Movies
2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ചലച്ചിത്ര പ്രതിഭകൾക്കു രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും ഏറ്റുവാങ്ങി.
മമ്മൂട്ടി പുരസ്കാരം സ്വീകരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു ആദരിച്ചു. ഇതു നാലാം തവണയാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.
ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാൻ ഗുജറാത്തിലെ കേവാഡിയയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫുമുണ്ട്.
ദാദാസാഹെബ് പുരസ്കാരം കന്നഡയുടെ ഇതിഹാസതാരം അനന്ത് നാഗിനു രാഷ്ട്രപതി സമ്മാനിച്ചു. മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും ഏറ്റുവാങ്ങി.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിർദേശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരിക്കും ഇനി മുതൽ പുരസ്കാരദാന ചടങ്ങ് നടത്തുകയെന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രാഷ്ട്രീയ ചിന്താഗതികൾ മാറ്റിവച്ച് രാജ്യതാത്പര്യത്തിനു മുന്തിയ പരിഗണന നൽകണമെന്നു വിമർശകരോട് മന്ത്രി അഭ്യർഥിക്കുകയും ചെയ്തു.
Movies
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യൻ സിനിമാ കമ്പനി.
ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 4-ന്റെ പൂജാ ചടങ്ങുകൾ നടന്നു. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചത് കിരൺ കെ.എസ്. ആണ്.
ചിത്രത്തിന്റെ നിർമാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പൂജ ചടങ്ങിൽ, സംവിധായകരായ ഗിരീഷ് എ.ഡി, ഡൊമിനിക് അരുൺ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എ.ഡി. ആദ്യ ക്ലാപ്പടിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
താരനിര, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. നരിവേട്ടയ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമിക്കുന്നത്.
അടുത്തിടെയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, മൈസൂരുവിൽ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ചിത്രം ഒരുക്കുന്നത് ജിതേഷ് എസ്. റാം ആണ്.
പുതുമുഖങ്ങൾക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുന്ന മറ്റു പ്രൊജക്ടുകളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ നരിവേട്ട മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയതോടെ, കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി.
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ, എഡിറ്റർ: ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട്: ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. വാഴൂർ ജോസ്.
Movies
സംവിധായകന് സനല്കുമാര് ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില് നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്.
മഞ്ജു വാര്യര്ക്കെതിരെ സനല് കുമാര് ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും ശൈലജ ഫേസ്ബുക്കില് പ്രതികരിച്ചു.
കുറിപ്പിന്റെ പൂർണരൂപം
മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്.
മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.
Movies
ഗണകൻ കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം.
ദേവീ ദേവന്മാരുടെ ചിത്രം സിനിമാ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വരുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.
ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
സംവിധായകനും നിർമാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.
കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ.
മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം.ആർ. ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം, പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു.
ദൈവികമായ ജ്യോതിഷം പോലും, പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുകയാണ് ഗണകൻ എന്ന ചിത്രം.
ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം - ആർ.എം.ആർ, ജിനു വടക്കേമുറി, കാമറ - പ്രദീപ് വിളക്കുപാറ, ഗാന രചന - നിഷാന്ത് കൊടമന, മ്യൂസിക് - അജ്മൽഷാ, സൗണ്ട്ഡിസൈൻ - എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് - വിജീഷ്,അസോസിയേറ്റ് ഡയറക്ടർ - സതീഷ് ഗോവിന്ദ്, ബിജു കലഞ്ഞൂർ,മേക്കപ്പ് - മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് - പ്രതീഷ്, കോസ്റ്റ്യൂം - റിയാസ്, പോസ്റ്റർഡിസൈൻ - മനുഡാവിഞ്ചി, സ്റ്റിൽ - ശ്യാം ലേഔട്ട്, പി.ആർ. ഒ - അയ്മനം സാജൻ.
ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്,നോവൽ കുമാർ, ശ്യാംലേഔട്ട്, സജീവ് വി, ഷാജു അറേബ്യ,ജയലാൽ, ഹരി,മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിതഅനിൽ എന്നിവർ അഭിനയിക്കുന്നു.
Movies
ഇടതുകൈയിൽ റിസ്റ്റ് ബ്രേസ് ധരിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. തനിക്ക് ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത് ധരിച്ചതെന്നും നടൻ വെളിപ്പെടുത്തി.
‘ദയ്റ’ സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ താരം എത്തിയത് ഇടതുകൈയിൽ ഒരു റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകവയൊണ് ടെന്നിസ് എൽബോയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
‘‘കൈക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്.’’പൃഥ്വിരാജ് പറഞ്ഞു.
കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന 'ടെന്നീസ് എൽബോ' അഥവാ ലാറ്ററൽ എപികോണ്ടിലൈറ്റിസ് എന്ന അവസ്ഥയെ തുടർന്നാണ് പൃഥ്വിരാജ് ഈ ബാൻഡേജ് ഉപയോഗിക്കുന്നത്.
കൈമുട്ടുകളില് കഠിനവേദനയായി വരുന്ന അസുഖമാണ് ടെന്നിസ് എല്ബോ എന്നറിയപ്പെടുന്നത്. എന്നാല് ഈ ശാരീരികപ്രശ്നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും. നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് ടെന്ഡണുകള് എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ്.
ഇവയ്ക്ക് ക്ഷതമേല്ക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളില് വരുന്ന നീര്ക്കെട്ടും 'ടെന്നീസ് എല്ബോ'ക്ക് കാരണമാകാം. കൈകള് ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.
Movies
ക്രോണിക് ബാച്ച്ലർ, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ ജോമോൻ ജോഷി വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ അഷ്ന ആൻഡ്രിയയാണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സൗദിയിൽ നഴ്സാണ് അഷ്ന. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.
1999 ൽ റിലീസ് ചെയ്ത ‘പുരസ്ക്കാരം’ എന്ന സിനിമയിലൂടെയാണ് ജോമോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. എറണാകുളം സ്വദേശിയായ ജോമോന്റെ മാതാപിതാക്കൾ ജോഷിയും ടെസ്സിയുമാണ്. ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട് താരം.
സഹയാത്രികയ്ക്ക് സ്നേഹപൂർവം’,‘കവർ സ്റ്റോറി’, ‘അണുകുടുംബം ഡോട്ട് കോം’, ‘ക്രോണിക് ബാച്ചിലർ’, ‘ഫാന്റം‘രാക്ഷസ രാജാവ്’ തുടങ്ങി നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. ‘ക്രോണിക് ബാച്ചിലർ’ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ ആണ് ജോമോന്റെ പുതിയ റിലീസ്. ചിത്രം ഈ മാസം 25ന് തിയറ്ററുകളിൽ എത്തും.
Movies
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.
ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നസമരസയിൽ ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം.എം. സേവ്യർ, രത്നാകരൻ,
നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനി ജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മായക്കാവ് ഗ്രാമത്തിൽ ഒറ്റപ്പെട്ട കൊച്ചു വീട്ടിൽ തനിച്ചു താമസിക്കുന്ന ദുർഗ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് . എന്നാൽ അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ദുർഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടിൽ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജർ സേതുരാമൻ പൊതു പ്രവർത്തകനായ പോരാളി രാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘർഷമുഹൂർത്തങ്ങളിലേക്ക് കടക്കുന്നു.
രാഷ്ട്രീയ കൊലപാതകക്കേസിൽ ജയിൽ ശിക്ഷകഴിഞ്ഞെത്തുന്ന രാജീവനും ദുർഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാൻ തീരുമാനിക്കുന്ന യുവസംവിധായകൻ സരിത് സാഗറും മായക്കാവിൽ എത്തുന്നതോടെ ദുർഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നിൽ തെളിയുകയാണ്.
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ.കെ., ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ജോമോൻ സിറിയക്. ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം, മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ, സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ്, ഡയറക്ടർ-ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ,ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം-സങ്കല്പ ഫ്രെയിംസ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.
Movies
കേരള ബോക്സ്ഓഫിസിൽ ഏറ്റവുമധികം കലക്ഷൻ നേടുന്ന ചിത്രമായി മാറി നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഏകദേശം 130 കോടിയാണ് ചിത്രം കേരളത്തിൽ നിന്നു മാത്രം വാരിയത്.
ഈ വര്ഷം തന്നെ പുറത്തിറങ്ങിയ ‘വാഴ 2’വിനെ തകർത്താണ് ‘ബെത്ലഹേം’ ഇന്ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.123 കോടിയായിരുന്നു വാഴ 2വിന്റെ കേരള ബോക്സ് ഓഫിസ് കലക്ഷന്.
സിനിമ മൂന്നാം വാരത്തിലെത്തുമ്പോൾ ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 288 കോടിയാണ്. അതേസമയം ആഗോള കലക്ഷനിൽ (300 കോടി) ഇപ്പോഴും മുന്നിൽ ലോകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകളാണ് മലയാളത്തിനുണ്ടായത്.
എമ്പുരാൻ, തുടരും, ലോക, വാഴ 2, ഇപ്പോൾ ബെത്ലഹേം. ഈ വർഷം തന്നെ രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ ആണ് സംഭവിച്ചത്.
മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന്റെ റിക്കാർഡ് മാസങ്ങളുടെ ഇടവേളകളിലായിരുന്നു കഴിഞ്ഞ വർഷം ലോക തകർത്തെറിഞ്ഞത്.
തെലുങ്കിലും തമിഴിലും കലക്ഷൻ കുതിക്കുകയാണെങ്കിൽ ‘ലോക’ നേടിയ ആഗോള കലക്ഷൻ റിക്കാർഡും ബത്ലഹേം ഉടൻ മറികടക്കും.
Movies
ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ഗർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന് അറിഞ്ഞതിനെക്കുറിച്ച് ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.
മാ ഇൻഡി ബംഗാരം എന്ന സിനിമയിലെ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
"മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു.
അതായത്, കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു. എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്നമായിരുന്നില്ല.
അതുകൊണ്ട്, ഇതൊരു സർപ്രൈസ് ആയിരുന്നു. തസ്സാദിയയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്.
ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു. സാമന്ത പറഞ്ഞു.
സാമന്തയ്ക്കും സംവിധായകൻ രാജ് നിദിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
2025 ഡിസംബർ ഒന്നിനാണ് സാമന്തയും നിർമാതാവ് രാജ് നിദിമോരുവും വിവാഹിതരായത്.
Movies
മലയാളസിനിമയുടെ ഇൻഡസ്ട്രി ഹിറ്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.
അജുവിന്റെ വാക്കുകൾ
‘വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.
വിനീതിന്റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.
വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്റെ നിതിൻ മോളി.
നിവിന്റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്റേതിന് സമാനമായാണ് മലയാളത്തിൽ ഇന്ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.
Movies
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലിസ് ഉദ്യോഗസ്ഥരും അവരുടെ സീനിയറായ ഒരുദ്യോഗസ്ഥന്റെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ എന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
സീനിയർ പൊലിസ് ഓഫീസറെ പ്രകാശ് വർമ്മയാണ് അവതരിപ്പിക്കുന്നത്.
അഞ്ചു ചെറുപ്പക്കാരുടെ ആലോചന പലരിലേക്കും നീണ്ടിരുന്നു. പിന്നീടാണ് ഈ കഥാപാത്രങ്ങൾ ഫ്രഷ് മുഖം ആകുന്നതാണു നല്ലതെന്ന അഭിപ്രായം സജീവമായത്. അതാണ് ഈ ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ പുതുമുഖങ്ങളിലെത്തിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു.
അരുൺ അയ്യപ്പൻ, ഫിറോസ് എം.കെ.,ബിജു കുര്യൻ, സെബാസ്റ്റ്യൻ പോൾ, ബെന്നി വർഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. അരുൺ അയ്യപ്പനെ അവതരിപ്പിക്കുന്നത് ഋതു ദേവ് അയ്യപ്പനാണ് അവതരിപ്പിക്കുന്നത്. ഷനൂദ് ഇബ്രാഹിം ഫിറോസ് എം.കെയെ അവതരിപ്പിക്കുന്നു. ബിജു കുര്യൻ എന്ന കഥാപാത്രത്തെ ഡോൺ മൈക്കിൾ അവതരിപ്പിക്കുന്നു. അനശ്വരനടനായ രാജൻ പി.ദേവിന്റെ ചെറുമകൻ കൂടിയാണ് ഡോൺ മൈക്കിൾ. നിജാദ് ബാബു തോമസാണ് സെബാസ്റ്റ്യൻ പോളിനെ അവതരിപ്പിക്കുന്നത്. ബെന്നി വർഗീസിനെ സജൽ സുദർശനൻ അവതരിപ്പിക്കുന്നു.
Movies
രവീന്ദ്രന് മാസ്റ്റര് മ്യൂസിക്കല് ട്രസ്റ്റ് ഏര്പ്പെടുത്തിയ 2026ലെ രവീന്ദ്ര പുരസ്കാരത്തിന് പിന്നണി ഗായിക സുജാത മോഹന് അര്ഹയായി.
നവംബര് 14ന് തൃശൂര് പഴുവില് അസീസിയ കണ്വന്ഷന് സെന്ററില് നടക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയിൽ പുരസ്കാരം സമര്പ്പിക്കും. 50,001 രൂപയാണു പുരസ്കാരം.
21-ാമത് രവീന്ദ്ര സംഗീതോത്സവം നവംബര് ഒന്പതിന് എറണാകുളം പാടിവട്ടം അസീസിയ കണ്വന്ഷന് സെന്ററില് അരങ്ങേറും. 13 മണിക്കൂര് അഖണ്ഡ സംഗീതാര്ച്ചനയില് മലയാളത്തിലെ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും രവീന്ദ്രസംഗീതം ആലപിക്കുമെന്നു രവീന്ദ്രന് മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന് അറിയിച്ചു.
Movies
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിയ ചിത്രമായി മാറി നിവിൻ പോളിയുടെ ബെത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്
ആഗോളതലത്തിൽ 270 കോടിയാണ് ഇതുവരെയുള്ള കലക്ഷൻ.
ബികെയു ഹിറ്റായതോടെ മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ റിക്കാർഡാണ് ഇതോടെ തകർന്നത്.
268 കോടി ആയിരുന്നു എമ്പുരാന്റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ബെത്ലഹേം കുടുംബ യൂണിറ്റ് ഈ നേട്ടം വൈകരിച്ചത്. 304 കോടിയുമായി ലോകയാണ് മലയാളത്തിലെ പണംവാരിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.
തുടരും സിനിമ കേരളത്തിൽ നിന്നും കലക്ട് ചെയ്ത തുകയെ മറി കടന്ന് കേരള ബോക്സ് ഓഫിസിൽ മൂന്നാം സ്ഥാനത്താണ് ബെത്ലഹേം.
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് ഇൻഡസ്ട്രി ഹിറ്റ് ആകുമെന്ന സൂചനയാണ് ബോക്സ്ഓഫിസ് കലക്ഷന് സൂചിപ്പിക്കുന്നത്.
Movies
സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും.
തലയണ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്കെത്തുകയാണ് സിനി സ്കറിയ എന്ന വനിത. മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ട് പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് ചിത്രം. സിനി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് ഈ ചിത്രം നിർമിക്കുന്നു.
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാ വികസനം. മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്കറിയ.
ഹരിപ്പാട് ബ്രഹ്മൻ, ദുർഗ ഹരിപ്പാട്, പൊന്നു കോട്ടയം, സുനിൽ സി.പി., ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി , ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- വി.ജി. റുഡോൾഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്. പ്രൊഡക്ഷൻ കൺട്രോളർ- ജനീഷ് കെ.ടി.ഡി. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ അൻപത് കോടി ക്ലബ്ബിൽ. സിനിമയുടെ സക്സസ് ടീസർ പങ്കുവച്ചാണ് ബോക്സ്ഓഫിസ് കലക്ഷൻ അണിയറക്കാർ വെളിപ്പെടുത്തിയത്.
ഏകദേശം 18 കോടി ബജറ്റിൽ തീർത്ത സിനിമ ആഗോള തലത്തിൽ 50 കോടിയാണ് വാരിയത്. കൂടാതെ ജിയോ ഹോട്ട്സ്റ്റാർ ഒടിടി അവകാശവും സ്വന്തമാക്കിയിരുന്നു.
മായയുടെ സഹോദരന് പ്രണവ് മോഹൻലാല് നായകനായി അരങ്ങേറിയ ‘ആദി’യും വേൾഡ് വൈഡ് ബിസിനസിൽ 50 കോടി കലക്ട് ചെയ്തിരുന്നു. അച്ഛനും ചേട്ടനും പിന്നാലെ വിസ്മയയും ബോക്സ്ഓഫിസിന്റെ കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു.
Movies
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1954-ൽ ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും പുരസ്കാര ചടങ്ങുകൾ നടന്നിരുന്നത്.
ജൂലൈയിൽ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലൂടെ ദീർഘകാലമായി തുടരുന്ന ഈ പാരമ്പര്യത്തിനാണ് മാറ്റം വരുന്നത്.
Movies
അക്ഷയ പുസ്തകനിധി എബനേസര് എഡ്യുക്കേഷണല് അസോസിയേഷനുമായി സഹകരിച്ചു നല്കുന്ന പ്രഫ. എം.പി.മന്മഥന് അക്ഷയ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന് തമ്പി അര്ഹനായി.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില് നല്കിയ മികവാര്ന്ന സേവനത്തെ പരിഗണിച്ച് നല്കുന്ന അക്ഷയ പുരസ്കാരത്തിന് പി. രാമചന്ദ്രന് (സെക്രട്ടറി, എറണാകുളം കരയോഗം), എന്. നന്ദകുമാര് (പ്രസിഡന്റ് , കൊച്ചി പുസ്തകോത്സവ സമിതി), സുരേഷ് പി.നായര് (പ്രസിഡന്റ്, കേരള കലാസമിതി സൂറത്ത്) എന്നിവര് അര്ഹരായി.
എം.ലീലാവതി, പ്രഭാവര്മ, പായിപ്ര രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണു വിധിനിര്ണയം നടത്തിയത്.
Movies
സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിക്ക് തിരി തെളിഞ്ഞു. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈമെന്റിന്റെ ബാനറിൽ അരുൺ ഗോപി നിർമിക്കുന്നു.
