National
ന്യൂഡല്ഹി: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വ്യാപാരികളുടെ പഞ്ചസാര സംഭരണപരിധി നേർപകുതിയായി വെട്ടിക്കുറച്ചു. ഇതോടെ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി സ്റ്റോക്ക് 4,000 ക്വിന്റലിൽനിന്ന് 2,000 ആയി കുറഞ്ഞു. കൂടാതെ, ഒരു വ്യാപാരിക്കും പഞ്ചസാര സ്റ്റോക്ക് ലഭിച്ച ദിവസം മുതല് 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. പുതിയ നിയന്ത്രണം ഈ മാസം 15 മുതല് നവംബര് 30 വരെയുണ്ടാകും.
രാജ്യത്തുടനീളമുള്ള ഏതൊരു സ്ഥലത്തും ഏതു സമയത്തും 2,000 ക്വിന്റലില് കൂടുതല് പഞ്ചസാര സംഭരിച്ചുവയ്ക്കാന് സാധിക്കില്ല. എന്നിരുന്നാലും, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന വിതരണകേന്ദ്രമായതിനാൽ കോൽക്കത്തയിലും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളിലും സംഭരണപരിധി 4,000 ക്വിന്റലായി തന്നെ തുടരും.
പുതിയ നിയന്ത്രണം സുഗമമായ ചരക്കുനീക്കത്തിന് സഹായകമാകുമെന്നും പഭോക്താക്കള്ക്കു ന്യായമായ വിലയില് പഞ്ചസാരയുടെ തുടര്ച്ചയായ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു. മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പഞ്ചസാര ഒളിപ്പിച്ചുവച്ചതായും വിൽപനയിൽ ക്രമക്കേടുകൾ നടത്തുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണു നടപടി കടുപ്പിച്ചത്.
National
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര് ഒന്നിന് ഒമ്പത് രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്ഹിയില് 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി.
മുംബൈയില് വാണിജ്യ സിലിണ്ടര് വില 2,701 രൂപയായി ഉയര്ന്നു. ചെന്നൈയില് വില 2,916.50 രൂപയിലെത്തി. കൊച്ചിയില് സിലിണ്ടര് ഒന്നിന് 2783.50 രൂപയും നല്കേണ്ടി വരും. ഗാര്ഹിക എല്പിജിയുടെ വിലയില് മാറ്റമില്ല.
യുഎസ്-ഇറാന് സംഘര്ഷത്തിനും ഹോര്മുസ് കടലിടുക്കിലെ പ്രശ്നങ്ങള്ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര് വിലയിലാണ് വീണ്ടും വര്ധനവുണ്ടായിരിക്കുന്നത്. വില വര്ധന ഹോട്ടലുകള്, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്, തട്ടുകടകള്, ബേക്കറികള്, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള് തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്ച്ചയായ വില വര്ധനയുണ്ടായപ്പോള് ഹോട്ടല് ഭക്ഷണത്തിന് വില ഉയര്ന്നിരുന്നു.
National
ഭോപ്പാൽ: പഞ്ചസാര വില വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്വർഗിയ. രാജ്യത്തെ 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും പഞ്ചസാരയുടെ വില കൂട്ടണമെന്നും മന്ത്രി പറഞ്ഞു. താൻ മധുരം തീരെ കഴിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് മാത്രമായി സർക്കാർ ന്യായവില ഷോപ്പുകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കണം. 40 വയസിന് മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ നിർദേശം. അതേസമയം ഉത്സവസീസണിൽ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ സാഹചര്യമൊരുക്കി 36,000 കോടി രൂപയുടെ അഴിമതിക്ക് നരേന്ദ്ര മോദി സർക്കാർ വഴിയൊരുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കും കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. പഞ്ചസാര ക്ഷാമം സംബന്ധിച്ച വിവരം ഏപ്രിലിൽ തന്നെ സർക്കാരിന് ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. കിലോഗ്രാമിന് 45 രൂപയായിരുന്ന പഞ്ചസാരയുടെ വില 75 രൂപയിലേക്ക് ഉയർന്നതായും സുർജേവാല ചൂണ്ടിക്കാട്ടി.
