മരക്കച്ചവടക്കാരെ കേന്ദ്രീകരിച്ച് അതിവിദഗ്ധമായി തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥന പ്രതിയെ ഇരിട്ടി പോലീസ് കണ്ടെത്തി കുരുക്കിയത് ഒരു മുഴുനീളൻ ക്രൈം ത്രില്ലർ കഥപോലെ. കഴിഞ്ഞ നവംബറിലാണ് പ്രതി പിടിയിലാകുന്നത്. പിടിയിലായ പ്രതിയെക്കുറിച്ച് അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ തലയിൽ കൈവെച്ചു നിന്നുപോയി.
കണ്ണൂർ കാങ്കോൽ സ്വദേശി ടി.വി. ഗണേശനെ പിടികൂടുന്നതുവരെ ഇയാൾ പല ദേശങ്ങളിൽ പല പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒരു സിനിമ ഡയലോഗ് പോലെ പലദേശങ്ങളിൽ മുസ്തഫ, ജലീൽ, വിഷ്ണു എന്നിവരായി അവതരിച്ച് കച്ചവടക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയാണ് വിരുതന്റെ രീതി. പകൽ പത്തു മുതൽ അഞ്ച് വരെ മാത്രം ഫോണിൽ ബന്ധപ്പെടും.
ഒന്നുമുതൽ അഞ്ചു മിനിട്ടുവരെ നീളുന്ന സംഭാഷണം. പിന്നീട് ഫോൺ സ്വിച്ച്ഓഫ്. ഒരു ഫോൺ ലൊക്കേഷൻ മംഗലാപുരം ആണെങ്കിൽ അടുത്തത് കോഴിക്കോട്. ഇതിനിടയിൽ ഫോൺ സ്വിച്ച്ഓഫ്.
ഇരകൾ കേരളത്തിലും കർണാടകയിലും
കോളിക്കടവിലെ ഒരു മരവ്യപാരിയെ പറ്റിച്ചതിന് ഇരിട്ടി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലൂടെയാണ് ഈ അന്തർസംസ്ഥാന തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നത്. കേരളത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തുന്ന പ്രതിക്കെതിരേ പരാതി നല്കാൻ പലരും മടിച്ചതാണ് പോലീസിന്റെയും നിയമത്തിന്റെയും പിടിയിൽപ്പെടാതെ ഇത്രയുംകാലം ഇയാൾ രക്ഷപ്പെടാൻ കാരണം.
എഴുത്തും വായയും അറിയാത്ത പ്രതി നടത്തിയ അത്യന്തം ആസൂത്രിതമായ തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകളഞ്ഞു. കേരളത്തിലെയും കർണാടകയിലെയും വിവിധ വ്യക്തികളുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് അവരെക്കൊണ്ട് സിം കാർഡുകൾ തരപ്പെടുത്തുകയായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ ആദ്യ കടമ്പ.
മംഗലാപുരത്തേക്കും പെരുമ്പാവൂരിലേക്കും മരം എത്തിക്കുന്ന കച്ചവടക്കരെ കണ്ടെത്തി അവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചു ഫോണിൽ ബന്ധപ്പെടും. മുസ്തഫ, ജലീൽ പട്ടാമ്പി, വിഷ്ണു തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാൾ വ്യാപരികളെ ബന്ധപ്പെട്ടിരുന്നത്.
ഒരിക്കലും ഗണേശൻ എന്ന യഥാർഥ പേര് വെളിപ്പെടുത്തിയിരുന്നില്ല. പ്രതി പറയുന്ന സ്ഥലങ്ങളിൽ മരം എത്തിച്ചാൽ കൂടുതൽ തുക വാഗാദാനം ചെയ്ത് ഡീൽ ഉറപ്പിക്കുന്നതോടെ തട്ടിപ്പിന്റെ പകുതി ദൂരം പിന്നിട്ടു.
പണം ട്രാൻസ്ഫർ ചെയ്യിക്കുന്നത് വ്യത്യസ്ഥ ബാങ്ക് അകൗണ്ടുകളിലേക്ക്
എഴുത്തും വായനയും അറിയില്ലെങ്കിലും തട്ടിപ്പിൽ പിഎച്ച്ഡി നേടിയ പോലെയായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. അതിവിദ്ധക്തമായി വാക്ചാതുരിയിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ഇയാൾ ഇടപാടുകാരെ പാട്ടിലാക്കിയിരുന്നത്.
തട്ടിപ്പിന്റെ മറ്റൊരു ഘട്ടമായി കർണാടകയിലെയും കേരളത്തിലെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ കൈയിൽ നിന്ന് ബാങ്ക് അകൗണ്ടും മറ്റ് വിവരങ്ങളും തന്ത്രപൂർവം ഇയാൾ കൈക്കലാക്കും.
