Kerala
പാലക്കാട്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട്ട് വൻ ലഹരിമരുന്നു ശേഖരം പിടികൂടി.
ഒലവക്കോട് ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസറുദീൻ (30), കർണാടക ദക്ഷിണകന്നഡ സ്വദേശി ബീഫാത്തിമ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു കിലോഗ്രാം എംഡിഎംഎയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇവരെ ഒലവക്കോട് ജംഗ്ഷനിൽ പോലീസ്വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. പുലർച്ചെ രണ്ടിന് ആരംഭിച്ച വിശദമായ പരിശോധന മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു.
പുലർച്ചെ അഞ്ചോടെ കാറിന്റെ ഡീസൽ ടാങ്കിനു സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണു ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
Kerala
പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎയുൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കൾ കടത്തിയത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നിൽ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Kerala
പാലക്കാട്: പാലക്കാട് വേലന്താവളത്ത് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വേലന്താവളം ചെക്ക്പോസ്റ്റിലാണ് സംഭവം. ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അതിനുള്ളിലാണ് പണം കടത്താൻ ശ്രമിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. എക്സൈസ് സംഘം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശികളായ ഉണ്ണിക്കൃഷ്ണന്റെയും ചിത്രയുടെയും മകൾ അശ്വിനിയാണ് (13) മരിച്ചത്.
ചിറ്റൂര്‍ ഗവണ്മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്.
പനി ബാധിച്ചതിനെ തുടർന്ന് വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കൂടുതലായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മരണം.
Kerala
പാലക്കാട്: പാലക്കാട് പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തെ അറിയിച്ചു. 2019ല്‍ സുധാകരന്റെ ഭാര്യ സജിത കൊല്ലപ്പെട്ടത്. സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരിയിലായിരുന്നു സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ തിരഞ്ഞെ ശേഷമായിരുന്നു പോലീസിന് കണ്ടെത്താനായത്.
Kerala
പാലക്കാട്: നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പോത്തുണ്ടിയുടെ അടുത്ത് വച്ചാണ് പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്.
നെല്ലിയാമ്പതി ഓറഞ്ച് ഫാമിലി ജീവനക്കാരനായ സ്വാമിയുടെ ഭാര്യ പുലയൻപാറ സ്വദേശിനി ജയന്തി (55) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
പാലക്കാട്: തിരുവേഗപ്പുറയിൽ ലോറിയും കാറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയിലും തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ഉടൻതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ കൊപ്പം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയൂബ്(58) ആണ് പിടിയിലായത്. യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
പാലക്കാട് സ്വദേശിയായ പരാതിക്കാരനിൽ നിന്ന് പ്രതി 1,22,600 രൂപയാണ് തട്ടിയെടുത്തത്. അയൂബ് പരാതിക്കാരന് വ്യാജ ഓഫര്‍ ലെറ്റര്‍, വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ നല്‍കിയാണ് പണം കൈക്കലാക്കിയതെന്ന് പോലീസ് പറയുന്നു.
വാട്സ്ആപ് പ്രൊഫൈലിൽ പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും ഉപയോഗിച്ചിരുന്നു. പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി പാലക്കാട് ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പരാതിക്കാരനില്‍ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് അയൂബ് സ്വീകരിച്ചത്.
Kerala
പാലക്കാട്: ചിറ്റൂരിൽ പതിനാലുവയസുകാരനായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് ജില്ലാ സെഷന്‍സ് കോടതി കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്നമാണ് പ്രസ്താവന മാറ്റിവയ്ക്കാൻ കാരണം.
വിധി പ്രസ്താവന മാറ്റിവച്ചതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ഇന്ന് കോടതിയിലെത്തില്ല. 2025 ജനുവരി 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്.
Kerala
പാലക്കാട്: പാലക്കാട് തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. വിളയൂർ കൂരാച്ചിപടി സ്വദേശി ബാബു ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തയ്യൽക്കടയിലെത്തുന്ന ആവശ്യക്കാർക്ക് കൈമാറാനായി ഇയാൾ തുണികൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നത്. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്ക് നേരെ ആക്രമണം. വനിത പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. പ്രതികളുടെ ആക്രമണത്തിൽ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.
