തന്റെ അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്ന അസാധാരണമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പൂജ ബത്ര.
തന്റെ ഉയരം സിനിമാ കരിയറിൽ പലപ്പോഴും വലിയ തടസമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര. പലപ്പോഴും നായകന്മാരേക്കാൾ ഉയരം കൂടുതൽ തോന്നിക്കുന്നത് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്നും അവർ പറഞ്ഞു.
സിനിമകളിൽ അഭിനയിക്കുമ്പോൾ തന്റെ ഉയരം കുറച്ചു കാണിക്കാൻ സെറ്റുകളിൽ പലവിധത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
ക്ലോസപ്പ് ഷോട്ടുകളിൽ നായകന്മാർക്ക് ഉയരം കൂടുതൽ തോന്നിക്കാനായി താൻ ഹാഫ് സ്പ്ലിറ്റ്സ് ചെയ്ത് നിൽക്കുമായിരുന്നു. കൂടാതെ, പൊക്കം കുറച്ചു കാണിക്കാനായി പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും നിറങ്ങളും തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ചില സിനിമകളിൽ സംവിധായകർ മേക്കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നും അവർ ചിരിയോടെ ഓർത്തെടുത്തു.
തന്റെ ഉയരത്തിന്റെ കാര്യത്തിൽ യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത ഏക നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്നും അവർ പറയുന്നു.
കഹിൻ പ്യാർ നാ ഹോ ജായെ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ഹീൽസ് ധരിക്കാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ ഉയരത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു. സ്വന്തം വ്യക്തിത്വത്തിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ആളായിരുന്നു സൽമാൻ ഖാനെന്നും പൂജ കൂട്ടിച്ചേർത്തു.
താൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലത്ത് പ്രമുഖ നടി സംഗീത ബിജ്ലാനി നൽകിയ ഉപദേശത്തെക്കുറിച്ച് പൂജ പ്രത്യേകം പരാമർശിച്ചു. നീ വളരെ ഉയരമുള്ളവളായതിനാൽ സിനിമയിൽ നിനക്ക് വലിയ സാധ്യതയില്ല എന്നായിരുന്നു സംഗീത പറഞ്ഞത്. താൻ മാതൃകയായി കണ്ടിരുന്ന ഒരാളിൽ നിന്നുള്ള ഈ പരാമർശം വലിയ പ്രഹരമായിരുന്നുവെന്ന് പൂജ വെളിപ്പെടുത്തി.
താനും സംഗീത ബിജ്ലാനിയും ഉയരമുള്ള സ്ത്രീകൾക്ക് സിനിമാ ലോകത്തേക്കുള്ള വഴി തുറന്നുകൊടുത്തവരാണെന്ന് പൂജ വിശ്വസിക്കുന്നു. സുസ്മിത സെൻ, ദീപിക പദുക്കോൺ തുടങ്ങിയ ഉയരമുള്ള നടിമാർ ഇതിന് തങ്ങളോട് നന്ദി പറയണമെന്നും അവർ തമാശയായി പറഞ്ഞു.
ഇന്ന് സിനിമയുടെ സാങ്കേതികവിദ്യയും കാഴ്ചപ്പാടുകളും മാറിയെന്നും അതിനാൽ ഉയരം എന്നത് പണ്ടത്തെപ്പോലെ വലിയ പ്രശ്നമല്ലെന്നും അവർ നിരീക്ഷിച്ചു. സിനിമയിലെ ഫ്രെയിമുകൾ മാറുന്നതിനനുസരിച്ച് ഒരാളുടെ ഉയരം ക്രമീകരിക്കാൻ ഇന്ന് എളുപ്പമാണെന്നും പൂജ ബത്ര പറഞ്ഞു.
Tags : Pooja Batra bollywood movie