Business
ന്യൂഡൽഹി: പഞ്ചസാരയ്ക്കു പിന്നാലെ രാജ്യത്ത് സവാളവിലയും കുതിക്കുന്നു. കേരളം, ഡൽഹി, തമിഴ്നാട്, ആസാം എന്നിവിടങ്ങളിലെല്ലാം സവാളവിലയിൽ വൻ വർധനയാണുണ്ടായത്. കിലോയ്ക്ക് 43.53 രൂപയാണ് ഇന്നലെ രാജ്യത്തെ ശരാശരി ചില്ലറവില്പന വില.
കഴിഞ്ഞ വർഷം ഇതേ ദിവസം 27.37 രൂപയായിരുന്നു ശരാശരി ചില്ലറവില്പന വില. 59 ശതമാനം വർധനയാണുണ്ടായത്. ഹോൾസെയിൽ വില കിലോയ്ക്ക് 35.58 ആയി. കഴിഞ്ഞ വർഷം 21.23 രൂപ ആയിരുന്നു.
ചെന്നൈയിൽ ഇന്നലെ സവാള വില കിലോയ്ക്ക് 60 രൂപയായി. 33 രൂപയായിരുന്നു ഒരു വർഷം മുന്പത്തെ വില. ഡൽഹിയിൽ 55 രൂപയും കോൽക്കത്തയിൽ 53 രൂപയുമായിരുന്നു ഇന്നലത്തെ വില. സവാള വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സവാള ഉത്പാദന കേന്ദ്രമായ നാസിക്കിൽനിന്ന് ട്രെയിനിൽ വിവിധ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും. കാന്ദ എക്സ്പ്രസിൽ കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്നു സവാള എത്തിക്കും.
National
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാരയുടെ വിലവർധനയിലും സ്റ്റോക്ക് കുറഞ്ഞതിലും കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ സ്റ്റോക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതും വില റിക്കാർഡ് ഉയരത്തിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ രംഗത്തെത്തിയത്.
രാജ്യത്തെ പഞ്ചസാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം ‘എക്സ്’ പോസ്റ്റിലൂടെ ഉന്നയിച്ചു.
രാജ്യത്തെ പഞ്ചസാര സ്റ്റോക്ക് ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയത് എന്തുകൊണ്ടാണെന്നും കയറ്റുമതി നിർത്തിവച്ച് പത്തു ലക്ഷം ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തിയെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പഞ്ചസാരയ്ക്ക് 40 ശതമാനത്തോളം വില വർധിച്ചുവെന്നും ഉത്സവസീസണിൽ ഉണ്ടായ ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
പഞ്ചസാര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് കരിമ്പും ധാന്യങ്ങളും എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിടുന്ന നയം സർക്കാർ എന്തുകൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 290 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽനിന്ന് 2320 രൂപയോളമാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,11,440 രൂപയായിരുന്നു വില. മാത്രമല്ല സംസ്ഥാനത്ത് വെള്ളി വില വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വിലവർധിച്ചിരിക്കുന്നത്.
Kerala
കൊച്ചി: വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാൽ വില നാലു രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്കു തെല്ല് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റ വിലയും ഉയർത്തിയത് തിരിച്ചടിയായി.
ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ പലരും ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിൽ കാലിത്തീറ്റ വിലവർധനയുടെ ഭാരം ഈ രംഗത്തെ കർഷകരെയാകെ തളർത്തുന്നതാണ്.
കേരള ഫീഡ്സ് ഉൾപ്പെടെ സംസ്ഥാനത്തു കാലിത്തീറ്റ വിപണിയിലുള്ള ചെറുതും വലുതുമായ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചു. സൈലേജ്, തീറ്റപ്പുല്ല് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പായ്ക്കറ്റുകളിലെത്തുന്ന കാലിത്തീറ്റയുടെയും വിലയിൽ വർധനയുണ്ടായത്.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ വിവിധ ബ്രാൻഡുകളിലുള്ള കാലിത്തീറ്റകൾക്ക് 70 രൂപയുടെ വർധനയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. 1574 രൂപയായിരുന്ന ഡയറി റിച്ചിന്റെ 50 കിലോഗ്രാം പായ്ക്കറ്റിന് 1644 രൂപയായി ഉയർന്നു. 1410 രൂപയ്ക്കു കിട്ടിയിരുന്ന 45 കിലോഗ്രാമിന്റെ പായ്ക്കറ്റിന്റെ വില 1480ലെത്തി.