ജിജീഷും സംഘവുമെത്തിയ കാർ തടഞ്ഞ പോലീസ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പറം വെളുത്തൂർതൊടിയിൽ അഷ്റഫ് (42) ആണ് മരിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. അഷ്റഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഡ്രൈവർ മദ്യപിച്ച് അപകടം ഉണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ഇവരിൽ നിന്ന് പത്ത് പോര് കോഴികളെയും പോലീസ് പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ടോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി, മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമൽപേട്ട് സ്വദേശി ശെന്തിൽ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് സമാനരീതിയിൽ കോഴിപ്പോര് പിടികൂടിയിരുന്നു. പ്രതികളിൽ നിന്ന് പോര് കോഴികളെ കൂടാതെ 6,020 രൂപയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട് ജില്ലകളിൽ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്ടും മലപ്പുറത്തും സീറ്റ് ക്ഷാമമുണ്ട്. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് വിദ്യാർഥി ചാരായം സ്കൂളിലേക്ക് കൊണ്ടുവന്ന സംഭവം നടക്കാൻ പാടില്ലാത്തതാണ്. വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചീത്ത പറഞ്ഞും, ശിക്ഷിച്ചും വിദ്യാർഥികളെ തിരുത്താൻ കഴിയില്ല.
അധ്യാപകർക്ക് വിദ്യാർഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ അത് ദുരുപയോഗം ചെയ്തേക്കും. അതിനാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ഇതിന്റെ ജാള്യത മറക്കാനാണ് അവർ സമരം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: സംസ്ഥാനത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ 77കാരനാണ് മരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്.
അതേസമയം 70 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ജൂണിൽ ഇതുവരെ 1,630 പകർച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
പാലക്കാട്: ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആനിക്കോട് സ്വദേശി സതീശ് കുമാറിനാണ് പരിക്കേറ്റത്.
പുറംഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതി രമേശ് കോയന്പത്തൂരിൽ പിടിയിലായി.
പാലക്കാട് മാത്തൂരിലാണ് ഞായറാഴ്ചയാണ് സംഭവം. അസുഖബാധിതനായ സുഹൃത്ത് രതീഷിനെ സന്ദർശിക്കാൻ അയൽവീട്ടിലേക്ക് പോയതാണ് സതീശ്. ഇവിടെവച്ച് രതീഷിന്റെ സഹോദരനായ രമേശ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
നേരത്തേ രമേശ് സഹോദരനെ മർദിച്ച വിവരം സതീശ് പോലീസിൽ അറിയിച്ചിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിനെത്തിയ യുവതിക്കും ഭർത്താവിനും 5,000 രൂപ പിഴ. ആലത്തൂർ സബ് ആർടിഒ ആണ് പിഴ ചുമത്തിയത്. മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ലൈസൻസില്ലാതെ വാഹനം ഓടിച്ചുവന്നതിനാണ് പിഴ.
ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനുമാണ് പിഴ ചുമത്തിയത്. പരീക്ഷാ കേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.
തുടർന്ന് പരീക്ഷയ്ക്ക് എത്തിയപ്പോൾ യുവതിയോട് വാഹനമോടിച്ച് വന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.
Kerala
പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടിൽ സ്വദേശി അബൂബക്കർ സിദ്ധിക്ക് (33) ആണ് മരിച്ചത്. ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വച്ച് ആയിരുന്നു അപകടം. ജെസിബി വൃത്തിയാക്കുന്നതിനിടെ മോട്ടോറിൽ നിന്ന് അബൂബക്കറിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പളശേരി മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: മുണ്ടൂരിൽ മഴയിൽ ട്രക്ക് റോഡിൽ നിന്നും തെന്നിമാറി അപകടം. ട്രക്ക് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തെത്തുടർന്ന് പാലക്കാട്-ചേർപ്പുളശേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 05:45ഓടെയാണ് അപകടം നടന്നത്.
ട്രക്ക് റോഡിന് കുറകെ കിടക്കുന്ന അവസ്ഥയിലാണ്. വാഹനം റോഡിൽ നിന്നും മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
Kerala
പാലക്കാട്: ജില്ലയിൽ രണ്ടുപേർക്കു കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) തിരുത്തി.
