National
ന്യൂഡൽഹി: മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് നിലനില്‍ക്കെ എഐസിസി നിരീക്ഷകരുമായി ചാർട്ടേർഡ് വിമാനം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്. വൈകുന്നേരം നാലിന് വിമാനം തലസ്ഥാനത്തെത്തുമെന്നാണ് വിവരം.
നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമാണ് വിമാനത്തിൽ ഉണ്ടാകുകയെന്നാണ് വിവരം. അതേസമയം, വിമാനത്തിൽ കെ.സി. വേണുഗോപാലും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയെ മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. അതേസമയം, യോഗം വൈകുമെന്നാണ് സൂചന.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും യോഗത്തിലുണ്ടാകും. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കെ.സി.വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ സുനേരി ബാഗിലെ അഞ്ചാം നമ്പർ വസതിയിൽ ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച തുടരുകയാണ്.
അതേസമയം നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തലസ്ഥാനത്തേക്ക് തിരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കും വ്യക്തതയില്ല. ഘടകകക്ഷികൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല.
നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
Kerala
കൊച്ചി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി കസേരക്കളി തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനായി വീണ്ടും ഫ്ളക്സ്. ഫ്ളക്സ് യുദ്ധം അവസാനിപ്പിക്കണമെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതിന് പിന്നാലെയാണ് പുതിയ ഫ്ളക്സ് എത്തിയിരിക്കുന്നത്. എറണാകുളം തൃക്കാക്കരയില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളക്സ് എത്തിയത്.
കേരളത്തെ ത്രിവര്‍ണ ഭൂമിയാക്കി പടയോട്ടം നയിച്ച ജനനായകന് എന്ന വാചകങ്ങളാണ് ഫ്ളക്സിലുള്ളത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നീ നേതാക്കളെല്ലാം കെ.സിയുടെ ചിത്രത്തിനൊപ്പം ഫ്ളക്സിലുണ്ട്.
തൃക്കാക്കര, ജഡ്ജ്മുക്ക് എന്നിവിടങ്ങളിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ഫ്ളക്സുകള്‍ ആരാണ് സ്ഥാപിച്ചത് എന്നതില്‍ അവ്യക്തതയുണ്ട്. കോണ്‍ഗ്രസിനോടുള്ള അതൃപ്തിയെ തുടര്‍ന്ന് സിപിഎം പ്രവര്ത്തകന് കെ.സിക്കായി ഫ്ളക്സ് വച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം.
നേതാക്കളും എംഎല്‍എമാരുമടക്കം കെ.സിക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും ഒരു വിഭാഗം നേതാക്കളും എംഎല്‍എമാരും വി.ഡി. സതീശനാണ് പിന്തുണ നല്‍കുന്നത്. മറ്റൊരു വിഭാഗം എംഎല്‍എമാര്‍ രമേശ് ചെന്നിത്തലയെയുമാണ് പിന്തുണയ്ക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഏഴാം ദിവസവും തീരുമാനം വൈകിപ്പിക്കുന്നതിനിടെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കോൺഗ്രസിനെ കടന്നാക്രമിച്ചത്.
കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണോ വേണ്ടയോ എന്ന കാര്യത്തിൽ ബിജെപിയിലെ കേരള ഘടകവും ദേശീയ നേതൃത്വവും തമ്മിൽ 'രസകരമായ വടംവലി' നടക്കുന്നു എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. "കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബിജെപി കേരളഘടകവും, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നു" എന്ന ആദിത്യ ജാക്കി എന്നയാളുടെ ട്വീറ്റാണ് അദ്ദേഹം ഷെയർ ചെയ്തത്.
"ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല - ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം" - രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കോൺഗ്രസിനായിട്ടില്ല. രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ചെന്നൈയിലേക്കും, മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലേക്കും പോയതോടെ ചർച്ചകൾ വീണ്ടും വഴിമുട്ടി.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി മൂന്ന് ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. ഇവർ മൂന്ന് പേർക്കും ഒരുപോലെ സ്വീകാര്യമായ ഒരു 'അനുനയ ഫോർമുല' കണ്ടെത്താൻ ഹൈക്കമാൻഡിന് ഇതുവരെ സാധിച്ചിട്ടില്ല.
ഖാർഗെ ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കൂ. രാഹുലും ഖാർഗെയും സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. ഘടകകക്ഷികളുമായി ഇനി ചർച്ചകൾ ഉണ്ടാവില്ലെന്നാണ് സൂചന.
National
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കം.
ഇന്നോ നാളെയോ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കെ.സി. വേണുഗോപാലിനാണ്. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും നടത്തിയ ചർച്ചകളിൽ ഇതിന് അനുകൂലമായ തീരുമാനമുണ്ടായതായാണ് വിവരം.
ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി പദം പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഒഴിവാക്കി.
കോൺഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കുമെന്ന് യുഡിഎഫിലെ ഘടകകക്ഷികൾ അറിയിച്ചിട്ടുണ്ട്. അതിനാൽ മുന്നണിക്കുള്ളിൽ കെ.സി. വേണുഗോപാലിന്റെ കാര്യത്തിൽ വലിയ എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി സോണിയാ ഗാന്ധിയുമായി നടത്തുന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതിയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്ത് കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണം ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം മൂന്ന് മാസം പിന്നിടുമ്പോഴും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി വിമർശിച്ചു.
ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്കും നിസാര രാഷ്ട്രീയത്തിനും മാത്രം മുൻഗണന നൽകുന്ന സർക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: വാടാനപ്പള്ളിയിൽ "മുഖ്യമന്ത്രിയായി കെ.സി വരട്ടെ' എന്ന ബോർഡ് സ്ഥാപിച്ചത് സിപിഎം അംഗം. സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഫ്ലക്സ് വയ്ക്കുന്നത്. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് ബോർഡ് സ്ഥാപിച്ച മുഹമ്മദ്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. വ്യാജ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിൽ പ്രതിഷേധിച്ച് വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ സിപിഎം നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കോതമംഗലത്ത് വി.ഡി. സതീശന് അനുകൂല പ്രകടനത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു. 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പിഒ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് കെസിക്കായി വച്ച ഫ്ളെക്സ് നശിപ്പിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടന്നത്.
പിഒ ജംഗ്ഷനില്‍ വിഡിയുടെ കെസിയുടെയും ഫ്ളെക്സ് അടുത്തടുത്തായാണ് വച്ചിരുന്നത്. ചില പ്രവര്‍ത്തകര്‍ കെസിയുടെ ഫ്ളെക്സ് വലിച്ചു കീറി നശിപ്പിക്കുകയായിരുന്നു. വലിച്ചു കീറിയ ഫ്ളെക്സിന്റെ പകുതി ഭാഗം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കളമശേരിയിലും ഒരു സംഘം കെസിയുടെ ബാനര്‍ കീറിയിരുന്നു.
ബ്ലേഡ് കൊണ്ട് മുഖം കീറിയ നിലയിലായിരുന്നുഫ്ളെക്സ്. എന്നാല്‍, ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി. സതീശൻ പറഞ്ഞിരുന്നു.
ഇതിനിടെ, പലേടത്തും ന്നു നേതാക്കളുടെയും ഫ്ളെക്സുകളും ബാനറുകളും ഉയര്‍ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള്‍ അതു നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Kerala
കൊച്ചി: കേരളത്തില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടരവെ വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ കെ.സി. വേണുപോഗാലിനായി ഫ്ലക്സ്. പറവൂര്‍ ടൗണ്‍ ഹാളിന് മുന്നിലാണ് ബാനറുകള്‍ എത്തിയത്. ഒസിയ്ക്ക് ശേഷം കെസി, കെസി വേണുഗോപാലിന് പറവൂരിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് ബാനറിലെ വാചങ്ങള്‍.
ബാനറില്‍ കെ.സി. വേണുഗോപാലിനൊപ്പം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി എന്നിവരുടെ ചിത്രങ്ങളുമുണ്ട്. വി.ഡി. സതീശനായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുകയും ഫ്ലക്സുകളും ബാനറുകളും വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പറവൂരില്‍ കാര്യമായി പ്രകടനങ്ങള്‍ ഒന്നും നടന്നിരുന്നില്ല.
ഇതിനിടെയാണ് കെ.സി. വേണുഗോപാലിനായി പറവൂരില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്മുറക്കാരനായി കെ.സി വരട്ടെ എന്നാണ് ആവശ്യം. അതേസമയം, കഴിഞ്ഞ ദിവസം കെ.സിയുടെ തട്ടകമായി ഇരിക്കൂറില്‍ വി.ഡിക്കായി ബാനര്‍ ഉയര്‍ന്നിരുന്നു.
യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലാണ് കേരളത്തില്‍ തെരുവ് യുദ്ധം നടക്കുന്നത്. വിവിധ ജില്ലകളില്‍ വി.ഡിക്ക് പിന്തുണയര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനങ്ങളുമായി തെരവില്‍ ഇറങ്ങി. ഫ്ലക്സുകളും ബാനറുകളും ഉയര്‍ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള്‍ അത് വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Movies
വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും നടൻ സുധീർ.
നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല ജനങ്ങൾ തെരഞ്ഞെടുത്തതെന്നും ഒരു ഭരണമാറ്റം ആഗ്രഹിച്ചുകൊണ്ടാണ് അത് നടന്നതെന്നും സുധീർ കുറിച്ചു.
‘‘എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരേ നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവിയോ ഫെയ്സ്ബുക്കോ ഇൻസ്റ്റയോ തുറക്കാൻ രക്ഷയില്ല. എന്തുവാ ഇത്, നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല, ജനങ്ങൾ തെരഞ്ഞെടുത്തത്, അല്ല. ഒരു ഭരണമാറ്റം ആഗ്രഹിച്ചു, അതുകൊണ്ടാണ്.
