x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലം മാ​യ്ക്കാ​ത്ത പു​ണ്യ​സ്പ​ർ​ശം: ക​നി​വി​ന്‍റെ ഉ​റ​വ​ക​ൾ തേ​ടി​യു​ള്ള സ്നേ​ഹ​സാ​മ്രാ​ജ്യ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ദി​ന​ങ്ങ​ളും അ​ന്തി​മ​ദി​ന​ങ്ങ​ളി​ലെ ആ ​അ​പൂ​ർ​വ കൂ​ടി​ക്കാ​ഴ്ച​യും


Published: September 5, 2026 05:54 PM IST | Updated: September 5, 2026 05:54 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കാ​ലം മാ​യ്ക്കാ​ത്ത പു​ണ്യ​സ്പ​ർ​ശം: ക​നി​വി​ന്‍റെ ഉ​റ​വ​ക​ൾ തേ​ടി​യു​ള്ള സ്നേ​ഹ​സാ​മ്രാ​ജ്യ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ദി​ന​ങ്ങ​ളും അ​ന്തി​മ​ദി​ന​ങ്ങ​ളി​ലെ ആ ​അ​പൂ​ർ​വ കൂ​ടി​ക്കാ​ഴ്ച​യും

കോ​ൽ​ക്ക​ത്ത​യി​ലെ ചേ​രി​ക​ളി​ൽ വി​റ​യ്ക്കു​ന്ന കൈ​ക​ളും പ​ഴു​ത്ത വ്ര​ണ​ങ്ങ​ളു​മാ​യി തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​നു​ഷ്യ ജ​ന്മ​ങ്ങ​ൾ​ക്ക്, ഒ​രു തു​ള്ളി സ്നേ​ഹം അ​മൃ​താ​യി പ​ക​ർ​ന്നു​ന​ൽ​കി​യ കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ, മ​ദ​ർ തെ​രേ​സ ന​മ്മോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് 29 വ​ർ​ഷം തി​ക​യു​ക​യാ​ണ്.

കാ​ലം എ​ത്ര മു​ന്നോ​ട്ട് സ​ഞ്ച​രി​ച്ചാ​ലും ലോ​ക​ച​രി​ത്ര​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പ്ര​തീ​ക​മാ​യി ആ ​വെ​ളു​ത്ത സാ​രി​യും നീ​ല​ക്ക​ര​യും ഇ​ന്നും തി​ള​ങ്ങി​നി​ൽ​ക്കു​ന്നു. ത​ന്‍റെ സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം നി​റ​ഞ്ഞ നാ​ലു​ചു​വ​രു​ക​ൾ ഉ​പേ​ക്ഷി​ച്ച്, അ​ഗ​തി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കു​മാ​യി മ​ദ​ർ തെ​രേ​സ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ, ദൈ​വം അ​വ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത് ഒ​രു മ​ത​ത്തി​ന്‍റെ​യും അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​ത്ത വി​ശാ​ല​മാ​യ വാ​തി​ലു​ക​ളാ​യി​രു​ന്നു.

വി​ശ്വാ​സ​ങ്ങ​ളെ ആ​ദ​രി​ച്ച "നി​ർ​മ്മ​ൽ ഹൃ​ദ​യ്' കാ​ളീ​ഘ​ട്ടി​ലെ കാ​ളീ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു ധ​ർ​മ്മ​ശാ​ല രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നാ​യി കോൽ​ക്ക​ത്ത കോ​ർ​പ്പ​റേ​ഷ​ൻ മ​ദ​ർ തെ​രേ​സ​യ്ക്ക് വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ അ​തി​നു​ള്ളി​ൽ ഒ​രു ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ശി​ല്പ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ആ ​മ​ണ്ണി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​മ്പോ​ഴും, ഒ​രു പു​തി​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​പ​യാ​യി മാ​റി നി​ൽ​ക്കു​മ്പോ​ഴും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​ന്‍റെ ഒ​രു അ​ട​യാ​ള​വും മാ​റ്റാ​നോ അ​നാ​ദ​രി​ക്കാ​നോ മ​ദ​ർ സ​മ്മ​തി​ച്ചി​ല്ല.

അ​വി​ടു​ത്തെ നി​ർ​മ്മി​തി​ക​ളും കൊ​ത്തു​പ​ണി​ക​ളും അ​തേ​പ​ടി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, ആ ​മ​ന്ദി​ര​ത്തി​ന് "നി​ർ​മ്മ​ൽ ഹൃ​ദ​യ്' (Home of the Pure Heart) എ​ന്ന് മ​ദ​ർ നാ​മ​ക​ര​ണം ചെ​യ്തു. ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പൂ​ർ​ണമാ​യും മാ​നി​ച്ചു​കൊ​ണ്ട് മ​ദ​ർ അ​വി​ടെ ചെ​യ്ത​ത്, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ്വ​ന്തം അ​മ്മ​യെ​പ്പോ​ലെ അ​ഭ​യം ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്നു.

സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന കൊ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ ഹൗ​സ് സ്വ​ന്ത​മാ​യി ഒ​രു ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ മ​ദ​റും കൂ​ട്ട​രും അ​ല​ഞ്ഞ​പ്പോ​ൾ, ആ ​യാ​ത്ര​യി​ൽ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന​ത് സ​ഹോ​ദ​ര​തു​ല്യ​നാ​യ ഒ​രു മു​സ്ലീം വ്യാ​പാ​രി​യാ​യി​രു​ന്നു - ഡോ. ​ഇ​സ്‌ലാം.

ഇ​ന്ത്യ -​ പാ​ക്കി​സ്ഥാ​ൻ വി​ഭ​ജ​ന​ത്തി​ന്‍റെ കാ​ല​ത്ത് കൊ​ൽ​ക്ക​ത്ത വി​ട്ടു​പോ​കാ​ൻ ഒ​രു​ങ്ങി​യ ആ ​മു​സ്‌ലിം സ​ഹോ​ദ​ര​ൻ, അ​നാ​ഥ​രെ നെ​ഞ്ചി​ലേ​റ്റു​ന്ന ക​ന്യാ​സ്ത്രീ​ക​ളു​ടെ ന​ന്മ തി​രി​ച്ച​റി​ഞ്ഞ് തന്‍റെ വ​ലി​യ കെ​ട്ടി​ടം വ​ള​രെ കു​റ​ഞ്ഞ തു​ക​യ്ക്ക് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി.

കോ​ൽ​ക്ക​ത്ത ആ​ർ​ച്ച്ബി​ഷ​പ് ഫെ​ർ​ഡി​നാ​ൻ​ഡ് പെ​രി​യ​റു​ടെ ഇ​ട​പെ​ട​ലി​ൽ സ​ഭ വാ​ങ്ങി​യ ആ ​കെ​ട്ടി​ട​മാ​ണ് ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​രു​ണ്യ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യ "മ​ദ​ർ ഹൗ​സ്'. ഒ​രു ഹി​ന്ദു ക്ഷേ​ത്ര​ത്തിന്‍റെ ധ​ർ​മ്മ​ശാ​ല​യി​ൽ നി​ന്ന് തു​ട​ങ്ങി​യ പ​രി​ച​ര​ണം, ഒ​രു മു​സ്‌ലിം സ​ഹോ​ദ​ര​ൻ സ​മ്മാ​നി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ള​ർ​ന്ന്, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ണ​ലി​ൽ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച​പ്പോ​ൾ അ​വി​ടെ തെ​ളി​ഞ്ഞു ക​ണ്ട​ത് ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​ന്‍റെ ജ​യ​മാ​യി​രു​ന്നി​ല്ല; മ​റി​ച്ച് മ​നു​ഷ്യ​ത്വം എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്കും മേ​ലെ ഉ​യ​ർ​ന്ന സ്നേ​ഹ​സാ​മ്രാ​ജ്യം മ​നു​ഷ്യന്‍റെ ഏ​റ്റ​വും വ​ലി​യ ദാ​രി​ദ്ര്യം വി​ശ​പ്പ​ല്ല, മ​റി​ച്ച് ത​ങ്ങ​ളെ സ്നേ​ഹി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന അ​പ​ക​ർ​ഷ​താ​ബോ​ധ​വും ത​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന തോ​ന്ന​ലു​മാ​ണെ​ന്ന് മ​ദ​ർ തി​രി​ച്ച​റി​ഞ്ഞു. മ​രി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ൽ ദൈ​വ​ത്തെ ക​ണ്ട മ​ദ​ർ, അ​വ​രെ അ​വ​രു​ടെ സ്വ​ന്തം വി​ശ്വാ​സ​പ്ര​കാ​രം ആ​ശ്വ​സി​പ്പി​ച്ചു. മ​ര​ണ​ത്തി​ലേ​ക്ക് ന​ട​ന്നു നീ​ങ്ങി​യ ഓ​രോ മ​നു​ഷ്യ​ന്‍റെ​യും ആ​ത്മാ​വി​ന് ശാ​ന്തി ന​ൽ​കി​യ​ത് അ​വ​രു​ടെ സ്വ​ന്തം ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു.

