2022 ഓഗസ്റ്റ് മാസത്തിലെ ആ പെയ്തൊഴിയാത്ത മഴക്കാലത്താണ് ഞങ്ങൾ ആ വയനാട് ട്രിപ്പ് പ്ലാൻ ചെയ്തത്. വൈത്തിരിയിലുള്ള ഒരു റിസോർട്ട് ആറുപേർക്കായി നേരത്തെ തന്നെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ യാത്ര പുറപ്പെടാൻ രണ്ട് ദിവസം ഉള്ളപ്പോൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരേ സ്വരത്തിൽ വിലക്കുകൾ വരാൻ തുടങ്ങി.
"ഈ പെരുമഴയത്ത് വയനാട്ടിലേക്ക് ഒരൊറ്റയാള് പോകണ്ട, അവിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്, ടിവിയിലൊക്കെ വാർത്ത കാണുന്നില്ലേ' എന്ന് പറഞ്ഞ് എല്ലാവരുടെയും വീട്ടുകാർ പരമാവധി തടസം നിന്നു.
പക്ഷേ, ഞങ്ങൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഡ്വാൻസ് കൊടുത്ത കാശ് പോകും എന്നതിനേക്കാൾ, ഈ മഴക്കാലത്ത് വയനാട്ടിൽ പോയി ചിൽ ചെയ്യുന്നതിന്റെ ആ ഒരു വൈബ് കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പ്രകൃതി തരുന്ന സൂചനകളെ വകവെക്കാതെ ഇറങ്ങിപ്പുറപ്പെടാൻ നേരം അടുത്ത പണി വന്നു. വരാമെന്ന് ഉറപ്പിച്ചു. വരാമെന്ന് പറഞ്ഞ് രണ്ടുപേർ പകരം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങൾ അഞ്ചു പേർ.
ഞങ്ങളുടെ വണ്ടി റെഡിയായി. ഹരിലാലിന്റെ ചുവന്ന മഹീന്ദ്ര TUV300 കാറിലാണ് യാത്ര. കാറിൽ ആവശ്യത്തിന് സ്പേസ് ഉണ്ടായിരുന്നു. പുറകിലെ സീറ്റിൽ ദിപീഷും ലാലുവും ഷിനുവേട്ടനും ഇരുപ്പുറപ്പിച്ചു. ഞങ്ങൾ വണ്ടിയിലെടുത്ത് ഇറങ്ങിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആ സമയം ആകാശം വല്ലാതെ കറുത്തിരുണ്ടിരുന്നു. ഞങ്ങൾ പോകുന്ന വഴിയിലെങ്ങോ ഒരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട് എന്ന മട്ടിൽ കാറ്റ് വല്ലാതെ വീശുന്നുണ്ടായിരുന്നു.
"മഴ കൂടുന്നുണ്ട് മോനേ... അടിവാരത്ത് എത്തുമ്പോഴേക്കും നേരം വൈകും. ചുരത്തിൽ മഞ്ഞുണ്ടെങ്കിൽ വണ്ടിയോടിക്കാൻ പാടാണ്,' വൈപ്പർ പരമാവധി സ്പീഡിലിട്ട് വണ്ടി മെയിൻ റോഡിലേക്ക് ഇറക്കുന്നതിനിടയിൽ ഹരി പറഞ്ഞു. യാത്ര മുന്നോട്ട് പോകുന്തോറും ഞങ്ങളുടെ ആവേശം കൂടി വന്നു.
സ്പീക്കറുകളിലൂടെ പഴയ നല്ല മലയാളം പാട്ടുകൾ ഒഴുകാൻ തുടങ്ങിയതോടെ വണ്ടിക്കുള്ളിൽ വിശേഷങ്ങളും തമാശകളുമൊക്കെയായി കട്ട വൈബും ബഹളവുമായിരുന്നു. വഴിയിൽ നല്ല ഭംഗിയുള്ള ചില സ്ഥലങ്ങൾ കണ്ടപ്പോൾ ഫോട്ടോ എടുക്കാനും ചൂടുചായ കുടിക്കാനുമായി പലതവണ ഞങ്ങൾ വണ്ടി നിർത്തി നിർത്തിയാണ് പോയത്.
ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, താമരശേരി ചുരത്തിന്റെ അടിവാരത്ത് എത്തിയപ്പോഴേക്കും അന്തരീക്ഷം വിചാരിച്ചതിലും ഒരുപാട് ഇരുണ്ടിരുന്നു. സമയം അഞ്ചര കഴിഞ്ഞിട്ടുണ്ടാകും, പക്ഷേ കണ്ടാൽ രാത്രി എട്ടുമണി ആയതുപോലെ തോന്നും.
അടിവാരത്തെ ആ ചെറിയ വെളിച്ചത്തിലേക്ക് ഞങ്ങളുടെ ചുവന്ന കാർ വന്നു നിൽക്കുമ്പോൾ, ബ്ലൂടൂത്തിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ പെട്ടെന്ന് ഒരു ചെറിയ ഡിസ്റ്റർബൻസ് വന്ന് തടസപ്പെടുന്നത് പോലെ തോന്നി. മുകളിൽ ചുരത്തിന്റെ വശങ്ങളിൽ നിന്നും കറുത്ത മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങി വരുന്നത് വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാമായിരുന്നു.
ആ മഞ്ഞ് ഞങ്ങളുടെ വണ്ടിയെ മുഴുവനായി വിഴുങ്ങാൻ കാത്തുനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ശരിക്കുമുള്ള ആ അടിയന്തിര യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഞങ്ങൾ അഞ്ചുപേരും ആ ഒമ്പത് വളവുകളുള്ള ചുരത്തിന്റെ ആദ്യത്തെ വളവിലേക്ക് വണ്ടി തിരിച്ചു കയറ്റി. മുന്നോട്ട് പോകുന്നത് അത്ര നല്ലൊരു അനുഭവത്തിലേക്കല്ല എന്നൊരു തോന്നൽ ആദ്യമായി എന്റെ മനസിൽ മിന്നിമറഞ്ഞു.
ചുരത്തിന്റെ ഒന്നാമത്തെ വളവ് തിരിഞ്ഞ് വണ്ടി മുകളിലേക്ക് കയറിയതോടെ പുറത്തെ കാഴ്ചകൾ പതുക്കെ മങ്ങിത്തുടങ്ങി. എങ്കിലും വണ്ടിക്കുള്ളിലെ മൂഡ് അപ്പോഴും കട്ട ഫണ്ണായിരുന്നു. ഹരിലാൽ ഫോണിലെ പേഴ്സണൽ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്ത് ബ്ലൂടൂത്തിൽ റീ-കണക്ട് ചെയ്തു. വണ്ടിയുടെ സ്പീക്കറുകളിലൂടെ പാട്ട് വീണ്ടും തെളിഞ്ഞു ഒഴുകിത്തുടങ്ങി..."പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ...’
ആ പഴയ വരികൾ ആ ചുവന്ന വണ്ടിക്കുള്ളിൽ പടർന്നപ്പോൾ യാത്രയ്ക്ക് വല്ലാത്തൊരു വിന്റേജ് ഭംഗി കൈവന്നു. നാലാമത്തെ വളവ് കഴിഞ്ഞപ്പോൾ പുറത്തെ തണുപ്പ് വണ്ടിയുടെ ഗ്ലാസുകൾ തുളച്ച് അകത്തേക്ക് അരിച്ചുകയറാൻ തുടങ്ങി.
അതോടെ ലാലു വണ്ടിക്കുള്ളിലെ ലൈറ്റിട്ടു. ഡിക്കിയിൽ നിന്നും ഒരു ബിയർ കാൻ എടുത്ത് 'ക്ലിക്ക്...' എന്ന ആ സുഖമുള്ള ശബ്ദത്തോടെ പൊട്ടിച്ചു. ബിയറിൽ നിന്നും നുരഞ്ഞുപൊന്തിയ ആ തണുത്ത സുഗന്ധം പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടിക്കുള്ളിൽ ഡ്രൈവറൊഴികെ എല്ലാവരിലും പടർന്നു.
