ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല്‍ കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന് ജിത്തു സതീശന് മംഗലത്ത്.
ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര്‍ അലി, വിനീത്കുമാര്‍, സിദ്ധാര്‍ഥ് ഭരതന്, അസീം ജമാല്‍, സെന്തില്‍കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില്‍ മഹാസംഭവമാവുകയാണ്.
"മിസ്റ്ററി ഫാന്റസി ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സിനിമയാണിത്. തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.
സിനിമയിലെ തുടക്കം..?
ഏഴു വര്‍ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്‍മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങി.
അതിൽ "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്‍മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്‍ച്ചയായി, അവസാനം "സംഭവ’ത്തിന്റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍ സംഭവത്തിന്റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗമെടുത്താണു ഷോര്‍ട്ട് ഫിലിം ചെയ്തത്.
ഷോര്‍ട്ട് ഫിലിമില്‍ നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?
15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ "നേരം’, പ്രദീപ് രംഗനാഥന്റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്റെ ഒരു ഘട്ടത്തില്‍ നിര്‍ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്‍ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.
കഥാപശ്ചാത്തലം..?
കേരള-തമിഴ്നാട് അതിര്‍ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില്‍ കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര്‍ ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്‍ക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള്‍ നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഉത്തരമാണു സിനിമ പറയുന്നത്.
കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ കൊണ്ടുവന്നത്..?
അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്‍, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്‍ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല്‍ ബ്രാഞ്ച് തിയറിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?

എന്റെ സുഹൃത്തിന്റെ സുഹൃത്താണ് അസ്കര്‍ അലി. ഞങ്ങള്‍ നേരത്തേതന്നെ പല കഥകളും സംസാരിച്ചിരുന്നു. ഇതിലെ കേന്ദ്ര കഥാപാത്രം അസ്കര്‍ ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നി. വിനീത്കുമാറിന്റെ കഥാപാത്രം റെജി കുറച്ച് ധാര്‍ഷ്ട്യമുള്ള പോലീസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ അത്തരം വേഷങ്ങള്‍ ചെയ്യാത്ത ഒരാള്‍ എന്ന രീതിയിലാണ് വിനീതിനെ സമീപിച്ചത്.
സിദ്ധാര്‍ഥ് ഭരതന്റേത് ഏറെ നിഗൂഢതകളുള്ള കഥാപാത്രമാണ്. അയാളുടെ കഥപറച്ചിലിലാണ് വനത്തില്‍ എന്താണു സംഭവിക്കുന്നതെന്നു പ്രേക്ഷകര്‍ അറിയുന്നത്. നറേഷനില്‍ ഗംഭീരമായി പെര്‍ഫോം ചെയ്യുന്ന ഒരു നടന് തന്നെ ആ വേഷം ചെയ്യണം എന്നുണ്ടായിരുന്നു.
"ഭ്രമയുഗ’ത്തില്‍ സിദ്ധാര്‍ഥിന്റെ പ്രകടനം നമ്മള് കണ്ടതാണ്. അതുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ അദ്ദേഹം ഈ വേഷം മികവുറ്റതാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ കഥാപാത്രം ചെയ്ത അസീം ജമാലിന്റെയും ഗംഭീര പെര്‍ഫോമന്‍സാണ്.
വലിയ താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നോ..?
വലിയ സ്റ്റാര്‍ കാസ്റ്റില്ലാതെതന്നെ കഥ പറയണം എന്നു തീരുമാനിച്ചിരുന്നു. വലിയ കാസ്റ്റിംഗിലേക്കു പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ഇപ്പോഴത്തെ റിസള്‍ട്ട് ഉണ്ടാകണമെന്നുമില്ല. നായക കഥാപാത്രം സാധാരണക്കാരനായിത്തന്നെ ഫീല്‍ ചെയ്യണം എന്നുണ്ടായിരുന്നു.
പറങ്കികളുടെ വരവും കാക്കമനുഷ്യനും തികച്ചും ഭാവനയാണോ..?
പറങ്കികളുടെ കഥയൊക്കെ ഭാവന തന്നെയാണ്. വനത്തിലെ കാക്കമനുഷ്യന്റെ പ്രതിമ കാക്കയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള കാക ഭൂശുണ്ഡി എന്ന പുരാണ കഥാപാത്രത്തിന്റെ റഫറന്‍സ് എടുത്ത് ആര്‍ട്ട് വിഭാഗം രൂപപ്പെടുത്തിയതാണ്. അതിനു സമയത്തെ നിയന്ത്രിക്കുന്ന ദൈവം എന്ന സങ്കല്പവുമായി ബന്ധമുണ്ട്. ഈ കഥാപാത്രത്തിനു വര്‍ത്തമാനകാലത്തില്‍നിന്നു ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും ഒരേസമയം സഞ്ചരിക്കാനാവും. കാക ഭൂശുണ്ഡി മഹാഭാരതയുദ്ധവും രാമായണവും പല തവണ കണ്ടിട്ടുണ്ട്. ഓരോ തവണയും ഓരോ രീതിയിലാണു കണ്ടതെന്നുമാത്രം.
ഇത്തരം ടൈം ലൂപ്പ് സിനിമകള്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ദഹിക്കുമോ..?
നെറ്റ്ഫ്ളിക്സും ആമസോണുമൊക്കെ ഇവിടത്തെ പ്രേക്ഷകരുടെ കൈക്കുമ്പിളിലല്ലേ. വെബ്സീരീസുകളായ ഡാര്‍ക്ക് വ്യൂവും ട്വല്‍വ് മങ്കീസുമൊക്കെ കണ്ടുശീലിച്ച പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇതു ഗ്രഹിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല. 75 ശതമാനത്തിലേറെയും പോസിറ്റീവ് പ്രതികരണങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്.
മേക്കിംഗിലെ വെല്ലുവിളി..?