എ​ന്നി​ട്ടും, കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്രം ക​ണ്ണു​ക​ളു​ള്ള ചി​ല​ർ മ​ദ​റി​ന് മേ​ൽ "മ​ത​പ​രി​വ​ർ​ത്ത​നം' എ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ൽ വീ​ഴ്ത്താ​ൻ ശ്ര​മി​ച്ചു. "ഞാ​ൻ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട് - ഒ​രു ന​ല്ല ഹി​ന്ദു​വി​നെ അ​തി​നേ​ക്കാ​ൾ ന​ല്ല ഹി​ന്ദു​വാ​യും ഒ​രു ന​ല്ല മു​സ്‌ലിം​മി​നെ അ​തി​നേ​ക്കാ​ൾ ന​ല്ല മു​സ്‌ലി​മാ​യും ഒ​രു ന​ല്ല ക്രി​സ്ത്യാ​നി​യെ അ​തി​നേ​ക്കാ​ൾ ന​ല്ല ക്രി​സ്ത്യാ​നി​യാ​യും ഞാ​ൻ മാ​റ്റു​ന്നു എ​ന്ന് പു​ഞ്ചി​രി​യോ​ടെ മ​ദ​ർ മ​റു​പ​ടി ന​ൽ​കി.

വാ​ക്കു​ക​ളി​ല​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണ് ധ​ർമം എ​ന്ന് തെ​ളി​യി​ച്ച ആ ​ത​പ​സ്വി​നി ആ​രോ​പ​ണ​ങ്ങ​ളു​ടെ ക​ല്ലെ​റി​യ​ലു​ക​ളെ സ്നേ​ഹം കൊ​ണ്ട് നേ​രി​ട്ടു. ഇ​ന്ന്, മ​ദ​ർ തെ​രേ​സ ന​മ്മോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് 29 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ആ ​ഓ​ർമ​ക​ൾ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്: മ​ത​ങ്ങ​ൾ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കാ​നു​ള്ള​ത​ല്ല, മ​റി​ച്ച് സ്നേ​ഹ​ത്തി​ന്‍റെ നൂ​ലി​ഴ​ക​ളാ​ൽ കോ​ർ​ത്ത​ണ​യ്ക്കാ​നു​ള്ള​താ​ണ്.

കാ​ളീ​ഘ​ട്ടി​ലെ ഭ​ക്ത​ർ​ക്കും വീ​ടു​വി​ട്ടി​റ​ങ്ങി​യ ഡോ. ​ഇ​സ്‌ലാ​മി​നും തെ​രു​വി​ൽ ചോ​ര​യൊ​ലി​പ്പി​ച്ചു കി​ട​ന്ന അ​ഗ​തി​ക്കും ഒ​രു​പോ​ലെ "അ​മ്മ'​യാ​യി മാ​റാ​ൻ മ​ദ​റി​ന് ക​ഴി​ഞ്ഞ​ത് അ​വ​ർ ദൈ​വ​ത്തെ അ​മ്പ​ല​ങ്ങ​ളി​ലോ പ​ള്ളി​ക​ളി​ലോ അ​ല്ല, മ​റി​ച്ച് സ​ഹ ജീ​വി​ക​ളു​ടെ ക​ണ്ണീ​രി​ലാ​ണ് ക​ണ്ട​ത് എ​ന്ന​ത് കൊ​ണ്ടാ​ണ്. ആ ​വി​ശു​ദ്ധ സ്മ​ര​ണ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മം!

മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​തം അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ, അ​ത് ഒ​രു വ്യ​ക്തി​യു​ടെ വി​ശു​ദ്ധ​ജീ​വി​ത​ത്തി​ന്റെ മാ​ത്രം ക​ഥ​യ​ല്ല; മ​നു​ഷ്യ​നി​ൽ മ​നു​ഷ്യ​നെ കാ​ണാ​നും, മ​നു​ഷ്യ​ന്‍റെ വേ​ദ​ന​യി​ൽ ദൈ​വി​ക​ത​യെ തി​രി​ച്ച​റി​യാ​നും പ​ഠി​പ്പി​ച്ച ഒ​രു മ​ഹ​ത്താ​യ പാ​ഠ​പു​സ്ത​ക​മാ​ണ്.

