Movies
നടൻ സൂര്യയുടെ അടുത്തേയ്ക്ക് ഓടിയെത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ വീരഭദ്രുഡുവിന്റെ (കറുപ്പ്) പ്രീ-റിലീസ് ചടങ്ങനിടെയായിരുന്നു ഈ സംഭവം. എന്നാൽ താരം ആരാധകനോട് കാണിച്ച അളവറ്റ ദയയും കരുണയും എല്ലായിടത്തും ചർച്ചയായി.
സുരക്ഷാവലയങ്ങൾ ഭേദിച്ചാണ് വേദിയിലുണ്ടായിരുന്ന സൂര്യയുടെയും കാർത്തിയുടെയും അടുത്തേയ്ക്ക് ഈ ആരാധകൻ എത്തിയത്. സൂര്യയുടെ കാലിലേയ്ക്ക് ഓടിവന്ന് വീണ ആരാധകന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും എത്തി. ഇവർ ഇയാളെ പിടിച്ചുവലിച്ചുമാറ്റി. എന്നാൽ സൂര്യ അവരോട് അദ്ദേഹത്തെ വിടാൻ പറയുകയും ഒപ്പം നിർത്തി സെൽഫിക്കായി പോസ് ചെയ്യുകയുമായിരുന്നു.
Kerala
കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്. ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്.
ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.
Movies
ആസിഫ് അലിയെ നായകനാക്കി ജി. പ്രജേഷ് സെൻ ഒരുക്കുന്ന പുതിയ ചിത്രം ഹൗഡിനി ദി കിംഗ് ഓഫ് മാജിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ആകാംഷയുണർത്തുന്ന പോസ്റ്റർ ചലച്ചിത്രപ്രേമികൾക്കിടയിൽ തരംഗമായി.
ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ സിനിമകളിലൂടെ മലയാളി മനസിൽ ഇടംപിടിച്ച പ്രജേഷ് സെൻ, ഇത്തവണ മാജിക്കിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ബ്ലൂ ഹിൽ നൈലിന്റെ ബാനറിൽ ജോബി പി. സാം നിർമിക്കുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ വൻ താരനിരയാണുള്ളത്.
സംഗീതം ബിജിബാൽ. നൗഷാദ് ഷെരീഫിന്റെ കാമറയും ബിജിത് ബാലയുടെ എഡിറ്റിംഗും സിനിമയുടെ മാറ്റു കൂട്ടുന്നു. മാന്ത്രിക ലോകത്തെ അതിശയങ്ങളും ആസിഫ് അലിയുടെ വ്യത്യസ്തമായ അഭിനയശൈലിയും ഹൗഡിനിയെ ഒരു മികച്ച തിയറ്റർ അനുഭവമാക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം: അഫ്രീൻ കല്ലൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ തമ്പുരാൻ, ഓഡിയോഗ്രാഫി: അജിത് എ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പിരപ്പൻകോട്, സെക്കൻഡ് യൂണിറ്റ് കാമറ: ലെബിസൺ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഗിരീഷ് മാരാർ, ത്രിൽസ്: മാഫിയ ശശി, ഡി.ഐ: ആക്ഷൻ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, സ്ക്രിപ്റ്റ് ആൻഡ് ഡയറക്ടർ അസോസിയേറ്റ്: എം. കുഞ്ഞാപ്പ, മാജിക് കൊറിയോഗ്രാഫർ: സമീർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ: പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കോ ഓർഡിനേഷൻ: ഷിബിരാജ്.
Movies
വിഘ്നേഷ് രാജയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നായിക മമിത ബൈജു
ധനുഷിനൊപ്പമുള്ള തീവ്രമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം മനസുതുറന്നത്. രാത്രിയിൽ ചിത്രീകരിച്ച രംഗത്തിൽ ധനുഷിന്റെ കോളറിൽ പിടിച്ച് ദേഷ്യപ്പെടേണ്ടി വന്നപ്പോൾ അറിയാതെ പിടുത്തം മുറുകിപ്പോയെന്നും ഉടൻ തന്നെ താൻ ക്ഷമ ചോദിച്ചുവെന്നും മമിത പറഞ്ഞു.
എന്നാൽ, ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ് - എന്നായിരുന്നു ധനുഷിന്റെ മറുപടി. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് ആ രംഗം പൂർത്തിയാക്കിയതെന്നും മമിത കൂട്ടിച്ചേർത്തു.
മികച്ച ധനുഷ് ചിത്രമെന്നാണ് കരയ്ക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ. വൈൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമിച്ച ആക്ഷൻ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാർ (പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്) ആണ് സംഗീതം. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ആദ്യ പകുതിയേക്കാൾ ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുന്നു.
Movies
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടി റെബ മോണിക്ക ജോൺ. ഭർത്താവ് നിറവയറിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചത്.
രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു എന്ന അടിക്കുറിപ്പോടെയാണ് റെബ ചിത്രങ്ങൾ പങ്കുവച്ചത്.
‘ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു.’ റെബയുടെ വാക്കുകൾ.
കടൽത്തീരത്ത് നിന്നുള്ള മനോഹര ചിത്രങ്ങളാണ് റെബ പങ്കുവച്ചത്. ഭർത്താവ് ജോമോനും ഒപ്പമുണ്ട്. റെബയുടെ നിറവയറിൽ ചുംബിക്കുന്ന ജോമോനെ ചിത്രങ്ങളിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തിന് ആശംകൾ അറിയിച്ച് രംഗത്തുവന്നത്.
2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരാകുന്നത്. ബംഗളൂരുവിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രണയവിവാഹമായിരുന്നു.
Movies
ഏഴു മാസം ഗര്‍ഭിണിയായിരിക്കെ ബോളിവുഡ് താരം കിയാര അദ്വാനിയെ ആരാധകന് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന് നടിയുടെ ബോഡിഗാര്‍ഡ്. ഒരഭിമുഖത്തിലാണ് ബോഡി ഗാര്‍ഡ് ആയ സീഷാന്‍ ഖുറേഷിയുടെ ഈ വെളിപ്പെടുത്തല്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിനെത്തിയതായിരുന്നു കിയാര. അന്ന് കിയാരയുടെ കൂടെ മറ്റൊരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നു.
പക്ഷേ, അവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നതിനാല്‍ കിയാരയുടെ ഭർത്താവ് സിദ്ധാര്‍ഥ് എന്നോടു കൂടെ ചെല്ലാന്‍ പറഞ്ഞു. അവരെ വിടാന്‍ സിദ്ധാര്‍ഥിന് പേടിയായിരുന്നു. അതിനാല്‍ ഞാന്‍ പോയി.
പതിവിലും ശ്രദ്ധയോടെയാണ് ഞാന്‍ എല്ലാം ചെയ്തത്. അവര്‍ വാനിറ്റി വാനില്‍ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരാള്‍ വന്നു. അയാളും ഞാനും തമ്മില്‍ വാക്കുതര്‍ക്കമായി. അയാള്‍ സ്യൂട്ട് ധരിച്ചിരുന്നു. മാന്യനായിരിക്കുമെന്നു കരുതി. ചിലപ്പോള്‍ ചിലര്‍ വന്ന് ഞാന്‍ കോര്‍പ്പേറ്റ് ലോകത്തുള്ളതാണെന്നും എന്നോട് ഇങ്ങനെ സംസാരിക്കരുതെന്നും പറയും.
പക്ഷെ എന്റെ ജോലിയാണത്. ഞാന്‍ നേരത്തെ തന്നെ ബാരിക്കേഡ് വയ്ക്കുകയും കര്‍ട്ടനിടുകയും ചെയ്തിരുന്നു. എന്നിട്ടും അയാള്‍ ഉള്ളിലേക്ക് കയറി വന്നു. അയാള്‍ വീണ്ടും വീണ്ടും അടുത്ത് വരാന്‍ ശ്രമിച്ചതോടെ എനിക്കു ദേഷ്യം വന്നു.
അതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ ആകാശ് അംബാനിയുടെ മാനേജരെ വരെ വിളിക്കേണ്ടി വന്നു. താരങ്ങളെ നേരില്‍ കാണുമ്പോള്‍ പലരുടേയും നിയന്ത്രണം നഷ്ടമാകും- സീഷാന്‍ പറഞ്ഞു.
2023 ലാണ് നടൻ സിദ്ധാർഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹം കഴിഞ്ഞത്. 2025 ജൂലൈ 15 നാണ് ഈ ദമ്പതികൾക്കു മകൾ പിറന്നത്.
Movies
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാകുറുക്കൻ എന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു. നിർമാതാവ് സിജോ ജോർജ് സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ ആൻ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു.
നിർമൽ പാലാഴി, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന സുനിൽ കർമ, നിഖിൽ ജിനൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നർമത്തിൽ ചാലിച്ച് പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
സെൽവകുമാർ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- ഗോപി സുന്ദർ, എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ- അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ-മണികണ്ഠൻ, ശ്രീജിത്ത്,സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം- റിക്കി റിച്ചാർഡ്സൺ, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ കൊല്ലം, പ്രൊജക്ട് കോർഡിനേറ്റർ- ലിജിൻ സിയാർ, പിആർഒ- എ.എസ്. ദിനേശ്.
NRI
കോട്ടയം: ഫ്രാന്‍സില്‍ നടക്കുന്ന എഐ ഫിലിം അവാര്‍ഡ് കാന്‍സ് 2026ലേക്ക് കോട്ടയം ചെങ്ങളം സ്വദേശിയായ സംവിധായകന് സച്ചു കുന്നത്തിലിന്റെ ദി ലൈറ്റ് എന്ന എഐ ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം തെരഞ്ഞെടുത്തു.
ജനപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗിലൂടെയാണു ചിത്രം നിര്‍മിച്ചത്. കോട്ടയം ഫിലിം സൊസൈറ്റി ചിത്രത്തിന്റെ രചനയും സച്ചുവാണ് നിർവഹിച്ചിരിക്കുന്നത്.
മനോജ് മഹാദേവന് ആനിമേഷനും എഡിറ്റിംഗും നിര്വഹിച്ചപ്പോള് ദേശീയ അവാര്‍ഡ് ജേതാവും ബിരിയാണി ചിത്രത്തിന്റെ സംവിധായകനുമായ സജിന്‍ ബാബുവാണു ചിത്രം അവതരിപ്പിക്കുന്നത്.
Movies
കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കുവച്ച് നടി അമല പോൾ. നടിയുടെ മകന് കൂട്ടായി പുതിയൊരു ആൾ കൂടി വരുന്നു എന്നതാണ് ആ വീട്ടിലെ പുതിയ സന്തോഷം.
അമലയുടെ സഹോദരന്റെ ഭാര്യ ഗർഭിണിയായ സന്തോഷമാണ് താരം പങ്കുവച്ചത്. ‘‘നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി. പാർട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്കുള്ള ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു.’’വീഡിയോ പങ്കുവച്ച് അമല കുറിച്ചു.
2021ലാണ് അഭിജിത് പോളും അൽക്ക കുര്യനും വിവാഹിതരായത്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത് പോൾ. ‘ലൈല ഓ ലൈല’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.
Movies
റിയാലിറ്റി താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് ഇന്ന് രാവിലെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സോഷ്യല്‍ മീഡിയ വഴിയാണ് 2023ല്‍ ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ല്‍ കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളില്‍ വച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു. ജീവിതവസാനം വരെ കൂടെ നിര്‍ത്താമെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി.
കൊച്ചിയില്‍ ജിം ആരംഭിക്കാന്‍, കോഴിക്കോട് സ്ഥലം വാങ്ങാന്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് പണം വാങ്ങിയത്. ഷിയാസ് വിവാഹിതനാണെന്ന വിവരം തന്നില്‍ നിന്നും മറച്ചു വച്ചു. വിവാഹ ശേഷവും തന്നെ ചൂഷണം ചെയ്തു. 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തു.