പുറത്തെ അന്തരീക്ഷം വളരെ പെട്ടെന്നാണ് മാറിയത്. അഞ്ചാമത്തെ വളവ് കഴിഞ്ഞതോടെ മഞ്ഞിന്റെ കട്ടി വല്ലാതെ കൂടി. മഴ പേമാരിയായി .കാറിന് തൊട്ടുമുന്നിൽ പോകുന്ന വണ്ടിയുടെ ബാക്ക് ലൈറ്റ് പോലും കാണാൻ പറ്റാത്ത അത്രയും കട്ടിയുള്ള വെളുത്ത പുക പടലം പോലെ മഞ്ഞ് വണ്ടിയെ മൂടി. വൈപ്പർ പരമാവധി സ്പീഡിൽ അടിച്ചിട്ടും വിൻഡ്ഷീൽഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. വണ്ടിക്കുള്ളിലെ ചിരികൾ പതുക്കെ കുറഞ്ഞു വന്നു. പാട്ടിന്റെ വോളിയം ഒന്ന് കുറച്ചു.
ആറാമത്തെ വളവ് കഴിഞ്ഞ് ഏഴാമത്തെ വലിയ കയറ്റത്തിലേക്ക് ചുവന്ന കാർ കയറാൻ തുടങ്ങിയതും വണ്ടിയുടെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ മാറ്റം ഞങ്ങൾ അറിഞ്ഞു. സ്പീക്കറിലെ പാട്ടിനെപ്പോലും മുക്കിക്കൊണ്ട് വണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ കരകര ശബ്ദം ഉയർന്നു കേട്ടു.
ആക്സിലറേറ്റർ ഹരി പരമാവധി കൊടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി, പക്ഷേ വണ്ടി മുന്നോട്ട് കയറാൻ മടിച്ച് വല്ലാതെ വിറയ്ക്കാൻ തുടങ്ങി. വണ്ടിയുടെ ബോഡി ആകെ ഒരു അസ്വസ്ഥതയോടെ കുലുങ്ങി.
"എന്താടാ ഹരീ?' ഞാൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ചോദിച്ചു. "എന്തോ വലിയ മിസ്സിംഗ് വരുന്നുണ്ട് വൈശാഖെ... വണ്ടി ഒട്ടും കയറുന്നില്ല. ഗിയർ ഡൗൺ ചെയ്തിട്ടും ആർപിഎം താഴോട്ട് പോവുകയാണ്.
ഈ വലിയ കയറ്റത്തിൽ വണ്ടി ഇങ്ങനെ നിന്നാൽ പണിയാകും,' ഹരിയുടെ മുഖത്തെ ആ കൂൾ ഭാവം പൂർണമായി മാറി അവിടെ കടുത്ത ടെൻഷൻ നിറഞ്ഞു. അവൻ പരമാവധി സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.
വലിയ കയറ്റമാണ്, പുറകിൽ മൂന്ന് പേരുടെ ലഗേജിന്റേയും നല്ല വെയിറ്റുമുണ്ട്. എൻജിൻ പാതിവഴിയിൽ ഓഫ് ആയിപ്പോയാൽ ബ്രേക്കും സ്റ്റിയറിംഗു ലോക്കായി വണ്ടി പുറകോട്ട് ഉരുളുമെന്ന ഭയത്താൽ ഹരിയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
വണ്ടിയുടെ ബാക്കി കിടന്ന പവർ വച്ച് അവൻ അതിനെ റോഡിന്റെ ഇടതുവശത്തെ കൊക്കയോട് ചേർന്ന് കിടക്കുന്ന ക്രാഷ് ബാരിയറിന് തൊട്ടടുത്ത് ഒതുക്കി നിർത്തി. വണ്ടി ഓഫ് ആക്കാതെ പുള്ളി ഐഡ്ലിംഗിൽ തന്നെ ഇട്ടു.
എൻജിന്റെ ആ വിചിത്രമായ മിസിംഗ് വിറയൽ വണ്ടിക്കുള്ളിൽ കൃത്യമായി അറിയാമായിരുന്നു. വണ്ടിക്കകത്തെ ബിയറിന്റെ ലഹരിയും പാട്ടിന്റെ മൂഡും ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് എങ്ങോ ഒലിച്ചുപോയി. പുറത്ത് പേമാരിയാണ്. കനത്ത മഞ്ഞ് കാരണം വണ്ടിക്ക് പുറത്ത് ഒരു മീറ്റർ അപ്പുറമുള്ളത് പോലും കാണാൻ കഴിയില്ല.