അരുൺ ഗോപി കമ്പനി നിർമിക്കുന്ന രണ്ടാമതു ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
കൊച്ചി, ഇടപ്പള്ളി അഞ്ചു മനദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും ആണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമായി.
പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിന്റെ ഇൻവസ്റ്റിഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം - സനൽ ദേവ്, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിംഗ് - രതീഷ് രാജ്.കലാസംവിധാനം- ജീമോൻ. മേക്കപ്പ്- സ്വെതിൻ. കോസ്റ്റ്യും, ഡിസൈൻ - ആരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ. സ്റ്റിൽസ് -രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ മാനേജർ- വിവേക്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ഷ ഹാബ് വെണ്ണല. കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാർകുട്ടിയിൽ തുടക്കമായി. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. സംവൃതയ്ക്കൊപ്പം ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീജിത്ത് കെ.എസും കാർത്തികേയൻ എസുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ധിലോർ, റിജോഷ്, മോൻസി, ബ്ലെസി എന്നിവരാണ് കോ-പ്രൊഡ്യൂസേർസ്. എക്സികുട്ടീവ് പ്രൊഡ്യൂസർ -അഭിജിത്ത് സുരേഷ്.
സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് തിരിതെളിയിച്ചു.
ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി. ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തങ്കം എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കെട്ട്യോളാണ് എന്റെ മാലാഖ , അഡിയോസ് അമിഗോസ് എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ തങ്കമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവഹിക്കുന്നു. ആടുജീവിതം എന്ന ചിത്രത്തിനു ശേഷം സുനിൽ ഒരു മലയാള സിനിമക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്.
ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധായകൻ.
ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജിബിൻ ഗോപിനാഥ് , അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്.
എഡിറ്റിംഗ് -കിരൺ ദാസ്. പശ്ചാത്തല സംഗീതം- അജേഷ് ആന്റോ.
പ്രൊഡക്ഷൻ ഡിസൈൻ- സുഭാഷ് കരുൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിപിൻ വിജയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ. ഡിസൈൻ-യെല്ലോ ടുത്ത്. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. വാഴൂർ ജോസ്.
Movies
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങുന്നത്.
സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ആരാധകരുടെ ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രം 2027 ൽ തിയേറ്ററുകളിലെത്തും.
സര്ക്കസ് കമ്പനി ഉടമയായ ഗ്യാംഗ്സ്റ്ററായാകും മമ്മൂട്ടി ‘മേള’യില് പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന. ഫസ്റ്റ് ലുക്കിനപ്പുറം ചര്ച്ചയാകുന്നത് ചിത്രത്തിന്റെ ടൈറ്റിലാണ്. ഈ പേരിന് മമ്മൂട്ടിയുടെ കരിയറില് വലിയൊരു പ്രാധാന്യമുണ്ട്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി .ജോര്ജിന്റെ സംവിധാനത്തില് 1980ല് പുറത്തിറങ്ങിയ ചിത്രത്തില് വിജയന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അതും സർക്കസ് ആസ്പദമാക്കി എടുത്ത സിനിമയായിരുന്നു.
46 വര്ഷങ്ങള്ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള് ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരാധകര്ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപാട് നാളുകൾക്കുശേഷം വരുന്ന ഔട്ട് ആൻ ഔട്ട് മമ്മൂട്ടി മാസ് കമേഴ്സ്യൽ ചിത്രമാകും ഈ ‘മേള’.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കൈമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് ഇതൊരുങ്ങുന്നത്.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്. ജീന് പോള് ലാല്, സിദ്ധാര്ത്ഥ് ഭരതന് എന്നിവര് പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോള് ഹാഷിറും മേളയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്ട്ടുകള്.
കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും മേള കാത്തിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഓ ബി, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റും ഡിസൈൻ - മെൽവി ജെ , അഭിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡിറക്ടർസ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ് - നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റെർസ് - യെല്ലോടൂത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ടോവിനോ തോമസ് നായകനായ നരിവേട്ടയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു.
ഷറഫുദ്ദീനും വാഴ 2വിലൂടെ ഏറെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി. വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എന്റർടൈയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.
Movies
രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.
യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ നിലീന്റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.
Movies
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം നീക്കത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറക്കി.
ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ- വാഴൂർ ജോസ്.
Movies
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുൻസറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹം സെപ്റ്റംബർ 13 ഞായാറാഴ്ച നടക്കുമെന്ന് സൂചന.
അഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. കറുത്ത വസ്ത്രമണിഞ്ഞ് എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അഹാന ഒരു പോസ്റ്റ് പങ്കുവെച്ചത്.
Movies
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയില് കഴിയുന്ന അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതി പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.
രാജേഷ് പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്ന അന്നാണ് തങ്ങളുടെ ഓണമെന്നാണ് പ്രതാപ് കുറിച്ചത്.
പ്രതാപ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
‘രാജേഷിന്റെ ഓണം. രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് ആണ്. ‘ലോക’ സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണുപോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസജുകൾ എല്ലാം.. എല്ലാം.. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും.
നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക്ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും. ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ കുടുംബത്തോടോപ്പം വന്നിരുന്നു. കോളജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും ആലപ്പുഴയിൽ നിന്നും രാജീവേട്ടനും കാനഡയിൽ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി, രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.
രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാർത്ഥ ഓണം.’
2025 ഓഗസ്റ്റ് 24ന് ആണ് രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടാകുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്നുവീഴുകയായിരുന്നു. ആറ് മാസക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് രാജേഷ് ആശുപത്രി വിട്ടത്. നിലവിൽ വീട്ടിൽ കഴിയുന്ന രാജേഷിന് ആവശ്യമായ ചികിത്സകൾ നൽകിവരികയാണ്.
Movies
നെജു കല്യാണി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നാലാമത്തെ ഹ്രസ്വചിത്രം ഉപ്പൻ യൂട്യൂബിൽ സ്ട്രീമിംഗ് തുടങ്ങി.
കൊച്ചു പെൺകുട്ടികളെ പോലും പീഡിപ്പിക്കുന്ന ഈ നാട്ടിൽ സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയുമായിട്ടാണ് നെജു കല്യാണി ഇത്തവണ വന്നിരിക്കുന്നത്.
ഇതിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ്. മനീഷ ബിനിക എന്ന നടിയുടെ മനോഹര പ്രേകടനവും ഏറെ എടുത്തു പറയേണ്ടതാണ്. പിആർഒ-വാഴൂർ ജോസ്.
Movies
പൃഥ്വിരാജ് നായകനെത്തിയ ഖലീഫ തിയറ്ററിലെത്തിയ അതേ ദിവസം തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഖലീഫ ദി ലെഗസി എന്നാണ് പേര്.
ഖലീഫ’യുടെ ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ ആണ് ഖലീഫ ദ് ലെഗസിയിൽ നായകനാകുക. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ചിരിനിമിഷങ്ങളുമായി മോഹന്ലാലും എത്തി.
‘ഖലീഫ’യിൽ അവസാനഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ‘സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും മനസുകൊണ്ടു പ്രാർഥിക്കുന്നത് ചിത്രം വിജയമാകണേ എന്നാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് ഇങ്ങനെ ഒരു വേഷം തന്ന സംവിധായകനും എഴുത്തുകാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി’, മോഹൻലാൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സദസിനെ പൊട്ടിച്ചിരിപ്പിച്ച പരാമർശവുമായി മോഹൻലാൽ എത്തിയത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാന് അവസരം കൊടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും ചിരിക്കുകയായിരുന്നു.
ഖലീഫയുടെ വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.
Movies
ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബൈർ ഹമീദ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 -ന് ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ നടന്നു.
പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.
തിരുവനന്തപുരം വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു.
കഥ,തിരക്കഥ, സംഭാഷണം - ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി - ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന - ഉൻമേഷ്ചൈത്രം, സംഗീതം - ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ - സാബു ഘോഷ്, ആർട്ട് - കൃഷ്ണദാസ്, കോസ്റ്റ്യൂം - ശ്രീനി, മേക്കപ്പ് - ഷൈനി അശോകൻ, സ്റ്റിൽ - ഷാനി കൊടുങ്ങാനൂർ,
ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പിആർഒ-അയ്മനം സാജൻ.
Movies
ടൊവീനോ തോമസും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുൻപേ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു.
ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ ടൊവിനോ തോമസും സഹോദരൻ ടിംഗ്സ്റ്റൺ തോമസും ചേർന്നു ഫസ്റ്റ് ക്ലാപ്പ് നൽകി.
പനോരമ സ്റ്റുഡിയോസ് ഇൻ അസോസിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവീനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവരാണ് നിർമാതാക്കൾ .
കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി. ക്രിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര. സിഎഫ്ഓ-രവി ഓത്തി.
ഫൂട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ.നീലഗിരിക്കുന്നു കളുടെ താഴ്വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന ഒരിടം എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിന്റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിധ്യത്തിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ടൊവിനോ തോമസിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.
ബംഗളൂരിൽ സ്ഥിര താമസമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.
വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ടീനാ തോമസ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു. സംഗീതം- റെക്സ് വിജയൻ. ജിച്ചു ജോയ്. ഛായാഗ്രഹണം- ഷിനോസ്. എഡിറ്റിംഗ് - സൈജു ശ്രീധരൻ. പ്രൊഡക്ഷൻ ഡിസൈൻ- ദിലീപ് നാഥ്. സിങ്ക് സൗണ്ട്- വൈശാഖ് ബി.വി. സൗണ്ട് മിക്സ് - സിനോയ് ജോസഫ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ മാനേജേഴ്സ്- വിശ്വപ്രകാശ്, സോബൻ. പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ- റിച്ചാർഡ്. അസോസിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ. ലൈൻ പ്രൊഡ്യൂസർ- അബിൻ. ഇ.എ.ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ. ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു. വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ്. പിആർഒ-വാഴൂർ ജോസ് .
Movies
മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ് ഈ അസുലഭ നിമിഷം ലഭിച്ചത്.
ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
ഷാജോണിന്റെ കുറിപ്പ് വായിക്കാം
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Movies
തുടക്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് നടി ലിസി പ്രിയദർശൻ. വിസ്മയയുടെ പൊതുയിടങ്ങളിൽ സംസാരിക്കുമ്പോഴുള്ള പേടിയെ കളിയാക്കിവർക്കുള്ള മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ലിസി പറഞ്ഞത്.
മോഹൻലാലിൽ നിന്ന് പകർന്നു കിട്ടിയ അഭിനയപാടവം വിസ്മയ വെള്ളിത്തിരയിൽ കൃത്യമായി അടയാളപ്പെടുത്തിയെന്നും അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ലളിതവും വിനയപൂർവവുമായ പെരുമാറ്റം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും അവർ ആശംസിച്ചു.
‘എന്റെ പ്രിയപ്പെട്ട വിസ്മയ... നിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തിലെ' കാഴ്ചകൾ എന്നെ അദ്ഭുതപ്പെടുത്തി! സ്ക്രീനിൽ നീ കാഴ്ചവച്ച മിന്നുന്ന പ്രകടനം കണ്ടപ്പോൾ അഭിമാനം കൊണ്ട് എന്റെ മനസ് നിറഞ്ഞു. സ്കൂൾ കാലഘട്ടം മുതൽക്കേ വേദികളിൽ നിന്റെ ഉള്ളിലെ കലാകാരി തിളങ്ങിനിന്നിരുന്നു.
നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അച്ഛനിൽ നിന്ന് നിനക്ക് ലഭിച്ച ആ അഭിനയ പ്രതിഭ, ഇന്ന് വെള്ളിത്തിരയിൽ പൂർണതയോടെ പ്രകാശിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. 'പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ!'
നിന്റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി ചില മുഖമില്ലാത്ത മനുഷ്യർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, വാക്കുകൾ കൊണ്ടല്ല, മറിച്ച് വാതായനങ്ങളെല്ലാം അടപ്പിക്കുന്ന തരത്തിലുള്ള അസാധ്യ അഭിനയം കൊണ്ട് നീ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു കാട്ടി!
ചിത്രത്തിലെ നിന്റെ ആക്ഷൻ രംഗങ്ങൾ ശരിക്കും വേറെത്തന്നെ ലെവലാണ്! നിന്റെ ഫ്ലെക്സിബിലിറ്റിയും സ്ക്രീൻ പ്രസൻസും അതിശയകരമാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ വാർപ്പുമാതൃകകളെയും നീ തിരുത്തിക്കുറിച്ചു. പ്രായമല്ല, മറിച്ച് പ്രതിഭയും വ്യക്തിത്വവും സമർപ്പണവുമാണ് പ്രധാനം എന്ന് നിന്റെ മുപ്പതുകളിൽ നീ ലോകത്തിന് കാണിച്ചുകൊടുത്തു.
പൊതുവേദികളിൽ കാണാറുള്ള ആ പരിഭ്രമവും നിഷ്കളങ്കതയും ആവേശവുമാണ് നിന്നെ എല്ലാവരുടെയും പ്രിയങ്കരിയാക്കുന്നത്. ആ നിഷ്കളങ്കത എന്നും നിന്റെ കൂടെയുണ്ടാവട്ടെ.
അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ആ ലാളിത്യവും വിനയവും ദയയും എന്നും കാത്തുസൂക്ഷിക്കുക. പ്രിയപ്പെട്ട വിസ്മയ, ഇത് മനോഹരമായ ഒരു തുടക്കം മാത്രമാണ്, ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി നിന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ! ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും നിനക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ആഷിഷ് ജോ ആന്റണി, ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സർപ്രൈസ് നീയായിരുന്നു! അത്രയധികം ആകർഷകമായ സ്ക്രീൻ പ്രസൻസോടെയാണ് നീ അഭിനയിച്ചു തകർത്തത്. വാക്കുകളേക്കാൾ നിന്റെ പ്രകടനക്ഷമമായ ആ വലിയ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു.
വരുംകാലത്ത് ആന്റണി പെരുമ്പാവൂർ എന്ന വിജയിച്ച നിർമാതാവിനേക്കാൾ, 'ആഷിഷ് ജോയുടെ അച്ഛൻ' എന്ന വിലാസത്തിൽ അദ്ദേഹം അഭിമാനത്തോടെ അറിയപ്പെടും എന്ന് എനിക്ക് ഉറപ്പാണ്!
ഇത്രയും മികച്ചൊരു ത്രില്ലർ ചിത്രം സമ്മാനിച്ചതിന് സംവിധായകൻ ജൂഡ് ആന്റണിക്കും ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!" ലിസി ലക്ഷ്മി കുറിച്ചു.
ലിസിയുടെ കുറിപ്പിന് താഴെ നന്ദി അറിയിച്ചുകൊണ്ട് വിസ്മയ കമന്റ് ചെയ്തു. ‘താങ്ക് യു സോ മച്ച് ലിസി ആന്റി, ഈ അഭിപ്രായം ഏറെ വിലപ്പെട്ടതാണ്.’ എന്നായിരുന്നു വിസ്മയയുടെ പ്രതികരണം.
Movies
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ മഴവില്ലായേ എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്.
ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.
ഗാംബ്ലിംഗ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
Movies
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര് രക്തദാന കാമ്പുകള് സംഘടിപ്പിക്കാന് ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്സ് അസോസിയേഷന് ഇന്റര്നാഷണലിന്റെ നേതൃത്വത്തില് 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്ക്ക് പുറമെ കോളേജ് വിദ്യാര്ഥികള്, കോര്പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്, സന്നദ്ധസംഘടനാ പ്രവര്ത്തകര്, സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര് ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്നാഷണല് സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളില് 25,000 പേര് രക്തദാനത്തില് പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില് പങ്കെടുക്കാന് മുന്കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള് ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില് അനാഥാലയങ്ങളില് അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്ത്തനങ്ങള്, പരിസര ശുചീകരണ പരിപാടികള് എന്നിവ ഉള്പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്സ് ആന്ഡ് വെല്ഫെയര് അസോസിയേഷന് ഇന്റര്നാഷണല് കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര് പത്തനംതിട്ടയില് അറിയിച്ചു.
മെഗാസ്റ്റാറിന്റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര് രക്തദാനം നടത്തും
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര് രക്തദാന കാമ്പുകള് സംഘടിപ്പിക്കാന് ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്സ് അസോസിയേഷന് ഇന്റര്നാഷണലിന്റെ നേതൃത്വത്തില് 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്ക്ക് പുറമെ കോളേജ് വിദ്യാര്ഥികള്, കോര്പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്, സന്നദ്ധസംഘടനാ പ്രവര്ത്തകര്, സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര് ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്നാഷണല് സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളില് 25,000 പേര് രക്തദാനത്തില് പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില് പങ്കെടുക്കാന് മുന്കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള് ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില് അനാഥാലയങ്ങളില് അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്ത്തനങ്ങള്, പരിസര ശുചീകരണ പരിപാടികള് എന്നിവ ഉള്പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്സ് ആന്ഡ് വെല്ഫെയര് അസോസിയേഷന് ഇന്റര്നാഷണല് കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര് പത്തനംതിട്ടയില് അറിയിച്ചു.
Movies
ഒരു ബ്രാൻഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ.
ബ്രാൻഡിന്റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ബ്രാൻഡിന്റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു.
‘എന്റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി.
Movies
മമ്മൂട്ടിയുടെ ദേഷ്യം തനിക്ക് മനസിലാക്കാൻ കഴിയാതിരുന്ന ഒരു സംഭവം ഓർത്തെടുത്ത് നടൻ സിദ്ദിഖ്. മമ്മൂട്ടി അല്ലാത്തപ്പോൾ തന്നെ എടാ എന്നേ വിളിക്കുകയുള്ളൂവെന്നും ദേഷ്യം വരുമ്പോൾ സിദ്ദിഖ് എന്നാണ് വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവവും സിദ്ദിഖ് ഓർത്തെടുത്തു.
''മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിംഗ് നടക്കുമ്പോഴും റിഹേഴ്സല് നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില് എന്നെയാണ് ഏല്പ്പിക്കുക. ഞാന് പോയി പറയും. എനിക്ക് പേടിയില്ല.
കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല് ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില് എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല് ദേഷ്യമാണ്. പക്ഷെ ഞാന് അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന് ആകില്ലല്ലോ.