പണം നല്‍കിയില്ലെങ്കില്‍ തനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പോണ് സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഷിയാസിന്റെ സുഹൃത്ത് ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. കാസര്‍കോട് ഹൊസ്ദുര്‍ഗ് സ്വദേശിയായ ജിം ട്രെയ്നറെ പീഡിപ്പിച്ച കേസിലും ഷിയാസ് പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഷിയാസ് കരീം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Movies
നടൻമാർ അവരുടെ ജോലി ചെയ്താൽ മതിയെന്നും എഡിറ്റിംഗിൽ ഇടപെടണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്.
സിനിമയുടെ എഡിറ്റിംഗില്‍ നായകന്മാര് ഇടപെടുന്നതായി എഡിറ്റര്‍മാരുടെ സംഘടനാപ്രതിനിധികളില്‍ നിന്ന് പരാതി ലഭിച്ചതായും അദ്ദേഹം പറയുന്നു.
''സാധാരണ ഗതിയിൽ സിനിമയുടെ റിലീസിന് മുമ്പ് ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോഴാണ് സംഘടന ചർച്ച ചെയ്യുന്നത്. റിലീസിനു ശേഷം നിർഭാഗ്യകരമായിട്ടുള്ള ചർച്ചയാണ് നടക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിച്ചു.
ഞങ്ങളുടെ അംഗങ്ങൾ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തിൽ നമ്മളായി അഭിപ്രായം പറയുന്നതിൽ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല.
സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരേ മോശം കാര്യമാണ്. നടന്മാരുടെ നിർദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റർമാർ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്.
ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുകയാണ്, സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവർത്തകരുമാണ്. നടന്മാർ അവരുടെ ജോലി ചെയ്താൽ മതി.
ഒരു നടനും മലയാളത്തിൽ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാൽ അത് നടക്കുന്ന കാര്യവുമല്ല,’’ ഉണ്ണികൃഷ്ണൻ പറഞ്ഞു.
Movies
വെഞ്ഞാറമ്മൂട് കൊലപാതകം ചർച്ച ചെയ്ത കാലം പറഞ്ഞ കഥ എന്ന ചിത്രം ഏപ്രിൽ 24 - ന് തിയേറ്ററിലെത്തും. കരുനാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു.
വെഞ്ഞാറമ്മൂട് കൊലപാതകവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത കാലം പറഞ്ഞ കഥ എന്ന ചിത്രം തിയറ്ററിലെത്തുന്നത് കാണാൻ പ്രേഷകർ കാത്തിരിക്കുകയാണ്.
പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറ് കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ മലയാള സിനിമയിൽ കാണാത്ത വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്.
കേരളത്തിൽ ചർച്ച ചെയ്ത ആനുകാലിക സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകും.
പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, ഒ. ജയലാൽ, പ്രജീവ്, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.
നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ, പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ - വിനോദ് ജി.മധു, എഡിറ്റിംഗ് - കണ്ണൻ, ജോജി,ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന -വയലാർ ശരത്ചന്ദ്രവർമ്മ,ശ്രീകുമാർ ഇടപ്പോൺ,സംഗീതം - അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം- കിരൺ മാസ്റ്റർ, ആർട്ട് - സന്തോഷ് പാപ്പനംകോട്, മേക്കപ്പ് - സുധീഷ് നാരായൻ, പിആർഒ - അയ്മനം സാജൻ. ചിത്രം ഏപ്രിൽ 24-ന് തിയറ്ററിലെത്തും.
Movies
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി മലയാള ചിത്രം മധുരമീ ജീവിതം ഓഡിയോ ലോഞ്ച്. ചിത്രത്തിലെ നാലു ഗാനങ്ങളാണ് ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെയുടെ വാക്കുകളിലൂടെയാണ് മധുരമീ ജീവിതം പ്രേക്ഷകരിലേക്ക് അവതരിപ്പിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ അവതരണം ചിത്രത്തിന്റെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിച്ചു.
പ്രൊഡ്യൂസേഷൻ അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ചുറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
മാത്യു സക്കറിയയാണ് സംവിധാനം. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശനാണ് സിനിമ നിര്‍മിക്കുന്നത്. സഹ നിർമാണം - ഡോ. ശ്രീകുമാർ ഡെ, ശ്രീശൻ പ്രകാശൻ.
സിനിമ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. ജോണി ആന്റണി, പ്രമോദ് വെളിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Movies
മുത്തുരാമലിങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതാണ് തന്റെ ഭാഗത്ത് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് തുറന്നുപറഞ്ഞ് നടൻ ഗൗതം കാർത്തിക്. തന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ പരാജയമായിരുന്നു അതെന്നും അതിന് ശേഷം മാസ് സിനിമകൾ ചെയ്യാൻ ഭയമാണെന്നും ഗൗതം കാർത്തിക് പറഞ്ഞു.
റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ എക്സിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
''മുത്തുരാമലിങ്കം ഒരു കുറ്റബോധത്തോടെ മാത്രം ഞാനോർക്കുന്ന ഒരു പഴയ കഥയാണ്. എന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ സിനിമ.
അറിവില്ലായ്മയുടെയും മനസിലാക്കാൻ കഴിയാത്തതിന്റെയുമൊക്കെ പ്രശ്നമുണ്ട് അതിൽ. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു അത്.
അതോടെ അത്തരം മാസ് ഴോണർ തന്നെ ഞാൻ ഒഴിവാക്കി. വിവിധ ഴോണറുകളിലുള്ള സിനിമകൾ ചെയ്യാമെന്ന് പിന്നീട് ഞാൻ തീരുമാനിച്ചു. ഇതുപോലെ എന്റെ ജീവിതത്തിൽ തെറ്റായ ഒരുപാട് തീരുമാനങ്ങൾ ഞാനെടുത്തിട്ടുണ്ട്. പക്ഷേ ഞാൻ അവയിൽ നിന്ന് പഠിക്കുകയും എന്റെ യാത്രയെ കൂടുതൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഒരു പോയിന്റിൽ ഞാൻ മനസിലാക്കിയ കാര്യമെന്താണെന്നു വച്ചാൽ, ഇതുപോലെയുള്ള മാസ് സിനിമകളൊക്കെ ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാവുന്നതാണെന്നാണ്.
പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു സംവിധായകനൊപ്പം മാത്രമേ ചെയ്യാവൂ. അങ്ങനെയാണ് മുത്തയ്യ സാറിനൊപ്പം ഞാൻ ദേവരാട്ടം ചെയ്യുന്നത്.
ആ സിനിമ എന്നെക്കുറിച്ചു കൂടി പ്രേക്ഷകരിലേക്ക് എത്താൻ സഹായിച്ചു. നല്ല പ്രേക്ഷക സ്വീകാര്യതയും ആ സിനിമയ്ക്ക് കിട്ടിയിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും മാസ് റോളുകൾ ചെയ്യാൻ പേടിയാണ്''. ഗൗതം കാർത്ത് പറഞ്ഞു.
രാജദുരൈ കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് മുത്തുരാമലിങ്കം. പ്രിയ ആനന്ദ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
നിരവധി ട്രോളുകൾ ലഭിച്ച സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമായിരുന്നു.
Movies
തന്റെ 60-ാം ജന്മദിനത്തിൽ വീണ്ടും റെമോയായി വിക്രം. താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിലടക്കം വൈറലാണ്. ഈ പ്രായത്തിലും എന്തൊരു ലുക്കാണെന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്. മകൻ ധ്രുവ് ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.
റെമോ എന്ന കമന്റുമായി നടൻ ഉണ്ണി മുകുന്ദനും വിക്രത്തിന്റെ ഫീഡിലെത്തി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ. രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രോജക്ട്.
Movies
പതിറ്റാണ്ടുകൾക്കു മുൻപ്, 1912 ഏപ്രിൽ 15-ന്റെ പുലരിയിൽ, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ അജയ്യമായത് എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് തകർന്നടിഞ്ഞു. 1,500ലേറെ മനുഷ്യജീവനുകൾ ആ തണുത്തുറഞ്ഞ കടലിൽ പൊലിഞ്ഞുപോയിട്ട് 112 വർഷം പിന്നിടുന്നു.
ചരിത്രപുസ്തകങ്ങളിൽ വെറും സംഖ്യകളായി ഒടുങ്ങുമായിരുന്ന മഹാദുരന്തത്തെ ലോകത്തിന്റെ നെഞ്ചിലെ തീരാനോവാക്കി മാറ്റിയത് ജെയിംസ് കാമറൂൺ എന്ന ദാർശനികനായ സംവിധായകന്റെ മാന്ത്രികസ്പർശമാണ്.
ലോകം ആഘോഷിച്ച നമ്മുടെ നാട്ടിൻപുറങ്ങളിലെ കൊട്ടകകളിൽപ്പോലും നിറഞ്ഞസദസിൽ പ്രദർശിപ്പിച്ച, ടൈറ്റാനിക് റിലീസ് ചെയ്തത് 1997ൽ ആണ്.
കാമറൂണിന്റെ അഭ്രകാവ്യം ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. കപ്പൽ കടലിന്റെ അടിത്തട്ടിലേക്കു തകർന്നടിയുന്പോൾ സിനിമയിലെ ക്ലോക്കിൽ തെളിയുന്ന സമയം പുലർച്ചെ 2.20 ആണ്.
യഥാർഥ ചരിത്രത്തിൽ ടൈറ്റാനിക് മുങ്ങിത്താഴ്ന്ന അതേ നിമിഷം! ചരിത്രപരമായ ഇത്തരം സൂക്ഷ്മതകൾ സിനിമയെ ലോകത്തിന്റെ വികാരമാക്കി മാറ്റി. ജാക്കിന്റെയും റോസിന്റെയും പ്രണയത്തിലൂടെ അന്നു കപ്പലിലുണ്ടായിരുന്ന ഓരോ മനുഷ്യന്റെയും വേദനയും പ്രതീക്ഷയും പ്രേക്ഷകർ തൊട്ടറിഞ്ഞു.
അതേസമയം, ടൈറ്റാനിക്കിലെ ക്ലൈമാക്സ് രംഗം ഇന്നു ചർച്ചയാകാറുണ്ട്. മഞ്ഞുകട്ടകൾക്കിടയിൽ ഒഴുകി നടന്ന ഒരു വാതിൽപ്പാളിയിൽ റോസ് രക്ഷപ്പെടുമ്പോൾ, ജാക്ക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്നുപോകുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിൽ നൊന്പരമുണർത്തുന്നതാണ്. ആ തടിക്കഷണത്തിൽ ജാക്കിനു കൂടി സ്ഥലമുണ്ടായിരുന്നില്ലേ? എന്ന ചോദ്യം കാലങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നിലനിൽക്കുന്നു.
വർഷങ്ങൾക്കു ശേഷം നടി കേറ്റ് വിൻസ്ലെറ്റ് തന്നെ ആ രഹസ്യം പങ്കുവച്ചിരിക്കുന്നു. അത് യഥാർഥത്തിൽ ഒരു വാതിലായിരുന്നില്ല, മറിച്ച് കപ്പലിലെ മനോഹരമായ ഗോവണിയുടെ തകർന്ന ഭാഗമായിരുന്നു. അതിൽ രണ്ടുപേർക്ക് ഇരിക്കാൻ കഴിയുമായിരുന്നോ എന്ന തർക്കം അവിടെ നിൽക്കട്ടെ, ആ മരക്കഷണം കൈവിട്ടുപോയ ജാക്കിന്റെ പ്രണയമാണ് ഇന്നും ടൈറ്റാനിക്കിനെ ജീവനോടെ നിലനിർത്തുന്നത്.
സിനിമയുടെ ഒടുവിൽ, താൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ ദുരന്തസ്മരണകളുമായി റോസ് വീണ്ടും ആ കപ്പലിന്റെ പടവുകളിൽ ജാക്കിനെ കണ്ടുമുട്ടുമ്പോൾ, അതു മരണത്തിനു മേൽ ഓർമകൾ നേടുന്ന വിജയമായി മാറുന്നു. 112 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക് എന്ന പേര് കേൾക്കുമ്പോൾ ഓരോരുത്തരുടെയും ഉള്ളിൽ ഒരു കടൽ ഇരമ്പുന്നതിന് ഇതൊക്കെ കാരണമാകാം.