അതു നിങ്ങളുടെ ക്രെഡിറ്റ് ആയോ വലിയ സംഭവമായോ ഒന്നും കാണല്ലേ, കേരളത്തിലെ ജനങ്ങൾ മണ്ടന്മാരൊന്നുമല്ല, വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാൾ മുഖ്യമന്ത്രിയാക്.
ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്തോ, വെറുപ്പിക്കല്ല്.
ഇന്ത്യയുടെ ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഒള്ളൂ നിങ്ങൾ, ഇനി അതും കൂടി ഇല്ലാതാകും. കെ.സി. വേണുഗോപാല്‍ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങൾ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക.
ഡല്‍ഹിയിൽ ഇരുന്ന് ഇവിടുത്തെ കാര്യങ്ങൾ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാൾ വലിയ പവർ ഉള്ള ആളാണ് നിങ്ങൾ, ഡൽഹിയിൽ നിന്നും നിങ്ങൾ ഇങ്ങോട്ടു പോന്നാൽ അവിടുത്തെ കാര്യങ്ങൾ ആര് നോക്കും. അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല.
തലപ്പിത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാൻ ചെയ്യരുത്. ചീറ്റിപ്പോകും, മനസിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്.’’സുധീറിന്റെ വാക്കുകൾ.
National
ന്യൂഡൽഹി: എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്നും നിരീക്ഷകർ മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസ്ഥാനത്തെമ്പാടും ഫ്ളക്സ് യുദ്ധം. എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് തലസ്ഥാന നഗരത്തിലും സെക്രട്ടറിയേറ്റിനു സമീപത്തും സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.
കെപിസിസി ആസ്ഥാനത്തിനു സമീപം സ്ഥാപിച്ച കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തിയിരിക്കുന്നത്.
വി.ഡി.സതീശന് അനുകുലമായി വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വി.ഡി. പക്ഷം പ്രകടനങ്ങള്‍ നടത്തിയിരുന്നു. എഐസിസി നിരീക്ഷകരായ അജയ്മാക്കനും മുകുള്‍ വാസ്നിക്കും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വ്യാഴാഴ്ച തലസ്ഥാനത്ത് എംഎല്‍എമാരുടെ അഭിപ്രായം തേടാന്‍ എത്തിയവേളയിലുണ്ടായ ഫ്ളക്സ് യുദ്ധവും വാക്ക് പോരുകളും നിരീക്ഷകര്‍ക്ക് അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിസ്ഥാനപ്പോരില് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഹൈക്കമാന്‍ഡിനും കടുത്ത അതൃപ്തിയുണ്ട്. ചരിത്രവിജയത്തിന്റെ ശോഭ കെടുത്തുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
അതേസമയം എംഎല്‍എമാരുടെ അഭിപ്രായം തേടി നിരീക്ഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റിന് ഇന്ന് കൈമാറും. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ തലസ്ഥാനത്ത് ഫ്ലസ്ക് യുദ്ധം മുറുകുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ച കെ.സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെപിസിസി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് കെസി അനുകൂലികൾ ഫ്ളക്സ് സ്ഥാപിച്ചത്.
പിന്നീട് കെപിസിസിയിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഡൽഹിയിലേക്ക് മടങ്ങി.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നു നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡന്റിന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന് പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രനിരീക്ഷകർ 63 എംഎല്‍എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്, വി.എം.സുധീരന്, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന് തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി.
Kerala
പത്തനംതിട്ട: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ അതികായനായ നേതാവാണ് കെ.സി. വേണുഗോപാൽ. കോൺഗ്രസിൽ കൂടുതൽ അഭിപ്രായമുള്ള നേതാവുമാണ്. കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തിലാണ് ഒരുപാട് എംഎൽഎമാർ ഉണ്ടായത്. കേരളത്തിൽ ഉള്ളത് കറുകപ്പുല്ലു മാത്രമാണ്. അതു തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തലയെയും പുകഴ്ത്തി സംസാരിച്ച വെള്ളാപ്പള്ളി രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും പറഞ്ഞു.
എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആൾ ആണ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും പരിചയമുണ്ട്. അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും ഒന്നുമായില്ല. എല്ലാം സഹിച്ചു നിന്ന ആളാണ് ചെന്നിത്തലയെന്നും പറഞ്ഞു. അതേസമയം, യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നത്പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം വൻ വിജയം നേടുമെന്ന നിലപാടിലായിരുന്നു വോട്ടെണ്ണലിനു മുമ്പുവരെ വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിക്കുകയുംചെയ്തിരുന്നു. യുഡിഎഫ് നൂറിനു മേൽ സീറ്റ് നേടിയാൽ താൻ എസ്എൻഡിപി നേതൃസ്ഥാനം ഒഴിയുമെന്നു വരെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Kerala
കൊച്ചി: എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് തുടരവെ കേരളത്തില്‍ ഫ്ളക്സ് യുദ്ധം തുടരുന്നു. എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളായി കെ.സി. വേണുഗോപാലിനായും രമേശ് ചെന്നിത്തലക്കായും വി.ഡി. സതീശനായും വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.