ആ ​പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ല വ​രി​ക​ൾ വാ​യി​ച്ച​റി​ഞ്ഞ​ത​ല്ല, ജീ​വി​ത​ത്തി​ൽ നേ​രി​ട്ട​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ അ​പൂ​ർ​വ്വ ഭാ​ഗ്യ​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ളീ​ഘ​ട്ടി​ലെ തെ​രു​വു​ക​ളി​ൽ നി​ന്ന് മ​ദ​ർ ഹൗ​സി​ന്‍റെ വി​ശു​ദ്ധ പ​ടി​വാ​തി​ൽ​വ​രെ പ​ട​ർ​ന്ന ആ ​കാ​രു​ണ്യ​ത്തി​ന്റെ ലോ​ക​ത്ത്, ഒ​രി​ക്ക​ൽ എ​നി​ക്കും ഒ​രു ചെ​റി​യ ഇ​ടം ല​ഭി​ച്ചു. ആ ​അ​നു​ഭ​വം വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യാ​യി പു​ന​ർ​ജ​നി​ച്ചു - മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​ത​ത്തെ​യും അ​വ​രു​മാ​യി നേ​രി​ൽ പ​ങ്കു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ ആ ​അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളെ​യും ഓ​ർ​മ്മ​ക​ളെ​യും ചേ​ർ​ത്തൊ​രു​ക്കി​യ The Angel of Tenderness എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​യി.

എ​ന്നാ​ൽ ആ ​ചി​ത്ര​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ക​ഥ ഒ​രു സി​നി​മ​യു​ടെ ക​ഥ​യ​ല്ല; മ​ദ​റി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ ഒ​രു മ​നു​ഷ്യ​ൻ, അ​വ​ളു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് പ​തു​ക്കെ ക​ട​ന്നു​ചെ​ന്ന​തി​ന്‍റെ ക​ഥ​യാ​ണ്. ആ ​അ​നു​ഭ​വ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, അ​ത് ഒ​രു കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ന്നും മ​ന​സി​ലാ​കു​ന്നു; ഒ​രു മ​നു​ഷ്യ​നെ വി​ശു​ദ്ധി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത് എ​ന്താ​ണെ​ന്ന് നേ​രി​ൽ ക​ണ്ട​റി​ഞ്ഞ ഒ​രു പു​ണ്യ​നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ഫ​ല്യം യാ​ദൃ​ച്ഛി​ക​മാ​യി തേ​ടി​യെ​ത്തു​ന്ന ചി​ല പു​ണ്യ​നി​മി​ഷ​ങ്ങ​ളാ​ണ്. അ​ത്ത​ര​മൊ​രു അ​പൂ​ർ​വാ​നു​ഭ​വ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ഓ​ർ​മ​ക​ളി​ലേ​ക്കാ​ണ് ഈ ​കു​റി​പ്പ് വാ​തി​ൽ തു​റ​ക്കു​ന്ന​ത്. അ​നാ​ഥ​രു​ടെ​യും ആ​രു​മി​ല്ലാ​ത്ത​വ​രു​ടെ​യും അ​ത്താ​ണി ആ​യി​രു​ന്ന മ​ദ​ർ തെ​രേ​സ​യെ നേ​രി​ൽ കാ​ണു​ക എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ 1997 ജൂ​ലൈ മാ​സം കൊ​ച്ചി​യി​ൽ നി​ന്നും ക​ൽ​ക്ക​ട്ട​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി ക​യ​റു​മ്പോ​ൾ, എ​ന്‍റെ നെ​ഞ്ചി​ടി​പ്പു​ക​ൾ​ക്ക് ഒ​രേ​യൊ​രു താ​ള​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ - മ​ദ​ർ തെ​രേ​സ.

ജീ​വി​ക്കു​ന്ന ഒ​രു വി​ശു​ദ്ധ​യാ​യി ലോ​കം നെ​ഞ്ചേ​റ്റി​യ ആ ​കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ​യെ ഒ​രു​നോ​ക്ക് കാ​ണാ​ൻ, ആ ​വി​ശു​ദ്ധ​ക​ര​ങ്ങ​ളാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടാ​ൻ എ​ന്റെ ആ​ത്മാ​വ് അ​ത്ര​മേ​ൽ ദാ​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ൽ​ക്ക​ട്ട​യു​ടെ മ​ണ്ണി​ൽ ഞാ​ൻ കാ​ലു​കു​ത്തു​മ്പോ​ൾ എ​ന്നെ കാ​ത്തി​രു​ന്ന​ത് ക​ടു​ത്ത നി​രാ​ശ​യാ​യി​രു​ന്നു. മ​ദ​ർ ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യി​ലാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ്ണ വി​ല​ക്ക്! എ​നി​ക്ക് മ​ദ​റു​മാ​യി ഒ​രു കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന പ്ര​മു​ഖ വ്യ​ക്തി പോ​ലും ആ ​വി​ല​ക്കി​ന്റെ വി​വ​ര​മ​റി​ഞ്ഞ് അ​പ്ര​ത്യ​ക്ഷ​നാ​യി.

