കോഴിക്കോട്: മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും. പാൽ വില ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിക്കുക. പുതിയ പാക്കറ്റുകൾ വരുന്നതുവരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ കിട്ടുക.
നെയ്യടക്കം മറ്റ് മറ്റ് പാൽ ഉത്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില ഉയർന്നേക്കും. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവർധന. പാചകവാതകത്തിനും പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് ഇനിയും ചെലവേറും. ഇതോടെ ഹോട്ടൽ ഉടമകളും ആശങ്കയിലാണ്. മഞ്ഞ കവർ പാൽ: 27 രൂപ, നീല കവർ പാൽ: 30 രൂപ, ഓറഞ്ച് കവർ പാൽ: 30 രൂപ, പച്ച കവർ പാൽ: 32 രൂപ, കൗ മിൽക് - ഒരു ലിറ്റർ ബോട്ടിൽ: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.