ഒരിക്കല് ഞാന് എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന് അതില് നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന് എന്റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന് ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന് മീന് കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.
തമിഴ്നാട്ടില് എവിടെയോ ആണ് ഷൂട്ടിംഗ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന് മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന് ചെന്ന് വര്ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള് മമ്മൂക്ക ഇത്തയോട്, സുലു ഇവന് ഇന്നൊരു തമാശ പറഞ്ഞു.
എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന് ഇവനോട് പിണങ്ങി. അത് ഈ പൊട്ടന് ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല് എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല''. സിദ്ദിഖ് പറഞ്ഞു.
Movies
വാഴ 2ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഞൊടിയുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ഒപ്പം മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് "ഞൊടി' നിർമിക്കുന്നത്.
വാഴ, എക്കോ, വാഴ 2 എന്നീ മെഗാ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് "ഞൊടി' തിയേറ്ററുകളിലെത്തിക്കും.
വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് "ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ.
പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓരോ നിമിഷവും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു ലോകമാണോ "ഞൊടി' പറയുന്നത്? അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിതമായ കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത്? കൂടുതൽ വിവരങ്ങൾക്കായി ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പിആർഒ-എ.എസ്. ദിനേശ്.
Movies
ഓസ്കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.
"വിസിൽ' എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിൽ.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ഈ ആദ്യ ചിത്രത്തിൽ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിംഗ് നിർവഹിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവഹിക്കുന്നു.
വസ്ത്രാലങ്കാരം-ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെഎസ്, ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ-മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പിആർഒ-എ.എസ്. ദിനേശ്.
Movies
കണ്ണൂരിലെ ചെറുപുഴയിൽ വെള്ളത്തിൽ വീണ വയോധികനെ രക്ഷിച്ചതിന് ശേഷം ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തന പരിശീലകൻ രാജേഷിന് (36) ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി.
ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്.
‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’മമ്മൂട്ടിയുടെ വാക്കുകൾ.
പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്.
കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിംഗ് പരിശീലകനായും പ്രവർത്തിച്ചു.
രണ്ടു വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
Movies
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്.
ഉർവശിയുടേയും ജോജുവിന്റെയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്.
ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്പെൻസിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടി ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി ആശയുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
സിനിമയുടെ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
‘‘പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്... പക്ഷേ എന്ത് ചെയ്യാൻ... ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു, സോറി എന്നാലും ഹായ്. ഇതാ ഞാൻഎത്തിയിരിക്കുന്നു.
കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരുക്കാണിത്... എന്റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാൻ ഞാൻ തീർച്ചയായും പഠിക്കണം.
പക്ഷേ, സംഭവം എന്താന്നുവെച്ചാൽ... എങ്ങനെയാണ് ഞാൻ ഇത് വിശദീകരിക്കേണ്ടത്... (ബയോളജി ടീച്ചർക്ക് വഴി മാറിക്കൊടുക്കൂ) അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകൾ (ഞരമ്പുകൾ) ഇടുപ്പിന്റെ ഇരുവശങ്ങളിലുമുണ്ട്. എന്റെ വലതു ഇടുപ്പിലെ അത്തരം ഒരു ടെൻഡൻ വേർപെട്ടുപോയെന്ന് തോന്നുന്നു. കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം.
ഇടുപ്പിന്റെ ഓരോ വശത്തും നാല് ടെൻഡനുകൾ ഉണ്ട്, അവ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്നു. അതിലൊന്ന്, എന്റെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ, വേർപെട്ടുപോയെന്ന് തോന്നുന്നു. എനിക്ക് കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം. ‘മൈസ’ സിനിമയ്ക്കു വേണ്ടിയുള്ള എന്റെ ഡാൻസ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്. ദൈവമേ, അതാണ് ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും കഠിനമായ സിനിമ, ഉറപ്പ്!
പക്ഷേ പേടിക്കണ്ട... വേദനയുണ്ട്, പക്ഷേ സഹിക്കാൻ പറ്റാത്ത അത്രയ്ക്കൊന്നും ഇല്ല... അപ്പോൾ അതാണ് വിശേഷം... നമ്മൾ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്
എനിക്കിതുവരെ ഉണ്ടായിട്ടുള്ള പരുക്കുകളെല്ലാം വെറും യാദൃച്ഛികമാണ് - വിചിത്രമായ അപകടങ്ങൾ! എന്തൊരു വിധി! നിർബന്ധിത അവധി - പക്ഷേ പരാതിയൊന്നുമില്ല കേട്ടോ! ഞാൻ ഒരുപാട് പസിൽ ഗെയിമുകൾ ചെയ്യുന്നുണ്ട് - എനിക്കിതിൽ ഇത്രയും കഴിവുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.
ശരീരഭാരം കൂടാതിരിക്കാൻ ശരിക്കും ശ്രമിക്കുന്നുണ്ട്. വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാൻ. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാൻ പറ്റില്ല, എനിക്ക് വർക്കൗട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എന്തു ചെയ്യും... ഞാൻ കഴിക്കും... ഒരു ഡെസേർട്ട് രാക്ഷസിയാകും... അയ്യോ!
അത്രയൊക്കെയാണ് കാര്യങ്ങൾ... വേറെ എന്തെങ്കിലും വിട്ടുപോയോ... ഇല്ലല്ലോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഉടൻ അറിയിക്കാം. സ്നേഹം! വിഷമിക്കണ്ട കേട്ടോ. ഒരുപാട് സ്നേഹവും ഉമ്മകളും കെട്ടിപ്പിടിക്കലും.’
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Movies
‘ഫാലിമി’ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് തിരുവനന്തപുരംകാരനായ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ഹ്യൂമറിനും ആക്ഷനും പ്രാധാനം നൽകിയൊരുക്കുന്ന ചിത്രം വൻ ബജറ്റിലാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ സിനിമയാണിത്.
സംവിധായകന് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.100 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്.
ധനുഷിനൊപ്പമുള്ള ‘ഓം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. അൻപത് ദിവസം കാരൈക്കുടിയിൽ ചിത്രീകരണമുണ്ടാകും. ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
വാഴ 2 താരം ഹാഷിര് ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോര്ട്ടുകള്. ‘ഫാലിമി’ എന്നഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില് ‘തലൈവര് തമ്പി തലൈമയില്’ എന്നൊരു ചിത്രവും ഒരുക്കിയിരുന്നു.
Movies
1970 കാലഘട്ടത്തിലെ ഒരു ഓണക്കാലം. അക്കാലത്ത് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രൊഡ്യൂസറാണ് പ്രശസ്ത കര്ണാടക സംഗീതജ്ഞന് ചേര്ത്തല ഗോപാലന് നായര്. ഒരു ദിവസം ഉച്ചയ്ക്ക് ചേര്ത്തല ഗോപാലന് നായരുടെ തൈക്കാട്ടുള്ള വീട്ടിലേക്ക് കുറെ അതിഥികള് വന്നു. ആകാശവാണി സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്നില് സംഗീത - കലാപരിപാടികള് അവതരിപ്പിക്കാന് എത്തിയ പ്രശസ്തരാണ് അവര്. കൂട്ടത്തില് എസ്. ജാനകി, തിക്കുറിശി സുകുമാരന് നായര്, തിക്കുറിശിയുടെ മകള് കനകശ്രീ എന്നിവരുണ്ട്.
അച്ഛന് ചേര്ത്തല ഗോപാലന് നായര്ക്കൊപ്പം തങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുവരുന്ന അതിഥികളെ നോക്കിനിന്ന ഒരു സ്കൂള് വിദ്യാര്ഥിയുണ്ട്. ശ്രീറാം. ഇന്നത്തെ പ്രശസ്ത പിന്നണി ഗായകന് ജി. ശ്രീറാം. അച്ഛനൊപ്പം വീട്ടിലേക്കു നടന്നുവന്നവരുടെ മഹത്വം അന്ന് ശ്രീറാമിന് അറിയുമായിരുന്നില്ല.
എന്നാല് ഇന്നും ശ്രീറാമിന്റെ ഓര്മയില് മായാതെ ചില രംഗങ്ങളുണ്ട്. അതില് പ്രധാനം എസ്. ജാനകിയുടെ ഊഞ്ഞാലാട്ടമാണ്. പിന്നെ, ശ്രീറാമിന്റെ അമ്മ (മലയാള സിനിമയിലെ ആദ്യ പിന്നണിഗായികമാരില് ഒരാളായ ലളിത തമ്പി) വച്ചുവിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്ന രംഗവും.
