District News
തൃശൂർ: അമല മെഡിക്കൽ കോളജ് എഎംഎഫ്എസിസിയും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണപരിപാടികളുടെ ഉദ്ഘാടനം ചിറ്റിലപ്പിള്ളി വി.വി. സ്കൂളിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സി.ജെ. സിജി, കമ്യൂണിറ്റി വിഭാഗം എന്റമോളജിസ്റ്റ് മുഹമദ് റാഫി, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
ചേലക്കര: നിയോജക മണ്ഡലത്തിലെ ചേലക്കര കൊണ്ടാഴി പഞ്ചായത്തുകളിൽ എംപി കെ. രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകകളുടെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. പങ്ങാരപ്പിള്ളി കണ്ടംകുളത്തിനു സമീപവും പൊന്നുംകുന്ന് സങ്കേതത്തിലും കൊണ്ടാഴി സൂപ്പിപ്പടി നിസ്കാരപ്പള്ളിക്ക് സമീപവും പരക്കാട് വർക്കി ജംഗ്ഷനിലും മെതുക് അങ്കണവാടിക്കു സമീപവും നടന്ന ചടങ്ങുകളിലാണ് കെ.രാധാകൃഷ്ണൻ എംപി ലൈറ്റുകൾ നാടിന് സമർപ്പിച്ചത്.
ചടങ്ങിൽ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.എസ്. സജി, ബീന ടീച്ചർ, വാർഡ് മെമ്പർമാരായ കെ.സുരേഷ്, ശുഭലക്ഷ്മി, എല്ലിശേരി വിശ്വനാഥൻ , മുഹമ്മദ് നൗഫൽ, പി.ആർ.വിശ്വനാഥൻ, എം.ആർ.ഷിബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. മുരുകേശൻ എന്നിവർ പങ്കെടുത്തു.
District News
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത ഊട്ടുതിരുനാളിന് കൊടിയേറി. ഇടവകാംഗവും കുറുമാൽ സെന്റ് ജോർജ് ദേവാലയ വികാരിയുമായ ഫാ.ഡോ. സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത് കൊടിയേറ്റം നിർവഹിച്ചു.
ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടന്നു. 29, 30 തിയതികളിലാണ് തിരുനാൾ. 29 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും.
ട്രസ്റ്റിമാരായ പി.ടി.ജെ.ഫ്രാൻസിസ്, പി.ഡി. ജോസഫ്, കെ.എ. ഫ്രഡ്ഡി, ജനറൽ കൺവീനർ സി.എ. സോളമൻ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
District News
നന്തിക്കര: മണ്ണുത്തി ഇടപ്പിള്ളി ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിയുടെ കോണ്ക്രീറ്റ്പ്ലാന്റ് നാട്ടുകാര്‍ ഉപരോധിച്ചു. പ്ലാന്റില്‍ നിന്നും പുറത്തേക്ക്, കോണ്‍ഗ്രീറ്റ് മിക്സ് കയറ്റിവരുന്ന കൂറ്റന്‍ വാഹനങ്ങളില്‍ നിന്നും റോഡില്‍ ചെളിയും മെറ്റലും ഒലിച്ചിറങ്ങി വാഹനങ്ങള്‍ തെന്നിവീഴുകയും, കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം.
വാര്‍ഡ് അംഗളായ കെ.എസ്. ജോണ്സണ്, കെ.എ. വേലായുധന്, പ്രദേശവാസികളായ, ബാബു ആളോത്ത്, വി.ബി. നാരായണന്‍കുട്ടി, പി.എല്‍.ബേബി, വി.എസ്. വേണു, പി. ഡി. വര്‍ഗീസ്, വിനോദ് കുറുമാലി, എന്നിവര്‍ നേതൃത്വം നല്കി.
ഉപരോധത്തെ തുടര്‍ന്ന് കമ്പനി മാനേജര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്കി. ഇതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
District News
പീച്ചി: ഓണാവധിയോടനുബന്ധിച്ച് പീച്ചിഡാമിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവുമാണ്. 2024ലെ പ്രളയത്തിൽ തകർന്ന ചുറ്റുമതിൽ ഇന്നും പുനർനിർമിച്ചിട്ടില്ല. അന്ന് പീച്ചിഡാം ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതോടെ പൂന്തോട്ടവും പരിസരവും വെള്ളം കയറി മുങ്ങിയിരുന്നു. ഇതേതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും അവ പുനർനിർമിക്കാനോ പൂന്തോട്ടവും പരിസരവും വൃത്തിയാക്കാനോ അധികൃതർ തയാറായിട്ടില്ല. മാത്രമല്ല നടപ്പാതകൾ പോലും കാടുകയറിയ നിലയിലാണ്.