Movies
സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാൻ അവസരമൊരുക്കി സംവിധായകൻ പ്രശാന്ത് മുരളിയുടെ സിനിമ വണ്ടി (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു.
തിയറി ക്ലാസുകളിൽ ഒതുങ്ങാതെ ഒരു യഥാർത്ഥ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ കടന്നുപോകാൻ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രിൽ 24 മുതൽ 27 വരെയാണ് നടക്കുന്നത്.
UNACTING Cinema Vandi എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവൽ ക്യാമ്പ് കൊച്ചിയിൽ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് സഞ്ചരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അഭിനയത്തിന്റെ നൂതന രീതികൾ പഠിക്കാനാവുമെന്ന് മാത്രമല്ല, അവർക്കായി തയ്യാറാക്കിയ ഒരു റോഡ് മൂവി ഷോർട്ട് ഫിലിമിൽ നേരിട്ട് അഭിനയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഇതിനു പുറമെ ഓരോ ആക്ടിംഗിന്റെയും വിഷ്വൽ അനാലിസിസും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
അവാർഡ് ജേതാവായ സംവിധായകൻ പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലുള്ള A.C.T Methods എന്ന ബ്രാൻഡിന്റെ കീഴിലാണ് ഈ വ്യത്യസ്തമായ സിനിമാ സംരംഭം ഒരുങ്ങുന്നത്.
വെറുമൊരു വർക്ക്ഷോപ്പ് എന്നതിലുപരി സിനിമയോടുള്ള താൽപ്പര്യമുള്ളവർക്ക് പരസ്പരം സംവദിക്കാനും ഒരു പ്രൊഫഷണൽ സെറ്റിന്റെ ഗൗരവം മനസിലാക്കാനും ഈ നാലു ദിവസത്തെ യാത്ര സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്-98478 82355.
Movies
ലോക സിനിമയിലെ തന്റെ സർപ്രൈസ് എൻട്രിയെക്കുറിച്ചും ശബ്ദം ഉപയോഗിച്ചതിനെക്കുറിച്ച് രസകരമായ രീതിയിൽ വെളിപ്പെടുത്തി മമ്മൂട്ടി. ആ സാന്നിധ്യത്തിന് പിന്നിൽ മകൻ ദുൽഖറും സംഘവും തന്നെ ചതിച്ച് വീഴ്ത്തിയതാണെന്ന രസകരമായ വെളിപ്പെടുത്തലാണ് മമ്മൂട്ടി ഇപ്പോൾ നടത്തിയിരിക്കുന്നത്.
ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തൽ.
ആ സിനിമയിൽ ഞാൻ ഉണ്ടെന്ന കാര്യം അവർ എന്നോട് പറഞ്ഞിരുന്നില്ല. സത്യത്തിൽ ദുൽഖർ നേരിട്ടല്ല വന്നത്.അവന്റെ മാനേജരും സുഹൃത്തും വന്ന് എന്നോട് ഒരു ശബ്ദം നൽകാൻ ആവശ്യപ്പെട്ടു. ആ സിനിമയിൽ ഞാൻ ചെയ്ത ഏക കാര്യം 'വേണ്ട' എന്ന് പറയുന്ന ആ ഒരു ഡയലോഗ് മാത്രമാണ്.
അതിൽ കാണിക്കുന്ന കൈ എന്റേതല്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അത് ഞാനാണെന്നും എന്റെ കൈയാണെന്നും അവർ പ്രചരിപ്പിച്ചത്.
അങ്ങനെ എന്നെ അവർ ചതിച്ച് വീഴ്ത്തിയതാണ്, അതാണ് അതിന്റെ പിന്നിലെ കഥ. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കണമെന്ന ഉത്തരവാദിത്തം എന്റെ തലയിലായിരിക്കുകയാണ്.
എന്തായാലും അതിൽ അഭിനയിക്കാൻ എനിക്ക് സമ്മതമാണെങ്കിൽ, എന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ അവരെ എനിക്ക് ബോധ്യപ്പെടുത്തേണ്ടി വരും. ആ തുക കേട്ട് അവർക്ക് ബോധ്യം വരണം.’’ മമ്മൂട്ടി പറയുന്നു.
Movies
നടി യാമി ഗൗതമിനെ കരൺ ജോഹർ അടുത്തിടെ ഒരു പരിപാടിയിൽ പ്രശംസിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതാണ് ബോളിവുഡിൽ ചർച്ചാവിഷയം. വർഷങ്ങൾക്കു മുൻപ് ഒരു ഷോയിൽ യാമിയെ അവഗണിച്ച കരണിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തെ സോഷ്യൽ മീഡിയ വിമർശിക്കുകയാണ്.
ബോളിവുഡ് സിനിമകളിലൂടെ സുപരിചിതയായി മാറിയ താരമാണ് യാമി ഗൗതം. മോഡലായി കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.
പിന്നീട് ബോളിവുഡിൽ ശ്രദ്ധേയമായ വേഷം ചെയ്ത യാമി മലയാളികള്‍ക്ക് സുപരിചിതയാകുന്നത് പൃഥ്വിരാജ് നായകനായ ഹീറോ എന്ന പടത്തിലൂടെയാണ്. ചിത്രത്തിൽ ഗൗതമി മേനോൻ എന്ന സിനിമാതാരമായിട്ടായിരുന്നു യാമി അഭിനയിച്ചത്. തമിഴിലും സിനിമകൾ ചെയ്ത യാമി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭർത്താവിന്റെ പേരിലാണ്.
ബോളിവുഡിൽ വൻ വിജയം നേടിയ ധുരന്ധർ സംവിധാനം ചെയ്ത ആദിത്യ ധറിന്റെ ഭാര്യയാണ് യാമി. സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ കരൺ ജോഹറും യാമിയും തമ്മിലുള്ളൊരു വീഡിയോ ചർച്ചയായിരിക്കുകയാണ്.
ആമസോൺ പ്രൈം വീഡിയോയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യാമിയും കരൺ ജോഹറും. "പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ" എന്നായിരുന്നു കരൺ ജോഹർ, യാമിയെ വിശേഷിപ്പിച്ചത്. പിന്നാലെ ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ‘കരൺ ജോഹറിന് നാണമില്ലേ’ എന്നാണ് പലരും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. വർഷങ്ങൾക്കു മുൻപ് "ഇന്ത്യ ഗോട്ട് ടാലന്റ്' എന്ന ഷോയിൽ യാമി ഗാതം അതിഥിയായി എത്തിയിരുന്നു. അന്ന് കരൺ ജോഹർ, മലൈക്ക അറോറ, കിരൺ ഖേർ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. അന്ന് യാമിയെ മൂവരും ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല.
ഫോട്ടോ എടുക്കാൻ പോയപ്പോഴും ഇവർ യാമിയെ വിളിച്ചതുമില്ല. പൂർണമായും അവഗണിക്കുകയാണു ചെയ്തത്. ഈ സമയത്തെല്ലാം ഉള്ളിലെ വിഷമം പുറത്തു കാണിക്കാതിരിക്കാൻ കഷ്ടപ്പെടുന്ന യാമിയെ വീഡിയോയിൽ കാണാമായിരുന്നു. ഈ വീഡിയോ വലിയ രീതിയിൽ അന്ന് വൈറലായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കരണിനെതിരേ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.
"അന്ന് അവോയ്ഡ് ചെയ്തപ്പോൾ അറഞ്ഞില്ല ഇന്ന് അവളുടെ ഭർത്താവ് ബോളിവുഡിനെ താങ്ങി നിർത്തുന്ന സംവിധായകനാകുമെന്ന്. ധുരന്ധർ കോടികളാണ് വാരിക്കൂട്ടുന്നത്. അതാകും കരണിന്റെ ഈ കെട്ടിപിടിത്തം. ഇതാണ് കരണേ കർമ. നാണമുണ്ടോ' എന്നാണ് ഒരാൾ എക്സ്.കോമിൽ കുറിച്ചിരിക്കുന്നത്.
അന്ന് യാമി ഗൗതം ഷോയിൽ വരാൻ വൈകിയതാണ് മൂവരും അവഗണിക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം കരൺ ജോഹറിന്റെ മറ്റൊരു ഷോയിൽ നിന്നു യാമിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
Movies
നടി ലിസിയുമായി വർഷങ്ങൾക്ക് മുൻപ് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ആ ഘട്ടങ്ങളിൽ ഇരുവർക്കുമിടയിൽ വിരസതയും ഈഗോയും കടന്നുവന്നതാണ് അകൽച്ചയ്ക്ക് കാരണമായതെന്ന് പ്രിയദർശൻ പറഞ്ഞു.
കുറച്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’ പ്രിയദർശൻ പറഞ്ഞു.
പത്ത് വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ മിഡ്-ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ അന്ന് പറഞ്ഞിരുന്നു.
Movies
പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.
അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ പറയുന്നു.
പാലക്കാട് മത്സരിച്ച് തോൽക്കാൻ പോകുന്ന ആളെ പരിഹസിക്കാൻ താനില്ല എന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.
‘‘പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.
ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്.
അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി അവിടെ കളിച്ചത്.
ആ ദേഷ്യമുണ്ട് എനിക്ക്. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്.
പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചത്തിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.''
ഞാൻ ജയിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഞാൻ അനാവശ്യമായി ഒന്നിലും ഇടപെടാറില്ല . എന്റെ ആവശ്യം ചിലർക്ക് അനാവശ്യം ആയിരിക്കും.
എനിക്ക് റോബിൻ രാധാകൃഷ്ണനോട് പ്രശ്നം ഒന്നും ഇല്ല. ബിഗ്ബോസിൽ റോബിൻ വന്നപ്പോൾ ഞാൻ റോബിനോടു സ്നേഹത്തിലാണ് സംസാരിച്ചത്. ബിഗ് ബോസിൽ ഉള്ളതൊക്കെ അവിടെ കളഞ്ഞു.
റോബിനും ഞാനും ഒരുമിച്ച് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് സിനിമ ചെയ്യാനുള്ള കഴിവുള്ള ഒരാളല്ല ഞാൻ. നമ്മുടെ ആശയങ്ങൾ ജനത്തോട് പറയാൻ സിനിമ ഒരു മികച്ച മീഡിയമാണ്. ഞാൻ ആദ്യം എടുത്ത സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്.
തിരഞ്ഞെടുപ്പിന് ശേഷം സിനിമയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ല.പറയാൻ ആഗ്രഹിക്കുന്ന ഗൗരവകരമായ ആശയങ്ങൾ ഉണ്ടെങ്കിൽ മാത്രം സിനിമ ചെയ്യും. രാഷ്ട്രീയത്തിലേക്ക് വരാനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു എനിക്ക് സിനിമ.
ചില സിനിമാ നടന്മാർക്ക് എന്തുകൊണ്ടാണ് സീറ്റ് ലഭിക്കുന്നത്. കാരണം നമ്മൾ ഒരു മേഖലയിൽ പ്രവർത്തിച്ച് അവിടെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് നമുക്ക് അവസരം ലഭിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം നമുക്കുണ്ട്. റിയാലിറ്റി ഷോയിൽ അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണ് രാഷ്രീയം. തൃക്കാക്കരയിൽ മാറാത്ത മാരാര്‍ മാറ്റും.’’അഖിൽ വ്യക്തമാക്കി
Movies
തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രം വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണ് അത്രയധികം ചിരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
ആ രംഗം സാങ്കേതികമായി തികച്ചും അസാധ്യമായ ഒന്നാണെന്നും യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണെന്നും പ്രിയദർശൻ പറയുന്നു.
"മലയാളത്തിൽ ഒരു സിനിമയുണ്ട്, അതിൽ ഒരു റോഡ് റോളർ താഴേക്ക് ഉരുണ്ടു പോകുന്ന സീനുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു; ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല.
നിങ്ങൾ റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും, ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. അതിന് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുണ്ട്, സ്റ്റാർട്ട് ചെയ്യാതെ അത് നീങ്ങില്ല.
കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതു പോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്, പ്രിയദർശൻ പറയുന്നു.
ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം സർക്കാർ സംവിധാനങ്ങളിലെ അഴിമതിയെയും ചുവപ്പുനാടകളെയും രസകരമായി പരിഹസിച്ച ചിത്രമാണ്. കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ രംഗം ഇന്നും മലയാളികൾക്കിടയിൽ തരംഗമാണ്.
Movies
ഉലകനായകൻ കമൽഹാസന്റെയും സരിതയുടേയും മകളാണ് ശ്രുതി ഹാസൻ. അച്ഛന്റെ പേരും പ്രശസ്തിയും ഒരിക്കലും ആശ്രയിക്കാതെയാണ് ശ്രുതി തന്റെ വഴിത്താര തെളിച്ചത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം ഇൻഡിപെന്‍ഡന്റ് ആയിട്ടാണ് ശ്രുതി വളര്‍ന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രുതി. വിവിധ സ്റ്റൈലുകളിലും വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുമുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ലക്കിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
നക്ഷത്രങ്ങളാൽ അലങ്കരിച്ച കറുത്ത ക്രോപ്പ് ടോപ്പും പുഷ്പ ഡെനിം സ്കർട്ടും ധരിച്ചാണ് താരം ബോൾഡ് ലുക്കിൽ ചിത്രങ്ങളിൽ തിളങ്ങുന്നത്.
ജീവിതകാലം മുഴുവൻ ഓഡ് ബോൾ ബാക്ക് ബെഞ്ചർ വിചിത്രൻ എന്ന് അവർ പറഞ്ഞതിൽ നിന്ന് അവൾ വളരും... എന്ന ക്യാപ്ഷൻ നൽകിയാണ് ശ്രുതി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ബാലതാരമായും ഗായികയായുമായിട്ടാണ് ശ്രുതി തന്റെ കരിയർ ആരംഭിച്ചത്. ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ താരം നായികയായി. 2011ൽ തെലുങ്ക് ചിത്രമായ അനഗനാഗ ഓ ധീരുഡു, തമിഴ് ചിത്രം ഏഴാം അറിവ് എന്നീ രണ്ട് സൗത്ത് ചിത്രങ്ങളാണ് കരിയറിൽ ബ്രേക്ക് നൽകിയത്. അതിനുശേഷം ഗബ്ബർ സിംഗ്, ശ്രീമന്തുഡു, ക്രാക്ക്, വീര സിംഹ റെഡ്ഡി, വാൾട്ടെയർ വീരയ്യ തുടങ്ങിയ ഹിറ്റുകളിലും പ്രഭാസിനൊപ്പം വൻ ഹിറ്റായ സലാർ: പാർട്ട് 1-സീസ്ഫയർ എന്നീ ചിത്രങ്ങളിലും താരം മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
രജനീകാന്തിനൊപ്പം അടുത്തിടെ കൂലി എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രുതി കരിയറിൽ നല്ല തിരക്കിലാണിപ്പോൾ. വിജയ് സേതുപതിക്കൊപ്പം ട്രെയിൻ, ദുൽഖർ സൽമാനൊപ്പം പാൻ-ഇന്ത്യൻ സിനിമ ആകാശംലോ ഓക താര, സലാർ ഭാഗം 2 എന്നിവയും അണിയറയിലുണ്ട്. സൈക്കോളജിക്കൽ ത്രില്ലറായ ദി ഐയിലൂടെ താരം ഹോളിവുഡിലും അരങ്ങേറ്റം നടത്തുകയാണ്.
Movies
തന്റെ പ്രണയസങ്കല്പങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശ്രുതി ഹാസൻ. തനിക്ക് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ എന്നും ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് തന്റെ വിശ്വാസം എന്നും നടി പറഞ്ഞു.
ഞാന്‍ പ്രണയിക്കുമ്പോള്‍ നല്ല അസലായിട്ട് പ്രണയിക്കും, നൂറ് ശതമാനം ആത്മാര്‍ഥമായി പ്രണയിക്കും, എന്റെ പങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യും. ആദ്യം ആള്‍ക്ക് വിളമ്പിക്കൊടുത്തിട്ടൊക്കെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ.
അത്രയധികം ശ്രദ്ധ ചെലുത്തും. പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ, എനിക്ക് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. ആള് ഡേറ്റിംഗിന് പോകാം എന്ന് പറയുമ്പോള്‍ ഞാന്‍ ഷൂട്ടിംഗിന്റെയോ, റെക്കോര്‍ഡിംഗിന്റെയും തിരക്കിലായിരിക്കും. അത് കഴിഞ്ഞ് അല്പം സ്വസ്ഥമായി എന്റെ മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിങിന് പോകാന്‍ പറ്റില്ല, അതുകൊണ്ടാണ് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ എനിക്ക് പറ്റൂ എന്ന് പറയുന്നത്- ശ്രുതി ഹാസൻ പറയുന്നു.
പ്രണയിക്കുകയാണെങ്കില്‍ ഇനിയൊരു തെലുങ്ക് ആളെ പ്രണയിക്കാം എന്നാണ് ശ്രുതി ചിന്തിക്കുന്നത്. തനിക്ക് തെലുങ്ക് ഭാഷ കൂടുതല്‍ നന്നാക്കാന്‍ സാധിക്കുമെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ലോകേഷ് കനകരാജ് ചിത്രം കൂലി ആണ് അവസാനമായി പുറത്തുവന്ന ശ്രുതി ഹാസൻ ചിത്രം.
Movies
ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല്‍ കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന് ജിത്തു സതീശന് മംഗലത്ത്.
ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര്‍ അലി, വിനീത്കുമാര്‍, സിദ്ധാര്‍ഥ് ഭരതന്, അസീം ജമാല്‍, സെന്തില്‍കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില്‍ മഹാസംഭവമാവുകയാണ്.
"മിസ്റ്ററി ഫാന്റസി ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സിനിമയാണിത്. തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.
സിനിമയിലെ തുടക്കം..?
ഏഴു വര്‍ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്‍മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങി.
അതിൽ "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്‍മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്‍ച്ചയായി, അവസാനം "സംഭവ’ത്തിന്റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍ സംഭവത്തിന്റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗമെടുത്താണു ഷോര്‍ട്ട് ഫിലിം ചെയ്തത്.
ഷോര്‍ട്ട് ഫിലിമില്‍ നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?
15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ "നേരം’, പ്രദീപ് രംഗനാഥന്റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്റെ ഒരു ഘട്ടത്തില്‍ നിര്‍ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്‍ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.
കഥാപശ്ചാത്തലം..?
കേരള-തമിഴ്നാട് അതിര്‍ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില്‍ കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര്‍ ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്‍ക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള്‍ നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഉത്തരമാണു സിനിമ പറയുന്നത്.
കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ കൊണ്ടുവന്നത്..?
അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്‍, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്‍ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല്‍ ബ്രാഞ്ച് തിയറിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?
Movies
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ഏറെക്കാലമായി പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് ഇപ്പോൾ പുതിയ വഴിത്തിരിവാണു ലഭിച്ചിരിക്കുന്നത്. അനുഷ്ക ഒരു ബിസിനസുകാരനുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വരൻ നടിയുടെ കുടുംബത്തിന് പരിചിതനായ ആളാണെന്നും കുടുംബതലത്തിൽ തന്നെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് സൂചന. ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടിയുടെയോ അവരുടെ ടീമിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എങ്കിലും, ഈ വർഷം തന്നെ വിവാഹം നടക്കാൻ സാധ്യതയുണ്ട്” എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.
സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ അനുഷ്കയും പ്രഭാസും തമ്മിലുള്ള പ്രണയ അഭ്യൂഹങ്ങൾ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇരുവരും പല തവണയും “നല്ല സുഹൃത്തുക്കൾ മാത്രമാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, താരത്തിന്റെ വിവാഹം വളരെ സ്വകാര്യമായി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലായിരിക്കും എന്നാണു സൂചന. 2025 ൽ പുറത്തിറങ്ങിയ ഘടി എന്ന ചിത്രത്തിലാണ് അനുഷ്ക ഒടുവിൽ അഭിനയിച്ചത്. ജയസൂര്യ നായകനായ കത്തനാർ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം എത്തുകയാണ്.പുതിയ പ്രോജക്റ്റുകളുമായി തിരക്കിലാണ് അനുഷ്ക. 44ാം വയസിൽ പുതിയ ജീവിതത്തിലേക്കു കടക്കുമോ എന്ന ചോദ്യമാണ് ആരാധകരുടെ മനസിൽ.
Movies
മകൻ പൃഥ്വിരാജിനെ ഏറെ നാളുകൾക്ക് ശേഷം കണ്ട മല്ലിക സുകുമാരന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച.
തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ പൃഥ്വിയെ കാണാനുള്ള ഒരവസരം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും മല്ലിക പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ലൊക്കേഷനിനടുത്താണ് മല്ലിക അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
‘‘നമ്മുടെ വൈശാഖിന്റെ ഖലീഫ കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത്, സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം..
അങ്ങനെ രണ്ടു ദിവസം ആമിർ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി.’’ മല്ലിക സുകുമാരന്റെ വാക്കുകൾ.
പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നു. ആമിർ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Movies
മനോജ് കെ. ജയന് പിറന്നാളാശംസകളുമായി മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. തന്റെ സർവസ്വത്താണ് അച്ഛനാണെന്നും അമ്മയുടെ പ്രിയഭർത്താവാണെന്നും കുഞ്ഞാറ്റ കുറിപ്പിലൂടെ പറയുന്നുണ്ട്.
ഒരു അച്ഛൻ എന്നതിലുപരി തന്റെ വഴികാട്ടിയും കരുത്തുമായ മനുഷ്യനാണ് അദ്ദേഹമെന്നും കുഞ്ഞാറ്റ കുറിച്ചു.
മനോജ് കെ. ജയന്റെ രണ്ടാം ഭാര്യ ആശയും മക്കളും ഉൾപ്പെടുന്ന ചിത്രങ്ങൾക്കൊപ്പമാണ് കുഞ്ഞാറ്റ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ അച്ഛനോടുള്ള ഈ സ്നേഹപ്രകടനത്തിനിടയിലും പങ്കുവെച്ച ചിത്രങ്ങളിലൊന്നിൽ പോലും അമ്മ ഉർവശി ഇടംപിടിക്കാത്തതെന്താണ് ചോദ്യം ഉയരുന്നുണ്ട്.
''ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും എന്നാൽ അതേസമയം ലഘുവായി എടുക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ.
കാര്യങ്ങൾ കൃത്യമായി ചെയ്യാനും, ദയയും സഹാനുഭൂതിയുമുള്ളവനായിരിക്കാനും, ശാന്തനായിരിക്കുന്നതോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടർത്താനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.
പക്ഷേ, അതിലൊക്കെയുപരി, ഭയമില്ലാത്തവളായിരിക്കാനും കരുത്താർജ്ജിക്കാനുമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്. എന്റെ ഈ ജീവിതം തന്നെ നിങ്ങൾക്ക് കടപ്പെട്ടതാണ് അച്ഛാ. എനിക്കുവേണ്ടി എപ്പോഴും കൂടെ നിന്നതിന് നന്ദി പറഞ്ഞുതീർക്കാൻ എനിക്കാവില്ല.
നിങ്ങൾ എന്നെ വളർത്തിയ രീതിയെ ഞാൻ അത്രമേൽ വിലമതിക്കുന്നു. ഞാൻ വളർന്നതിനുശേഷം, അമിയെയും ചിന്നുവിനെയും നിങ്ങൾ ഇത്രയധികം സ്നേഹത്തോടെ വളർത്തുന്നത് കാണാൻ എനിക്ക് സാധിച്ചു.
ഓരോ തവണ കാണുമ്പോഴും അത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. അച്ഛനോടുള്ള എന്റെ സ്നേഹം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകൾക്ക് അതിനെ ഉൾക്കൊള്ളാനാവില്ല. ജന്മദിനാശംസകൾ അച്ഛാ...എന്റെ പൂർണ ഹൃദയത്തോടെ ഞാൻ അച്ഛനെ സ്നേഹിക്കുന്നു''. കുഞ്ഞാറ്റ കുറിച്ചു.