പി​ന്നീ​ട​ങ്ങോ​ട്ട് എ​ന്‍റെ രാ​പ്പ​ക​ലു​ക​ൾ പ്രാ​ർ​ത്ഥ​ന​ക​ളാ​ൽ അ​ലി​ഞ്ഞു തീ​രു​ക​യാ​യി​രു​ന്നു. കോൽ​ക്ക​ട്ട​യി​ലെ ഏ​ത് ചെ​റി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ ക​ണ്ടാ​ലും ഞാ​ൻ ഓ​ടി​ക്ക​യ​റി. എന്‍റെ ഏ​ക ല​ക്ഷ്യം മ​ദ​റി​ന്‍റെ സൗ​ഖ്യ​മാ​യി​രു​ന്നു.

അ​ത്ര​മേ​ൽ തീ​ക്ഷ്ണ​മാ​യ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ ഞാ​ൻ എ​ന്നെ​ത്ത​ന്നെ മ​റ​ന്നു. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, ആ ​നാ​ളു​ക​ളി​ലെ പ്രാ​ർ​ഥന​ക​ൾ പോ​ലും എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ദി​വ്യാ​നു​ഗ്ര​ഹ​ങ്ങ​ളാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തി​രി​ച്ച​റി​യു​ന്നു.

ശി​ശു​ഭ​വ​നി​ലേ​ക്ക് ഞാ​ൻ ന​ട​ത്തി​യ ആ ​യാ​ദൃ​ച്ഛി​ക യാ​ത്ര​യി​ലാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്. അ​വി​ടെ പ​രി​ച​യ​പ്പെ​ട്ട സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രോ​ടും സി​സ്റ്റ​ർ​മാ​രോ​ടും മ​ദ​റി​നെ കാ​ണാ​ൻ മാ​ത്രം ദി​ന​രാ​ത്ര​ങ്ങ​ളോ​ളം കോ​ൽ​ക്ക​ട്ട​യി​ൽ ക​ഴി​യു​ന്ന എന്‍റെ ആ​കു​ല​ത ഞാ​ൻ പ​ങ്കു​വെ​ച്ചു.

എ​ന്‍റെ ഹൃ​ദ​യ​നൊ​മ്പ​രം ക​ണ്ടി​ട്ടാ​ക​ണം സി​സ്റ്റ​ർ​മാ​ർ​ക്ക് എ​ന്നോ​ട് അ​നു​ക​മ്പ തോ​ന്നി. നേ​രി​ൽ കാ​ണു​ക അ​സാ​ധ്യ​മാ​ണെ​ങ്കി​ലും മ​ദ​റി​ന്‍റെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ദി​വ​സ​വും അ​റി​യാ​ൻ അ​വ​ർ എ​ന്നെ അ​നു​വ​ദി​ച്ചു.

ദി​വ​സ​വും രാ​വി​ലെ ഞാ​ൻ അ​വി​ടെ​യെ​ത്തി. വെ​റു​തെ​യി​രി​ക്കാ​ൻ എ​ന്‍റെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. സി​സ്റ്റ​ർ ഷെ​ൽ​വി​ന​യു​ടെ​യും സി​സ്റ്റ​ർ ഷീ​ല​യു​ടെ​യും ഒ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഞാ​നും പ​ങ്കാ​ളി​യാ​യി.

മ​ദ​ർ സ്ഥാ​പി​ച്ച ജീ​വ​കാ​രു​ണ്യ സാ​മ്രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ഞാ​ൻ അ​റി​ഞ്ഞു​കൊ​ണ്ട് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. ക​ൽ​ക്ക​ട്ട​യി​ലെ വി​വി​ധ ന​ഴ്സിം​ഗ്, ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഞാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലു​ള്ള നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രെ പ​രി​ച​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, കു​ഷ്ഠ​രോ​ഗി​ക​ൾ​ക്കാ​യു​ള്ള സ​ങ്കേ​ത​ങ്ങ​ൾ, ചേ​രി സ്കൂ​ളു​ക​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര ക്ലി​നി​ക്കു​ക​ൾ, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ​ക്കു​ള്ള ക​രു​ത​ൽ വീ​ടു​ക​ൾ, ത​യ്യ​ൽ-​ടൈ​പ്പ് റൈ​റ്റിം​ഗ് തൊ​ഴി​ൽ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ... അ​വി​ടെ​യെ​ല്ലാം ഞാ​ൻ കാ​രു​ണ്യ​ത്തി​ന്‍റെ ദി​വ്യ​വെ​ളി​ച്ചം ക​ണ്ടു. ഏ​ക​ദേ​ശം ഒ​ന്ന​ര​മാ​സ​ത്തോ​ളം സി​സ്റ്റ​ർ​മാ​രോ​ടൊ​പ്പം ഞാ​ൻ ആ ​ശു​ശ്രൂ​ഷാ​സേ​വ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി.