വയറിളക്കവും ഛർദ്ദിയും അടക്കമുള്ള ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേർക്കു കോളറ സംശയിച്ചിരുന്നെങ്കിലും ഇരുവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ഡിഎംഒ വ്യക്തമാക്കി.
ഇതിനെതുടർന്ന് ആരോഗ്യവകുപ്പ് ‘കോളറ സ്ഥിരീകരിച്ചു’ എന്ന വിവരം തിരുത്തി ‘കോളറ സംശയം’ എന്നാക്കി.
Movies
പാലക്കാട് എംഎൽഎ ഓഫീസ് തുറന്ന് രമേഷ് പിഷാരടി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് ഓഫീസ് ഉദ്ഘാടനം ചെയതത്. രമേഷ് പിഷാരടിയുടെ ഭാര്യ സൗമ്യ, മക്കളായ പൗർണമി, ഗിരിധർ, ഗോവർധൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഓഫിസ് ഉദ്ഘാടത്തിനു മുറിക്കാനുള്ള കത്രികയടക്കം എല്ലാ തയാറെടുപ്പുകളും നടത്തിയത് ഗിരിധറും ഗോവർദ്ധനും ചേർന്നായിരുന്നു. ചെറിയ പിഷാരടി മുന്നോട്ട് നിൽക്കൂവെന്ന് ശ്രീകണ്ഠൻ പറഞ്ഞത് എല്ലാവരിലും ചിരി പടർത്തി.
111 ദിവസത്തിനുള്ളിൽ 111 വികസന പദ്ധതികൾ പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ രമേഷ് പിഷാരടി എംഎൽഎയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു.
മുൻ എംഎൽഎമാർ തുടങ്ങിവച്ചതും, പുതുതായി തുടങ്ങുന്നതും സാങ്കേതികത്വത്തിൽ കിടക്കുന്നതും ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ 111 പദ്ധതികളാണ് പൂർത്തിയാക്കുകയെന്ന് രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനായി ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം.
അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ കലാ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമാണ് രമേഷ് പിഷാരടി. സലിം കുമാറിന്റെ 'കൊച്ചിൻ സ്റ്റാലിയൻസ്' എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.
പിന്നീട് ധർമ്മജൻ ബോൾഗാട്ടിക്കൊപ്പം ചേർന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പിഷാരടി, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടെലിവിഷൻ രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറി.
2008-ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിൽ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 'പഞ്ചവർണ്ണതത്ത', 'ഗാനഗന്ധർവ്വൻ' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും തന്റെ പ്രതിഭ തെളിയിച്ചു.
Kerala
പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന സിബിഐയുടെ കണ്ടെത്തലിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കൊല്ലങ്കോട് 12കാരിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് കൈമാറിയത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് കോടതി റിപ്പോർട്ട് തേടുകയായിരുന്നു. വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐയോട് കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പാർട്ടി വിശദമായി വിലയിരുത്തുന്നത്.
ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻമന്ത്രി എം.ബി. രാജേഷിനും കെ. ശാന്തകുമാരിക്കും എതിരേ കടുത്ത വിമർശനം ഉയർന്നു. ഇരു നേതാക്കളുടെയും പ്രവർത്തനശൈലിയും ജനങ്ങളുമായുള്ള അകൽച്ചയും തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ പരാജയത്തിനു പ്രധാന കാരണങ്ങളായെന്നാണ് വിലയിരുത്തൽ. എംഎൽഎമാരായിരുന്നിട്ടും ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
പാലക്കാട് മണ്ഡലത്തിൽ ഉണ്ടായ വോട്ടുചോർച്ചയെ ജില്ലാ കമ്മിറ്റി ഗൗരവവിഷയമായാണ് കണ്ടത്. പാർട്ടിയുടെ സ്വാധീനമേഖലകളിൽപോലും തിരിച്ചടി നേരിട്ടു. മണ്ഡലത്തിലെ പാർട്ടിപ്രവർത്തനം നിർജീവമായതും എതിരാളികൾക്കു രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ അവസരമൊരുക്കിയതുമാണ് തിരിച്ചടിക്കു കാരണമായത്.
ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധിയും ഇടതുമുന്നണിക്കെതിരായ ജനവികാരം ശക്തമാക്കാൻ ഇടയാക്കിയ ഘടകങ്ങളിലൊന്നായിരുന്നുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനപരമായ പരാമർശങ്ങളുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിൽ കുറവുണ്ടെന്ന പരാതികൾ വ്യാപകമായി ഉയർന്നതായും ചില നേതാക്കളുടെ ആഡംബര ജീവിതശൈലി പൊതുസമൂഹത്തിൽ പ്രതികൂലധാരണ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളും പ്രകടനപത്രികയും ജനങ്ങളെ ആകർഷിക്കുന്നതിനു പര്യാപ്തമായില്ല. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാപ്രവർത്തനം സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എസ്. സലീഖ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പുഫലം വിശദമായി ചർച്ച ചെയ്തത്. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ സംഘടനാപരവും രാഷ്ട്രീയവുമായ തിരുത്തലുകൾ നടപ്പാക്കേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.
Kerala
പാലക്കാട്: പാലക്കാട് ജില്ലാ ജയിലിനുള്ളിൽ വച്ച് അഭിഭാഷകയ്ക്ക് മർദനമേറ്റതായി പരാതി. ജാമ്യം കിട്ടിയ കക്ഷിയെ ജയിലിൽ നിന്നിറക്കാൻ എത്തിയ അഭിഭാഷക മായ മയൂരിക്ക് ആണ് മർദനമേറ്റതായി പരാതിയുള്ളത്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിലെ സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന കേസിൽ ജാമ്യം നേടിയ ശ്രുതിയെ പുറത്തിറക്കാനാണ് മായ ജയിലിലെത്തിയത്. ഈ സമയം ശ്രുതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ജയിൽ വളപ്പിൽ ഉണ്ടായിരുന്നു.
ശ്രുതി വീട്ടിലേക്ക് മടങ്ങിവരണമെന്ന് അമ്മ ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് നിരസിച്ചതോടെ കൈയാങ്കളിയായി. തടയാൻ ചെന്ന അഭിഭാഷകയെ മർദിച്ചു എന്നാണ് പരാതി. സന്ദർശകർക്ക് പ്രവേശിക്കാനുള്ള സമയം പിന്നിട്ടിട്ടും നിയമവിരുദ്ധമായി ജയിൽ വളപ്പിനുള്ളിൽ കയറി മർദിച്ചുവെന്നും ജയിൽ അധികൃതർ നോക്കി നിന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മലമ്പുഴ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാലക്കാടിന് അപമാനം എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കഴിഞ്ഞ ദിവസം പ്രശോഭിന്റെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്സി/എസ്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
Kerala
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്. കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
വിനോദിനിക്ക് സർക്കാർ ജോലി നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന് ശിപാർശ നൽകി. അതേസമയം കുട്ടിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2025 സെപ്റ്റംബര്‍ 24ന് ആയിരുന്നു പല്ലശന സ്വദേശിനി വിനോദിനിയെ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്ക്ക് പ്രാഥമിക ചികിത്സ നല്കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. തുടർന്ന് കുട്ടിയുടെ കൈയ്ക്ക് അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
ഇതേ തുടർന്ന് സെപ്റ്റംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.
Viral
പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു ഫിറ്റ്നസ് സെന്റർ തങ്ങളുടെ പ്രവർത്തന ശൈലിയിൽ വരുത്താൻ പോകുന്ന പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമൂഹിക മാധ്യമ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വരും ദിവസങ്ങളിൽ ജിമ്മിന്റെ പ്രവർത്തനം പൂർണമായും ഇസ്ലാമിക തത്വങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് ഇതിന്റെ ഉടമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളത്. ഈ പുതിയ മാറ്റത്തെ 'ഇസ്ലാം ഫ്രണ്ട്ലി' ശൈലി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
പുതിയ തീരുമാനപ്രകാരം ഈ ഫിറ്റ്നസ് സെന്ററിനുള്ളിൽ വർക്കൗട്ട് സമയങ്ങളിൽ പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കപ്പെടും. കൂടാതെ, ഇസ്ലാമിക നിയമങ്ങൾ അനുശാസിക്കുന്ന തരത്തിൽ ശരീരഭാഗങ്ങൾ മറച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതി അംഗങ്ങൾ പിന്തുടരേണ്ടതുണ്ട്.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വ്യായാമം ചെയ്യുന്ന രീതി അവസാനിപ്പിച്ച് ഇരുവിഭാഗത്തിനും വെവ്വേറെ സമയക്രമം ഏർപ്പെടുത്തുമെന്നും, വനിതാ അംഗങ്ങൾ ഹിജാബ് ഉൾപ്പെടെയുള്ള മാന്യമായ വസ്ത്രങ്ങൾ ധരിക്കണമെന്നും ഉടമ വ്യക്തമാക്കുന്നു.