പെരുമ്പാവൂരിലും ഇടപ്പള്ളിയിലുമാണ് കെ.സി. വേണുഗോപാലിനായി ഫ്ളക്സ് എത്തിയത്. പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങള്‍, 'യുഡിഎഫ് ജയിച്ചു, കെസി നയിക്കും' എന്ന വാചകങ്ങളോടെയാണ് ഫ്ളക്സ് എത്തിയത്. പെരുമ്പാവൂരില്‍ ഇന്ദിരാ ഭവന്റെ മുന്നിലടക്കം അഞ്ചിടങ്ങളിലായാണ് ഫ്ളക്സ് എത്തിയത്. ഇടപ്പള്ളി ടൗണില്‍ ലുലു മാളിന് അടുത്തായി കെ.സിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ഫ്ളക്സും ഇന്നലെ എത്തിയിരുന്നു.
രമേശ് ചെന്നിത്തലയ്ക്കായും പെരുമ്പാവൂരില്‍ ഫ്ളക്സ് എത്തിയിട്ടുണ്ട്. 'കേരളത്തെ നയിക്കാന്‍ രമേശ് ചെന്നിത്തല' എന്നാണ് ഫ്ളക്സില്‍ ഉള്ളത്. ആര്‍സി ബ്രിഗേഡ് എന്ന പേരിലാണ് ഫ്ളക്സുകള്‍ വച്ചിട്ടുള്ളത്. വി.ഡി. സതീശനായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഫ്ളക്സ് ഉയര്‍ന്നിരുന്നു.
'പട നയിച്ചവര്‍ നാട് നയിക്കട്ടെ', 'നിലപാടുകള്‍ രാജകുമാരന്', 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍' എന്ന വാചകങ്ങളോടെയാണ് കങ്ങരപ്പടിയില്‍ ഫ്ളക്സ് എത്തിയത്. മൂവാറ്റുപുഴയിലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ളക്സുകള്‍ എത്തിയിട്ടുണ്ട്.
യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിച്ച പ്രചാരണ സമിതി ചെയര്മാന് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയാണ് മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയ പോസ്റ്റര്‍. വനവാസമല്ല, പട്ടാഭിഷേകം എന്നെഴുതിയ പോസ്റ്റര്‍ ആയിരുന്നു ഇന്നലെ മൂവാറ്റുപുഴയില്‍ എത്തിയത്.
അതേസമയം, ഫ്ളക്സ് ബോര്‍ഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്ന് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ചര്‍ച്ചകള്‍ വി.ഡി. നേരിട്ട് പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളെ കാണാന്‍ ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ കെ.സി. വേണുഗോപാലും ഡല്‍ഹിയില്‍ എത്തിയിരുന്നു.
Kerala
ആലപ്പുഴ: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിൽ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആരുടെയെങ്കിലും ബോർഡ് വെക്കുന്നതോ ബാനർ കെട്ടുന്നതോ മുഖ്യമന്ത്രി തീരുമാനത്തിൽ ഒരു ഘടകമല്ലെന്ന് വേണുഗോപാൽ പ്രതികരിച്ചു
തനിക്കുവേണ്ടി ഫ്ലക്സോ ബാനറോ ഉയർത്താൻ ആരോടും പറഞ്ഞിട്ടില്ല. കേരളത്തിൽ വളരെ പെട്ടെന്നുതന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി ഒരു രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണി ചെയ്യുന്നത്. അതിനുള്ള മറുപടി ജനം നൽകി.
വർഗീയത ഇളക്കിവിടാൻ ശ്രമിച്ച ശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പാണ് ഇത്. ജാതിയും മതവുമല്ല, സ്ഥാനാർഥിയുടെ നന്മയും പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയവുമാണ് വലുതെന്ന് ജനം തിരിച്ചറിഞ്ഞ തെരഞ്ഞെടുപ്പാണിതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
കോട്ടയം: കെ.സി.വേണുഗോപാലിന്റെ ഫ്ലക്സിൽ കരി ഓയിൽ ഒഴിച്ച നിലയിൽ. കോട്ടയം നഗരത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപമാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്.
വിജയശിൽപി കെ.സി.വേണുഗോപാലിന് അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലക്സിലാണ് ഇന്ന് രാവിലെ കരി ഓയിൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. അതേസമയം തന്റെ പേരിലുള്ള ഫ്ലക്സുകൾ വയ്ക്കുന്നത് താൻ പറഞ്ഞിട്ടല്ലെന്ന് രാവിലെ വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തെരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.
പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തെരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്മാന് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുൽ ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മികച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലുംപ്രചാരണത്തിലും കോണ്‍ഗ്രസ് പുലര്‍ത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്.
സിപിഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട് നേതാക്കളെ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനവും ഈ വന്‍വിജയത്തിന് സഹായിച്ചു. ആ തീരുമാനത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പോലും യുഡിഎഫിനെ വിജയിപ്പിക്കാന്‍ ആ തീരുമാനത്തിന് സാധിച്ചു. തന്റെ നാടായ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് താന്‍ പോലും ഒരിക്കലും കരുതിയതല്ല. തളിപ്പറമ്പിലെ വിജയവും വലിയ നേട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം തട്ടകത്തില്‍ പോലും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
വര്‍ഗീയത പ്രചരിപ്പിച്ച് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും അജണ്ട കേരളത്തില്‍ ചിലവാകില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മലപ്പുറം തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയ് ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തിയ സിപിഎം നീക്കവും ജനം തള്ളിക്കളഞ്ഞു.
ഒന്നോ രണ്ടോ സീറ്റുകളില്‍ ബിജെപി ജയിച്ചിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ചിലവിലാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിപ്രതിഷേധം നടത്തിയതിന് പിണറായിയുടെ ഗണ്‍മാന്റെ മര്‍ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി. തോമസ് ആലപ്പുഴയില്‍ നേടിയ വന്‍വിജയവും സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് ജനങ്ങളുടെ പ്രതികാരമാണ്.
പിണറായി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടാണ് ആലപ്പുഴയില്‍ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതും. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണത്തില്‍ യുഡിഎഫിന്റെ ഒട്ടറെ യുവജനപ്രവര്‍ത്തകര്‍ പോലീസിന്റെ മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഭരണമേറ്റെടുക്കുമ്പോള്‍ ആരോടും പ്രതികാരം ചെയ്യാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെങ്കിലും, കുറ്റം ചെയ്തവര്‍ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാർഗങ്ങളുണ്ട്
മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ല. അതിപാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും.
പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പതിമൂന്നാം വയസിലെ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്.
തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്ക്കും. ജീവന് പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടി അമ്പരപ്പിക്കുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. ബംഗാളിലെയും തമിഴ്നാട്ടിലെയും മറ്റും തെരഞ്ഞെടുപ്പു ഫലങ്ങള്‍ പാര്‍ട്ടി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് നേടിയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കളഭം കൊണ്ടുള്ള തുലാഭാരം നേർന്ന് യൂത്ത്കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാർ ആണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്.
ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ക്ഷേത്രദർശനത്തിന്റെ പേരിൽ ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ( കൈപ്പത്തി പ്രതിഷ്ഠയുള്ള) ക്ഷേത്രത്തിലാണ് കളഭം കൊണ്ടുള്ള തുലാഭാരത്തിന് ചീട്ടാക്കിയത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്.
Kerala
തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിത്. ദുഖകരമായ സംഭവമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഉടൻ ധനസഹായം കൈമാറണമെന്നും അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസമാകേണ്ട കാര്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. . 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു.
പത്ത് പേരുടെ നില ഗുരുതരമാണ്. 14 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. അത്തരം ചർച്ചകളിൽ തനിക്ക് താത്പര്യമില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇപ്പോൾ മുന്നിലുള്ളത് തമിഴ്നാട് തെരഞ്ഞെടുപ്പാണെന്നും അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി സഖ്യം തമിഴ്നാട്ടിൽ വിജയിക്കുമെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
അനുകൂലമായ തരംഗം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കെ.സി. വേണുഗോപാല്‍ മിടുക്കനാണെന്നുള്ള പരാമർശത്തിലും പ്രതികരിച്ചു.
അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും മറുപടി വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വനിതാ സംവരണ ബില്‍ സര്‍ക്കാരിന് ഇഷ്ടംപോലെ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന ബില്ലായി മാറും. തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങള്‍ വെട്ടിമാറ്റുന്ന രീതി നാം കണ്ടതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഹരിയാണ സ്വദേശിയായ ഗൗരവ് കുമാറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത്
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം കോടികൾക്ക് വിറ്റുവെന്ന് ഗൗരവ് കുമാർ ആരോപിച്ചിരുന്നു. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്.
പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റേത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടിയെന്നും വേണുഗോപാൽ പറഞ്ഞു.സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്.
സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: ചോദ്യം ചോദിക്കുന്നവരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖരനെ വെട്ടിക്കൊന്ന പാര്‍ട്ടിയാണതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
എതിര്‍ക്കുന്നവരെ വകവരുത്താന്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അവര്‍ ബജറ്റില്‍ ബോംബ് നിര്‍മാണത്തിന് ഗ്രാന്റ് അനുവദിക്കുമോയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പ്രവാസികള്‍ വലിയ ആശങ്കയിലൂടെയാണ് കഴിഞ്ഞുപോകുന്നത്. അവര്‍ക്ക് നാടിനെ ഓര്‍ത്തെങ്കിലും സമാധാനം കിട്ടാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
അതേസമയം കുറ്റ്യാടിയില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രഭാത സവാരിക്ക് കെ.സി. വേണുഗോപാല്‍ നേതൃത്വം നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങള്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറയ്ക്കല്‍ അബ്ദുള്ള, കെ.എം അഭിജിത്ത്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലെ കരാർ നിയമനങ്ങളിൽ വൻതോതിൽ അഴിമതിയും പിൻവാതിൽ നിയമനവും നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയമനങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ചില ഡിവൈഎഫ്ഐ നേതാക്കൾക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യമായ മാനദണ്ഡങ്ങളോ യോഗ്യതയോ ഇല്ലാത്ത സിപിഎം അനുകൂലികളെ പിആർഡിയിലെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റുകയാണ്. ഇതിനായി പ്രത്യേക ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിർദേശപ്രകാരമാണ് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. ഡിവൈഎഫ്ഐയിലെ പ്രമുഖ നേതാക്കൾ ഈ ലിസ്റ്റുകൾ നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പിഎസ്സി ലിസ്റ്റിൽ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്നത്. ഇത് അർഹരായ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിആർഡിയിൽ കഴിഞ്ഞ കുറച്ചു കാലമായി നടന്ന എല്ലാ കരാർ നിയമനങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എല്ലാ കാലത്തും അങ്ങനെ തന്നായായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരന്റെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ. സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം. കെ. സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് വേണുഗോപാൽ പ്രതികരിച്ചത്.
പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസുകാരനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് സുധാകരൻ എന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി വേണുഗോപാൽ പറഞ്ഞു.
Kerala
കൊച്ചി: പാലക്കാട് മാത്രമല്ല മറ്റ് പല മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വരും ദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. തീയതി പ്രഖ്യാപിച്ചതിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ട്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു. ഇതാണ് ഈ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾ എല്ലാം കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർഥികളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് സണ്ണി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരൻ മത്സരിച്ചേക്കില്ല. നേതാക്കൾ സുധാകരന്റെ സമ്മർദം വിശദീകരിച്ചെങ്കിലും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നതിൽ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഖർഗെ. അതേസമയം തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എറണാകുളം ജില്ലയിലെ സീറ്റുകളെ ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ അനുയായികൾക്കായി വാദിച്ചു.
യോഗത്തിൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും കടുത്ത നിലപാട് തുടർന്നു. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി.ഡി. സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
National
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്റെ അംഗീകാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.
ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പട്ടികയിൽ ഉൾപ്പെടാത്തത്.
തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.
തിരുവനന്തപുരം
വട്ടിയൂർക്കാവ്-കെ. മുരളീധരൻ
കോവളം-എം. വിൻസെന്റ്
കൊല്ലം
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണുനാഥ്
കൊട്ടാരക്കര-ഐഷ പോറ്റി
പത്തനാപുരം-ജ്യോതികുമാർ ചാമക്കാല
ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
എറണാകുളം
അങ്കമാലി-റോജി എം. ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി. സതീശൻ
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കുന്നത്തുനാട്-വി.പി. സജീന്ദ്രൻ
തൃശൂർ
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്
മണലൂർ-ടി.എൻ. പ്രതാപൻ
പാലക്കാട്
തൃത്താല-വി.ടി. ബൽറാം
മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
വണ്ടൂർ-എ.പി. അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീൺകുമാർ
നാദാപുരം-കെ.എം. അഭിജിത്ത്
കോഴിക്കോട് നോർത്ത്-കെ. ജയന്ത്
എലത്തൂർ-വിദ്യ ബാലകൃഷ്ണൻ
വയനാട്
സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്
കണ്ണൂർ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്
Kerala
ന്യഡൽഹി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ആവർത്തിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. താൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും പലവട്ടം നിലപാട് വ്യക്തമാക്കിയതാണെന്നും വേണുഗോപാൽ പറഞ്ഞു.
എന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ? മറ്റ് എംപിമാർ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണം. ഞാൻ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞത്. അതുകൊണ്ട് മറ്റ് എംപിമാർ മത്സരിക്കണമെന്ന് പറഞ്ഞു എന്നാണ് ഒരു ചാനൽ വാർത്ത കൊടുത്തത്. എന്നോട് ഒന്ന് ചോദിച്ചിട് വാർത്ത കൊടുക്ക് എന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടാതെ, നിങ്ങൾക്ക് മറവിരോഗം ഉണ്ടോ എന്ന് ചോദിച്ച കെസി വേണുഗോപാൽ ഒരു ദിവസം ഒരു വാർത്ത പറയും നാളെ അത് മാറ്റി പറയും, ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല, എന്നാൽ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നും വേണുഗോപാൽ പറഞ്ഞു.
ഷമാ മുഹമ്മദിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിരിക്കുക മാത്രമാണ് വേണുഗോപാൽ ചെയ്തത്. അതേ സമയം എംപിമാരിൽ പലരും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ പല എംപിമാരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ച നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ രാത്രി 8.30ഓടെ ആയിരുന്നു ചർച്ച. ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.