ജി. ശ്രീറാമിനെ കേള്ക്കാം... “തിരുവനന്തപുരത്ത്, തൈക്കാട് അച്ഛന് ആദ്യമായി പണികഴിപ്പിച്ച വീട്ടില് ഞങ്ങള് താമസിക്കുന്ന കാലം. നല്ല നീളത്തിലുള്ള വീടായിരുന്നു അത്. ഓണക്കാലത്ത് മുറ്റത്ത് വടംകൊണ്ട് വലിയൊരു ഊഞ്ഞാല് കെട്ടും. മുറ്റത്തെ തെങ്ങിന്റെയും കമുകിന്റെയും ശിഖരങ്ങളിലേക്ക് വലിച്ചുകെട്ടുകയാണു പതിവ്. അതിനിടയില് പറയട്ടെ, പശുക്കളെ വളര്ത്തുന്നത് അച്ഛന്റെ ഏറ്റവും വലിയ സന്തോഷങ്ങളില് ഒന്നായിരുന്നു. പശുവിനെ കെട്ടാന് വാങ്ങുന്ന വടംകൊണ്ടാണ് ഊഞ്ഞാല് കെട്ടുക. ഓലമടലാണ് ഊഞ്ഞാലിന്റെ പടിയായി ഉപയോഗിക്കുന്നത്.
ഊഞ്ഞാല്പ്പടിയിലേക്ക് കയറണമെങ്കില് ചുറ്റുമുള്ളവര് കയര് താഴ്ത്തിപ്പിടിക്കണം. ഞങ്ങളുടെ വീടിന് മുന്നിലെത്തിയ ജാനകിയമ്മ ഊഞ്ഞാല് കണ്ടതും ചെറിയ കുട്ടികളെപ്പോലെ ആഹ്ലാദവതിയായി. എനിക്ക് ഊഞ്ഞാലാടണം എന്ന് ഗായിക പറഞ്ഞു. എന്റെ ചേച്ചിയുള്പ്പെടെയുള്ളവര് ഊഞ്ഞാല് കയര് താഴ്ത്തിപ്പിടിച്ചതും ഓര്മിക്കുന്നു. ഉടനെ തന്നെ ജാനകിയമ്മ ഊഞ്ഞാല്പ്പടിമേല് കയറി ഇരുന്ന് ആടാന് തുടങ്ങി.
വെറുതെ ആടുകയല്ല, നിലത്ത് കാലൂന്നി വളരെ ശക്തിയായുള്ള ഊഞ്ഞാലാട്ടം. ജാനകിയമ്മ ആടും തോറും ഊഞ്ഞാല് മേലേക്ക് ഉയര്ന്നുതുടങ്ങി. അന്ന് ഒരു കൗതുകത്തോടെയാണ് ഞാന് ആ ഊഞ്ഞാലാട്ടം നോക്കിനിന്നത്.
""പില്ക്കാലത്ത് ഇതിഹാസ ഗായികയുടെ പാട്ടുകള് കേട്ടപ്പോള് ഓരോ പാട്ടിനെക്കുറിച്ചും ആഴത്തില് അറിയുമ്പോള് എത്ര അപൂര്വ സുന്ദരനിമിഷത്തിനാണ് ഞാന് സാക്ഷ്യം വഹിച്ചത് എന്ന കാര്യം ഓര്മിക്കാറുണ്ട്.'
പില്ക്കാലത്ത് ഓളങ്ങള് എന്ന ചിത്രത്തിലെ ഒ.എന്.വി-ഇളയരാജ കൂട്ടുകെട്ടില് പിറന്ന ‘തുമ്പീ വാ... തുമ്പക്കുടത്തിന് തുഞ്ചത്തായി ഊഞ്ഞാലിടാം ....' എന്ന ഗാനം പാടുമ്പോള് ജാനകിയമ്മ ഈ ഊഞ്ഞാലാട്ടം ഓര്ത്തിരുന്നോ എന്നറിയില്ല. എന്നാല് ‘ആകാശ പൊന്നാലിന്നിലകളെ ആയത്തില് തൊട്ടേ വരാം...' എന്ന വരികള് പാടുമ്പോള്, ‘ ഊഞ്ഞാലെ പാടിപ്പോയി ആ കൈയ്യില് ഈ കൈയ്യില് ഒരുപിടി കയ്ക്കാത്ത നെല്ലിക്ക മണി തരു.. 'എന്നിങ്ങനെ അതിമനോഹരമായി ജാനകിയമ്മ പാടുമ്പോള് ഞാന് ജാനകിയമ്മയെ ഓര്മിക്കാറുണ്ട്. ആകാശത്തെ പൊന്നാലിന്റെ ഇലകളെ തഴുകാനെന്നപോലെ ഊഞ്ഞാലില് മേലേയ്ക്ക് മേലേയ്ക്കുയര്ന്നു പൊങ്ങിയ മഹാഗായികയെ..!
Movies
നീറ്റ് ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി വിസ്മയ മോഹൻലാൽ.
താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വിസ്മയ പറയുന്നു. ബലപ്രയോഗമല്ല വേണ്ടത് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടെതെന്നും താരം പറയുന്നു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞത്.
'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയ പറഞ്ഞു.
ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത് ചർച്ചയായിരുന്നു. ഇതിൽ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു.
വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞിരുന്നു.
Movies
പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന കമന്റുമായി നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ ഉദ്ദേശിച്ചാണ് തെസ്നിയുടെ കമന്റ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഐശ്വര്യ ധരിച്ച വസ്ത്രമാണ് തെസ്നിയെ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് താഴെയാണ് താരം അഭിപ്രായം കുറിച്ചത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരണമെന്ന് താരം കമന്റായി കുറിച്ചു.
തെസ്നി ഖാൻ കുറിച്ച കമന്റിന്റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്.
പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.’ തെസ്നി ഖാന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നിട്ടുണ്ട്.
നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിലാണ് നടി തെസ്നി ഖാൻ വസ്ത്രധാരണത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്.
Movies
ഈ കാലഘട്ടത്തിലെ സൗഹൃദങ്ങളുടെ അടിസ്ഥാനം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയയും പലവിധ ഡേറ്റിംഗ് ആപ്പുകളുമാണ്. പരസ്പരം കാണുന്നതിനു മുമ്പേ സൗഹൃദത്തിൽ ആകുന്നവർ കണ്ടു കഴിയുമ്പോൾ അവരുടെ ബന്ധം ആഴത്തിലാകുന്നു.
അവസാനം വീട്ടുകാർ അറിയാതെയുള്ള വിവാഹം, ലിവിംഗ് ടുഗെതർ എന്നിങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പോകുന്നു. ഒന്നിച്ചു താമസം തുടങ്ങി കഴിയുമ്പോഴാണ് കൂടെ കൂടിയവന്റെ തനിനിറം യുവതികൾ അറിയുന്നത്.
പിന്നീട് രക്ഷപ്പെടൽ എളുപ്പമല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടുപോയ അലീന എന്ന യുവതിയുടെ കഥയാണ് വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന സിനിമ.
Movies
മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം.
ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.
‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്.
സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്.
Movies
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത റായൻ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിന് ജി.വി പ്രകാശ് പുരസ്കാരത്തിന് അർഹനായി. സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തിയ ശേഷമുള്ള ജൂറിയുടെ അന്തിമ തീരുമാനം ജൂലൈ രണ്ടിന് തന്നെ പൂർത്തിയായിരുന്നു.
Kerala
തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്വം’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപതിപ്പ് നൽകി പ്രകാശനകർമം നിർവഹിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു. ചാക്രിക ലേഖനത്തിന്റെ മലയാളം പതിപ്പ് പ്രമുഖ കത്തോലിക്ക പബ്ലിഷിംഗ് സെന്ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.
District News
കല്ലടിക്കോട്: വിനോദസഞ്ചാര മേഖലയായ കരിമ്പ പഞ്ചായത്തിലെ മീൻവല്ലം പ്രദേശത്ത് മുന്നറിയിപ്പ് ബോർഡിനു ചുവട്ടിൽത്തന്നെ മാലിന്യംതള്ളി മലയാളികൾ.
നിത്യേന നൂറുകണക്കിനു വിനോദസഞ്ചാരികളാണ് മീൻവല്ലം വെള്ളച്ചാട്ടവും ജലവൈദ്യുത പദ്ധതിയുടെ പവർഹൗസും സന്ദർശിക്കാനെത്തുന്നത്. ജില്ലയ്ക്കുള്ളിൽനിന്നും പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും സന്ദർശകരെത്താറുണ്ട്.
അധികാരികൾ ചെറിയ ഫീസ് ഇടാക്കുന്നുണ്ടെങ്കിലും കാര്യമായ ശ്രദ്ധകാണിക്കാറില്ല. തുപ്പനാട്ടുനിന്നുള്ള വഴിയിലും കല്ലടിക്കോട് വാക്കോട് വഴിയിലും മാലിന്യങ്ങളും പ്ലാസ്റ്റിക് തുടങ്ങിയവ ഉൾപ്പടെയുള്ള മാലിന്യങ്ങളും റോഡിലേക്കും പുറത്തേക്കും വലിച്ചെറിയുന്നതു പതിവാണ്.
കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യങ്ങൾ വീഴുന്നതും പതിവാണ്.
മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ യാതൊരു നടപടികളും സ്വീകരിക്കാൻ കരിമ്പ പഞ്ചായത്ത് ഭരണ സമിതിയും തയാറയിട്ടില്ല. ബോർഡുപോലും കാടുകയറിത്തുടങ്ങി. മാലിന്യസംഭരണ ബക്കറ്റുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരേ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.
ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്റുകളും ലൈക്കുകളുമായി നിറഞ്ഞത്.
തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.
