പാതകളായ പാല്‍ചുരം റോഡിലും നെടുമ്പൊയില്‍- പേര്യ ചുരം റോഡിലും മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള തടസങ്ങള്‍ പതിവായതിനാൽ ചുരമില്ലാ പാതയുടെ പ്രാധാന്യം ഏറെയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പാല്‍ചുരം പാത നവീകരണത്തിന് അനുമതിയായിട്ടുണ്ടെങ്കിലും വീതികൂട്ടുക സാധ്യമല്ലാത്തതിനാല്‍ ഇതുവഴി സുഗമമായ ഗതാഗതം അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് 44-ാം മൈല്‍ ചുരമില്ലാ പാതയുടെ പ്രാധാന്യം വർധിക്കുന്നത്. കേന്ദ്ര വനം നിയമത്തിന്റെ ഭാഗമായി പദ്ധതി പ്രദേശം വൈല്‍ഡ്ലൈഫ് സാങ്ച്വറിയായി മാറിയ സാഹചര്യത്തില്‍ ഡ്രോണ്‍ സർവേ ഉള്‍പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് പോലും വനം വകുപ്പിന്റെ അനുമതി വേണ്ടതുണ്ടെന്ന കാര്യവും യോഗം ചർച്ച ചെയ്തു. മാനന്തവാടി എംഎല്‍എ ഉഷ വിജയന്, പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഇന്ദിര ശ്രീധരന് , മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമന്, പേരാവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോള്‍, ജില്ലാ പഞ്ചായത്തംഗം ജയ്സന് കാരക്കാട്ട്, കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം, മുന്‍ കാപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് കുട്ടി മുക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രി സണ്ണി ജോസഫ്
ചെയർമാനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു
കൊട്ടിയൂർ: കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം രഹിതപാത യാഥാർഥ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മന്ത്രി സണ്ണി ജോസഫ് ചെയർപേഴ്സണായും മാനന്തവാടി എംഎൽഎ ഉഷ വിജയൻ കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
ജില്ലയിലെ എംപിമാർ രക്ഷാധികാരികളാണ്. മന്ത്രിമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.
Tags : NattuVishesham DistrictNews