സീറ്റ് വിഭജന ചർച്ചകൾക്കായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഡിഎംകെ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 38 സീറ്റുകളും മൂന്ന് മന്ത്രി സ്ഥാനങ്ങളുമാണ് ഇത്തവണ ആവശ്യപ്പെട്ടത്.
25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗുമായും ഡിഎംകെ രൂപീകരിച്ച സമിതി ചര്‍ച്ച നടത്തി.
അഞ്ച് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള സമിതി നാളെ ചർച്ച നടത്തും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേയ്ക്ക് വന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തെന്ന് മനസിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്. സർക്കാരും, എസ്ഐടിയും മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസിലാകും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും.അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡിന്റെ പച്ചക്കൊടി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് മത്സരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ചുമതലയുടെ ആവശ്യമില്ലെന്ന് എഐസിസി വിലയിരുത്തലുണ്ടായതോടെയാണ് സണ്ണി ജോസഫിന് മത്സര രംഗത്തിറങ്ങാൻ അനുമതി നേടാനായത്.
സണ്ണി ജോസഫ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഡൽഹിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാൾ വരേണ്ടതില്ലെന്നാണ് എഐസിസി നിലപാട്. ഇതിനുപകരമായി വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും.
വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനാകും ചുമതല. തെരഞ്ഞെടുപ്പിന് ശേഷം മറ്റ് ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ ആലോചിക്കാനാണ് ഹൈക്കമാൻഡ് നിലപാടെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിനെ രാജീവിയൻ സർക്കാരെന്നാണ് അയ്യർ വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു. പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. താൻ ധരിക്കുന്നത് വേഷ്ടിയാണ്. അതിന് കോൺഗ്രസിന്റെ നിറം ആണെന്നും, കോൺഗ്രസുകാരനെന്ന നിലയിൽ യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.
എന്നാൽ പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും. വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിക്കില്ല. ധാരാളം മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. താൻ ഒരു ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനില്ല. പക്ഷേ കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. അത് മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കളെ പ്രതിയാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കാരണം യഥാര്‍ഥ കള്ളന്മാര് സിപിഎം നേതാക്കളാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമരപരിപാടികളിലൂടെ കളം പിടിക്കാൻ കോൺഗ്രസ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടത് സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ സമരങ്ങൾ നടത്തുമെന്ന് ഇതോടകം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിക്കാനാണ് കോൺഗ്രസിന്റെ ആലോചന.
തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ ജനുവരി 13,14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണക്കൊള്ളയിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്.
ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്നാണ് നിർദേശം.
Kerala
തിരുവനന്തപുരം: വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപിച്ചു കൊടുത്തതിന്റെ ഫലമാണ് ശബരിമലയിൽ നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ശബരിമലയിൽ നടന്നത് സങ്കൽപിക്കാൻ പോലും കഴിയാത്ത കൊള്ളയാണെന്നും എഐസിസി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ജനുവരി 19ന് നടക്കുന്ന കോൺഗ്രസിന്റെ മെഗാ പഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
സുനിൽ കനഗുലുവിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയുള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും അദേഹം ചോദിച്ചു.
ശശി തരൂർ പാർട്ടി ലൈനിൽ പ്രവർത്തിക്കുന്നതിൽ സന്തോഷം അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണെന്നും കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ഥി നിര്‍ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Kerala
ഗുരുവായൂർ: കെപിസിസിക്കും ഡിസിസിക്കും ഒറ്റ നിലപാടു മാത്രമാണുള്ളതെന്നും വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യപ്പെടുന്നവർക്കു സൗകര്യമൊരുക്കുന്ന രീതിയിലാണ് എസ്ഐടി അന്വേഷം നടക്കുന്നത്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് കേരള സർക്കാരാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരാളും അകത്താകുമായിരുന്നില്ല. സർക്കാരിനു ജനങ്ങൾ തിരിച്ചടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
National
ബംഗളുരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കെ. സി. വേണുഗോപാല്‍ എംപി വിഷയം കര്‍ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.
Kerala
ആലപ്പുഴ: പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നാളെ തന്നെ സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം താന്‍ തയാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി.
കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് യുഡിഎഫിന്റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ എന്ത് പറഞ്ഞു എന്നുകൂടി പറയണമെന്നും കെ.സി പ്രതികരിച്ചു.
കേരളത്തിലെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി കെ.സി മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ജനാധിപത്യത്തെയും പ്രതിപക്ഷ കക്ഷികളെയും തകർക്കാനുള്ള ഗൂഢപദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുകയാണെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ അധ്യക്ഷതയിൽ എസ്ഐആർ നടപടി പുരോഗമിക്കുന്ന 12 സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലായിരുന്നു രൂക്ഷഭാഷയിലുള്ള വിമർശനം. എസ്ഐആർ നടപടിക്കെതിരെ ഡൽഹി രാംലീല മൈതാനത്തിൽ അടുത്ത മാസം ആദ്യവാരം പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു.
കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ എസ്ഐആർ പുരോഗമിക്കുന്ന ഇടങ്ങളിൽനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുൻഷിയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ പി.സി. വിഷ്ണുനാഥും ടി. എൻ. പ്രതാപനും സംസ്ഥാനത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു.
ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും ചർച്ചയായി. ബിഹാറിലെ എസ്ഐആറിൽ എതിർപ്പുകളുണ്ടാകാത്തത് ആവർത്തിക്കാതിരിക്കാൻ എസ്ഐആറിനു ശേഷം കരട് വോട്ടർപട്ടികയിലുണ്ടാകുന്ന ഏതൊരു ക്രമക്കേടിനെയും ചോദ്യം ചെയ്യണമെന്ന് നേതാക്കൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
എസ്ഐആറിന്റെ പൊതുവായ സ്വഭാവം ‘ഒഴിവാക്കുന്നതാണെന്നും’ നടപടി പൂർത്തിയാക്കാനുള്ള സമയം വളരെ കുറവാണെന്നുമാണ് നേതാക്കളുടെ കാഴ്ചപ്പാട്. എസ്ഐആറിനെതിരെയുള്ള ഒപ്പുശേഖരണം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ രാജ്യവ്യാപകമായി അഞ്ചു കോടി ആളുകളുടെ ഒപ്പുകൾ നിലവിൽ ശേഖരിച്ചിട്ടുണ്ടെന്നു യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുവിശാസ്യതയ്ക്ക് കോട്ടം തട്ടി നിൽക്കുന്ന സമയത്തു നടത്തുന്ന എസ്ഐആർ നടപടി ആഴത്തിൽ നിരാശപ്പെടുത്തുന്നതാണെന്ന് ഖാർഗെ എക്സിൽ കുറ്റപ്പെടുത്തി.
Kerala
പരിയാരം (കണ്ണൂർ) : ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രികൾ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സർക്കാർ ആശുപത്രികളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിലെ പ്രശ്നത്തിന് കാരണം സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ അവയവങ്ങൾപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എല്ലാ കാര്യത്തിലും കേരളം നന്പർ വൺ എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി കുത്തഴിഞ്ഞതും ആളെ കൊല്ലികളുമായ സർക്കാർ ആശുപത്രികളാണോ നന്പർ വൺ എന്നു വ്യക്തമാക്കണം.
വസ്തുനിഷ്ഠാപരമായ അന്വേഷണത്തിലൂടെ ആരോഗ്യ മേഖലയിലെ കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്ന മാധ്യമങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണ്. വരാനിരിക്കുന്ന വലിയ സമരത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. എട്ടു മാസത്തിന് ശേഷം ഇതെല്ലാം നേരെയാക്കാൻ കഴിവുള്ളവർ വരുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ.കെ.വി. ഫിലോമിന എന്നിവർ പ്രസംഗിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.
Kerala
പരിയാരം: ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പിണറായി സർക്കാർ നടത്തിയ രണ്ടാം ഡീലാണ് റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ചന്ദ്രശേഖർ മോദിക്ക് വേണ്ടപ്പെട്ടവനായതിനാലാണ് പിണറായി ഡിജിപിയാക്കിയത്.
ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുകയും ചെയ്ത ഇദ്ദേഹത്തെ ഡിജിപിയാക്കിയതിലൂടെ ബിജെപിയും മുഖ്യമന്ത്രിയും രണ്ടാമത്തെ ഡീൽ ഉറപ്പിക്കുകയാണ് ചെയ്തത്. മോദിക്ക് അനഭിമതനായതിനാലാണു ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ ഒഴിവാക്കിയതെന്നും വേണുഗോപാൽ ആരോപിച്ചു.
പരിയാരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി നിയമനപട്ടികയിലുണ്ടായിരുന്ന നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. മോദിക്കും കേന്ദ്ര സർക്കാരിനും ഇഷ്ടമല്ലാതിരുന്നതിനാലാണ് നിതിൻ അഗർവാളിനെ ബിഎസ്എഫ് ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നു നീക്കിയത്. കേന്ദ്രത്തിന് അപ്രിയമായതൊന്നും തങ്ങൾ ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.
സ്വന്തം തടി രക്ഷിക്കാൻ മുഖ്യമന്ത്രി കൂത്തുപറന്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പില്ല. പക്ഷേ അദ്ദേഹത്തിനെതിരെ സിപിഎം മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നത്. അതില്‍നിന്നു വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാല്‍ ഇപ്പോഴത്തെ ഡിജിപി നിയമനത്തില്‍ ചില ദുരൂഹതയുണ്ട്.
പി. ജയരാജന്റേത് സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍ സിപിഎമ്മിലെ മറ്റുനേതാക്കള്‍ പിണറായിയെ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് അന്ന് രവാഡ ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിനു പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.