Movies
98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപനം പുരോഗമിക്കുന്നു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ നടക്കുന്നത്. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
Movies
കേരളത്തെ നടുക്കിയ ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാരതാണ്ഡവം എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.
ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി, മാമാങ്കം, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും,വിജയ് സേതുപതി, ശെൽവരാഘവൻ എന്നിവർ നായകന്മാരായ,സത്ത മിൻട്രി മുത്തം താ എന്ന തമിഴ് ചിത്രത്തിൽ, വില്ലനായി തിളങ്ങുകയും ചെയ്ത വിയാൻ ശക്തമായ വേഷത്തിൽ എത്തുന്ന ചിത്രമാണ് സംഹാര താണ്ഡവം.
അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, ജിത്തു ജോസഫിന്റെ മമ്മി അൻഡ് മീ, റിപ്പോർട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോഷ്, നാലാം മുറ, ഒരു വടക്കൻ പ്രണയപർവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി സുരേഷ് തുടങ്ങിയവരും വിയാനൊപ്പം നായകന്മാരായി എത്തുന്നു.
നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയരായ, സംവിധായകൻ ജിനേഷ് മുകുന്ദനും കാമറാമാനും എഡിറ്ററുമായ വിഷ്ണു റോയലും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിച്ചിരിക്കുകയാണ്.
തിരക്കഥ - ഇന്ദ്രപ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രദീപ് കുമാർ, സിന്ധുവിനായർ, കോ. പ്രൊഡ്യൂസർ - ഉണ്ണികൃഷ്ണൻ എം.പി, മനോജ് കുമാർ ചേർത്തല, അശ്വതി. എസ്, ബ്ലെസി ജോണിക്കുട്ടി, ഗാന രചന -ലിജോ കാരംവേലിൽ, അനൂപ് കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ചരി,ബാക്ക്ഗ്രൗണ്ട് സ്കോർ - അശ്വിൻ വർമ, നൃത്ത സംവിധാനം - ബാബു ഫൂട്ട് ലൂസ്ർ, ഡോ.കല്പന കെ. കൃഷ്ണൻ,ക്രീയേറ്റീവ് ഡയറക്ടർ, അഡിഷണൽ സ്ക്രിപ്റ്റ് - അതുൽ ഭുവനേന്ദ്, ആർട്ട് ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്, മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ - മാഫിയ ശശി, അതുൽ ഭുവനേന്ദ് , ഭരത് എം.എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി,അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റന്റ് ഡയറക്ടർസ് - മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി. അസോസിയേറ്റ് സിനിമാറ്റോ ഗ്രാഫേഴ്സ് - ഷാൻ, കൃഷ്ണ പ്രസാദ്,അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫേഴ്സ് - വിക്കി, സൂര്യ, പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ് ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി.
ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവരും അഭിനയിക്കുന്നു. - അയ്മനം സാജൻ.
Movies
ടി-20 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് അഭിനന്ദനവുമായി സംവിധായകൻ ജിസ് ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ബൈബിളിലെ ശ്രദ്ധേയമായ ഒരു വചനഭാഗമാണ് തന്റെ കുറിപ്പിൽ ജിസ് സൂചിപ്പിച്ചിരിക്കുന്നത്. പണിക്കാർ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലായി മാറ്റിയെന്നതാണ് സഞ്ജുവിനെ ഉപമിച്ച് ജിസ് ജോയ് കുറിച്ചത്.
''ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍ ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര് ഉപേക്ഷിച്ചുകളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാരു നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വച്ച് പണിതാല്‍ കെട്ടിടം നന്നാവില്ലെന്നു വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി.
പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാഗങ്ങൾ വായിച്ചു. അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു. ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. സച്ചിന്, ധോണി, രോഹിത് ശര്‍മ... അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി.
നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തതു പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം''. ജിസ് ജോയ് കുറിച്ചു.
Movies
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഡയറക്ടർ- മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് ആൻഡ് ഫൈനൽ മിക്സ്- കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്,ഡി.ഐ-റെജിൻ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായർ,സ്റ്റിൽസ്- റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്അ-നന്തു അശോകൻ, മിൽജോ ജോണി.
കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് പഗിട കളി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന് മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.
'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.
ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Movies
പത്താം ക്ലാസ് പരീക്ഷ വരുമ്പോൾ മലയാളിക്ക് പ്രാഞ്ചിയേട്ടനെ ഓർക്കാതിരിക്കാൻ ആവില്ല. പത്താം ക്ലാസ് പാസ് ആവാത്തതിന്റെ വിഷമവും പേറി പ്രാഞ്ചിയേട്ടൻ ഒടുവിൽ പ്രായം കുറച്ച് അധികമായെങ്കിലും പോളിക്കൊപ്പം എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയ കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ. ഓരോ എസ്എസ്എൽസി പരീക്ഷ വന്നണയുമ്പോഴും മനസിൽ ഓടിയെത്തുന്നത് പ്രാഞ്ചിയേട്ടനും പോളിയുമാണ്. പിന്നെ അവർക്ക് കൂട്ടായി പുണ്യാളനും.
മുൻവർഷങ്ങളിൽ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പ്രാഞ്ചിയേട്ടന്റെ കഥ പറയാം..
കോപ്പിയടിക്കാതെ പത്താം ക്ലാസ് പാസാവില്ല എന്നായിരുന്നു പ്രാഞ്ചിയേട്ടന്റെ ചിന്ത. എന്നാൽ പോളി അത് തിരുത്തിക്കുറിച്ചു. പഠിച്ചു പാസാകാം എന്ന് പോളി തറപ്പിച്ചു പറഞ്ഞപ്പോൾ മ്മടെ അരിപ്രാഞ്ചി രാവും പകലും ഇരുന്ന് പഠിച്ച് പത്താം ക്ലാസ് പരീക്ഷ എന്ന കടമ്പ ചാടി കടന്നു. പത്താം ക്ലാസ് ഒരു കടമ്പ തന്നെയാട്ട എന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇനി അന്നത്തെ ആ സംഭവങ്ങൾ ഒന്ന് റീവൈൻഡ് അടിച്ചു നോക്കാം..
പരീക്ഷ അടുക്കുന്തോറും പ്രാഞ്ചിയേട്ടൻ ടെൻഷൻ കാരണം ആകെ വിയർത്തു. പോളാണെങ്കിൽ വിടാതെ പിടിച്ചിരിക്കുകയാണ് പ്രാഞ്ചിയേട്ടനെ. പുണ്യാളന്റെ മുന്നിൽ വച്ച് അടുത്ത തീരുമാനമല്ലേ ഇത്തവണ പത്ത് പാസാക്കാം എന്ന്. പള്ളി മേടയിൽ വച്ച് ആവേശത്തിന് പത്താംക്ലാസ് പരീക്ഷ എഴുതാം എന്നൊക്കെ പ്രാഞ്ചിയേട്ടൻ പറഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോൾ ആൾക്ക് ഒരു ഏനക്കേട്..
“ഇനിയീ പ്രായത്തില്‍ പത്താം ക്ലാസ് എഴുതി പാസായിട്ട് എന്തൂട്ടിനാടാ പോളേ... ”എന്നായി പ്രാഞ്ചിയേട്ടന്റെ ചോദ്യം. പക്ഷേ പോൾ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ കൊണ്ടിരുത്തി പഠിപ്പ് തുടങ്ങി. ഫുൾ ടൈം ടേബിളങ്ക്ട് സെറ്റ് ചെയ്തു. അലാറം പുലർച്ചെ നാലുമണിക്ക് വച്ചു.
പരീക്ഷ കഴിയുന്നവരെ അരിപ്രാഞ്ചിയുടെ കച്ചവടങ്ങളൊക്കെ തൽക്കാലം കൂട്ടുകാരൊക്കെ കൂടിച്ചേർന്നു നോക്കട്ടെ എന്നൊരു തീരുമാനവും എടുത്തു. കച്ചവടം ഞാൻ തന്നെ നോക്കേണ്ടിവരും എന്ന് പ്രാഞ്ചി ഉടക്കു പറഞ്ഞെങ്കിലും തൽക്കാലം നീയിരുന്നു പഠിക്ക് പ്രാഞ്ചിയേ എന്ന് പറഞ്ഞ് പ്രാഞ്ചിയേട്ടന്റെ ഗഡി മേനോൻ ചേട്ടൻ പ്രാഞ്ചിയെ ഒതുക്കി.
പിന്നെ പഠിപ്പിന്റെ ദിവസങ്ങളായിരുന്നു. അലാറം അടിച്ചാൽ തന്നെ ചേട്ടൻ പുതപ്പൊന്നും കൂടി തലയുടെ മുകളിലൂടെ വലിച്ചിട്ട് കിടന്നുറങ്ങും. കട്ടൻ ചായ ഉണ്ടാക്കി കൊണ്ടുവന്ന് പോൾ പ്രാഞ്ചിയേട്ടനെ എഴുന്നേൽപ്പിക്കും. എന്തിനാടാ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന് പ്രാഞ്ചിയേട്ടൻ ചോദിക്കുമെങ്കിലും അനുസരണയുള്ള കുഞ്ഞാടിനെ പോലെ പോൾ പറയുന്നത് കേട്ട് പഠിക്കാനിരിക്കും.
ഇടയ്ക്ക് ഉറക്കം തൂങ്ങി വീഴുമ്പോൾ പ്രാഞ്ചിയേട്ടൻ ചോദിക്കും ന്റെ പോളേ ഇതൊക്കെ നമുക്ക് ആ തുണ്ടു കടലാസിൽ എഴുതിക്കൊണ്ടുപോയാൽ പോരേ..അപ്പോൾ പ്രാഞ്ചി പുണ്യാളന്റെ വാക്കുകൾ കേട്ടു..
“എടാ പ്രാഞ്ചി അരിപ്രാഞ്ചി.. പഠിച്ചെഴുതടാ പരീക്ഷ.. കള്ളത്തരം കാണിച്ച നീ രക്ഷപ്പെടില്ല പ്രാഞ്ചി...നീ നന്നായി പഠിക്ക് നിന്റെ കൂടെ ഞാനില്ലേ..”
പുണ്യാളന്റെ ആ വാക്കുകൾ പ്രാഞ്ചിക്ക് ആവേശമായി. അങ്ങനെ പറ്റാവുന്ന പോലെ പ്രാഞ്ചിയേട്ടൻ പഠിച്ചു. കുറെയൊക്കെ മറന്നു. ഫോർമുല എന്ന് കേൾക്കുമ്പോൾ ആൾക്ക് ഡോ. ജോസിനെ ഓർമവരും. ജോസ് ചോദിച്ച ചോദ്യം ചേട്ടനെ തളർത്തും.
അതുകൊണ്ട് ഫോർമുല എന്നതിന് പകരം സൂത്രവാക്യം എന്നേ പ്രാഞ്ചിയേട്ടൻ പറയാറുള്ളൂ. സൂത്രവാക്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നുണ്ടായിരുന്നു. ഈ തൃശൂരിലെ ട്രാഫിക് പോലെയാണല്ലോ ഈ സൂത്രവാക്യങ്ങള്‍... തലങ്ങും വിലങ്ങും ആകെ ബ്ലോക്ക് എന്നാണ് പ്രാഞ്ചിയേട്ടൻ സൂത്രവാക്യങ്ങളെ വിശേഷിപ്പിച്ചത്.
പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡോ. ജോസും, ഓമനയും കൂടി പ്രാഞ്ചിയെ കാണാൻ വന്നു. പ്രാഞ്ചി വീണ്ടും പത്ത് എഴുതുന്നു എന്ന് കേട്ട് വിഷ് ചെയ്യാൻ വന്നതാണ് രണ്ടുപേരും.
