രണ്ടു പതിറ്റാണ്ടിനുശേഷം ബ്രെണ്ടൻ ഫ്രേസർ മടങ്ങിയെത്തുന്നു; ദ മമ്മി 4 പ്രഖ്യാപിച്ചു. പുരാതന ഈജിപ്തിലെ നിഗൂഢതകളും ശാപങ്ങളും തേടിയുള്ള ഒകോണൽ കുടുംബത്തിന്റെ യാത്ര ഇത്തവണ എങ്ങോട്ടായിരിക്കും? അലക്സ് ഒകോണൽ വളർന്നു വലിയൊരു സാഹസികനായി മാറിയിട്ടുണ്ടാകുമോ? തുടങ്ങിയ ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്കു മറുപടി തയാറാകുന്നു. സാഹസിക ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയായ ദ മമ്മി-യുടെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.
നീണ്ട ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ബ്രെണ്ടൻ ഫ്രേസറും റേച്ചൽ വെയ്സും തങ്ങളുടെ ഐക്കോണിക് കഥാപാത്രങ്ങളായ റിക് ഒകോണലായും എവ്ലിനായും വീണ്ടും സ്ക്രീനിലെത്തുന്നു എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2028 മേയ് 19ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ അണിയറപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. ആദ്യ രണ്ടു ഭാഗങ്ങളുടെ ആവേശകരമായ ശൈലിയിലായിരിക്കും ചിത്രമൊരുങ്ങുകയെന്നു സൂചനകളുണ്ട്. മൂന്നാം ഭാഗത്തിലെ സംഭവവികാസങ്ങളെ അവഗണിച്ച്
ദ മമ്മി റിട്ടേൺസ്-ന്റെ തുടർച്ചയായാണു നാലാം ഭാഗം ഒരുങ്ങുന്നത്.
ബ്രെണ്ടൻ ഫ്രേസറിനും റേച്ചൽ വെയ്സിനുമൊപ്പം ജോനാഥനായി പ്രേക്ഷകരെ ചിരിപ്പിച്ച ജോൺ ഹന്നയും നാലാം ഭാഗത്തിൽ തിരിച്ചെത്തുന്നു. എന്നാൽ, ഇവരുടെ മകനായ അലക്സ് ഒകോണൽ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. സ്ക്രീം- സീരീസുകളിലൂടെ ശ്രദ്ധേയരായ മാറ്റ് ബെറ്റിനെല്ലി-ഓൾപിൻ, ടൈലർ ഗില്ലറ്റ് എന്നിവരാണു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
പുരാതന ശാപങ്ങളും അമാനുഷിക ശക്തികളും നിധി തേടിയുള്ള യാത്രകളും നിറഞ്ഞ കംപ്ലീറ്റ് സാഹസിക ചിത്രമായിരിക്കും നാലാം ഭാഗം.
Tags : movie The Mummy Returns cinema films Brendan Fraser