പരിസ്ഥിതിസൗഹൃദ ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനർ (സിആർടി) ഉപയോഗിച്ച് ഒട്ടുകശുമാവ് തൈകൾ.
തൃശൂർ: പരന്പരാഗത പ്ലാസ്റ്റിക് പോളിബാഗുകൾക്കു പകരമായി പരിസ്ഥിതിസൗഹൃദ ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനർ (സിആർടി) ഉപയോഗിച്ചുള്ള ഒട്ടുകശുമാവ് തൈകൾ ഉത്പാദിപ്പിക്കുന്ന സംവിധാനവുമായി മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം. കശുമാവ് ഒട്ടുതൈ ഉത്പാദനത്തിൽ ചകിരിനാര് റൂട്ട് ട്രെയിനർ സംവിധാനം വ്യാപകമായി സ്വീകരിക്കുന്നതിലൂടെ പ്ലാസ്റ്റിക് പോളിബാഗുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
പുതിയ രീതിയിൽ 150 സിസി കൊയർ ഫൈബർ റൂട്ട് ട്രെയിനറിലാണു കശുമാവ് തൈകൾ വളർത്തുന്നത്. രണ്ടുമാസം പ്രായമാകുന്പോൾ ഗ്രാഫ്റ്റിംഗ് നടത്തുന്നു. കേരള കാർഷിക സർവകലാശാല, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണു ചകരിനാര് കൊണ്ടുള്ള റൂട്ട് ട്രെയിനറുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത വിജയകരമായി കണ്ടത്. മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രത്തിലാണു പരീക്ഷണം നടന്നത്.
പ്ലാസ്റ്റിക് ഉപയോഗവും മാലിന്യവും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കശുമാവ് ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാറാണി പറഞ്ഞു. നൂറിലധികം വനസസ്യഇനങ്ങളിൽ ചകിരിനാരു കൊണ്ടുള്ള റൂട്ട് ട്രെയിനറുകളുടെ പ്രവർത്തനക്ഷമത കെഎഫ്ആർഐ പഠിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും വനഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജനപാൽ വ്യക്തമാക്കി.
ഗെയ്ൽ ഇന്ത്യ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ചകിരിനാര് റൂട്ട് ട്രെയിനർ ഉത്പാദനം പുരോഗമിക്കുകയാണെന്ന്, ഈ ആശയം വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന റിട്ട. ഐഎഫ്എസ് ഉദ്യാഗസ്ഥൻ ഷെയ്ഖ് ഹൈദർ ഹുസൈൻ പറയുന്നു.
Tags : NattuVishesham DistricteNews