കൊടുംചൂടിൽ വെന്തുരുകുകയാണ് ഈ വേനൽക്കാലം. ഈ അമിതമായ ചൂട് മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായ പാമ്പുകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
ചൂടേറുന്നതോടെ കൂടുതൽ അസ്വസ്ഥരും ആക്രമണോത്സുകരും ആകുന്ന ഇവ തണലും തണുപ്പും തേടി മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നു. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പാമ്പുകളുടെ സാന്നിധ്യവും പാമ്പുകടി സംഭവങ്ങളും ആശങ്കാജനകമാം വിധം വർധിക്കുന്നതായി ഒട്ടേറെ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരൊറ്റ കടിയിൽ പാമ്പുവിഷം ശരീരത്തിൽ പ്രവേശിക്കുന്നതോടെ അത് നേരെ പോകുന്നത് നിർണായകമായ ശാരീരിക പ്രവർത്തനങ്ങളിലേക്കാണ്, പിന്നീട് ഇത് മരണത്തിനു വരെ കാരണമാകുന്നു.
ഇങ്ങനെ നിമിഷങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കാൻ ശേഷിയുള്ള ഈ ജീവികളിൽ ഏറ്റവും വിഷമുള്ളവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
സോ-സ്കെയിൽഡ് വൈപ്പർ
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ അപഹരിക്കുന്ന പാമ്പാണ് സോ-സ്കെയിൽഡ് വൈപ്പർ. ജീവനു ഭീഷണി നേരിടുമ്പോൾ ശരീരം ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ഇവയെ "സോ-സ്കെയിൽഡ്' എന്ന് വിളിക്കുന്നത്.
മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഈ പാമ്പ് ലോകമെമ്പാടുമുള്ള പാമ്പുകടി മരണങ്ങളിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതായി ഡബ്ല്യുഎച്ച്ഒ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഇന്ത്യൻ സോ-സ്കെയിൽഡ് വൈപ്പർ' അഥവാ ചുരുട്ടയണലി ഇവയുടെ ഒരു പ്രത്യേക ഉപജാതിയാണ്, ഇന്ത്യയിൽ പാമ്പുകടിയേറ്റ മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്ന നാല് പാമ്പുകളെയാണ് ബിഗ് ഫോർ എന്ന് വിളിക്കുന്നത്, അതിൽ ഇവയും ഉൾപ്പെടുന്നു.
വലിപ്പത്തിൽ ചെറുതാണെങ്കിലും ഇവയുടെ വിഷം രക്തം കട്ടപിടിക്കാനുള്ള ശേഷി തകർക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യുന്നു.
ടൈഗർ സ്നേക്ക്
ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഓസ്ട്രേലിയയിലെ ടൈഗർ സ്നേക്ക്. ഒരൊറ്റ കടിയിൽ ന്യൂറോടോക്സിൻ, കോആഗുലന്റ്, മയോടോക്സിൻ എന്നിങ്ങനെ മൂന്ന് തരം വിഷങ്ങളുടെ മാരക സംയോജനം ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു.
നാഡീവ്യൂഹം തകരാറിലാക്കി രക്തം കട്ടപിടിക്കാനുള്ള ശേഷി നശിപ്പിച്ച് പേശികളെ അകത്തുനിന്ന് ഭേദിക്കുന്ന ഈ വിഷമിശ്രിതം ആന്റിവെനം ഇല്ലാതെ ചികിത്സിക്കുക ഏതാണ്ട് അസാധ്യമാണ്.