കെഎഫ് എലൈറ്റ്, മിടുക്കി കാലിത്തീറ്റകൾ 50 കിലോഗ്രാമിന് യഥാക്രമം 1540, 1440 രൂപയായി വർധിച്ചു. ക്ഷീരകർഷകർ കൂടുതലായി ആശ്രയിക്കുന്ന കെഎസ് കാലിത്തീറ്റയുടെ വിലയും ഉയർന്നു. 50 രൂപവീതം വർധനയുണ്ടായത് അടുത്തിടെയാണ്. മിൽമയും കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.
ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണു കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ തുടങ്ങിവയ്ക്ക് വില വർധിച്ചിട്ടുണ്ട്. ആട്, കോഴി തീറ്റകൾക്കും കന്പനികൾ വില കൂട്ടി.
കേരള ഫീഡ്സിന്റെ അതുല്യം ലെയർ മാഷ് 20 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 850 രൂപ നൽകണം. മഴക്കാലത്തു വ്യാപകമാകുന്ന അകിടുവീക്കം, കുളമ്പുരോഗം, ചർമമുഴ തുടങ്ങിയ രോഗങ്ങൾ കന്നുകാലികളിൽ പാൽ ഉത്പാദനം കുറയ്ക്കുന്നതിന്റെ ആശങ്കകൾ കർഷകരെ അലട്ടുന്പോഴാണ് കാലിത്തീറ്റകളുടെ വില വർധനകൂടി എത്തുന്നത്.
Kerala
കൊച്ചി: ഐഎച്ച്ആര്ഡി ജീവനക്കാരുടെ വിരമിക്കല് പ്രായം 58ല്നിന്ന് 60 ആക്കി ഉയര്ത്തിയ തീരുമാനം മുന്കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
വിരമിക്കല് പ്രായം ഉയര്ത്താനുള്ള മന്ത്രിസഭാതീരുമാനത്തിനും ഉത്തരവ് പ്രാബല്യത്തില് വന്നതിനും ഇടയിലുള്ള കാലയളവില് വിരമിച്ചവര്ക്ക് എല്ലാ ആനുകൂല്യങ്ങളോടെയും സര്വീസ് നീട്ടി നല്കിയ ഉത്തരവാണ് ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
2025 മേയ് 28ന് ഐഎച്ച്ആര്ഡി ജീവനക്കാരുടെ വിരമിക്കല് പ്രായം ഉയര്ത്താന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും 2025 ഓഗസ്റ്റ് 13 മുതലാണ് ഉത്തരവിലൂടെ ഇതു പ്രാബല്യത്തില് വന്നത്. ഈ കാലയളവിനകത്ത് വിരമിച്ചവര്ക്ക് ഗുണകരമാകണമെന്നു നിരീക്ഷിച്ചായിരുന്നു സിംഗിള് ബെഞ്ച് ഉത്തരവ്.
എന്നാല് ഇവര് വിരമിച്ച ഒഴിവില് സ്ഥാനക്കയറ്റം ലഭിച്ച ചില ജീവനക്കാർ സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീല് ഹര്ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
വിരമിക്കല് പ്രായം വര്ധിപ്പിക്കുന്നതും എന്നു നടപ്പാക്കണമെന്നതും സര്ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം സിംഗിള് ബെഞ്ച് ഉത്തരവുപ്രകാരം ജോലിയില് തിരികെ പ്രവേശിച്ചവരുടെ കാര്യത്തില് മറ്റു സര്വീസ് ആനകൂല്യങ്ങള്ക്കു പരിഗണിക്കാതെ ജോലി ചെയ്ത കാലയളവിലെ ശമ്പളം അനുവദിക്കുന്ന കാര്യത്തില് സര്ക്കാര് തീരുമാനമെടുക്കണമെന്ന് കോടതി നിര്ദേശിച്ചു.
National
മൂംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ഇതോടെ എണ്ണ വില ബാരലിന് 79 ഡോളറിലെത്തി. ഹോർമൂസിൽ ജിഎഫ്എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്. രാജ്യത്ത് എണ്ണക്കമ്പനികൾ എണ്ണ വില കുറയ്ക്കുമെന്ന് പറഞ്ഞത് ഇതോടെ ആശങ്കയായിരിക്കുകയാണ്.