Movies
അമ്മ സംഘടനയിലെ എതിരാളികളെ പേടിച്ച് ശ്വേത രാജിവച്ചു ജീവനും കൊണ്ടോടിയോ? ഒരു വർഷം തികയും മുൻപേ അമ്മ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ രാജിവച്ചിരിക്കുന്നു എന്നു കേട്ടപ്പോൾ ചിലർക്ക് അങ്ങനെ തോന്നിയേക്കാം.
എന്നാൽ, പോരാടേണ്ട വേദികളിൽ അങ്ങനെ പേടിച്ചോടിയ ചരിത്രമല്ല ശ്വേതയ്ക്ക് ഉള്ളത്. ആരോടുമായും പോരാട്ടത്തിന് മടിയില്ലാത്ത ഒരു ഉരുക്കു വനിതയാണ് ശ്വേതമേനോൻ. കഴിഞ്ഞ ദിവസം രാജിവച്ചു നടത്തിയ പ്രതികരണത്തിനു പിന്നാലെ എനിക്ക് കൂടുതൽ പറയാനുണ്ട് എന്ന് അവർ പറഞ്ഞതിൽനിന്നു തന്നെ പോരാടാൻ തന്നെയാണ് അവരുടെ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.
2025 ഓഗസ്റ്റ് 15... വലിയ പ്രതീക്ഷകളോടെ, സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി ഒരു വനിതാ നേതൃനിര അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർടിസ്റ്റ് എന്ന അമ്മ സംഘടനയുടെ തലപ്പത്തേയ്ക്ക് എത്തുന്നു. നടി ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ സെക്രട്ടറിയുമായുള്ള ആ നേതൃനിര ഇന്നിതാ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവച്ചിരിക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ശുദ്ധീകരണത്തിന്റെ ഭാഗമായി വനിത നേതൃനിര സ്ഥാനമേറ്റപ്പോൾ മലയാള സിനിമലോകം ഒന്നടങ്കം സന്തോഷിച്ചു, ഇനി അമ്മ സ്ത്രീകൾക്കിടയിൽ സുരക്ഷിതമായിരിക്കുമെന്ന്. എന്നാൽ പാളിച്ചകളും വിള്ളലുകളും വരാൻ അധികം കാലതാമസമുണ്ടായില്ല...പല പ്രശ്നങ്ങളുടെ പേരിൽ അമ്മയിൽ പൊട്ടിത്തെറി തുടങ്ങി... പ്രസിഡന്റ് ശ്വേത മേനോൻ പോലും കാര്യങ്ങളിൽ വ്യക്തത വരുത്താതെ കുഴഞ്ഞുമറിഞ്ഞു.
ബോൾഡായിരുന്നു ശ്വേത മേനോൻ എന്ന നടി. ഇതിനു മുൻപും പല വിവാദങ്ങൾ അവരെ വട്ടമിട്ട് മുറുകിയപ്പോൾ അതെല്ലാം പുഷ്പം പോലെ തന്നെ ഏശില്ലെന്ന മട്ടിൽ മുന്നോട്ട് പോയ ആളാണ്.
കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ശ്വേതയ്ക്ക് നേരെയുള്ള വിവാദങ്ങൾ ആദ്യം ആളിക്കത്തി തുടങ്ങിയത്. ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അത്ര ബോൾഡായി ശ്വേത വന്നപ്പോൾ കണ്ടവർ ആദ്യമൊന്ന് ഞെട്ടി..പിന്നെ അടക്കം പറിച്ചിലുകളായി, പിന്നെയത് എങ്ങനെ സാധിച്ചുവെന്നായി....ചിരിച്ചുകൊണ്ട് ശ്വേത അതിന് ഉത്തരം നൽകി...
കാമസൂത്ര തികച്ചും പ്രൊഫഷണലായി ചെയത വര്ക്ക് ആയിരുന്നുവെന്നും അന്ന് അവർക്ക് എട്ട് ലക്ഷം രൂപ ലഭിച്ചുവെന്നും ശ്വേത തന്നെ പറഞ്ഞു. രണ്ട് വര്ഷം കഴിഞ്ഞപ്പോള് ആ ശമ്പളം പന്ത്രണ്ട് ലക്ഷമായി. അങ്ങനെ നാല് വര്ഷത്തോളം അവർ അത് ചെയ്തു. അടുപ്പിച്ച് നാല് വര്ഷത്തോളം കാമസൂത്രയില് അഭിനയിച്ച ഏക വനിത മോഡല് ആയിരുന്നു ശ്വേത എന്നതും പ്രത്യേകതയാണ്.
2013-ൽ പുറത്തിറങ്ങിയ കളിമണ്ണ് എന്ന ബ്ലെസി ചിത്രത്തിനായി ശ്വേത തന്റെ യഥാർത്ഥ പ്രസവം കാമറയിൽ പകർത്താൻ അനുവാദം നൽകിയത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. സ്ത്രീകളുടെ സ്വകാര്യത പരസ്യപ്പെടുത്തി വാണിജ്യവൽക്കരിക്കുന്നു എന്ന രീതിയിൽ ഇത് ശക്തമായി വിമർശിക്കപ്പെട്ടു. എന്നാൽ ഇതൊന്നും ശ്വേതയെ ബാധിച്ചതേയില്ല. അവരുടെ യഥാർഥ പ്രസവം ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർക്ക് അനുവാദം നൽകി. അങ്ങനെ തന്റെ ഗർഭാവസ്ഥ മുഴുവനായും അവർ ആ ചിത്രത്തിലൂടെ കാണിച്ചു.
ഇതേ കൊല്ലം നവംബറിൽ കോൺഗ്രസ് നേതാവ് തന്നെ അപമാനിച്ചെന്ന് കാണിച്ച് ശ്വേത പരാതി നൽകിയിരുന്നു. കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച വള്ളംകളി ഉദ്ഘാടനത്തിനിടയിലാണ് സംഭവം.
തന്നെ വേദിയിൽ വെച്ച് അയാൾ അപമാനിച്ചു എന്ന് ആരോപിച്ച് ശ്വേത മേനോൻ പോലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാഷ്ട്രീയക്കാരനായിരുന്നിട്ടും പലയിടങ്ങളിൽ നിന്നും ശ്വേതയ്ക്ക് സമ്മർദങ്ങൾ ഉയർന്നിട്ടും അവർ ഉറച്ചു നിന്നു. ആരെയും ഒട്ടും കൂസാതെ അവർ പരാതിയുമായി മുന്നോട്ട് തന്നെ പോയി.
ഒടുവിൽ ആരോപണങ്ങൾ ആദ്യം നിഷേധിച്ച ഇദ്ദേഹം പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി ശ്വേതയോട് മാപ്പ് പറയുകയും പിന്നീട് അവർ കേസ് പിൻവലിക്കുകയുമായിരുന്നു.
അങ്ങനെ തൊട്ടതിനെല്ലാം പ്രതികരിക്കുന്ന ശ്വേതയ്ക്ക് അമ്മ സംഘടനയെ നേർവഴിക്ക് നയിക്കാൻ സാധിച്ചില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
അതിജീവിത അടക്കമുള്ള അമ്മയിൽ നിന്നും പിരിഞ്ഞുപോയവരെ സംഘടനയിൽ തിരികെ എത്തിക്കുമെന്ന ശ്വേതയുടെ വാക്കുകളെ കൈയടികളോടെയായിരുന്നു അന്ന് എല്ലാവരും ഏറ്റെടുത്തത്. എന്നാൽ തുടക്കത്തിലെ മിടുക്കും ചടുലതയും ക്ഷയിച്ചുപോയ ശ്വേതയെയാണ് പിന്നീട് കണ്ടത്. അതിൽ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതിരുന്നത്. പിന്നീട് ഈ പ്രശ്നങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേയ്ക്കും തെരുവിലേയ്ക്കും വലിച്ചിഴക്കപ്പെട്ടപ്പോഴും ഒരു മറുപടി നൽകാൻ ശ്വേതയ്ക്ക് സാധിച്ചില്ല.
അമ്മയിലെ ആഭ്യന്തര കലഹങ്ങൾ വളരെ പെട്ടെന്നാണ് തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. നിരവധി ഗുരുതര ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നത്. ഇതിനിടെയാണ് കൊച്ചിയിൽ ഞായറാഴ്ച അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.
രാവിലെ യോഗം ആരംഭിച്ചപ്പോൾ തന്നെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രതിപക്ഷ പക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചു.
മുൻ ഭരണസമിതിയിലെ പ്രമുഖരായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പാനൽ കണക്കുകളിലെ സുതാര്യതക്കുറവ് ചോദ്യം ചെയ്തു. പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും ഇവർക്കൊപ്പം ചേർന്ന് കണക്കുകളിലെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതോടെ യോഗം കലുഷിതമായി.
പ്രശ്നങ്ങൾ കൈവിട്ടുപോയതോടെ, ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും കണക്കുകൾ ബോധ്യപ്പെടുത്താനും തനിക്ക് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ യോഗത്തിൽ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ പ്രതിപക്ഷ വിഭാഗം തയ്യാറായില്ല. നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്ന് അംഗങ്ങൾ ഒന്നടങ്കം ബഹളം വെച്ചു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായ ശ്വേതാ മേനോൻ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം അമ്മയിലെ അംഗത്വവും.