ഒരു വശത്ത് ആഴമേറിയ കൊക്ക, മറുവശത്ത് കരിമ്പാറക്കൂട്ടങ്ങൾ. അതിനിടയിൽ ഒരു വലിയ കയറ്റത്തിന്റെ ഓരത്ത് പവർ നഷ്ടപ്പെട്ട് മിസിംഗായി നിൽക്കുന്ന ഞങ്ങളുടെ വണ്ടി. ആ പൂർണ്ണമായ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ സൂചന എന്നോണം ഞങ്ങളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. ഭീകരത അതിന്റെ വഴിക്ക് ഞങ്ങളെ തേടി വരികയായിരുന്നു.
"എന്താ പ്രശ്നമെന്ന് നോക്കാടാ... ഡിക്കിയിൽ ഒരു കുടയുണ്ട്. ഞാനും ദിപീഷും കൂടി പുറത്തിറങ്ങി ബോണറ്റ് ഒന്ന് പൊക്കി നോക്കാം,' പുറകിൽ നിന്നും ലാലു പറഞ്ഞു. അങ്ങനെ വണ്ടിയിലുണ്ടായിരുന്ന ആകെ ഒരു കുടയും നിവർത്തിപ്പിടിച്ച് ലാലുവും ദിപീഷും കൂടി കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അവർ രണ്ടുപേരും കൂടി ബോണറ്റിന് മുന്നിലേക്ക് നടന്നുപോയതും ആ കട്ടിമഞ്ഞിൽ അവരുടെ രൂപങ്ങൾ പെട്ടെന്ന് അദൃശ്യമായി. വണ്ടിക്കുള്ളിൽ ഞാനും ഹരിയും ഷിനുവേട്ടനും ശ്വാസമടക്കിപ്പിടിച്ചിരുന്നു. പെട്ടെന്നാണ് ആ ഇരുട്ടിലേക്ക് വന്യമായ ഒരു ഇരമ്പൽ കേട്ടത്.
ചുരത്തിന്റെ മുകളിൽ നിന്നും താഴേക്ക് വലിയ വണ്ടികൾ ചീറിപ്പാഞ്ഞു വരാൻ തുടങ്ങി. കനത്ത മണ്ണുമാന്തി വണ്ടികളും വലിയ തടി ലോറികളും ഒന്നിന് പുറകെ ഒെന്നായി ആ കട്ടിമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടിയുടെ തൊട്ടരികിലൂടെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ പാഞ്ഞുപോയി.
റോഡിൽ ഒട്ടും സ്ഥലമില്ല, ഞങ്ങളുടെ വണ്ടി സൈഡിൽ കിടക്കുകയാണ്. വലിയ വണ്ടികൾ കടന്നുപോകുമ്പോഴുള്ള ആ കാറ്റിലും വലിയ ശബ്ദത്തിലും ഞങ്ങളുടെ ചുവന്ന കാർ ആകെ ഉലയുന്നുണ്ടായിരുന്നു.
ആ വലിയ വണ്ടികളുടെ ഹെഡ്ലൈറ്റ് മഞ്ഞിൽ തട്ടി ചിതറുമ്പോൾ, മുന്നിൽ ബോണറ്റിനടുത്ത് നിൽക്കുന്ന ലാലുവും ദിപീഷും ആകെ പേടുത്തുവിറച്ച് വണ്ടിയുടെ ബോഡിയിലേക്ക് ഒട്ടി നിൽക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.
ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി, ചീറിപ്പായുന്ന ഏതെങ്കിലും ഒരു ലോറി വന്ന് ഞങ്ങളുടെ വണ്ടിയിലോ അല്ലെങ്കിൽ പുറത്തുനിൽക്കുന്ന അവരുടെ ദേഹത്തോ ഇടിക്കും. കനത്ത മഴ കാരണം അവർ പിടിച്ചിരിക്കുന്ന കുട കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.