എന്നാൽ, ഇത്തരം നിയമങ്ങൾ നിലനിൽക്കുമ്പോഴും ഈ സ്ഥാപനം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ജിമ്മിന്റെ പുതിയ നിയമങ്ങൾ പാലിക്കാൻ തയ്യാറുള്ള ഇതര മതസ്ഥരായ പൊതുജനങ്ങൾക്കും ഇവിടെ വന്ന് വ്യായാമം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.
ഈ പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ സംരംഭകന് രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമായിക്കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് ബിസിനസ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു.
പ്രത്യേക ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഇത്തരം ഇടങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, പൊതുസമൂഹത്തിൽ ലിംഗവിവേചനവും ഒരു പ്രത്യേക തരത്തിലുള്ള സാമൂഹിക വേർതിരിവും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന്റെ മതേതര-പുരോഗമന അന്തരീക്ഷത്തിന് ഇത്തരം യാഥാസ്ഥിതിക ചിന്താഗതികൾ വെല്ലുവിളിയാണെന്ന തരത്തിലുള്ള കടുത്ത ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഏതായാലും, സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ മതപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ സംഭവം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
Kerala
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒറ്റപ്പാലം സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഫേസ്ബുക്കിലൂടെ ആയിരുന്നു അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.
സമൂഹത്തിൽ ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Kerala
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയായ പ്രശോഭ് ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ജനപ്രതിനിധിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Kerala
പാലക്കാട്: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്ലേക്കാട് ചൈതന്യ സ്പെഷൽ സ്കൂളിൽ വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു. പെയ്ഡ് (പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിഫറന്റ് ഏബിൾഡ്) സംഘടനയുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
സ്പെഷൽ സ്കൂളിൽ പഠിച്ച് പരിശീലനം നേടുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന നിരാമയ ഇൻഷ്വറൻസ് കവറേജ് ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തുന്നതിനും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കു സൗജന്യ വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി 35 വയസായി വർധിപ്പിക്കുന്നതും പ്രയത്നിക്കുമെന്ന് എംപി പറഞ്ഞു.
പാലക്കാട് ജില്ലയിലെ പകുതിയിലധികം ഗ്രാമപഞ്ചായത്തുകകളും നഗരസഭകളും ഈ വർഷം ഈ കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ് തുക പൂർണമായി നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എംപി അറിയിച്ചു.
പെയ്ഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ബോബി പൂവത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോമി ജോർജ്, ചൈതന്യ സ്കൂൾ പ്രിൻസിപ്പൽ ടി. രതി, ഭാഗ്യലക്ഷ്മി, പിടിഎ പ്രസിഡന്റ് കല, അനിൽകുമാർ, ഹരിഹര കൃഷ്ണൻ, ശാന്തകുമാരി, ജില്ലാ സെക്രട്ടറി കെ.പി. എലിയാസ് എന്നിവർ പ്രസംഗിച്ചു.
Kerala
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Kerala
പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴിയായി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കി. പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിമാനത്താവളം വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പാലക്കാട്: ചന്ദ്രനഗറിൽ പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഡ്രൈവർമാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോയന്പത്തൂർ തൃശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. ലോറിയിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോയന്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ടോറസ്. കോയന്പത്തൂർ ഭാഗത്ത് നിന്ന് വരുകയായിരുന്നു പാഴ്സൽ ലോറി. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.
Kerala
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Kerala
പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മൈലുംപുറത്താണ് സംഭവം. മൈലുംപുറം സ്വദേശിനി പത്മജയ്ക്കും നാല് ബന്ധുക്കൾക്കുമാണ് കുത്തേറ്റത്.
സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ അനിൽ കുമാർ ആക്രമിക്കുകയായിരുന്നു. സംഭവസമയം പത്മജ വീടിനകത്തായിരുന്നു.
