കാജൾ അഗർവാൾ
ഫിറ്റ്നസിലും സൗന്ദര്യത്തിലുംനടിമാർ നേരിടുന്ന സമ്മർദം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. രണ്ട് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങളാണ് താരം സൂചിപ്പിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്നത്തെ സിനിമാ മേഖലയിലുള്ളവർക്ക് സ്വകാര്യത കുറവാണെന്ന് കാജൽ വിലയിരുത്തുന്നു.
മുൻകാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ബാഹ്യസൗന്ദര്യത്തിന് ഇത്രയധികം മുൻഗണന ലഭിക്കാറില്ലായിരുന്നു. യാത്രകളിൽ പോലും പൂർണമായി മേക്കപ്പ് ചെയ്ത് കാണപ്പെടേണ്ടിവരുന്ന ഇന്നത്തെ 'എയർപോർട്ട് ലുക്ക്' പോലുള്ള ഫാഷൻ ട്രെൻഡുകൾ യുവനടിമാർക്ക് മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇത്തരം അനാവശ്യ പ്രദർശനങ്ങളില്ലാതെ സ്വതന്ത്രമായി നടക്കാൻ മുൻപ് സാധിച്ചിരുന്നു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന 20 വർഷം മുന്പു തന്നെ കരിയർ ആരംഭിച്ച വ്യക്തിയാണ് ഞാൻ. അക്കാലത്തും സിനിമയ്ക്കുള്ളിൽ നിന്നുള്ള സമ്മർദങ്ങൾ ശക്തമായിരുന്നു.
മികച്ച ചില വേഷങ്ങൾ ലഭിക്കുന്നതിനായി തടി കൂട്ടാനോ ബോഡി ഷേപ്പ് ക്രമീകരിക്കാനോ സംവിധായകരും നിർമാതാക്കളും അക്കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഇന്നത്തെപ്പോലെ ക്രൂരമായിരുന്നില്ല. സോഷ്യൽ മീഡിയ വിമർശനങ്ങൾ പുതുമുഖങ്ങളെ തളർത്തുന്ന രീതിയിലാണ് വളർന്നിരിക്കുന്നത്.
പുതിയ നടിമാർ കരിയറിലെ അവസരങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യരുത്. തനിക്ക് അലോസരമുണ്ടാക്കുന്നതോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ നിന്ന് ധൈര്യത്തോടെ പിന്മാറാൻ സാധിക്കണം.
ഒരു പ്രൊജക്റ്റിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടു കൂടി മാത്രം അനാവശ്യ ആവശ്യങ്ങൾക്ക് സമ്മതം മൂളരുത്. ഏതൊരു പ്രൊഫഷനിലും പോലെ സിനിമയിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാൻ യുവതലമുറ ശ്രദ്ധിക്കണം.
കരിയറിൽ എന്തിനും സമ്മതം മൂളുന്നതിനേക്കാൾ പ്രധാനപ്പെട്ടത് തങ്ങൾക്ക് താത്പര്യമില്ലാത്ത കാര്യങ്ങളോട് ധൈര്യപൂർവം നോ എന്ന് പറയാൻ ശീലിക്കുക എന്നതാണ്. ഏതെങ്കിലും ഒരു വലിയ പ്രോജക്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുകയാണെങ്കിൽ തളരാതെ അടുത്ത മികച്ച അവസരങ്ങൾക്കായി സധൈര്യം മുന്നോട്ടുനീങ്ങാനുള്ള മനഃശക്തിയാണ് ഉണ്ടാക്കിയെടുക്കേണ്ടത്- കാജൽ വ്യക്തമാക്കുന്നു.
Tags : Kajal Aggarwal actress cinema movie