പാലക്കാട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തവണം മാറ്റത്തിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഇത്തവണന കേരളത്തിൽ ബിജെപി അല്ലെങ്കിൽ എൻഡിഎ എന്നാണ് ഇവിടുത്തെ സ്ത്രീകളും യുവാക്കളും കർഷകരും അടങ്ങിയ ആളുകൾ പുറയുന്നത്. പതിറ്റാണ്ടുകളായി കേരളം എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികൾ മാറിമാറി ഭരിച്ചു. ഒരു മുന്നണി അഴിമിതക്കാരെങ്കിൽ അടുത്ത മുന്നണി കൊടും അഴിമതിക്കാരാണ്. എൽഡിഎഫ് അധികാരത്തിലിരുന്ന് കീശ വീർപ്പിച്ചതിന് ശേഷം പിന്നെ അധികാരം യുഡിഎഫിന് കൈമാറും. ഇവർക്കിടയിൽ പതിറ്റാണ്ടുകളായി ഇതായിരുന്നു ധാരണയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുന്പോൾ കോൺഗ്രസുകാർ ആരോപിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ബിജെപിയുടെ ബി ടീമാണെന്നാണ്. ഇതിലൂടെ ഇരു മുന്നണികളും പറയാതെ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് എ ടീം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ഇത്തവണ അധികാരത്തിൽ വരികയാണെങ്കിൽ ഇരു മുന്നണികളുടെും അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിഭയെയും വിഭവങ്ങളെയും പ്രയോജനപ്പെടുത്താന് ഇവിടുത്തെ മുന്നണികൾത്ത് കഴിഞ്ഞിട്ടില്ല. എന്നാൽ എൻഡിഎ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാലക്കാട് 22 വർഷം എൽഡിഎഫ് എംഎൽഎയും അഞ്ച് വർഷത്തോളം കോൺഗ്രസ് എംഎൽയുമാണ് ഭരിച്ചത്. എന്നാൽ ബിജെപി കേന്ദ്രത്തിൽ എത്തിയതിന് ശേഷം മാത്രമാണ് പാലക്കാടിന് കേരളത്തിലെ ആദ്യത്തെ ഐഐടി, സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി എന്നിവ ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Tags : Modi Prime Minister Palakkad Latest News