റിയാലിറ്റി താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് ഇന്ന് രാവിലെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സോഷ്യല്‍ മീഡിയ വഴിയാണ് 2023ല്‍ ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ല്‍ കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളില്‍ വച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു. ജീവിതവസാനം വരെ കൂടെ നിര്‍ത്താമെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി.
കൊച്ചിയില്‍ ജിം ആരംഭിക്കാന്‍, കോഴിക്കോട് സ്ഥലം വാങ്ങാന്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് പണം വാങ്ങിയത്. ഷിയാസ് വിവാഹിതനാണെന്ന വിവരം തന്നില്‍ നിന്നും മറച്ചു വച്ചു. വിവാഹ ശേഷവും തന്നെ ചൂഷണം ചെയ്തു. 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തു.
പണം നല്‍കിയില്ലെങ്കില്‍ തനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പോണ് സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഷിയാസിന്റെ സുഹൃത്ത് ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. കാസര്‍കോട് ഹൊസ്ദുര്‍ഗ് സ്വദേശിയായ ജിം ട്രെയ്നറെ പീഡിപ്പിച്ച കേസിലും ഷിയാസ് പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഷിയാസ് കരീം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Tags : Shiyas Karim complaint movie television