Kerala
കൊച്ചി: രാജ്യത്ത് ഇന്ധനവില വർധിച്ചിട്ടും അവയുടെ വില്പനയിൽ കുറവില്ല. പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും (എച്ച്പിസിഎൽ) മേയ് മാസത്തെ വില്പനയിൽ മുൻവർഷത്തെ അപേക്ഷിച്ചു വർധന രേഖപ്പെടുത്തി. ഗാർഹിക, വാണിജ്യ എൽപിജി വിതരണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബിപിസിഎൽ പെട്രോൾ വില്പന കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4.29 ശതമാനം വളർച്ചയോടെ 10,50,000 മെട്രിക് ടണ്ണായി ഉയർന്നെന്ന് അധികൃതർ അറിയിച്ചു. ഡീസൽ വില്പന 21,00,000 മെട്രിക് ടണ്ണായി ഉയർന്നു. 6.72 ശതമാനമാണു വർധന. കാർഷിക- വ്യവസായ മേഖലയ്ക്കുപുറമെ രാജ്യത്തെ ചരക്കുനീക്കവും സജീവമായതോടെയാണ് ഇന്ധനവില്പന ഉയർന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
എൽപിജി വിതരണത്തിലും വർധനയുണ്ടായി. 3.39 കോടി ഗാർഹിക സിലിണ്ടറുകളും 8.32 ലക്ഷം വാണിജ്യ സിലിണ്ടറുകളും 3.58 ലക്ഷം ചെറു സിലിണ്ടറുകളുമാണ് മേയിൽ വിതരണം ചെയ്തതെന്ന് ബിപിസിഎൽ അറിയിച്ചു. കൃത്യതയാർന്ന വിതരണ സംവിധാനത്തോടെ മുഴുവൻസമയ സേവനം ഉറപ്പാക്കിയതാണ് ഇന്ധന, പാചകവാതക വില്പനയിൽ പ്രവർത്തനമികവ് രേഖപ്പെടുത്തിയതിനു കാരണമെന്നും അധികൃതർ പറഞ്ഞു.
എച്ച്പിസിഎലിന്റെ മേയിലെ ആകെ റീട്ടെയിൽ ഇന്ധനവില്പന മുൻവർഷത്തെ 2,661 ടിഎംടിയിൽ (തൗസൻഡ് മെട്രിക് ടൺ) നിന്ന് 6.4 ശതമാനം വളർച്ചയോടെ 2,832 ടിഎംടി ആയി ഉയർന്നു. പെട്രോൾ വില്പനയിൽ 3.4 ശതമാനവും ഡീസൽ വില്പനയിൽ എട്ടു ശതമാനവും വളർച്ചയാണു രേഖപ്പെടുത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
കാർഷിക ആവശ്യങ്ങൾ വർധിച്ചതാണ് ഡീസൽ വില്പനയിലെ ഈ വലിയ മുന്നേറ്റത്തിനു പ്രധാന കാരണമെന്ന് അധികൃതർ പറഞ്ഞു. മേയിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്തു. എൽപിജി വിഭാഗത്തിൽ 393 ലക്ഷം സിലിണ്ടറുകളാണ് ഈ കാലയളവിൽ എച്ച്പിസിഎൽ ഉപഭോക്താക്കളിൽ എത്തിച്ചത്. ഇതിൽ 99.30 ശതമാനം സിലിണ്ടർ ബുക്കിംഗും ഓൺലൈൻ വഴിയാണു നടന്നത്. രാജ്യത്തുടനീളം തടസമില്ലാതെ ഇന്ധനവും എൽപിജി സിലിണ്ടറുകളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും. പാൽ വില ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിക്കുക. പുതിയ പാക്കറ്റുകൾ വരുന്നതുവരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ കിട്ടുക.