ആയുധവുമായെത്തിയ അനിൽ കുമാർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
ഇതേ തുടർന്ന് പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ല. അനിൽകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാലറ്റുപോയി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാലാണ് അറ്റുപോയത്.
ഏറെനേരത്തെ തെരച്ചിലിനുശേഷമാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തിയത്. രാത്രി ഏഴേമുക്കാലോടെ ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണു അപകടം.
അപകടത്തിൽ സിദ്ധീഖിന്റെ ഇടതുകാലിനും പരിക്കുണ്ട്. അപകടം നടന്ന ഉടൻ തന്നെ റെയിൽവേ പോലീസും മറ്റ് യാത്രക്കാരും ചേർന്ന് സിദ്ധീഖിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായ യുവാവ് ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലുംപുറത്ത് ബുധനാഴ്ചയാണ് സംഭവം.
കുടുംബ വീട്ടിലെ സർപ്പകാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് അനിൽ കുമാറിന്റെ ഭാര്യ പത്മജ സ്വന്തം വീട്ടിൽ പോയത്. പത്മജ വീട്ടിൽ പോകുന്നത് അനിൽ കുമാറിന് ഇഷ്ടമില്ലായിരുന്നു.
അനിൽ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടിൽ പോയത്. പരിപാടി നടക്കുന്നതിനിടെ അനിൽ കുമാർ ആയുധവുമായി വീട്ടിലെത്തി. ഈ സമയം പത്മജ വസ്ത്രം മാറാൻ വീട്ടിലെ മുറിയിലേക്ക് പോയിരുന്നു.
വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച സച്ചിനെയും അനിൽ കുമാർ ആക്രമിച്ചു. സംഭവത്തിൽ ഇടപെട്ട ചെറിയച്ഛൻ മോഹൻ കുമാറിന്റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനിൽ കുമാർ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനിൽ കുമാർ ആക്രമിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ രാസലഹരി വേട്ട. 538 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജ് ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. എംഡിഎംഎ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി എക്സൈസിന് മൊഴി നൽകി.
വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതാണ് പിടിച്ചെടുത്ത എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ആദ്യമായാണ് എക്സൈസിന്റെ വലയിൽപ്പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഈ വർഷം എക്സൈസ് പിടിച്ചെടുത്ത ഏറ്റവും ഉയർന്ന അളവിലുള്ള രാസലഹരി കേസാണിത്.
Kerala
പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. പാലക്കാട് എരിമയൂരിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകട സമയം ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖിൽ(18) ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ബിഹാറിൽ നിന്ന് ട്രെയിൻമാറിക്കയറി പാലക്കാട്ടെത്തിയ സഹോദരിമാർക്ക് തുണയായി റെയിൽവേ പോലീസ്. പതിനേഴും പതിനെട്ടും വയസുള്ള പെൺകുട്ടികളാണ് വഴിതെറ്റി പാലക്കാട്ടെത്തിയത്. ഡൽഹി കാണാനാണ് ഇവർ ബിഹാറിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ യാത്രയ്ക്കിടെ ഇവർക്ക് ട്രെയിൻ മാറിപ്പോകുകയായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് തങ്ങൾക്ക് സംഭവിച്ച വലിയ അമളി ഇവർ പോലീസിനോട് വെളിപ്പെടുത്തിയത്.
പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. നിലവിൽ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടുകാർ എത്തിയ ശേഷം കുട്ടികളെ അവർക്കൊപ്പം വിട്ടയക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു.
കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ തീരുമാനിച്ചത്.
പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, അബ്ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം. മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ വാർത്തയായിരുന്നു.
Kerala
പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.
ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Kerala
പാലക്കാട്: തച്ചമ്പാറ മുതുകുറിശിയില് 55 വയസുകാരന് സൂര്യാതപമേറ്റു മുതുകുറിശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്.
മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
കൊല്ലത്ത് 10 വസുകാരന് സൂര്യാഘാതമേറ്റിരുന്നു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്.
ദേവാനന്ദിന്റെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്.
തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. തിരികെ കൊണ്ടുപോകാന്‍ ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
Kerala
പാലക്കാട്: പാലക്കാട് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യാഘാതമേറ്റത്.
ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
അതേസമയം, ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്.
തടിപ്പണിക്കിടെയാണ് സംഭവം. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില് ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
പാലക്കാട്: പാലക്കാട് ഊഞ്ഞാൽ ആടുന്നതിനിടെ 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ബനിയൻ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ആണ് അപകടം നടന്നത്. വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടിൽ കുട്ടി ഒറ്റയ്ക്കായിരുന്നു.
Kerala
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് ഒരു യുവതി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശിയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ എത്തിയപ്പോൾ ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറുകയായിരുന്നു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
പാലക്കാട്: വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്നു തുറക്കില്ല. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, ഇതു വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.
തുറക്കാൻ തീരുമാനിച്ചത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. നിലവിൽ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമേ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ പാലക്കാട് മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലാണ് തകർന്നത്.
കോടതിപ്പടിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചില്ല് തെറിച്ചു വീണ് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ചൂട് തുടരുന്നതിനിടെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് പലയിടത്തും നിലനിൽക്കുന്നത്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: രൂക്ഷമായ വേനൽച്ചൂടിൽ ചുട്ടുപൊള്ളി കേരളം. പാലക്കാട് ജില്ലയിൽ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
പാലക്കാട് മാത്രമല്ല മിക്ക ജില്ലകളിലും പകൽച്ചൂട് പിടിവിട്ട് കുതിക്കുകയാണ്. ശരാശരി പകൽ താപനില പലയിടത്തും 36 ഡിഗ്രി സെൽഷ സിനോടടുക്കുകയാണ്. എങ്കിലും അനുഭവപ്പെടുന്നത് 50 ഡിഗ്രി സെൽഷസ് ചൂടാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർന്നതോടെയാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷസ് വരെ ആയി ഉയർന്നത്.
അടുത്ത രണ്ടു ദിവസം വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്ത് ചൂടു കൂടാനുള്ള പ്രധാന കാരണം. അൾട്രാ വയലറ്റ് രശ്മിയുടെ തോത് ഉയരുന്നതും വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും താപനില ക്രമാതീതമായി കുതിക്കാനുള്ള മറ്റു കാരണങ്ങളാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Movies
പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.
പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്.
പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്റെ ഗുണം കിട്ടും.
ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഒരോ കാര്യങ്ങളും ഓരോ ചാനലിന്റെ എബ്ലം വച്ച് പ്രചരിപ്പിച്ചു.
പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു.
ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്റെ പോസ്റ്ററുകളും ഫ്ലക്സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.
ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ലിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത് എന്ന് രമേശ് പിഷാരടി പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. പണം നൽകിയ സ്ത്രീ ശോഭയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.
വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നും, പണം കൈമാറിയത് ബിജെപി പ്രവർത്തകയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോ പുറത്തുവിട്ടത്.
കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടു.
ആരോപണത്തിന് പിന്നിൽ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ബിജെപി പരാജയം സമ്മതിച്ചു. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല.
പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണം. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യം ഭരിക്കുന്ന ഒരു പാർട്ടി ജനങ്ങൾക്കും ജനാധിപത്യത്തിനും പുല്ല് വില കൽപ്പിക്കുകയാണ്.
മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർഥി തന്നെ വോട്ടർമാർക്ക് പണം നൽകിയത്. ഇതുകൊണ്ട് പാലക്കാടിനെ പിടിക്കാനാവുമെന്ന് കരുതുന്നത് വ്യാമോഹമാണ്.നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ്. പാലക്കാട് മാറില്ലെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപി സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു.
കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വി.ഡി.സതീശൻ പറഞ്ഞു. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: ചിക്കമംഗളൂരുവിൽ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിയുമായ ശ്രീനന്ദയെ (14) ആണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. ശ്രീനന്ദയുടെ കുടുംബം ഉൾപ്പെടെ പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘമാണ് ചിക്കമംഗളൂരുവിലെത്തിയത്. ചന്ദ്രഗിരി മലയ്ക്ക് മുകളിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് നിന്ന് പ്രത്യേക അന്വേഷണ സംഘം ഡ്രോണുകൾ ഉൾപ്പെടെ എത്തിച്ച് രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.