"അ​വ​രു​ടെ നാ​ളെ​യെ​ക്കു​റി​ച്ച് നി​ങ്ങ​ൾ ആ​കു​ല​പ്പെ​ടൂ, അ​വ​രു​ടെ ഇ​ന്നി​നെ ഞാ​ൻ നോ​ക്കി​ക്കൊ​ള്ളാം..."

വി​മ​ർ​ശ​ക​ർ​ക്ക് മ​ദ​ർ ന​ൽ​കി​യ ശാ​ന്ത​മാ​യ ആ ​മ​റു​പ​ടി എ​ന്റെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങി​ക്കൊ​ണ്ടേ​യി​രു​ന്നു. ചീ​ഞ്ഞ​ളി​ഞ്ഞ മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ളു​ടെ അ​സ​ഹ്യ​മാ​യ ഗ​ന്ധം നി​റ​ഞ്ഞു​നി​ന്ന ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ജീ​വ​നു​ക​ളു​ടെ ശ്വാ​സ​ച്ചൂ​ടി​ൽ, ഞാ​ൻ ആ ​വാ​ക്കു​ക​ളു​ടെ മാ​ഹാ​ത്മ്യം അ​നു​ഭ​വി​ച​റി​ഞ്ഞു.

സ്വ​ന്തം സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഉ​റ​ക്ക​വും മ​റ​ന്ന് രോ​ഗി​ക​ളു​ടെ നാ​ഡി​മി​ടി​പ്പു​ക​ൾ തൊ​ട്ട​റി​യു​ന്ന സി​സ്റ്റ​ർ​മാ​രെ ക​ണ്ട​പ്പോ​ൾ, എ​ന്‍റെ സ​ങ്കു​ചി​ത​മാ​യ ഭ​യ​ങ്ങ​ൾ എ​ന്നെ വീ​ണ്ടും വീ​ണ്ടും അ​സ്വ​സ്ഥ​നാ​ക്കി.

സ​ക​ല സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും ഭ​യം കൊ​ണ്ട് ഞാ​ൻ മ​നഃ​പൂ​ർ​വ്വം മാ​റി​നി​ന്ന ഒ​രി​ട​മു​ണ്ടാ​യി​രു​ന്നു - നി​ർ​മ്മ​ൽ ഹൃ​ദ​യ്.

1952-ൽ ​കാ​ളി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു പ​ഴ​യ ധ​ർ​മ്മ​ശാ​ല​യി​ൽ മ​ദ​ർ തു​ട​ക്ക​മി​ട്ട, മ​രി​ക്കാ​റാ​യ അ​നാ​ഥ​രു​ടെ ആ ​സ​ങ്കേ​തം... ഒ​രു ദി​വ​സം വൈ​കു​ന്നേ​രം സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ ക​ഴി​ഞ്ഞ് സി​സ്റ്റ​ർ​മാ​രോ​ടൊ​പ്പം ശി​ശു​ഭ​വ​നി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു:

"നാ​ളെ ജോ​യ് വ​ര​ണ​മെ​ന്നി​ല്ല...'

കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: "നാ​ളെ ഞ​ങ്ങ​ൾ പോ​കു​ന്ന​ത് നി​ർ​മ്മ​ൽ ഹൃ​ദ​യി​ലാ​ണ്, അ​വി​ടെ എ​യ്ഡ്സ് ബാ​ധി​ത​ര​ട​ക്ക​മു​ള്ള രോ​ഗി​ക​ളു​ണ്ട്."

"ശ​രി, അ​പ്പോ​ൾ മ​റ്റെ​ന്നാ​ൾ കാ​ണാം,' എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ എ​ന്‍റെ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി.

അ​വി​ടെ എ​യ്ഡ്സ് ബാ​ധി​ത​രും മാ​ര​ക​രോ​ഗി​ക​ളും ഉ​ണ്ടെ​ന്ന​റി​ഞ്ഞ എ​ന്‍റെ ഉ​ള്ളി​ലെ ഭ​യം, എ​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു. എ​ന്നാ​ൽ, മ​ര​ണ​ത്തെ പോ​ലും പു​ഞ്ചി​രി​യോ​ടെ ചും​ബി​ക്കു​ന്ന മ​ദ​റി​ന്‍റെ രൂ​പ​വും സ്നേ​ഹ​മ​സൃ​ണ​മാ​യ ചോ​ദ്യ​ങ്ങ​ളും മ​ന​സ്സി​ൽ തെ​ളി​ഞ്ഞു വ​ന്നു.