പ്രമുഖ പ്ലൈവുഡ് കമ്പിനിയുടെ മാനേജറായും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ആളായുമൊക്കെ പരിചയപ്പെടുത്തിയാണ് എല്ലാ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തുന്നത്. മരവ്യാപാരികളുമായി ഡീൽ ഉറപ്പിച്ചാൽ അടുത്തത് പ്ലൈവുഡ് കമ്പിനിയിൽ ബന്ധപ്പെടും.
ലോഡുമായി വരുന്ന ലോറി നമ്പർ ഉൾപ്പെടെ ഓഫിസിൽ അറിയിക്കും. ഒപ്പം തന്ത്രത്തിൽ ഒപ്പിച്ച ബാങ്ക് അകൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ കമ്പനിയോട് ആവശ്യപ്പെടും. മരം അൺലോഡ് ചെയ്യുന്നതോടെ വ്യപാരിയെ വിളിച്ച് പണം താൻ നേരിട്ട് എത്തിക്കാമെന്നും വാഹനം മടങ്ങി പോകാനും ആവശ്യപ്പെടുന്നതോടെ അതുവരെ സംസാരിച്ചിരുന്ന നമ്പർ സ്വിച്ച്ഓഫ് ആകും.
പിന്നീട് പ്രതി ബാങ്ക് അകൗണ്ട് ഉടമകളെ സ്വാധീനിച്ച് 5000 മതൽ 10,000 വരെ കമ്മീഷൻ നൽകി പണം കൈക്കലാക്കി രക്ഷപ്പെടും. ഒരിക്കൽ പോലും ഇടപാടുകാരുടെ മുന്നിൽ നേരിട്ടെത്താതെ മൊബൈൽ ഫോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആയിരുന്നു തട്ടിപ്പ്.
തട്ടിപ്പിന് പിന്നാലെ അലഞ്ഞാൽ സമയവും പണവും നഷ്ട്ടപ്പെടും എന്ന കാരണം കൊണ്ടും നാണക്കേട് ഭയന്നും തട്ടിപ്പിനിരയായവർ ആരും പരാതിയും നൽകിയില്ല.
കേരളത്തിലും കർണാടകയിലും തട്ടിപ്പ്
ഇരിട്ടി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ഇല്ലായിരുന്നു. പരാതിക്കാരൻ ഒരിക്കൽപോലും പ്രതിയെ നേരിട്ട് കണ്ടിട്ടില്ല. പ്രതി കണ്മുന്നിൽ നിന്നാലും തിരിച്ചറിയാൻ കഴയാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച സ്റ്റേഷനുകളിൽ കേസ് അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത പ്രതിസന്ധിയും.
അന്നത്തെ ഡിവൈഎസ്പി ആയിരുന്ന ധനജയ ബാബുവിന്റെ നിർദേശപ്രകാരം അന്നത്തെ ഇരിട്ടി സിഐ മെൽവിൻ ജോസഫിന്റെയും, എസ്ഐ കെ. ഷറഫുദിന്റെ നേതൃത്വത്തിൽ എസ്ഐ പ്രവീൺ, എഎസ്ഐ ജോഷി സെബാസ്റ്റ്യൻ, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എം.എം. ഷിജോയ്, കെ.ജെ. ജയദേവ്, രതീഷ് കല്യാട് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ തേടി ഇറങ്ങുന്നത്.

ഫോൺ നമ്പറിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പറിലെ വിവരങ്ങൾ ശേഖരിച്ചപ്പോൾ തട്ടിപ്പിൽപ്പെട്ടവരും തട്ടിപ്പിനായി ശ്രമിച്ചവരുമായ 77ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ചു. നേരിലും ഫോണിലുമായി പോലീസ് ഇവരുമായി ബന്ധപ്പെട്ടു. ആരും പ്രതിയെ നേരിട്ട് കണ്ടിട്ടില്ല. തട്ടിപ്പ് നടത്തുന്ന സമയത്ത് മാത്രം ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു പ്രതിയുടെ ഫോൺ ഓണാകുക.
പകൽ പത്തു മുതൽ അഞ്ചു വരെ മാത്രമായിരുന്നു ഈ നമ്പറിൽ നിന്ന് ഫോൺ വിളിക്കുക. ഇതെല്ലാം പോലീസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. ഫോൺ വിളിക്കുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമവും പരാജയപെട്ടു. രാവിലെ മംഗലാപുരത്തു നിന്ന് ഫോൺ വിളിച്ചാൽ പിന്നീട് ഫോൺ കോഴക്കോടാണ് ഓണാകുക.