നെയ്യടക്കം മറ്റ് മറ്റ് പാൽ ഉത്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില ഉയർന്നേക്കും. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവർധന. പാചകവാതകത്തിനും പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് ഇനിയും ചെലവേറും. ഇതോടെ ഹോട്ടൽ ഉടമകളും ആശങ്കയിലാണ്. മഞ്ഞ കവർ പാൽ: 27 രൂപ, നീല കവർ പാൽ: 30 രൂപ, ഓറഞ്ച് കവർ പാൽ: 30 രൂപ, പച്ച കവർ പാൽ: 32 രൂപ, കൗ മിൽക് - ഒരു ലിറ്റർ ബോട്ടിൽ: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
District News
തൊടുപുഴ: പെട്രോള് ഡീസല് വില വര്ധനയില് പ്രതിഷേധിച്ച് കോണ്ഗ്രസ് തൊടുപുഴ വെസ്റ്റ്-ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവ്, ഡിസിസി സെക്രട്ടറിമാരായ ജാഫര്ഖാന് മുഹമ്മദ്, പി.വി. താജുദ്ദീന്, ടി.ജെ. പീറ്റര്, കെ.ജി. സജിമോന്, സണ്ണി മണര്കാട്, റോബിന് മൈലാടി എന്നിവര് പ്രസംഗിച്ചു.
District News
തൃശൂർ: പെട്രോൾ- ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന പെട്രോളിയം കന്പനികളുടെയും കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിന്റെയും നടപടികൾക്കെതിരേ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ -എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബിഎസ്എൻഎൽ ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഹരിദാസ് അധ്യക്ഷനായി.
ഓട്ടോ, ടാക്സി വാടക കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നു. കഴിഞ്ഞ നാലുവർഷമായി നിരക്കുവർധനയുണ്ടായിട്ടില്ലെന്നും ഓർമിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ പി.ഡി. റെജി, വർധനൻ പുളിക്കൽ, സുനിൽ കുന്നത്തേരി എന്നിവർ പ്രസംഗിച്ചു. ഇ.എ. ഡേവിസ്, എസ്.എ. സതീശൻ, ടി.എം.സി. സോളമൻ, അരുണ്, ധനേഷ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: ഇന്ധനവില കൂടിയത് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപഭോക്തൃ സംസ്ഥാനമാണു കേരളം. വിദൂര സ്ഥലങ്ങളിൽനിന്നാണു ട്രക്കുകൾ കേരളത്തിലേക്ക് വരുന്നത്. അതിനാൽത്തന്നെ ഡീസൽ വില കൂടുന്നതിന്റെ ആഘാതം വലുതാണ്.
ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കേരളത്തിന്റെ നികുതിവിഹിതം കുറയ്ക്കണമോയെന്നു പരിശോധിക്കാൻപോലും കഴിയാത്തരീതിയിൽ ദിവസേന വില കൂട്ടുകയാണ്.
കേരളത്തെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. ഇതടക്കം കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
ആലപ്പുഴ: ഫാക്ടംഫോസും പൊട്ടാഷുമുൾപ്പെടെ രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. വേനൽമഴ ലഭിച്ച് ഒന്നാംവിള കൃഷിപ്പണി ആരംഭിക്കാനിരിക്കേയാണ് വളം വില കൂടുന്നത്. മാർച്ചിൽ 1475 രൂപയായിരുന്ന ഫാക്ടം ഫോസ് (20-20-0-13) വില ചാക്കിന് 625 രൂപ വർധിച്ച് 2100 രൂപയായി. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ 16-16-16 കോംപ്ലക്സ് വളത്തിന്റെ വില 1650 രൂപയിൽ നിന്ന് 2050 രൂപയിലെത്തി.
രാജ്യത്ത് ഉത്പാദനം ഇല്ലാത്തതിനാൽ പൂർണമായും ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിന്റെ വില 1850 ൽ നിന്ന് 1975 രൂപയായി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ രാസവള നിർമാണത്തിനുള്ള സാധനങ്ങളുടെ വരവ് കുറയുകയും വില കൂടുകയും ചെയ്തതാണ് വിലക്കുതിപ്പിന് കാരണം.