എന്നാൽ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ ഇടപെടുകയും, ശ്വേതയെ തനിച്ചുകണ്ട് സംസാരിച്ച് അനുനയിപ്പിക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്തു. സംഘടന വീണ്ടും ഒരു ഭരണസ്തംഭനത്തിലേക്ക് പോകരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും തനിക്കെതിരെയും തന്റെ സമിതിക്കെതിരെയും ഉയർന്ന അവിശ്വാസത്തിൽ മനംനൊന്ത് ശ്വേത രാജിക്കത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Movies
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില് അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്ഷിക റിപ്പോര്ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല് ബോഡി യോഗത്തിലുണ്ടായ വന് തര്ക്കങ്ങള്ക്കൊടുവില് നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില് പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല് ബോഡി യോഗത്തില് വാര്ഷിക റിപ്പോര്ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള് അരങ്ങേറിയത്. ജനറല് ബോഡി യോഗം തുടങ്ങി രാവിലെ മുതല് ഉച്ച വരെ വാര്ഷിക റിപ്പോര്ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന് തര്ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല് സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്ഷിക റിപ്പോര്ട്ടിലെ വരവ്-ചെലവ് കണക്കുകളില് വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില് ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്ഷിക റിപ്പോര്ട്ടിലെ സാമ്പത്തിക കണക്കുകളില് വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്ട്ട് അംഗീകരിക്കാന് കഴിയില്ലെന്ന് കര്ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്ട്ട് പാസാക്കാന് കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല് കലുഷിതമായി.
കണക്കുകളിലെ തര്ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല് മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില് കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല് തന്നെ ബോധപൂര്വ്വം ബിജെപിക്കാരിയാക്കാന് ചിലര് ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്ഷത്തോടെ ശ്വേത യോഗത്തില് വെളിപ്പെടുത്തി.
തുടര്ന്ന് സ്റ്റേജില് നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില് മുതിര്ന്ന അംഗങ്ങള് അനുനയിപ്പിക്കാന് ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള് തമ്മിലുള്ള തര്ക്കം കൈവിട്ടുപോയതോടെ, മുന് പ്രസിഡന്റ് കൂടിയായ മോഹന്ലാല് വിഷയത്തില് കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്ലാല് ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള് എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്ക്കാന് ആര്ക്കും കഴിയില്ല എന്ന് മോഹന്ലാല് പറഞ്ഞു. എന്നാല് വാര്ഷിക റിപ്പോര്ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില് ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള് പൂര്ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല് എത്തിയതും.
അമ്മയുടെ ചരിത്രത്തില് ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്ലാല് പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില് സാഹചര്യങ്ങളെ കുറിച്ചും അവര് നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന് കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില് പ്രവര്ത്തിക്കുന്ന സ്ത്രീകള് ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര് നേതൃത്തില് തുടരുന്നതിനെതിരെ പൊതുസമൂഹത്തില് നിന്നും മാധ്യമങ്ങളില് നിന്നും കടുത്ത വിമര്ശനങ്ങളുയര്ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല് സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്ശനങ്ങളുടെയും പശ്ചാത്തലത്തില് ധാര്മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്ലാല് ഉള്പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല് രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്ന്നാണ് 2025ല് ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്ഷത്തിന് ശേഷം ആദ്യമായാണ് വനിതകള് നേതൃത്വം നല്കിയ ഭരണസമിതി അമ്മയില് ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില് തന്നെ പൊട്ടിത്തെറികള് ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില് പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില് നിന്നും സ്പോണ്സര്ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില് നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്സിബ രംഗത്തെത്തിയത്. വര്ഗീയവാദിയാക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല് എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില് അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില് നിന്ന് ഹാസ്യനടനിലേക്കും തുടര്ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില് പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള് അര്പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര് ടൗണ്ഹാളില് പൊതുദര്ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില് സംസ്കാരം നടക്കും.
NRI
റാംസ്ഗേറ്റ്: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടത്തപ്പെടും.
വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ് പനക്കലച്ചൻ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ചയാണ് (ജൂൺ ഏഴ്) കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുക.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.' (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവൻഷൻ നയിക്കപ്പെടുക. രാവിലെ 8.30നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചോ ടെ സമാപിക്കും.
റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും പ്രാർഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോഓർഡിനേറ്റർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.
Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.
Movies
കുടുംബാംഗങ്ങൾക്കൊപ്പം ഭാര്യയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് നടൻ ബാല. തന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മുഴുവൻ കോകിലയുടെ പേരിലേക്ക് മാറ്റിയെഴുതിയെന്ന വലിയ വെളിപ്പെടുത്തലും ബാല പിറന്നാളാഘോഷത്തിൽ നടത്തി. തന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ലെന്നും താനിപ്പോൾ പാപ്പരായി മാറിയെന്നും ബാല പറയുന്നു.
പിറന്നാൾ സമ്മാനമായി കോകിലയ്ക്ക് നൽകിയ മാലയുടെ വിലയെക്കുറിച്ച് ചോദിച്ച യൂട്യൂബർമാരോടാണ് ബാല സ്വത്തുവിവരങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
‘‘മാലയുടെ വിലയൊന്നും ആരും ചോദിക്കേണ്ട. ഞാൻ എന്റെ സ്വത്തെല്ലാം കോകിലയ്ക് എഴുതിക്കൊടുത്തു. എന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ല, ഞാൻ പാപ്പരാണ്. വേണമെങ്കിൽ എന്നെ ഇനി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് പോകേണ്ടി വരും. ഒന്നുമില്ലാത്ത സാധാരണക്കാരനാണ് ഞാൻ ഇപ്പോൾ.’’ ബാല വ്യക്തമാക്കി.
ഇത്രയുംവലിയ സ്വത്തുക്കൾ നൽകാൻ മാത്രം കോകില ബാലയ്ക്ക് എന്താണ് നൽകിയതെന്ന ചോദ്യത്തിന് "അവൾ എന്നെ പൂർണമായി വിശ്വസിച്ചു" എന്നായിരുന്നു നടന്റെ മറുപടി.
ആഘോഷത്തിനിടെ കോകിലയുടെ കഴുത്തിലണിഞ്ഞിരുന്ന മാലയെക്കുറിച്ചും ബാല സംസാരിച്ചു. ഏതാണ്ട് എട്ട് പവനോളം തൂക്കം വരുന്ന ഈ സ്വർണ്ണമാലയ്ക്ക് ഒൻപത് ലക്ഷത്തോളം രൂപ വിലവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ കഴുത്തിലുള്ള മാല സ്ഫടികം കൊണ്ടുണ്ടാക്കിയതാണെന്നും അത് കോകില സമ്മാനിച്ചതായതുകൊണ്ട് തന്നെ അതിന് വിലമതിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
Movies
ആഡ്സ് പ്രൊഡക്ഷന് ഹൗസ് ആന്ഡ് നിലാവ് ക്രിയേഷന്സിന്റെ ബാനറില് ടോണ്സ് അലക്സ്, രവി പട്ടാമ്പി എന്നിവര് ചേര്ന്നു നിര്മിച്ച് ജയന് ആനിക്കാട് രചനയും സംവിധാനവും നിര്വഹിച്ച ‘തിരക്കിനിടയില് അല്പനേരം’ എന്ന സിനിമ നാളെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര് പുറത്തിറക്കി.
എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള് അല്പസമയം കുട്ടികളോടൊപ്പം ചെലവഴിക്കണമെന്ന ശക്തമായ താക്കീത് സമൂഹത്തിനു നല്കുന്ന പ്രമേയമാണു സിനിമയുടേത്.
നിരഞ്ജന്, നവന്ലാല്, അനിരുദ്ധ്, ശിവാനി എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും തീർച്ചയായും കാണേണ്ട സിനിമയാണിതെന്ന് നിരഞ്ജൻ പറഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മൾ ഓരോരുത്തരുമാണ്.
മലയാളത്തനിമയുള്ള ഫാമിലി ഫീൽ ഗുഡ് ചിത്രമാണിത്. സിനിമ കണ്ടു കഴിയുമ്പോൾ നല്ലൊരു പോസിറ്റീവ് വൈബ് നമ്മളിലേക്ക് വന്നുചേരുമെന്നും നിരഞ്ജൻ അഭിപ്രായപ്പെട്ടു.
ഷാജിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്. ഡിഒപി ആന്ഡ് എഡിറ്റിംഗ് ടോണ്സ് അലക്സും ചീഫ് അസോസിയേറ്റ് ഡയറക്ടര് എ.എസ്. അജ്മലുമാണ്. ലിറിക്സ് ഡോ. പ്രേം കുമാറും സംഗീതം മനു രമേശനും നിർവഹിച്ചിരിക്കുന്നു.
Education
തിരുവനന്തപുരം: 2026 ലെ മലയാളശ്രീ – ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷ മേയ് 11ന് അതാത് ഓറിയന്റൽ സ്കൂളുകളിൽ നടത്തും.
Movies
യുട്യൂബ് വെബ്സീരിസിലൂടെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കരിക്ക് ടീമിന്റെ സിനിമ വരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിൽ ആരംഭിച്ചു. ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്.
കരിക്ക് സ്റ്റുഡിയോസ് എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്.
2018-ൽ ആണ് നിഖിൽ പ്രസാദ് കരിക്ക് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.
ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.