ആന്റിവെനം കണ്ടെത്തുന്നതിന് മുമ്പ് കടിയേറ്റവരിൽ 40 - 60 ശതമാനം പേർ മരണമടഞ്ഞിരുന്നതായി ഓസ്ട്രേലിയൻ വെനം റിസേർച്ച് യൂണിറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോസ്റ്റൽ തായ്പ്പൻ
ഓസ്ട്രേലിയ തന്നെ മറ്റൊരു മാരക ജീവിക്കും കൂടി ആവാസഭൂമിയാണ്, കോസ്റ്റൽ തായ്പ്പൻ. ഓസ്ട്രേലിയയുടെ വടക്കൻ, കിഴക്കൻ തീരപ്രദേശങ്ങളിലും ന്യൂ ഗിനിയയിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. ഇവയുടെ വിഷം നാഡീവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. ഇത് വളരെ വേഗതയുള്ളതും പ്രകോപിപ്പിക്കപ്പെട്ടാൽ തുടർച്ചയായി പലതവണ കടിക്കാൻ മടിക്കാത്തതുമായ പാമ്പാണ്.
ബ്ലാക്ക് മാംബ
എന്നാൽ വേഗതയുടെ കാര്യം വരുമ്പോൾ ലോകം മുഴുവൻ ഭയക്കുന്ന പേരാണ് ബ്ലാക്ക് മാംബ. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും വേഗമേറിയ കരപ്പാമ്പാണ്. ആഫ്രിക്കയുടെ പേടിസ്വപ്നമായ ഈ ജീവിയുടെ വായ തുറക്കുമ്പോൾ ഉൾഭാഗം മഷി പോലെ കറുത്തിരിക്കുന്നതിനാലാണ് ഇവയ്ക്ക് 'ബ്ലാക്ക് മാംബ' എന്ന് പേര് ലഭിച്ചത്.
ഒരു കടിയിൽ ഒന്നിലധികം തവണ ആക്രമിക്കുന്ന ശീലമുള്ള ഇതിന്റെ ന്യൂറോടോക്സിൻ ഇരയുടെ ശ്വസനവ്യൂഹത്തെ പൂർണ്ണമായും നിശ്ചലമാക്കുന്നു, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. antivenom ലഭിക്കാതെ വന്നാൽ മരണനിരക്ക് ഏതാണ്ട് 100% ആണെന്ന് African Snakebite Institute വ്യക്തമാക്കുന്നു.
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
ഓസ്ട്രേലിയയിലേക്ക് തിരിച്ചുവന്നാൽ, ആ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവൻ അപഹരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്. ഇവയുടെ വിഷം വൃക്കകളുടെ പ്രവർത്തനത്തെയും ഹൃദയത്തെയും ബാധിക്കുന്നു.
അതിവേഗവും അങ്ങേയറ്റം ആക്രമണോത്സുകവുമായ ഈ പാമ്പ് മനുഷ്യവാസ മേഖലകളോട് ചേർന്ന് ജീവിക്കുന്നത് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നു. ഓസ്ട്രേലിയയിലെ ആകെ പാമ്പുകടി മരണങ്ങളിൽ 60% ത്തിലധികവും ഈ ഒറ്റ ഇനം കാരണമാണെന്ന് Australian Museum രേഖപ്പെടുത്തുന്നു.
റസ്സൽസ് വൈപ്പർ
ഏഷ്യയിലേക്ക് വരുമ്പോൾ, ഇന്ത്യയിലും ദക്ഷിണേഷ്യ മുഴുവനും ഭയത്തോടെ മാത്രം പറയുന്ന പേരാണ് അണലി എന്നറിയപ്പെടുന്ന റസ്സൽസ് വൈപ്പർ. വ്യാപകമായ ആവാസ മേഖലയും അക്രമോത്സുക സ്വഭാവവും ചേരുന്നതോടെ ഇത് ഏഷ്യയിലെ ഏറ്റവും മാരകമായ പാമ്പുകളിൽ ഒന്നായി മാറുന്നു.
WHOയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വാർഷിക പാമ്പുകടി മരണങ്ങളിൽ ഏറിയ പങ്കും ഈ ഒറ്റ ഇനം കാരണമാണ് അതിനാൽ തന്നെ ഇവ ബിഗ് ഫോറിൽ ഉൾപ്പെടുന്നു. കടിയേറ്റാൽ വൃക്ക തകരാർ, ആന്തരിക രക്തസ്രാവം, കലകളുടെ നാശം എന്നിവ അതിവേഗം സംഭവിക്കുന്നു.