സമ്പൂർണ സബ്സിഡിയുള്ള യൂറിയ, ഡിഎപി (ഡൈ അമോ ണിയം ഫോസ്ഫേറ്റ്) വളങ്ങളുടെ വില മാത്രമാണ് കൂടാത്തത്. യൂറിയക്ക് 266.50 രൂപയും ഡിഎപിക്ക് 1350 രൂപയുമായി വില തുടരുന്നു. വടക്കേ ഇന്ത്യൻ കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന വളങ്ങളാണ് യൂറിയയും ഡിഎപിയും. സഹകരണ സ്ഥാപനമായ ഇഫ്കോയുടെ 20-20-0-13 ന് വില കൂട്ടിയിട്ടില്ല. പഴയ സ്റ്റോക്ക് തീരുന്നതോടെ 2000 രൂപയെങ്കിലും ആകുമെന്നാണ് സൂചനയെന്ന് ആലപ്പുഴയിലെ വളം വിൽപ്പന സ്ഥാപനത്തിന്റെ ഉടമ പറയുന്നു.
രാസവളം നിർമാണത്തിനുള്ള സൾഫ്യൂറിക് ആസിഡ്, ഫോസ്ഫറിക് ആസിഡ്, അമോണിയ എന്നിവ ഇറക്കുമതി ചെയ്യുന്നതാണ്. ഇവ എത്തിച്ചിരുന്നത് ഹൊർമൂസ് കടലിടുക്ക് വഴി കപ്പലുകളിലായിരുന്നു. ചൈന സൾഫ്യൂറിക് ആസിഡിന്റെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി. നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നിവയാണ് കോംപ്ലക്സ് വളങ്ങളിൽ അടങ്ങിയിരിക്കുന്നത്.
രാസവസ്തുക്കൾ ഇറക്കുമതി ചെയ്ത് ഫാക്ടറികളിൽ നിർമിക്കുന്നതാണ് ഇവ. ഡിഎപി, എൻപികെ തുടങ്ങിയവ മിക്സ്ച്ചർ വളങ്ങളാണ്. വളം കമ്പനികളിൽനിന്ന് നൈട്രജൻ, ഫോസ്ഫറസ്, സൾഫർ, യൂറിയ, പൊട്ടാഷ് എന്നിവ വാങ്ങി കലർത്തിയാണ് ഇവ നിർമിക്കുക. സ്പിക്, പാരദ്വീപ് ഫോസ്ഫേറ്റ് ലിമിറ്റഡ് എന്നിവയുടെ കോംപ്ലക്സ് വളങ്ങൾക്ക് തമിഴ്നാട്ടിലും കർണാടകയിലും ചാക്കിന് 500 രൂപയോളം വർധിപ്പിച്ചു എന്നാണ് ഇടനിലക്കാർ പറയുന്നത്.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 10 ദിവസത്തിനിടെ മൂന്നാമത്തെ വർധനയാണിത്. ഇതോടെ അഞ്ച് രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.
പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും സിഎൻജിക്ക് ഒരു രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 100 കടന്നു. പെട്രോളിന്റെ വില 112ൽ എത്തി. 90 രൂപയ്ക്കുമേൽ നൽകണം ഒരു കിലോ സിഎൻജിക്ക്.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജനങ്ങളുടെ സന്പാദ്യം ഗഡുക്കളായി കൊള്ളയടിക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സമയങ്ങളിൽ അതിന്റെ സാന്പത്തികനേട്ടങ്ങൾ ജനങ്ങൾക്കു കൈമാറാതെ കേന്ദ്രസർക്കാർ പൂർണമായും തടഞ്ഞുവച്ചു. കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയായി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
District News
അഞ്ചല് : തുടര്ച്ചയായുള്ള ഇന്ധന വില വര്ധനവില് പ്രതിഷേധിച്ച് കോണ്ഗ്രസ് അഞ്ചല് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് അഞ്ചലില് പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ബി. വേണുഗോപാൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കോളജ് ജംഗ്ഷനില് നിന്നും ആരംഭിച്ച പ്രകടനം ആര്ഒ ജംഗ്ഷന് വഴി ചന്തമുക്കില് സമാപിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.ജെ. ഷോം, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള,ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഷഹീർ അഞ്ചൽ, മണ്ഡലം പ്രസിഡന്റുമാരായ അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഷാനവാസ്, ഗീവർഗീസ്, നേതാക്കളായ ഏറം സന്തോഷ്, ഷെറിൻ അഞ്ചൽ എന്നിവര് നേതൃത്വം നല്കി.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 90 പൈസ വർധിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവിലയിൽ ലിറ്ററിന് മൂന്നു രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.64 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില. നേരത്തെ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായിരുന്നു നിരക്ക്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ വില 109.60 ഉം ഡീസൽ വില 98.45 രൂപയുമായി. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് അവശ്യവസ്തുക്കളുടെയും വില കൂടുമെന്നതാണ് ഏറെ ആശങ്കാജനകം.