എ​യ്ഡ്സ് രോ​ഗി​ക​ളെ​യും മ​റ്റ് മാ​റാ​രോ​ഗി​ക​ളെ​യും പു​ഴു​വ​രി​ച്ച വ്ര​ണ​ങ്ങ​ളു​ള്ള മ​നു​ഷ്യ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ചും​ബി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ ​അ​മ്മ​യു​ടെ ചി​ത്രം ഉ​ള്ളി​ൽ അ​ല​യ​ടി​ച്ച​പ്പോ​ൾ, ആ ​സ​ന്നി​ധി​യി​ലെ​ത്താ​നു​ള്ള യോ​ഗ്യ​ത ത​നി​ക്കി​ല്ലെ​ന്ന് എ​ന്റെ മ​ന​സ്സാ​ക്ഷി എ​ന്നെ വി​ചാ​ര​ണ ചെ​യ്തു.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​സ്വ​സ്ഥ​നാ​യി ക​ഴി​യു​മ്പോ​ൾ എ​ന്‍റെ ഉ​ള്ളി​ൽ ഒ​രു ഉ​റ​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി - മ​ദ​ർ തെ​രേ​സ​യെ കാ​ണ​ണ​മെ​ങ്കി​ൽ ആ ​എ​യ്ഡ്സ് രോ​ഗി​ക​ളെ​യും മാ​റാ​രോ​ഗി​ക​ളെ​യും ക​ണ്ട​തി​ന് ശേ​ഷം മാ​ത്രം!

ഒ​ടു​വി​ൽ, ധൈ​ര്യ​പൂ​ർ​വ്വം ആ ​തീ​രു​മാ​ന​മെ​ടു​ത്ത് പ​തി​വു​പോ​ലെ ഞാ​ൻ ശി​ശു​ഭ​വ​ന്റെ വാ​തി​ൽ തു​റ​ന്ന് സി​സ്റ്റ​ർ​മാ​രു​ടെ അ​ടു​ത്തെ​ത്തി. അ​വ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റി നി​ർ​മ്മ​ൽ ഹൃ​ദ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. എ​ന്നെ ക​ണ്ട​പ്പോ​ൾ അ​വ​ർ അ​ത്ഭു​ത​ത്തോ​ടെ ചോ​ദി​ച്ചു: "ഇ​ന്ന​ലെ പ​റ​ഞ്ഞ​ത് മ​റ​ന്നു​പോ​യോ? ഞ​ങ്ങ​ൾ നി​ർ​മ്മ​ൽ ഹൃ​ദ​യി​ലാ​ണ് ഇ​ന്ന് പോ​കു​ന്ന​ത്."

"ഞാ​ൻ മ​റ​ന്ന​ത​ല്ല, എ​ന്‍റെ മ​ന​സ്സി​നെ അ​ല​ട്ടു​ന്ന വി​ചാ​ര​ണ​ക​ളെ മ​റി​ക​ട​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്," എ​ന്ന് ഞാ​ൻ അ​വ​രോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. അ​ങ്ങ​നെ, ആ ​അ​നു​ഗ്ര​ഹീ​ത യാ​ത്ര​യി​ൽ ഞാ​ൻ അ​വ​രോ​ടൊ​പ്പം പ​ങ്കു​ചേ​ർ​ന്നു.

നി​ർ​മ്മ​ൽ ഹൃ​ദ​യി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്ന് ഞ​ങ്ങ​ൾ അ​ക​ത്തു​ക​യ​റി. എ​ന്നെ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​ക്കൊ​ണ്ട് അ​വി​ടെ സേ​വ​നം ചെ​യ്തി​രു​ന്ന സി​സ്റ്റ​ർ എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​രോ​ട് ചോ​ദി​ച്ചു: "ഇ​യാ​ൾ എ​ന്തി​ന് വ​ന്നു? ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ലേ?"

ഞാ​നാ​ണ് അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത് : "അ​വ​രെ​ല്ലാം പ​റ​ഞ്ഞി​രു​ന്നു, ഞാ​ൻ ഇ​വ​രെ​യൊ​ക്കെ കാ​ണാ​ൻ വേ​ണ്ടി​ത്ത​ന്നെ വ​ന്ന​താ​ണ്!" അ​വ​ർ വ​ള​രെ അ​ത്ഭു​ത​ത്തോ​ടും സ​ന്തോ​ഷ​ത്തോ​ടും എ​ന്നെ ഉ​ള്ളി​ലേ​ക്ക് ക്ഷ​ണി​ച്ചു.

മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന രോ​ഗി​ക​ളെ​യൊ​ക്കെ അ​വ​ർ എ​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്നു. അ​പ്പോ​ഴാ​ണ് ഒ​രു കാ​ഴ്ച എ​ന്റെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് - ഒ​രു സി​സ്റ്റ​ർ കു​റു​ക്ക് പോ​ലെ​യു​ള്ള ഭ​ക്ഷ​ണം ബൗ​ളി​ലെ​ടു​ത്ത്, സ്പൂ​ണി​ൽ കോ​രി ഒ​രു രോ​ഗി​ക്ക് ന​ൽ​കു​ന്നു.