ലാലു വേഗം വണ്ടിയുടെ ഗ്ലാസിൽ വന്ന് ആഞ്ഞു തട്ടി: "എടാ... ഡോർ തുറക്ക്, ഡോർ തുറക്ക്!' ഞാൻ വേഗം ലോക്ക് മാറ്റി വാതിൽ തുറന്നതും അവരിരുവരും ഒരൊറ്റ ചാട്ടത്തിന് വണ്ടിക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
പുറത്തെ ആ നരക തുല്യമായ അന്തരീക്ഷം വണ്ടിക്കുള്ളിലേക്കും ഇരച്ചുകയറി. രണ്ടുപേരും തലമുടി മുതൽ കാൽ വരെ നനഞ്ഞു കുതിർന്നിരുന്നു. തണുപ്പ് കൊണ്ടും പേടികൊണ്ടും അവരുടെ താടിയെല്ലുകൾ കൂട്ടിയടിക്കുന്നുണ്ടായിരുന്നു.
കാറിനുള്ളിലെ ഡാഷ്ബോർഡിന്റെ വെളിച്ചത്തിൽ ഞാൻ ദിപീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു, നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്.
"ഒരു രക്ഷയുമില്ലടാ ...' ലാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "പുറത്ത് കണ്ണ് കാണാൻ പറ്റില്ല. ഈ മഞ്ഞിൽ ലോറിക്കാർ വണ്ടി വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നത് കാണുന്നുപോലുമില്ല. ബോണറ്റ് തുറന്ന് നോക്കാൻ നിന്നാൽ, ചീറിവരുന്ന ഏതെങ്കിലും ഒരെണ്ണം നമ്മളെ തട്ടിയേക്കും. വണ്ടി ഇവിടുന്ന് എടുക്കാൻ നോക്ക്!'
"ഹരീ... വണ്ടി വിടെടാ. ഇവിടെ ഇങ്ങനെ കിടന്നാൽ ഏതെങ്കിലും വലിയ വണ്ടി വന്ന് നമ്മുടെ പുറകിലിടിക്കും. അത് വലിയ ദുരന്തമാകും,' ഷിനുവേട്ടൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ഹരിയുടെ തോളിൽ പിടിച്ച് ആക്രോശിച്ചു.
പക്ഷേ ഹരി ഒന്നും മിണ്ടിയില്ല. അവൻ നെറ്റിയിലെ വിയർപ്പും മഞ്ഞും കലർന്ന തുള്ളികൾ കൈകൊണ്ട് തുടച്ച്, സ്റ്റിയറിംഗിൽ ജീവൻ കൈയിലെടുത്തു പിടിച്ചുകൊണ്ട് മരണം പോലെ മുറുകെപ്പിടിച്ചു. അവൻ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് പതിയെ ക്ലച്ച് വിട്ടു. പക്ഷേ, വണ്ടി മുന്നോട്ട് നീങ്ങാൻ മടിച്ച് വല്ലാതെ വിറച്ചു.
എൻജിനിൽ നിന്ന് 'ഖട്.. ഖട്..' എന്ന മാരകമായ മിസിംഗ് ശബ്ദം ഉയർന്നു. വണ്ടിക്ക് ഒട്ടും പവർ കിട്ടുന്നില്ല. ആ വലിയ കയറ്റത്തിൽ, കാറ് എപ്പോൾ വേണമെങ്കിലും ഓഫ് ആയി പുറകോട്ട് ഉരുളാം എന്ന അവസ്ഥ! ആ നിമിഷമാണ് ശരിക്കുമുള്ള ഭീകരത പുറത്തുനിന്നും വന്നത്.

പെട്ടെന്ന് മുകളിൽ നിന്നും കരിങ്കല്ല് കയറ്റിയ ഒരു ഭീമൻ ലോറി ഹോൺ പോലും അടിക്കാതെ, കട്ടിമഞ്ഞിനെ കീറിമുറിച്ച് ഞങ്ങളുടെ നേരെ പാഞ്ഞു വന്നു. ഹെഡ്ലൈറ്റിന്റെ വന്യമായ വെളിച്ചം വണ്ടിക്കുള്ളിലേക്ക് അടിച്ചുകയറിയതും ഞങ്ങളെല്ലാവരും ഒന്നിച്ച് നിലവിളിച്ചുപോയി.