ജോസ് കളിയാക്കാൻ വന്നതാണെന്നാണ് പ്രാഞ്ചിയേട്ടൻ കരുതിയത്.. പക്ഷേ ജോസ് സീരിയസ് ആയിരുന്നു.. പഠിക്കാൻ തീരുമാനിച്ചിറങ്ങി പുറപ്പെട്ട നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല പ്രാഞ്ചിയേ എന്നാണ് ജോസ് ആശംസിച്ചത്. നല്ലൊരു പേനയാണ് ഓമന പ്രാഞ്ചിക്ക് ഗിഫ്റ്റ് കൊടുത്തത്. ചെട്ടിക്കാട് പള്ളിയില്‍ പ്രാർത്ഥിച്ചു മേടിച്ച പേന ആണെന്ന് ഓമന പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ആത്മവിശ്വാസം ഒന്നും കൂടി കൂടി.
ചിറമൽ ഈനാശു ഫ്രാൻസിസിനെ തേടി ഒരു കൊറിയർ വന്നു ഈ പരീക്ഷ പഠനത്തിന്റെ ഇടയ്ക്ക്... പത്മശ്രീയുടെ ഒരു കൊറിയർ... തുറന്നു നോക്കിയപ്പോൾ ഒരു ചിത്രം, പെയിന്റിംഗ്... ഒരു വലിയ ക്ലാസ് മുറിയിൽ പ്രാഞ്ചിയേട്ടൻ ഇരുന്നു പരീക്ഷ എഴുതുന്ന ചിത്രം.. പിന്നിൽ പുണ്യാളനും.. ഓൾ ദ ബെസ്റ്റ് പ്രാഞ്ചിയേട്ടാ എന്നൊരു അടിക്കുറിപ്പും...
കട്ടൻകാപ്പി ചൂടോടെ ഉണ്ടാക്കി കൊടുത്തു കൊണ്ടേയിരുന്നു ഈയ്യപ്പൻ. പ്രാഞ്ചിയുടെ കൂട്ടുകാരായ യൂസഫും ബാഹുലേയനും ഉതുപ്പേട്ടനും സുബ്രനും പ്രാഞ്ചിക്ക് യാതൊരു ഡിസ്ട്രബൻസും ഉണ്ടാക്കാതെ നാട്ടിലും വീട്ടിലും പ്രാഞ്ചിയില്ലാതെ അലഞ്ഞു നടന്നു.
പരീക്ഷയുടെ തലേന്ന് പ്രാഞ്ചിയേട്ടനെയും കൂട്ടി പോൾ പുത്തൻപള്ളിക്ക് പോയി. നന്നായി പ്രാർത്ഥിച്ചു. പതിവുപോലെ പുണ്യാളനും പ്രാഞ്ചിയേട്ടനും തമ്മിൽ അവരുടേതായ വർത്തമാനങ്ങൾ പറഞ്ഞു. “പരീക്ഷയ്ക്ക് എന്തെങ്കിലും ഡൗട്ട് വന്നാൽ നീ എന്നെ ഓർക്കുക പ്രാഞ്ചി.. നിനക്കുള്ള ഉത്തരങ്ങൾ ഞാൻ തരും.. ജീവിതത്തിലെ വലിയ പരീക്ഷകൾ പാസായി നിനക്ക് ഈ പത്താം ക്ലാസ് പരീക്ഷ ഒരു വലിയ പ്രശ്നമേയല്ല പ്ലാഞ്ചി...” എന്ന് പുണ്യാളൻ അരുളിചെയ്തപ്പോൾ പ്രാഞ്ചിക്ക് കോൺഫിഡൻസ് ഡബിളായി. അരണാട്ടുകര സ്കൂളിലായിരുന്നു പരീക്ഷ.
പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് പതിവുപോലെ പ്രാഞ്ചി അപ്പാപ്പന്റേയും അപ്പന്റേയും ഒക്കെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചു. അവരൊക്കെ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് പ്രാഞ്ചിയെ വേണ്ടുവോളം ആശീർവദിച്ചു.. “അവനിക്കുറി പത്ത് പാസാകും.” അപ്പാപ്പനും അപ്പനുംപരസ്പരം പറഞ്ഞു. അവർക്ക് അറിയാലോ വരാന്‍ പോകുന്ന കാര്യങ്ങൾ..
അങ്ങനെ അരണാട്ടുകര സ്കൂളിലേക്ക് പോളും പ്രാഞ്ചിയും കൂടി പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഇറങ്ങിയപ്പോൾ പത്രക്കാരു വന്നു. ഈ പ്രായത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള ചേതോവികാരം എന്താണെന്ന് പത്രക്കാർ ചോദിച്ചപ്പോൾ പോളാണ് മറുപടി പറഞ്ഞത് - ഞങ്ങടെ പ്രാഞ്ചിയേട്ടന് പ്രായം ഒരു വിഷയമല്ല.. ഇപ്പോഴും എന്താ ഗ്ലാമർ.. ഇത്രയും ഗ്ലാമർ ഉള്ള ഞങ്ങളുടെ പ്രാഞ്ചിയേട്ടൻ പത്താംക്ലാസ് എഴുതി ജയിക്കും..
അങ്ങനെ അവര്‍ പരീക്ഷ എഴുതി. റിട്ടയർ ചെയ്തുവെങ്കിലും ആന്റണി മാസ്റ്റർ അരണാട്ടുകര സ്കൂളിൽ പ്രാഞ്ചി പരീക്ഷ എഴുതാൻ വന്നപ്പോൾ കാണാൻ എത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ കൂളായിരുന്ന് പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഉത്തരങ്ങൾ ഒത്തു നോക്കിയപ്പോൾ പ്രാഞ്ചിയേട്ടന് സന്തോഷം. വിചാരിച്ച പോലെ ടഫല്ല കാര്യങ്ങൾ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരും വരെയുള്ള ആ ദിവസങ്ങൾ പ്രാഞ്ചിയേട്ടന് പ്രാന്ത് പിടിച്ച പോലെയായിരുന്നു. എന്താകും റിസൾട്ട് എന്ന് അറിയാനുള്ള വെപ്രാളം. പ്രാഞ്ചിയേട്ടൻ പിറ്റേദിവസം രാവിലെ ആയിട്ടും മുറിയുടെ വാതിൽ തുറന്നില്ല. എത്ര വിളിച്ചിട്ടും തുറക്കുന്നില്ല. എല്ലാവർക്കും ടെൻഷനായി. അപ്പോഴേക്കും റിസൾട്ട് വന്നു. തൃശൂർക്കാരു മുഴുവൻ കാത്തിരുന്ന റിസൾട്ട്.. പ്രാഞ്ചിയേട്ടൻ പത്തു ജയിച്ചു. എല്ലാവരും വന്ന് റാഞ്ചി ഫ്രാഞ്ചി എന്നുവിളിച്ച് മുറിയുടെ വാതിൽക്കൽ മുട്ടിക്കൊണ്ടേയിരുന്നു... ഒടുവിൽ വാതിൽ തുറന്നു... പ്രാഞ്ചി പുറത്തേക്ക് വന്നു...
എന്തായി എന്ന് കണ്ണുകൾ കൊണ്ട് പ്രാഞ്ചി ചോദിച്ചു.. അടിച്ചു മോനേ എന്ന് മേനോൻ പണ്ടെങ്ങാണ്ട് പറഞ്ഞപോലെ ഒരിക്കൽ കൂടി പറഞ്ഞു..“ ന്റെ... പ്രാഞ്ചിയേട്ടാ നിങ്ങൾ ജയിച്ചു.. ചിറമൽ ഈനാശു ഫ്രാൻസിസ് ഇനി പത്താം പത്താം ക്ലാസ് ക്വാളിഫൈഡ് ആണ്..”
ഇതുകേട്ടതും പണ്ട് പത്മശ്രീ കിട്ടാതെ വന്നപ്പോൾ കസേരയോടെ പിന്നിലേക്ക് മറിഞ്ഞുവീണ പ്രാഞ്ചിയേട്ടൻ ഒരിക്കൽ കൂടി കസേരയില്ലാതെ പിന്നിലേക്ക് മറിഞ്ഞുവീണു.. പക്ഷേ വീണില്ല,വീഴാൻ പുണ്യാളൻ സമ്മതിച്ചില്ല.. പ്രാഞ്ചി ഇനി നീ വീഴില്ല വീഴാൻ പാടില്ല... പുണ്യാളന്റെ വാക്കുകൾ പ്രാഞ്ചിയേട്ടൻ കേട്ടു.
എന്താണ് പത്താം ക്ലാസ് ജയിച്ചതിനെ പറ്റി പ്രാഞ്ചിയേട്ടന് പറയാനുള്ളത് എന്ന് പത്രക്കാർ വന്ന് ചോദിച്ചപ്പോൾ “നന്നായി പഠിക്കുക, കോപ്പിയടിക്കണ്ട, നന്നായി പ്രാർത്ഥിക്കുക... എല്ലാ കുട്ടികളും പാസാവും..” പ്രാഞ്ചിയേട്ടൻ മറുപടി പറഞ്ഞു.. പരീക്ഷ എഴുതാൻ പോകുന്ന എല്ലാ പിള്ളേർക്കും പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് കൊടുത്തണ്ട് ട്ടാ...
Movies
കേരളത്തെ ഞെട്ടിച്ച ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാര താണ്ഡവം എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.
എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന സംഹാര താണ്ഡവം ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. കാമറ - എഡിറ്റിംഗ് - വിഷ്ണു റോയൽ, തിരക്കഥ - ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രദീപ് കുമാർ, സിന്ധു വി. നായർ.
ഫിറോഷ് മോഹൻ, റിഷി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവർ അഭിനയിക്കുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
കോ. പ്രൊഡ്യൂസർ - ഉണ്ണികൃഷ്ണൻ എം.പി., മനോജ് കുമാർ ചേർത്തല, അശ്വതി. എസ്., ബ്ലെസി ജോണിക്കുട്ടി, ഗാന രചന -ലിജോ കരംവേലിൽ, ലിജോ കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ജരി, ബാക്ക്ഗ്രൗണ്ട് സ്കോർ - അശ്വിൻ വർമ്മ, നൃത്ത സംവിധാനം - ബാബു ഫൂട്ട് ലൂസ്ർ, ഡോ.കല്പന കെ കൃഷ്ണൻ,ക്രീയേറ്റീവ് ഡയറക്ടർ, അഡിഷണൽ സ്ക്രിപ്റ്റ് - അതുൽ ഭുവനേന്ദ്, ആർട്ട് ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്,മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ - മാഫിയ ശശി, അതുൽ ഭുവനേന്ദ് , ഭരത് എം.എച്ച്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി,അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റന്റേ ഡയറക്ടർസ് - മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി.അസോസിയേറ്റ് സിനിമട്ടോഗ്രാഫർസ് - ഷാൻ, കൃഷ്ണ പ്രസാദ്,അസിസ്റ്റന്റ് സിനിമട്ടോഗ്രാഫർസ് - വിക്കി, സൂര്യ,പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ് ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി. പിആർഒ - അയ്മനം സാജൻ.
Kerala
കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്.
Movies
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ (ട്രസ്റ്റ് ) ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ 126-ാം ജന്മദിനാഘോഷത്തിന്റെയും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം ഈ മാസം 26ന് തൈക്കാട് ഭാരത് ഭവനിൽ വച്ച് മന്ത്രി ജി. ആർ അനിൽ നിർവഹിക്കും.
ജെ.സി ഡാനിയേലിന്റെ ജന്മദിനമായ ഫെബ്രുവരി 26 ന് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ 'സിനിമ ദിനമായി' ആഘോഷിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിക്കും.
നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിക്കും. നെയ്യാറ്റിൻകര മുൻ നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ ഫൗണ്ടേഷന്റെ ആദരം ഏറ്റുവാങ്ങും. എംഎൽഎമാർ, കലാസാംസ്കാരിക രംഗത്തുള്ളവർ, ജെ. സി ഡാനിയേൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു. പരിപാടിയിൽ പ്രശസ്തരുടെ കലാവിരുന്ന് ഉണ്ടായിരിക്കും.