ആവശ്യക്കാരനായി സമീപിക്കാൻ ശ്രമം
മരവ്യാപാരിയായി പ്രതിയെ സമീപിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തിന്റെ ഫോട്ടോയും ഡ്രൈവറുടെ നമ്പറും അയച്ചുതാരാൻ ആവശ്യപ്പെട്ട പ്രതി മരം എത്തിക്കേണ്ട ലൊക്കേഷൻ അയച്ചുകൊടുത്ത ശേഷം സ്ഥലത്തെത്താതെ രക്ഷപ്പെട്ടു. ഇതിനിടയിൽ സിം കാർഡ് ഉടമയെ കണ്ടെത്തിയെങ്കിലും വയനാട്ടിലെ ഒരു ആദിവാസി ആയിരുന്നു. ഇയാൾക്ക് 500 രൂപ നൽകി ഐഡി കാർഡ് വാങ്ങി നൽകിയ ഇടനിലക്കാരൻ സിജുവിനെ കണ്ടെത്തിയെങ്കിലും രണ്ടുപേരെയും ബന്ധിപ്പിക്കാനുള്ള തെളിവുകൾ പോലീസിന് ലഭിച്ചില്ല.
തട്ടിപ്പിന് മാത്രം ഉപയോഗിക്കുന്ന പ്രതിയുടെ പഴയ ഫോൺ രേഖകൾ വീണ്ടും പരിശോധിച്ച പോലീസ് കർണാടകയിലെ ഒരു ഫോൺ നമ്പർ കണ്ടെത്തി. അതുമായി നടത്തിയ അന്വേഷണത്തിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വിവാഹം കഴിച്ചുകൊടുത്ത യുവതിയുടെ നമ്പർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
അന്വേഷണം കാങ്കോലിലേക്ക്
കർണാടക സ്വദേശിനി യുവതിയെ കണ്ടെത്തിയപ്പോൾ അവരുടെ ഭർത്താവ് ഗണേശനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നു. മുസ്തഫ, ജലീൽ പട്ടാമ്പി, വിഷ്ണു തുടങ്ങിയ പേരുകളോ മറ്റ് വിവരങ്ങൾ ഒന്നും ഇവർക്ക് അറിയില്ലായിരുന്നു. ഗണേശനെക്കുറിച്ച് അന്വേഷിച്ച പോലീസ് പയ്യന്നൂരിലെ സഹകരണ ബാങ്കുകളിൽ ലോൺ എടുത്തശേഷം മുങ്ങി നടക്കുന്നതായി കണ്ടെത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഗണേശന്റെ ഫോൺ ലൊക്കേഷനിൽ പ്രതിയുടെ ഫോൺ ഉണ്ടെന്ന് പോലീസ് മനസിലാക്കിയത്. ഇതോടെ ഗണേശനും തങ്ങൾ തിരയുന്ന പ്രതിയും ഒന്നാണെന്ന നിഗമനത്തിൽ തെളിവായി ലഭിച്ച പഴയ ഒരു ഫോട്ടോ മാത്രം ഉപയോഗിച്ച് അന്വേഷണം തുടർന്നു. മാസങ്ങൾക്ക് നീണ്ട അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽ പ്രതിയുടെ ഫോൺ ലൊക്കേഷൻ ലഭിച്ചു.
പ്രതി ട്രെയിനിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതായി മനസിലാക്കിയ പോലീസ് കോഴിക്കോട് വച്ച് ട്രെയിനിൽ കയറി. ഫോൺ സ്വിച്ച്ഓഫ് ആയതോടെ എല്ലാ കംപാർട്ടുമെന്റും കയറി ഇറങ്ങി പരിശോധിക്കുക മാത്രമായിരുന്നു ഏക പോംവഴി.
വടകര സ്റ്റേഷനിൽ എത്തിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ടിടിആറിനെ സമീപിച്ചു. അങ്ങനെ കോച്ച് നമ്പർ ഏഴിൽ ഗണേശൻ എന്നൊരു യാത്രക്കാരൻ ഉണ്ടെന്ന് വിവരം ലഭിച്ച പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ഇരിട്ടി പോലീസ് അല്ലേയെന്ന ചോദ്യത്തോടെ ഇയാൾ അന്വേഷണത്തോട് സഹകരിക്കുക ആയിരുന്നു.
കൊറോണ കാലത്തിന് മുന്പ് മംഗലാപുരത്ത് പ്ലൈവുഡ് കച്ചവടം നടത്തിവന്ന പ്രതിക്ക് കച്ചവടത്തിലെ നികുതി തട്ടിപ്പുകൾ ഉൾപ്പെടെ കൃത്യമായി അറിയാം. ഇത് പ്രതിക്ക് തട്ടിപ്പിന് കൂടുതൽ ആക്കം നൽകി. കച്ചവടം പൂട്ടിയതോടെയാണ് പുതിയ തട്ടിപ്പ് മേഖല കണ്ടെത്തിയത്. നിലവിൽ ലഭിച്ച ഏകദേശ കണക്കുകൾ പ്രകാരം പ്രതി മൂന്നുകോടിക്ക് മുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Tags : Todays Story