ഇൻലൻഡ് തായ്പ്പൻ
എന്നാൽ വിഷത്തിന്റെ തീവ്രതയിൽ ഇവരെയെല്ലാം പിന്നിലാക്കുന്നത് ഇൻലൻഡ് തായ്പ്പനാണ്, ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഒരൊറ്റ കടിയിൽ നൂറ് മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷം ഉൾക്കൊള്ളുന്ന ഈ ജീവി, ഓസ്ട്രേലിയയുടെ ഉൾനാടൻ മരുഭൂമിയിൽ മാത്രം വസിക്കുന്ന അങ്ങേയറ്റം ഏകാന്തപ്രിയമായ ഒന്നാണ്.
Antivenom ഉപയോഗിച്ച് ചികിത്സിച്ച ഒരൊറ്റ കേസിലും ഇതുവരെ മരണം സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഹുക്ക്-നോസ്ഡ് സീ സ്നേക്ക്
കരയിൽ നിന്ന് കടലിലേക്ക് വരുമ്പോൾ അപകടം കുറയുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും വസിക്കുന്ന ഹുക്ക്-നോസ്ഡ് സീ സ്നേക്ക് ലോകത്തിലെ അത്യന്തം വിഷമുള്ള സമുദ്ര പാമ്പുകളിൽ ഒന്നാണ്. എന്നാൽ സ്വഭാവത്തിൽ സൗമ്യവും ഒരു കടിയിൽ പുറത്തുവിടുന്ന വിഷത്തിന്റെ അളവ് വളരെ കുറവുമായതിനാൽ മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ഡുബോയ്സ് സീ സ്നേക്ക്
അതേ കടലിൽ തന്നെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഭീഷണിയാണ് ഡുബോയ്സ് സീ സ്നേക്ക്. ഓസ്ട്രേലിയയുടെ പവിഴ പുറ്റുകളിൽ മറഞ്ഞിരിക്കുന്ന ഇവ ഡൈവർമാർക്ക് ഏറ്റവും ഗുരുതരമായ ഭീഷണിയാണ്. ഒരൊറ്റ കടി ഒരു ഡൈവറുടെ ജീവൻ അപഹരിക്കാൻ പര്യാപ്തമാണെന്ന് Journal of Herpetology വ്യക്തമാക്കുന്നു.
യെല്ലോ-ബെല്ലീഡ് സീ സ്നേക്ക്
പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാപകമായി കാണപ്പെടുന്ന യെല്ലോ-ബെല്ലീഡ് സീ സ്നേക്കാണ് ഈ പട്ടികയിലെ അവസാനത്തേത്. തിളക്കമുള്ള മഞ്ഞ-കറുപ്പ് നിറം കൊണ്ട് ഉടൻ തിരിച്ചറിയാൻ കഴിയുന്ന ഈ പൂർണ്ണ ജലജീവിയുടെ വിഷം ശക്തമാണെങ്കിലും ചെറിയ കടിക്കൊള്ളികളും കുറഞ്ഞ വിഷ അളവും കാരണം മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട സമുദ്ര പാമ്പാണിതെന്ന് National Geographic രേഖപ്പെടുത്തുന്നു. ഇങ്ങനെ വിഷത്തിന്റെ ശക്തിയാലും വേഗത്താലും സ്വഭാവത്താലും മനുഷ്യനെ നിമിഷങ്ങൾക്കുള്ളിൽ കീഴടക്കാൻ കഴിയുന്ന പാമ്പുകളുടെ ലോകം ഒരേസമയം ഭീതിജനകവും അതിശയകരവുമാണ്.
എന്നാൽ ഈ ജീവികൾ മനുഷ്യനെ തേടിയെത്തുന്നവരല്ല, അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കുന്നവരാണ്. മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാ മാറ്റവും വനനശീകരണവും മനുഷ്യവാസമേഖലകളുടെ വ്യാപനവും കൂടുന്തോറും, മനുഷ്യനും പാമ്പും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ പ്രാധാന്യമാർജിക്കുന്നു.