ചലച്ചിത്ര താരങ്ങളായ കാലടി ഓമന, സജിൻ ജോൺ, ശരത്ചന്ദ്രൻ, ഗായകരായ സുമേഷ് അയിരൂർ, രാധിക അശോക്, മജീഷ്യൻ ഡോ. ടിജോ വർഗീസ്, ഡോ.പി.സി ചന്ദ്രബോസ്, ഡോ. എ. കെ പ്രകാശൻ ഗുരുക്കൾ, താണുവൻ ആചാരി, ആര്യനാട് സത്യൻ, ആറ്റുകാൽ തമ്പി, ഡോ. അനീഷ്കുറിപ്പ്, അജു.കെ മധു, കുമാർ സോളമൻ, സുരേഷ് തമ്പി, മഞ്ജുളാദേവി, സുജിത് കുമാർ. എം, എസ്. സുഭാഷ്, നിരഞ്ജന സന്ദീപ്, നിഖിൽ മനോമി, ഐസക് ബിജു ജെയിംസ്, ടി.എസ് ശ്രീകുമാർ, ആദിത്യ സുരേഷ്,അലീമത്ത് ഷംന, എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.
Movies
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.
സുദേവിന്റെ കരിയറിൽ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.
സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്റേത് എന്നാണ് സൂചനകൾ.
‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
Movies
റാപ്പർ വേടൻ വിവാഹിതയാകുന്നു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം അറിയിച്ചത്.
ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’. വേടൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ.
2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു.
Movies
മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി...
തേൻ നിലാവിന്റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം.
ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്.
2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്.
(എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. മനസിൽ എന്നും മായാതെ കിടക്കുന്ന മനസ് മനസിന്റെ കാതിൽ... എന്ന ഗാനത്തെ കുറിച്ച് ഭരണിക്കാവ് ലേഖകനോട് പറയുന്നത് ഈ സന്ദർഭത്തിലാണ് . (2007 ൽ ഈ അഭിമുഖം ഉൾപ്പെടെയുള്ള ലേഖനങ്ങൾ ചേർത്ത് മണി.എസ്. തിരുവല്ല ‘ഈ ഗാനം മറക്കുമോ'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014 ൽ വിപുലമായ പരിഷ്കരിച്ച പതിപ്പും ഇറക്കി).
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനുവേണ്ടി ആദ്യം ഭരണിക്കാവ് രചിച്ചത് കെ.ജെ. യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതി... ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ആണ്. ദേവിയെ മനസിൽ ധ്യാനിച്ചാണ് കുറെ വരികൾ എഴുതിയത് എന്നും ആർ.കെ. ശേഖർ (സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പിതാവ്) ഈണം നൽകിയ ആ ഗാനങ്ങൾ എല്ലാം ദേവികടാക്ഷത്താൽ ഹിറ്റായി എന്നുമാണ് ഭരണിക്കാവ് പറഞ്ഞത്. പിന്നീട് നിനച്ചിരിക്കാതെയാണ് ഭരണിക്കാവിനെ തേടി സംവിധായകന്റെ ഫോൺകോൾ വരുന്നത്.
ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ടുകൂടി എഴുതണം.. മുൻപ് എഴുതിയത് പോലുള്ള ഭക്തിഗാനം അല്ല ആദ്യരാത്രിയെ കുറിച്ചുള്ള ഒരു ഗാനം. . ക്രോസ് ബെൽറ്റ് മണി പറഞ്ഞു. ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ എന്തിനാണ് സംവിധായകൻ പറയുന്നതുപോലെ ആദ്യരാത്രി കൊഴുപ്പിക്കുന്ന തരത്തിലെ ഗാനം എന്ന് യുവ ഗാനരചയിതാവിന് ആദ്യം സംശയമായി. എന്നാൽ ദേവി കഥ തുടങ്ങാനുള്ള ഒരു പശ്ചാത്തലം ആണ് രണ്ട് യുവമിഥുനങ്ങളുടെ ആദ്യരാത്രി രംഗവും ഗാനവും എന്ന് സംവിധായകൻ വിശദീകരിച്ചു.
ചോറ്റാനിക്കര അമ്മയിലെ ഭക്തിഗാനങ്ങൾ എല്ലാം റെക്കോർഡ് ചെയ്തു കഴിഞ്ഞ ശേഷമാണ് പുതിയ ആശയം വരുന്നത്. ആർ.കെ. ശേഖർ അക്കാലത്ത് സിറോസിസ് എന്ന മാരകമായ രോഗത്തിന്റെ വേദനയിൽ കഴിയുകയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റുഡിയോയിൽ എത്തുക ബുദ്ധിമുട്ടായിരുന്നു.
അതിനാൽ ഭരണിക്കാവ് നേരിട്ട് ചെന്നൈയിലുള്ള ശേഖറിന്റെ വീട്ടിൽ എത്തി. ഇനി ഭരണിക്കാവ് മുന്‍പൊരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ കേൾക്കാം... "ആർ. കെ. ശേഖറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. മാരകരോഗം എന്റെ സുഹൃത്തിന്റെ ജീവൻ ഏതാണ്ട് പൂർണമായും കാർന്നു തിന്നുകഴിഞ്ഞു. അസഹ്യമായ വേദനയിലും, കിടന്ന കിടപ്പിൽ തന്നെ ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം എന്ന് അകത്തേക്ക് ക്ഷണിച്ചു.
ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാനത്തിന് മധ്യമാവതി രാഗത്തിൽ ഒരു ഈണം മൂളി. പക്ഷേ വീർത്ത വയറുമായി മരണത്തെ കാത്തു കിടക്കുന്ന എന്റെ സുഹൃത്തിന്റെ മുന്നിലിരുന്ന് ആദ്യ രാത്രിയെ വർണിച്ച് ഒരു വരി പോലും എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ ആ അവസ്ഥയിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ ഉണർത്തി.
വിൻസെന്റും രാജകോകിലയും രവി മേനോനും ഉണ്ണിമേരിയുമാണ് ചിത്രത്തിൽ യുവമിഥുനങ്ങളെ അവതരിപ്പിക്കുന്നത്. മനസ് പാകപ്പെടുത്തി ഒരു നിമിഷം ഞാൻ വിൻസെന്റോ രവി മേനോനോ ആയി. അദ്ദേഹം ഈണം മൂളാൻ തുടങ്ങി. എന്റെ തൂലിക ചലിച്ചും തുടങ്ങി. അല്പം നിമിഷത്തിനുള്ളിൽ ഗാനം എഴുതി പൂർത്തിയാക്കി.ആ ഗാനമാണ് ‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്ക് മധുവിധു രാത്രി...'ഈണമിട്ട് റെക്കോർഡിംഗ് തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ എന്റെ ഉറ്റ ചങ്ങാതി ഈ ലോകം വിട്ട് യാത്രയായി. പിന്നീട് ആ ജോലി പൂർത്തിയാക്കിയത് അർജുനൻ മാഷാണ്.
ചെണ്ട എന്ന് സിനിമയിലെ പഞ്ചമി തിരുനാൾ... എന്ന ഗാനം എഴുതുമ്പോൾ ഭരണിക്കാവിന് 21 വയസ് മാത്രമാണ് പ്രായം. സംഗീത ഇതിഹാസം ജി. ദേവരാജൻ ആണ് യുവ ഗാനരചയിതാവിന്റെ ആദ്യ ഗാനത്തിന് സംഗീതം നൽകിയത് എന്നതും ഒരു ചരിത്രമാണ്. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ.., ആഷാഢമാസം.., മധുരം തിരുമധുരം.., രാഗാർദ്ര ഹംസങ്ങളോ... തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ ഭരണിക്കാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
2007 ജനുവരിയിലാണ് ഭരണിക്കാവ് ശിവകുമാർ ഭൂമിയിൽനിന്നു വിടവാങ്ങുന്നത്. 2007 നവംബറിൽ പുറത്തുവന്ന മണി. എസ്. തിരുവല്ലയുടെ പുസ്തകത്തിലെ അഭിമുഖക്കുറിപ്പ് ഭരണിക്കാവിനുള്ള ആദരാഞ്ജലിയായിട്ടാണ് ലേഖകൻ സമർപ്പിച്ചിരിക്കുന്നത്.
Movies
റിലീസ് ചെയ്യാനിരിക്കുന്ന ‘യാദവ് ജി കി ലൗ സ്റ്റോറി’ ഹിന്ദി സിനിമയ്ക്കെതിരേ പ്രതിഷേധവുമായി യാദവ വിഭാഗം. സമുദായസൗഹാർദം തകർക്കുന്നതാണ് സിനിമയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഇന്നലെ സാംഭലിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. സിനിമയുടെ റിലീസ് തടയണമെന്ന് പ്രതിഷധക്കാർ ആവശ്യപ്പെട്ടു. ഈ മാസം 27നു സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അങ്കിത് ഭദാന സംവിധാനം ചെയ്ത ചെറു ബജറ്റ് സിനിമ നിർമിച്ചത് സന്ദീപ് തോമർ ആണ്.
National
സാംഭൽ: റിലീസ് ചെയ്യാനിരിക്കുന്ന ‘യാദവ് ജി കി ലൗ സ്റ്റോറി’ ഹിന്ദി സിനിമയ്ക്കെതിരേ പ്രതിഷേധവുമായി യാദവ വിഭാഗം.
സമുദായസൗഹാർദം തകർക്കുന്നതാണ് സിനിമയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ സാംഭലിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. സിനിമയുടെ റിലീസ് തടയണമെന്ന് പ്രതിഷധക്കാർ ആവശ്യപ്പെട്ടു.
ഈ മാസം 27നു സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെയാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം കേരള വിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പു കേസില്‍ നടന് ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിന് താൽപര്യമില്ലെന്നും സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു.
നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്റെ നിർദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
Movies
ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന വ്യക്തിഹത്യകൾക്കെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി രംഗത്ത്.
ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും തന്നെയും പ്രിയപ്പെട്ടവരെയും മെസേജുകളിലൂടെ നിരന്തരം വേട്ടയാടുകയാണെന്ന് രവീണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.
പോലീസിൽ പരാതി നൽകിയിട്ടും നിയമപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ പീഡനം തുടരുകയാണെന്നും താരം പറയുന്നു.
‘‘സുഹൃത്തുക്കളെ - ഈ വ്യക്തി വർഷങ്ങളായി എന്റെ കസിനെയും അടുത്ത സുഹൃത്തുക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ അച്ഛന്റെ ജന്മദിന പോസ്റ്റുകളിൽ പോലും ഇയാൾ വന്ന് വളരെ മോശമായ രീതിയിൽ കമന്റുകൾ ഇട്ടു (ഭാഗ്യത്തിന് ഞങ്ങൾക്ക് അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിഞ്ഞു).
പരസ്യമായ ഒരു അറിയിപ്പ്: ഇനിയും മൗനം പാലിക്കാനാകില്ല
കഴിഞ്ഞ നാല് വർഷമായി എന്നെയും എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഈ കുറിപ്പ് പങ്കുവെക്കുന്നത്.
Movies
നടനും ടെലിവിഷൻ താരവുമായ ബിനീഷ് ബാസ്റ്റിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. നിരവധി ടെലിവിഷൻ താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഭാമയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു ബിനീഷ്.
ഒരുമിച്ചൊരു സിനിമ പോലും ചെയ്തിട്ടില്ലെന്നും ടെലിവിഷൻ പരിപാടിയിലൂടെ ഉണ്ടായ സൗഹൃദത്തിന്റെ പുറത്താണ് തന്റെ വിവാഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഭാമ എത്തിയതെന്ന് ബിനീഷ് പറഞ്ഞു.
‘വളരെ അധികം സന്തോഷം. ഞങ്ങൾ ഒരുമിച്ച് സിനിമ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്ക് ഉണ്ടായിരുന്ന സമയത്ത് ഒരുമിച്ച് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്. സാധാരണക്കാരന്റെ കല്യാണത്തിന് ഭാമ വന്നല്ലോ.’ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. അതിന് മുമ്പ് ഒരു ഫോട്ടോ എടുത്തോട്ടെ. ബിനീഷിന്റെ വാക്കുകൾ.
ബിനീഷ് ബാസ്റ്റിന്റെ വധു അടൂര്‍ സ്വദേശിനി താരയാണ്. പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു.