"തീർന്നു!' എന്ന് മനസ് ഉറപ്പിച്ച നിമിഷം. ഹരി പരമാവധി ഇടത്തോട്ട് സ്റ്റിയറിങ് വെട്ടിച്ചു. ക്രാഷ് ബാരിയറിൽ വണ്ടി ഉരസുമോ എന്ന് തോന്നിച്ച ആ സെക്കൻഡിൽ, ആ ലോറി ഞങ്ങളുടെ വണ്ടിയുടെ മിററിൽ തൊട്ടുരുമ്മി ഭയപ്പെടുത്തുന്ന ശബ്ദത്തോടെ താഴേക്ക് പാഞ്ഞുപോയി. ആ വന്യമായ വായുപ്രവാഹത്തിൽ ഞങ്ങളുടെ വണ്ടി ആകെ ഒന്ന് കുലുങ്ങി ഉലഞ്ഞു.
പെട്ടെന്ന്, ആ വലിയ കുലുക്കത്തിൽ ഞങ്ങളുടെ വണ്ടിയുടെ എൻജിൻ പൂർണ്ണമായി ഓഫ് ആയിപ്പോയി! കയറ്റത്തിൽ വണ്ടി ഓഫ് ആയതും ബ്രേക്ക് പെഡൽ കട്ടപോലെ ആയി. വണ്ടി പതുക്കെ പുറകോട്ട് ഉരുളാൻ തുടങ്ങി. ഇടതുവശത്ത് ആഴമേറിയ കൊക്കയാണ്! "എടാ വണ്ടി പുറകോട്ട് പോകുന്നു! ചവിട്ടടാ ബ്രേക്ക്... ഹരീ..." പുറകിൽ നിന്നും ഷിനുവേട്ടനും ലാലുവും ഒന്നിച്ച് നിലവിളിച്ചു.
ഹരി സർവശക്തിയുമെടുത്ത് ഹാൻഡ് ബ്രേക്ക് ആഞ്ഞു വലിച്ചു. ഒപ്പം ഞാനും ഹരിയുടെ കാലിന് മുകളിലേക്ക് ആഞ്ഞു ചവിട്ടി ബ്രേക്ക് അമർത്താൻ നോക്കി. ഒരു ഭയങ്കരമായ ഞരക്കത്തോടെ ക്രാഷ് ബാരിയറിന് ഇഞ്ചുകൾ മാത്രം അകലെ വണ്ടി നിന്നു.
എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. വണ്ടിക്കുള്ളിൽ ആകെ ഒരു മരണനിശബ്ദത. ആരും ശ്വാസം പോലും വിടുന്നില്ല. എങ്ങാനും ഇവിടുന്ന് വണ്ടി ഒന്നുകൂടി പുറകോട്ട് നീങ്ങിയാൽ കട്ടിമഞ്ഞിലേക്ക്, ആ ആഴമുള്ള കൊക്കയിലേക്ക് ഞങ്ങൾ അഞ്ചുപേരും വീണു തീരും.
"ഹരീ... സ്റ്റാർട്ട് ചെയ്യ്... വേഗം ചെയ്യ്...' ദിപീഷ് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഹരി വിറയ്ക്കുന്ന കൈകളോടെ ചാവി തിരിച്ചു. "ഖ്ർർർ... ഖ്ർർർ...' വണ്ടി സ്റ്റാർട്ട് ആകുന്നില്ല. പുറത്ത് പെരുമഴ കാറ്റും കൂട്ടി വണ്ടിയുടെ ഗ്ലാസുകളിൽ ആഞ്ഞടിക്കുകയാണ്. മുന്നിലെ മഞ്ഞിന്റെ കട്ടി കൂടി വരികയല്ലാതെ ഒരു കുറവുമില്ല.
രണ്ടാമതും ഹരി കീ തിരിച്ചു... വണ്ടി അനങ്ങിയില്ല. ഞങ്ങളുടെ ശ്വാസം നിലച്ചുപോയ നിമിഷം. വീട്ടുകാരെ ധിക്കരിച്ച് ഈ പെരുമഴയത്ത് ഇറങ്ങിപ്പുറപ്പെട്ടതിന്റെ ആ ഒരു വലിയ ശിക്ഷ ഞങ്ങൾ അനുഭവിക്കുകയാണെന്ന് തോന്നിപ്പോയി.