പാലക്കാട് ധോണിയിലെ കാടിനുള്ളിലായിരുന്നു ചിത്രീകരണം. രാവിലെ ഏഴു മണിക്കു സൂര്യപ്രകാശമെത്തും. അഞ്ചരയോടെ വെളിച്ചം മങ്ങും. ഫോറസ്റ്റ് അനുമതി ആറു വരെ. മിക്കവാറും ദിവസങ്ങളില്‍ ഉച്ച കഴിയുന്നതോടെ ഷൂട്ടിംഗിനു വെല്ലുവിളിയായി മഴയെത്തുമായിരുന്നു. അതു മുന്നില്‍ക്കണ്ട് എല്ലാവരും ഒന്നിച്ചുനിന്ന് ടീം വര്‍ക്കില്‍ പരമാവധി വേഗത്തില്‍ ഷൂട്ടിംഗ് തീര്‍ത്തു.
ഞെട്ടിയുണരുന്ന അസ്കറിന്റെ കഥാപാത്രം തരുന്ന വ്യാഖ്യാനമെന്താണ്..?

കാണികള്‍ക്കു തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാം. അയാള്‍ അതുവരെ കണ്ടതെല്ലാം ഒരു സ്വപ്നമാണെന്നു ചിന്തിക്കാം. പുതിയതായി ഉണ്ടാകുന്ന ടൈം ലൈനില്‍ ഇങ്ങനെയാണു സംഭവിച്ചതെന്നു കരുതാം. ചുരുളിയിലേതുപോലെ ഓരോ പ്രേക്ഷകനും എന്താണോ കിട്ടുന്നത് അതാണു കഥ.
സാങ്കേതികവിഭാഗത്തിന്റെ പിന്തുണ..?
എഡിറ്റര്‍ അര്ജുന് പ്രകാശും മ്യൂസിക് ഡയറക്ടര്‍ ഗോഡ്വിന് തോമസും ഷോര്‍ട്ട് ഫിലിമില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്. ഛാ യാഗ്രഹണം നവീന്‍ നജോസ്. മെല്ബിന് മാത്യു, അനൂപ് മോഹന്‍ എന്നിവരാണു ചീഫ് അസോസിയേറ്റ്സ്. എല്ലാവരുടെയും കൂട്ടായ പിന്തുണ പ്രതിസന്ധിഘട്ടത്തിലും ചിത്രീകരണം അനായാസമാക്കി. വിവിധ ഘട്ടങ്ങളില്‍ പെട്ടുപോയ ആളുകളുടെ ശബ്ദം ഉള്‍പ്പെടെ കാടിനുള്ളിലെ മുഴക്കങ്ങള്‍ തിരക്കഥയിലുണ്ട്. അതു രൂപകല്പനചെയ്ത് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതില്‍ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദിന്റെ ഇന്‍പുട്സ് നിര്‍ണായകമായി.
സംഭവം അധ്യായം രണ്ട് ആണോ അടുത്ത സിനിമ..?
ഒരു ഓപ്പണ്‍ എന്‍ഡിലാണ് ഇതിന്റെ കഥ നിര്‍ത്തിയിരിക്കുന്നത്. അടുത്ത ഭാഗങ്ങള്‍ക്കു സാധ്യതയുണ്ടെന്നു വിശ്വസിക്കുന്നു. അധ്യായം രണ്ടിന്റെ എഴുത്തിലാണ്. വേറെ ഒന്നു രണ്ട് സിനിമകളുടെ ആശയങ്ങളുമുണ്ട്. മിസ്റ്ററി, ഫാന്റസി, സൈ ഫൈ ജോണറുകളിലുള്ള പരീക്ഷണ സിനിമകള്‍ ചെയ്യാനാണു താത്പര്യം.
Tags : Jithu Satheesan Mangalathu sambhavan adhayam onnu movie interview