Movies
ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തെക്കുറിച്ചെടുത്ത നിർണായക തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. വിവാഹശേഷം കുട്ടികൾ വേണ്ട എന്നതായിരുന്നു ചെറുപ്രായത്തിലേ എടുത്ത തീരുമാനമെന്ന് താരം പറയുന്നു.
വിവാഹം കഴിഞ്ഞാൽ കുട്ടികൾ എന്നത് ഒരു ‘ഡീഫോൾട്ട്’ മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നാണ് ലെന പറയുന്നത്. മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും എടുക്കേണ്ട ഒരു തീരുമാനമാണെന്നും മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോ എന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ പറയുന്നു.
കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. സർ പറഞ്ഞ ലാസ്റ്റ് പോയിന്റിനോട് എനിക്ക് പൂർണമായും യോജിപ്പുണ്ട്. അതായത് കുട്ടികൾ ഉണ്ടാകുന്നതിനു മുമ്പും കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം.
അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ‘ഡീഫോൾട്ട് മോഡി’ൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം, അത് അങ്ങനെ പൊയ്ക്കോളും, എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ.
വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ്. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നൊരു തോന്നൽ വന്നു. അങ്ങനെ ഞാൻ വിചാരിച്ചു, കുറച്ചു കൂടെ പക്വതയുള്ള ഒരാളാവണം. എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ.
എന്നെ കുറെ കൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട്, എന്നാൽ ചെയ്തോട്ടെ എന്ന് വിചാരിച്ചു വിട്ടതാണു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി.
നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, ഒരു കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്.
അപ്പോ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആരും നോക്കും? കുട്ടികളുടെ കാര്യം വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം തന്നെയാണ്. നമ്മുടെ സമൂഹത്തിൽ നല്ലൊരു തലമുറ വളർന്നുവരണം. ഓരോ തലമുറയും നന്നായി വരണമെങ്കിൽ ആ തലമുറയിലെ മാതാപിതാക്കൾ ശ്രദ്ധാപൂർവം തീരുമാനം എടുക്കണം.
അതോടൊപ്പം തന്നെ എനിക്ക് പറയാനുള്ളത് ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ള ഒരു തലമുറയാണ്. അവര്‍ ഒരുപാട് കെയർ കിട്ടി വളർന്നിട്ടുള്ള തലമുറയാണ്. ഒരുപക്ഷേ എന്റെയൊക്കെ തലമുറ തല്ലുകൊണ്ട് വളർന്നവരാണ്. എന്തിനും ഏതിനും അടി കിട്ടും.
നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്താലും നിങ്ങൾക്ക് അടി എന്നുള്ള ഒരു രീതിയായിരുന്നു. സ്കൂളിൽ അടി കൊള്ളുമായിരുന്നു, ചൂരലുകൊണ്ട് അടിക്കുക - അതൊന്നും ഇപ്പോ ഇല്ല. അപ്പോ ഒരുപാട് കെയറും ബഹുമാനവും കിട്ടി വളർന്നിട്ടുള്ള ഒരു തലമുറയാണ് ഇപ്പോഴത്തേത്. അത് ഒരുപക്ഷേ നല്ലതായിരിക്കാം.
നമുക്ക് ഓരോ തലമുറ കഴിയുമ്പോഴേ അറിയുള്ളൂ. പിന്നെ ഇപ്പോഴത്തെ തലമുറ 'തല തെറിച്ചതാണെന്ന്' പറയുന്ന ഒരു ‘തലക്കെട്ട്’ എല്ലാ തലമുറയും കേട്ടിട്ടുള്ളതാണ്. അപ്പോ അത് വെറുതെ ഒരു ക്ലീഷെ സ്റ്റേറ്റ്മെന്റ് ആണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.’’ ലെന പറയുന്നു.
Movies
സൈജു കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു കൊണ്ടാണ് ലർക്ക് പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്.
ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം തന്റെ മുൻ സിനിമകളെ പോലെ തന്നെ കാലികപ്രാധാന്യമുളള വിഷയമായാണ് നിഷാദ് ഒരുക്കിയിരിക്കുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ലർക്ക് എന്ന ടൈറ്റിൽ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശ്, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ, കർണാടക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റുകളിൽ ഒഫീഷ്യൽ സെലക്ഷൻ ആയി തെരഞ്ഞെടുക്കപ്പെടുകയും കൊൽക്കത്ത ബെറ്റർ എർത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്ത ചിത്രമാണ് ലർക്ക്.
കൂടാതെ ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്തു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് & കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്, ഛായാഗ്രഹണം - രജീഷ് രാമൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി - ഗണേശ് മാരാർ, സംഗീതം - മിനീഷ് തമ്പാൻ, ഗാനരചന - മനു മഞ്ജിത്ത്, പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്, സൗണ്ട് ഡിസൈൻ - ജുബിൻ രാജ്, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും - ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്, ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ, ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ, വിതരണം - മാൻ മീഡിയ, സ്റ്റുഡിയോ - ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ - യെല്ലോടൂത്ത്. പ്രൊഡക്ഷൻ കൺട്രോളർ, മുരുകൻ. എസ്. പിആർഒ-വാഴൂർ ജോസ്.
Movies
ഭാവന അഭിനയിക്കുന്ന തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഫോറൻസിക് അനലിസ്റ്റായ സാറ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം നടൻ റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’.
Kerala
കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല് അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന് ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വാക്ക് പാലിച്ചില്ല
21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന് ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.
നികുതിയോടു നികുതി
ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന് ചൂണ്ടിക്കാട്ടി.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Movies
തന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി കൂട്ടിക്കൽ ജയചന്ദ്രൻ. താൻ കണ്ടതും അനുഭവിച്ചതുമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകവും തുടർന്ന് അതിനെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രവുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞാൻ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകവും, തുടർന്ന് ഒരു ചലച്ചിത്രവും ഞങ്ങൾ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടർന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങൾ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചർച്ച കഴിഞ്ഞു!
ഇനിയാണ് പ്രധാന കാര്യം; ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനം!
ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടൻ സമീപിക്കും. കുറഞ്ഞത് ഒരുവർഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.’’ കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു .
മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ കൂട്ടിക്കൽ ജയചന്ദ്രൻ അടുത്ത കാലത്തായി അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
Movies
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. 2022-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഭിലാഷ്.
മാളികപ്പുറം കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കഥ പറഞ്ഞത്.
കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു.
പക്ഷേ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു.
ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു.
മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി, അഭിലാഷ് പിള്ള പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നു പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് അയിഷക് പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു സിപിഎമ്മിനു ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു "ബിഗ് സർപ്രൈസ്' സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്. ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നടി സമ്മതം അറിയിച്ചാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Movies
എക്കോയെ പ്രശംസിച്ച് നടൻ ധനുഷ്. ചിത്രം ഒരു മാസ്റ്റർപീസാണെന്നാണ് ധനുഷ് പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചതിനൊപ്പം അതിലെ പ്രധാന കഥാപാത്രമായ ബിയാന മോമിനെയും താരം അഭിനന്ദിച്ചു.
മലയാള സിനിമയായ എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികൾക്കും അർഹയാണ്. ലോകോത്തര നിലവാരമുള്ള പ്രകടനം. എന്നായിരുന്നു ധനുഷിന്റെ പോസ്റ്റ്. ധനുഷിന് നന്ദിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരുമെത്തി. ഇത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നുവെന്ന് എക്കോ ടീം നന്ദി പറഞ്ഞുപങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി
Movies
ജയസൂര്യ നായകനാകുന്ന "ആട്' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ താരങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്.
127 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും 2026 മാർച്ച് 19ന് തീയറ്ററിൽ കാണാമെന്നും താരങ്ങൾ അറിയിച്ചു. മിഥുൻ മാനുവൽ ആണ് സിനിമയുടെ സംവിധാനം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ആട് 3 എത്തുന്നത്
ടൈം ട്രാവൽ ഉൾപ്പെടെ പ്രമേയമാകുന്ന ആട് 3 നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.
National
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊങ്കലിന് റീലിസിനെത്തില്ല. ചിത്രം റീലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തു.
ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കേസ് 21-ന് വീണ്ടും പരിഗണിക്കും.
ഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Movies
ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പാന്‍ ഇന്ത്യന്‍ ഹൊറര്‍-കോമഡി ചിത്രം ദി രാജാ സാബ്- തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ പ്രവചനാതീതമായ കുതിപ്പാണ് ദൃശ്യമാകുന്നത്. റിലീസിന് മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ കോടികള്‍ കൊയ്ത് റിക്കാര്‍ഡുകള്‍ തിരുത്തുകയാണ് ചിത്രം.
റിലീസ് മുമ്പ് ഇന്ത്യയൊട്ടാകെ അഞ്ച് കോടിയിലധികം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമാ ട്രാക്കറായ സാക്നില്‍കിന്റെ കണക്കുകള്‍ പ്രകാരം തെലുങ്ക് പതിപ്പില്‍ നിന്ന് മാത്രം 2.38 കോടി രൂപ (84,894 ടിക്കറ്റുകള്‍) ചിത്രം നേടിയിട്ടുണ്ട്.
ഹിന്ദി ബെല്‍റ്റിലും പ്രഭാസ് തരംഗം പ്രകടമാണ്. ഡോള്‍ബി സിനി ഫോര്‍മാറ്റിലടക്കം 1.12 കോടി രൂപയാണ് ഹിന്ദി പതിപ്പ് നേടിയത്. ബ്ലോക്ക് സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ ഗ്രോസ് കളക്ഷന്‍ പത്ത് കോടിക്ക് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രീമിയര്‍ ഷോയ്ക്ക് 1000 രൂപ
ആന്ധ്രാസര്‍ക്കാര്‍ നല്കിയ പ്രത്യേക അനുമതിയോടെ നടക്കുന്ന പെയ്ഡ് പ്രീമിയര്‍ ഷോകള്‍ക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നിട്ടും ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്നത് പ്രഭാസ് എന്ന താരത്തിന്റെ ജനപ്രീതിക്ക് തെളിവാണ്.
സാധാരണ സ്ക്രീനുകളില്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ സിംഗിള്‍ സ്ക്രീനുകളില്‍ ടിക്കറ്റ് വില 297 രൂപയായി ഉയര്‍ന്നിട്ടുണ്ട്. വന്‍കിട സിനിമകള്‍ക്ക് ലഭിക്കുന്ന ഈ പരിഗണന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനില്‍ വലിയ പ്രതിഫലനമുണ്ടാക്കും.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ സ്റ്റൈലിഷ് ലുക്കും കോമഡി ടൈമിംഗും കാണാമെന്നതാണ് രാജാ സാബിന്റെ പ്രധാന ആകര്‍ഷണം. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ മാരുതി സംവിധാനം ചെയ്ത് ടി.ജി. വിശ്വപ്രസാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത്, ബോമന്‍ ഇറാനി എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.
മാളവിക മോഹനന്, നിധി അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. എസ്. തമന്റെ സംഗീതവും കാര്‍ത്തിക് പളനിയുടെ ദൃശ്യഭംഗിയും കൂടിയാകുമ്പോള്‍ ചിത്രം ഒരു ദൃശ്യവിരുന്നാകുമെന്നുറപ്പാണ്.
ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഹൊറര്‍-കോമഡി പശ്ചാത്തലത്തില്‍ പ്രഭാസ് എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Movies
റിലീസ് മാറ്റിവച്ച ജനനായകൻ ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ അജയ് ജ്ഞാനമുത്തു. തലൈവർ എപ്പോൾ വരുന്നോ അപ്പോൾ തിയറ്ററിലേയ്ക്ക് പോകുമെന്നും നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണ് ഒരു സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഡിമോണ്ടി കോളനി, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് അജയ്.
"പൂർണമായ അധികാര ദുർവിനിയോഗം.. ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്.
ടീമിന് എല്ലാ പിന്തുണയും. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും" അജയ് ജ്ഞാനമുത്തു കുറിച്ചു.
#PongalPostponed #JanaNayagan എന്നീ ഹാഷ്ടാഗുകളും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്.
അതേസമയം സിനിമയുടെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.