വണ്ടിക്കുള്ളിൽ കനത്ത മൗനവും തണുപ്പും പടർന്നു. മൂന്നാമതും ഹരി ആഞ്ഞു ചവിട്ടി ചാവി തിരിച്ചു. ഭാഗ്യത്തിന് എൻജിൻ ഒരു ചുമയോടെ വീണ്ടും ജീവൻ വച്ചു. ആ പഴയ മിസിംഗ് ഉണ്ടെങ്കിലും എൻജിൻ ഓഫ് ആകാതെ ഹരി ആക്സിലറേറ്റർ തറയോട് ചേർച്ച് ചവിട്ടിപ്പിടിച്ചു. വണ്ടി ഒന്നാം ഗിയറിൽ വിറച്ചുകൊണ്ട്, കരിങ്കല്ല് പോലെ കനത്തുനിന്ന ആ മഞ്ഞിലേക്ക് പതുക്കെ മുന്നോട്ട് നീങ്ങി.
മിനിറ്റുകൾ യുഗങ്ങൾ പോലെയാണ് കടന്നുപോയത്. ഒടുവിൽ, മരണവളവുകൾ ഓരോന്നായി താണ്ടി, ഒന്പാതാമത്തെ വളവും തിരിഞ്ഞ് വണ്ടി എങ്ങനെയൊക്കെയോ ചുരത്തിന്റെ മുകളിലേക്ക് കയറി. പെട്ടെന്ന്, കട്ടിമഞ്ഞിനെ കീറിമുറിച്ച് റോഡരികിലെ ആളനക്കമുള്ള ചായക്കടകളുടെ മഞ്ഞവെളിച്ചം മുന്നിൽ തെളിഞ്ഞു വന്നു! ലക്കിടി വ്യൂ പോയിന്റിലെ ആ നേരിയ വെളിച്ചം കണ്ടപ്പോഴാണ് ശരിക്കും ഞങ്ങളുടെ ശരീരത്തിലേക്ക് ജീവൻ തിരിച്ചുവന്നത്.
ഹരി ഒരു വലിയ ആശ്വാസത്തോടെ ചായക്കടയുടെ മുന്നിലേക്ക് വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്തു. വണ്ടി നിന്ന ഉടനെ ഞങ്ങൾ അഞ്ചുപേരും വാതിലുകൾ തുറന്ന് പുറത്തേക്ക് ചാടി. വയനാടിന്റെ ആ തണുത്ത കാറ്റും മഴയും ഞങ്ങളുടെ മുഖത്തേക്ക് അടിച്ചപ്പോൾ ഉണ്ടായ ആ സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
ചായക്കടയിലെ ട്യൂബ്ലൈറ്റ് വെളിച്ചത്തിലേക്ക് വന്നപ്പോൾ മാത്രമാണ് ഞങ്ങൾക്കൊന്ന് ചിരിക്കാൻ പോലുമായത്. എങ്കിലും ആ മഞ്ഞവെളിച്ചത്തിൽ ഞങ്ങൾ അഞ്ചുപേരും പരസ്പരം നോക്കി ചിരിച്ചു - മരണത്തിന്റെ വക്കിൽ നിന്ന് തിരികെ നടന്നുവന്നവരുടെ ആശ്വാസച്ചിരി.
വണ്ടി ഓഫ് ചെയ്ത് കുറച്ചുനേരം കഴിഞ്ഞ് സിസ്റ്റം റീസെറ്റ് ആയതോടെ ആ സോഫ്റ്റ്വെയർ പ്രോബ്ലം തനിയെ മാറി എല്ലാം നോർമലായി.പക്ഷേ, ആ ഒന്പത് വളവുകൾ ഞങ്ങളെ പഠിപ്പിച്ച പാഠം അതിനേക്കാൾ വലുതായിരുന്നു. ജീവൻ എന്ന അനുഗ്രഹത്തിന്റെ വില ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ ഒരു രാത്രിയായിരുന്നു അത്.
അന്ന് ഞങ്ങളെ തിരികെ വീട്ടിലെത്തിക്കാൻ പ്രകൃതി തീരുമാനിച്ചിരുന്നു...
Tags : Todays Story Wayanad