ഇന്നുമുതൽ പീച്ചിയിൽ ഒണാരവം എന്ന പേരിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികൾ തുടങ്ങുകയാണ്. എന്നാൽ ഡാമും പരിസരവും വൃത്തിയാക്കാതെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
പീച്ചിയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കുമെന്ന് നിലവിലെ സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ കെ. രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി വികസന സാധ്യതകളുള്ള പീച്ചിഡാമിനെ അവഗണിക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചിയുടെ വികസനം നാടിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
District News
തൃശൂർ: പരന്പരാഗത പ്ലാസ്റ്റിക് പോളിബാഗുകൾക്കു പകരമായി പരിസ്ഥിതിസൗഹൃദ ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനർ (സിആർടി) ഉപയോഗിച്ചുള്ള ഒട്ടുകശുമാവ് തൈകൾ ഉത്പാദിപ്പിക്കുന്ന സംവിധാനവുമായി മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം. കശുമാവ് ഒട്ടുതൈ ഉത്പാദനത്തിൽ ചകിരിനാര് റൂട്ട് ട്രെയിനർ സംവിധാനം വ്യാപകമായി സ്വീകരിക്കുന്നതിലൂടെ പ്ലാസ്റ്റിക് പോളിബാഗുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
പുതിയ രീതിയിൽ 150 സിസി കൊയർ ഫൈബർ റൂട്ട് ട്രെയിനറിലാണു കശുമാവ് തൈകൾ വളർത്തുന്നത്. രണ്ടുമാസം പ്രായമാകുന്പോൾ ഗ്രാഫ്റ്റിംഗ് നടത്തുന്നു. കേരള കാർഷിക സർവകലാശാല, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണു ചകരിനാര് കൊണ്ടുള്ള റൂട്ട് ട്രെയിനറുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത വിജയകരമായി കണ്ടത്. മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രത്തിലാണു പരീക്ഷണം നടന്നത്.
പ്ലാസ്റ്റിക് ഉപയോഗവും മാലിന്യവും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കശുമാവ് ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാറാണി പറഞ്ഞു. നൂറിലധികം വനസസ്യഇനങ്ങളിൽ ചകിരിനാരു കൊണ്ടുള്ള റൂട്ട് ട്രെയിനറുകളുടെ പ്രവർത്തനക്ഷമത കെഎഫ്ആർഐ പഠിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും വനഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജനപാൽ വ്യക്തമാക്കി.
ഗെയ്ൽ ഇന്ത്യ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ചകിരിനാര് റൂട്ട് ട്രെയിനർ ഉത്പാദനം പുരോഗമിക്കുകയാണെന്ന്, ഈ ആശയം വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന റിട്ട. ഐഎഫ്എസ് ഉദ്യാഗസ്ഥൻ ഷെയ്ഖ് ഹൈദർ ഹുസൈൻ പറയുന്നു.
District News
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മൃഗങ്ങളെ പൂർണമായി മാറ്റുന്നതോടെ ചെന്പൂക്കാവിലെ 140 വർഷം പഴക്കമുള്ള മൃഗശാലയിൽ മ്യൂസിയവും ബോട്ടാണിക്കൽ ഗാർഡനും ഒരുക്കാനുള്ള പദ്ധതിരേഖ വൈകുന്നു. കേരളത്തിലെ മ്യൂസിയങ്ങൾ രൂപകൽപന ചെയ്യുന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ "കേരള മ്യൂസിയ’ത്തിനെ മുൻ സർക്കാർ പദ്ധതിരേഖ തയാറാക്കാൻ ഏൽപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. മൃഗശാലയിലെ 10.43 ഏക്കർ വളപ്പിലാണു പദ്ധതി വിഭാവനം ചെയ്തത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് വന്നശേഷം പരിസ്ഥിതിസംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ കൂട്ടിച്ചേർക്കൽ നടത്താനായിരുന്നു നീക്കം. നിലവിൽ 20 കോടി രൂപ ടോക്കണ്‍ അഡ്വാൻസ് കണക്കാക്കി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ബജറ്റിൽ പണം നീക്കിവയ്ക്കാത്തതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരും. തൃശൂരിലെ തന്നെ വ്യാപാരസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചു നിർമിക്കുകയെന്ന ആലോചനയുമുണ്ട്.