ഇറാൻ-അമേരിക്ക, ഇസ്രയേൽ സംഘർഷവും ഹോർമൂസ് പ്രതിസന്ധിയുമാണ് ഇന്ധന വില വർധിക്കുന്നതിന് കാരണം.
National
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം സിഎൻജിയുടെ വിലയും കഴിഞ്ഞദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു. കഴിഞ്ഞ 15ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഇപ്പോൾ 80.09 രൂപയായി.
നോയിഡയിലും ഗാസിയാബാദിലും 88.70 രൂപയായി ഉയർന്നു. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു വിലകൂട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെന്നും വിലവർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നും കമ്പനികൾ പറഞ്ഞു.
ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും പതിനായിരക്കണക്കിന് ഓട്ടോകൾ, ക്യാബുകൾ, പൊതുഗതാഗത ബസുകൾ എന്നിവയെല്ലാം സിഎൻജിയിലാണ് സർവീസ് നടത്തുന്നത്. ഈ വിലവർധനവ് യാത്രാക്കൂലി വർധനവിനും മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ഇന്ധന വിലവർധന സാധാരണക്കാരിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി അനിശ്ചിതമായി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല. വർധനയുടെ ഒരുഭാഗം ആളുകളിലേക്ക് കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവുംവലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.
Business
കൊച്ചി: സ്വര്ണത്തിന്റെ ഇറക്കുമതി ചുങ്കം വര്ധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ സ്വര്ണവിലയില് വന് ചാഞ്ചാട്ടം. രാവിലെ കത്തിക്കയറിയ വില ഉച്ചയോടെ തിരിച്ചിറങ്ങി. രാവിലെ ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 15,390 രൂപയിലും പവന് 1,23,120 രൂപയിലും എത്തിയിരുന്നു.
ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്നലെ രാവിലെ സ്വര്ണ വ്യാപാരം നടത്തിയിരുന്നത്. എന്നാല് ഉച്ചയോടെ രണ്ടു തവണയായി വില കുറഞ്ഞു.
ആദ്യം ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 14,890 രൂപയിലും പവന് 1,19,120 രൂപയിലുമെത്തിയ സ്വര്ണവില വീണ്ടും കുറയുകയാണുണ്ടായത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് നിലവില് ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അതേസമയം, സ്വര്ണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തില്നിന്ന് 15 ശതമാനം ആയി വര്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്ധിക്കുന്നതിന് ഇതു കാരണമാകുമെന്നു കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര് പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ് സ്വര്ണം ഇറക്കുമതി ചെയ്തത്. ആറ് ശതമാനം ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോള് 800 ടണ്ണില് താഴെയാണ് ഇറക്കുമതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ സ്വര്ണം കള്ളക്കടത്തായി കൊണ്ടുവന്നാല് 20 ലക്ഷം രൂപയ്ക്കു മുകളില് ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വര്ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല് 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്ക്ക് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
International
ടെഹ്റാൻ: വിമാന ടിക്കറ്റ് ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായി. ഹോർമൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ ഉയർത്തിത്. 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വർധന കാരണം സർവീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്.
ഇന്ധനത്തിന് പുറമെ ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലയാണ് കൂടിയിരിക്കുന്നത്. ഇന്ധന വില ലോകത്ത് 30 ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും.
യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ തന്റെ സാമൂഹമാധ്യമ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ് വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ബുധനാഴ്ച അടച്ചിടും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം.
19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും അതിനാൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റേറന്റ് അസോസിയേഷൻ അറിയിച്ചു.
വിലക്കയറ്റം കാരണം ഹോട്ടൽ മേഖല തകർച്ച നേരിടുകയാണ്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Kerala
കണ്ണൂർ: പാചകവാതകത്തിന്റെ വില വർധിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കും. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിലവർധന ഹോട്ടൽ റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് ഈ വിലവർധന താങ്ങാനാവില്ല.
അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകള് സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ആറാം തീയതി സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടര് വില മൂവായിരം കടന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. പ്രവര്ത്തനച്ചെലവിന്റെ പേരില് വിഭവങ്ങള്ക്ക് വില കൂട്ടിയാല് ഉപഭോക്താക്കള്ക്ക് അത് വലിയ തിരിച്ചടിയാകും.
അതിനാൽ വിലവർധന പിൻവലിക്കണം. എല്പിജി നിയന്ത്രണം കാരണം അടച്ചിട്ട ഹോട്ടലുകള് പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്.
National
ന്യൂഡൽഹി: വാണിജ്യ സിലിണ്ടർ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നു. ആദ്യം ഗ്യാസ് അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചത്. ഇതാണ് ഇലക്ഷൻ ബില്ല്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിന്റെ ചൂട് വരുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ ആഘാതം എല്ലാവരും അനുഭവിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പാൽ വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു മിൽമ കത്തു നൽകിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശിപാർശ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ വില വർധന നീട്ടിവയ്ക്കുകയായിരുന്നു.
വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
National
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ധനവിലയിൽ കുതിപ്പുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു.
425 രൂപ മുതൽ 2300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ വർധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളിലും, ഇന്ത്യൻ സബ് കോണ്ടിനന്റിലും 425 രൂപയും, മിഡിൽ ഈസ്റ്റിൽ- 900 രൂപയും, തെക്ക് കിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്ക്- 1800 രൂപയും, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപയും, യൂറോപ്പിലേക്ക് 2300 രൂപയുമാണ് വർധിപ്പിച്ചത്.
അധിക നിരക്ക് ഈടാക്കിയതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. പ്രവർത്തന മേഖലയിലെ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി ആവർത്തിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും ഉചിതമായ സമയത്ത് ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയും ചെയ്യുമെന്ന് ഇൻഡിഗോ എയർലൈനിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: വ്യോമയാന ഇന്ധനത്തിന്റെ വില വർധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. പിന്നാലെയാണ് എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും ആവശ്യം.
ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്.
എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടുഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ടു ഗഡു ഡിആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആർ എന്നിവയിൽ എഴു ശതമാനം വർധനയാണു ലഭിക്കുക.
ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷനു സർക്കാർ അനുവദിച്ചതായും മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ടു ഗഡു ഡിഎ, ഡിആർ അനുവദിക്കുന്നത്. കെഎസ്ആർടിസിക്കു സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തൽ 1,035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.
District News
പാറശാല: പാചകവാതക വിലവര്ധനവില് പ്രതിഷേധിച്ച് പരശുവയ്ക്കല് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പാചകവാതക സിലിണ്ടറുമേന്തി പ്രകടനം നടത്തി.
എഐസിസി അംഗം നെയ്യാറ്റിന്കര സനല് ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കല് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്, പാറശാല പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്വിള സുരേന്ദ്രന്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ജോണ്, ഡിസിസി അംഗം മോഹനന്, ഡിസിസി സെക്രട്ടറി സത്യനേശന് തുടങ്ങി നിരവധി നേതാക്കള് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കാര്യവട്ടം ടി20 മത്സരത്തിനിടെ കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. വിഷയം ബിസിസിഐയെ അറിയിച്ചെന്നും നടപടി ഉറപ്പെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.
പാനീയങ്ങളുടെ സ്പോൺസർമാരെ നിശ്ചയിച്ചിരുന്നത് ബിസിസിഐ ആണെന്നും കെസിഎ വ്യക്തമാക്കി. കുടിവെള്ളത്തിന് അഞ്ചിരട്ടി വില ഈടാക്കിയെന്ന് സമുഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് കെസിഎ രംഗത്തെത്തിയത്.
സ്റ്റേഡിയത്തിൽ പത്തു രൂപയുടെ വെള്ളത്തിന് 100 രൂപയും 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറിൽ തുക കൃത്യമായി നൽകിയിരുന്നു.
200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില് 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില് നിന്ന് കർഷകർ വില്ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള് പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല് വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില് ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള് കേരളത്തില് ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില് തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ന്യൂഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് വില.
അതേസമയം കോൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു.
ഡൽഹിയിലും കോൽക്കത്തയിലും 10 രൂപ കുറച്ചപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.