തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലേക്കുള്ള പിഎം ശ്രീ പദ്ധതി ഫണ്ടുമായി ബന്ധപ്പെട്ടുള്ള വിവാദം വീണ്ടും മുറുകുന്നു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ പിഎം ശ്രീ പദ്ധതി ഒപ്പുവയ്ക്കൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിലും വിവാദങ്ങൾക്ക് ഇടനല്കിയിരിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് ഒപ്പുവച്ച പദ്ധതിയിൽനിന്നു പിൻമാറുമോ എന്ന കാര്യങ്ങളെക്കുറിച്ച്, പഠിച്ച ശേഷം മാത്രമേ കൃത്യമായ പ്രതികരണം നടത്താൻ കഴിയുള്ളൂ എന്ന നിലപാടാണ് നിലവിൽ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് പിഎം ശ്രീയിൽ ഒപ്പുവയ്ക്കുകയും 90 കോടിയിലധികം രൂപ സംസ്ഥാനം സ്വീകരിക്കുകയും ചെയ്തുവെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറയുന്നത്. അത്തരത്തിൽ മുൻ സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോയ പദ്ധതിയെക്കുറിച്ച് തുടർ നടപടികൾ യുഡിഎഫിൽ ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. വരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നും സൂചനയുണ്ട്.
എന്നാൽ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്നെന്നും പിഎം ശ്രീ ഫണ്ടുകൾ മുൻ സർക്കാർ വാങ്ങിയിട്ടില്ലെന്നുമാണ് മുൻ മന്ത്രി വി. ശിവൻകുട്ടി പറയുന്നത്.
പുതിയ സർക്കാർ അധികാരമേറ്റതോടെ പിഎം ശ്രീയിൽ തുടർനടപടി അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിനു കത്ത് നല്കിയിരുന്നു. ഇക്കാര്യത്തിൽ ഇനി യുഡിഎഫ് സ്വീകരിക്കേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.