അപൂർവമായ നിരവധി വൃക്ഷങ്ങൾ നിറഞ്ഞ മൃഗശാലാവളപ്പിനെ ബോട്ടാണിക്കൽ ഗാർഡനാക്കിമാറ്റാൻ മറ്റിനങ്ങളിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. അധികമുള്ള പ്ലാവ് ഉൾപ്പെടെയുള്ളവ ഒഴിവാക്കേണ്ടിയും വരും.
ഗാർഡൻ, പാർക്കിംഗ് സൗകര്യം, മ്യൂസിയം എന്നിവയ്ക്കൊപ്പം കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെ നിലവിലുള്ളതിൽ പരിമിതപ്പെടുത്തുകയാണു ലക്ഷ്യം. നഗരത്തിലെ ചൂടും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതവും കുറയ്ക്കുന്ന ശ്വാസകോശമായി നിലനിൽക്കുന്ന മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കണമെന്ന ആവശ്യം പച്ചത്തുരുത്ത് എന്ന സംഘടയാണ് ആദ്യമായി മുന്നോട്ടുവച്ചത്.
മരങ്ങളോ സസ്യസന്പത്തോ വെട്ടിമാറ്റാതെ ബോട്ടാക്കൽ ഗാർഡനാക്കുക, മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും പ്രഭാതസായാഹ്നസവാരിക്കുമായി വാക്കിംഗ് ട്രാക്കുകളും ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കുക, പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററായും പരിസ്ഥിതി പഠന ഇന്റേണ്‍ഷിപ്പ് കേന്ദ്രമായും മാറ്റുക, ഒൗഷധസസ്യങ്ങളുടെ നഴ്സറിയും ബട്ടർഫ്ളൈ പാർക്കും സ്ഥാപിക്കുക, പഴയ മ്യൂസിയം കെട്ടിടങ്ങൾ, കൊല്ലങ്കോട് കൊട്ടാരം എന്നിവയിൽ പുരാവസ്തു ബൊട്ടാണിക്കൽ മ്യൂസിയം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ചെറിയ അക്കാദമിക് സമ്മേളനങ്ങൾക്കായി ഹാളുകൾ നൽകി വരുമാനം കണ്ടെത്താമെന്നും സംഘടന നിർദേശം വയ്ക്കുന്നു. 14.07 ഏക്കറിലുള്ള മൃഗശാലയിൽ 80 സെന്റിൽ വിവിധ കൂടുകളാണ്. 2.31 ശതമാനം സ്ഥലത്തു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.
District News
മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രി പരിസരത്തും കാന്പസിലും നൂറുകണക്കിനു നായ്ക്കളാണു വിഹരിക്കുന്നത്. രോഗികളടക്കമുള്ളവർക്കെതിരേ കുരച്ചെത്തുന്നതിനാൽ ഇവരും ഭീതിയിലാണ്. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപ്പേർക്കു കടിയേറ്റു. ഡോക്ടർമാരും നായ്ക്കളുടെ ആക്രമണത്തിനിരയായി.
അത്യാഹിതവിഭാഗത്തിനു മുന്നിലും സമീപപ്രദേശത്തും ന്യായവില മെഡിക്കൽ ഷോപ്പ്, ഒപി കൗണ്ടർ, ആശുപത്രി മെഡിക്കൽ ഷോപ്പ് കൗണ്ടർ, പേവാർഡുകൾ, എച്ച്ഡിസി ലാബുകൾ, കാന്റീൻ എന്നിവയ്ക്കു സമീപം നായ്ക്കൾ കൂട്ടത്തോടെയെത്തുന്നു. നായ്ക്കളെ ഭയന്ന് ആശുപത്രി സുരക്ഷാജീവനക്കാർ വടി കൈയിൽ കരുതാറുണ്ട്. ശ്രദ്ധതെറ്റിയാൽ ഇവ വാർഡുകളിലേക്കും കടക്കും.
കോളജ് കാന്പസിലെ വിവിധ ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലും നായ്ക്കൾ പെരുകി. ഇരുചക്രവാഹനത്തിൽ എത്തുന്നവരും നായ്ക്കൾ കുതിച്ചെത്തുന്നതോടെ ഭയന്ന് അപകടത്തിൽപെടുന്നു.
നായ്ശല്യം ഒഴിവാക്കാൻ അവണൂർ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണു പരാതി. വടക്കാഞ്ചേരി നഗരസഭ, അവണൂർ-മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിലാണു മെഡിക്കൽ കോളജ്. സ്കൂൾ, കോളജ്, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ താവളമാക്കിയ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവിടെത്തന്നെ തുറന്നുവിടുന്നതാണു പ്രശ്നമെന്നു പ്രദേശത്തുള്ളവർ പറഞ്ഞു.
District News
കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കോമേഴ്സ് വിഭാഗവും ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സും സംയുക്തമായി ഇന്ത്യ- യു.എസ് സാമ്പത്തിക സഹകരണവും വികസിത് ഭാരത് 2047 ലക്ഷ്യവും എന്ന വിഷയത്തിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിൽ കോമേഴ്സ് വിഭാഗം പ്രഫസർ എം. കനകരത്നം സ്വാഗതം പറഞ്ഞു. നെഹ്റു എഡ്യൂക്കേഷൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിൽ വിദഗ്ധർ ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.വി. വിജയകുമാർ സ്വാഗതവും കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ശോഭന നന്ദിയും പറഞ്ഞു.
District News
വടക്കഞ്ചേരി: മംഗലത്ത് കുടുംബശ്രീ സിഡിഎസിന്റെ ചെണ്ടുമല്ലി തോട്ടത്തിൽ പൂവസന്തം. പൂക്കളുടെ മനോഹാരിത കാണാനും ആസ്വദിക്കാനും നിരവധിയാളുകളാണ് എത്തുന്നത്.
കൂടുതൽ സംരഭങ്ങളുമായി
കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്ന ചിന്തയിലാണ് കുറഞ്ഞ കാലയളവിനുള്ളിൽ ആദായംകിട്ടുന്ന പൂകൃഷിയിലേക്ക് തിരിഞ്ഞതെന്നു കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. ഇതിന് പഞ്ചായത്തിന്റെ പൂർണപിന്തുണകൂടി ലഭിച്ചതോടെ പൂകൃഷി കളർഫുള്ളായി. ജൈവ രീതിയിൽ ഓണക്കനി നിറപ്പൊലിമ എന്ന പേരിലായിരുന്നു കൃഷി.
പൂക്കളുടെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. മഞ്ജുള, സിഡിഎസ് ചെയർപേഴ്സൺ രമ ജയൻ, പഞ്ചായത്ത് മെംബർ സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ്, പഞ്ചായത്ത് മെംബർ ഇസ്മയിൽ പങ്കെടുത്തു.
District News
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഉല്ലാസയാത്ര സംഘടിപ്പിച്ചു.
പഞ്ചായത്ത് അധ്യക്ഷ എം. ഷാനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ശ്രീനാഥ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എൽ. മണി, കെ.കെ. ഷെരീഫ്, പി.എച്ച്. ഹക്കീം എന്നിവർ പ്രസംഗിച്ചു.
ഉല്ലാസയാത്രയുടെ ഭാഗമായി നെന്മാറ പൊത്തുണ്ടി ഉദ്യാനം, കുട്ടികളുടെ പാർക്ക്, പെറ്റ്സ് പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ എസ്. ശ്രീനാഥ്, പഞ്ചായത്ത് അംഗങ്ങളായ കെ. മല്ലിക, എം. പ്രിയ, സി.ഡി.എസ്. അധ്യക്ഷ എൻ. ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകി.
District News
കല്ലടിക്കോട്: ദേശീയപാത മൈലന്പുള്ളിയിൽ ടോൾപ്ലാസയുടെ നിർമാണം പുനരാരംഭിച്ചതോടെ യാത്രികർ ആശങ്കയിൽ. ടോൾപ്ലാസയുടെ ഇരുഭാഗത്തും ഇന്റർലോക്ക് കട്ടകൾ വിരിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.
പൊതുവെ വീതികുറഞ്ഞ ഈ ഭാഗത്ത് ടോൾപ്ലാസ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കുറച്ചുകാലം പ്രവൃത്തികൾ നിർത്തിവച്ചിരുന്നത്.
വീതികുറഞ്ഞ ഈ ഭാഗത്ത് വാഹനങ്ങൾക്ക് ഒറ്റവരിയായി മാത്രമേ കടന്നുപോകാനാകുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. ടോൾ പിരിക്കാൻ തുടങ്ങിയാൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകാനും ഇതുകാരണമാക്കും.
ആംബുലൻസ് അടക്കമുള്ളവ കടന്നുപോകാൻ ഈ വരിയിൽ കാത്തുനിൽക്കേണ്ടിവരുമെന്നും പൊതുപ്രവർത്തകരും സൂചിപ്പിക്കുന്നു.