അ​തി​നി​ട​യി​ൽ സി​സ്റ്റ​ർ​ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്ന​പ്പോ​ൾ ആ ​ബൗ​ൾ അ​വി​ടു​ത്തെ സ്റ്റൂ​ളി​ൽ വെ​ച്ച് അ​വ​ർ ഫോ​ൺ അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ പോ​യി. കി​ട​ക്ക​യി​ൽ കി​ട​ന്നി​രു​ന്ന രോ​ഗി ആ​ർ​ത്തി​യോ​ടെ ത​ല​ച​രി​ച്ച് ആ ​സ്റ്റൂ​ളി​ലി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് നോ​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു.

വി​ശ​ന്നി​ട്ടാ​കാം എ​ന്ന് ക​രു​തി ഞാ​ൻ അ​യാ​ളു​ടെ കി​ട​ക്ക​യ്ക്ക​രി​കി​ലേ​ക്ക് ചെ​ന്നു. ആ ​ബൗ​ളി​ൽ നി​ന്ന് സ്പൂ​ണി​ൽ ഭ​ക്ഷ​ണം കോ​രി, മ​ര​ണ​ത്തി​ന്റെ താ​ഴ്‌​വ​ര​യി​ൽ കി​ട​ക്കു​ന്ന ആ ​മ​നു​ഷ്യ​രൂ​പ​ത്തി​ന്റെ വാ​യി​ലേ​ക്ക് ന​ൽ​കി.

അ​പ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചു. ക​റു​ത്ത് മെ​ലി​ഞ്ഞ്, അ​സ്ഥി​കൂ​ടം പോ​ലെ കി​ട​ക്ക​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ആ ​മ​നു​ഷ്യ​നോ​ട് ഞാ​ൻ ചോ​ദി​ച്ചു: "ക​ര​യു​ന്ന​ത് എ​ന്തി​നാ​ണ്?"

എ​ന്റെ കൈ​ക​ളി​ൽ തൊ​ട്ട്, നി​റ​ക​ണ്ണു​ക​ളോ​ടെ അ​യാ​ൾ പ​റ​ഞ്ഞു:

"ഞാ​ൻ സ​ന്തോ​ഷം കൊ​ണ്ടാ​ണ് ക​ര​യു​ന്ന​ത്...!"

അ​യാ​ളു​ടെ മ​റു​പ​ടി എ​ന്നെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു! ഒ​ട്ടി​യ വ​യ​റും വി​ശ​പ്പും പേ​റി, ശ​രി​യാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ മ​ര​ണം കാ​ത്തു​ക​ഴി​യു​ന്ന ഇ​യാ​ൾ​ക്ക് സ​ന്തോ​ഷ​മോ? സം​ശ​യ​ത്തോ​ടെ ഞാ​ൻ വീ​ണ്ടും ചോ​ദി​ച്ചു: "ക​ര​യു​ന്ന​ത് സ​ന്തോ​ഷം കൊ​ണ്ടാ​ണെ​ന്നോ?"

"അ​തെ," എ​ന്ന് പ​റ​ഞ്ഞ് സി​സ്റ്റ​ർ​മാ​രെ ചൂ​ണ്ടി​ക്കൊ​ണ്ട് അ​യാ​ൾ തു​ട​ർ​ന്നു: "അ​വ​ർ ദൈ​വ​ങ്ങ​ളാ​ണ്! എ​ല്ലാ​വ​രും വെ​റു​ത്തു​ത​ള്ളി​യ ഞ​ങ്ങ​ളെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കാ​നും ഇ​ങ്ങ​നെ​യൊ​ക്കെ ശു​ശ്രൂ​ഷി​ക്കാ​നും വേ​റെ ആ​ർ​ക്കാ​ണ് ക​ഴി​യു​ക? ഞ​ങ്ങ​ൾ ഇ​പ്പോ​ൾ സ്വ​ർ​ഗത്തി​ലാ​ണ്... ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ത്ഥ സ​ന്തോ​ഷ​വും സ്നേ​ഹ​വും ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ത് ഇ​വി​ടെ വ​ന്ന​തി​ന് ശേ​ഷ​മാ​ണ്! ഞ​ങ്ങ​ൾ പാ​പി​ക​ളാ​ണ്, പ​ക്ഷേ, ഭാ​ഗ്യ​മു​ള്ള പാ​പി​ക​ൾ! ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ട് മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന ഭാ​ഗ്യ​വാ​ന്മാ​ർ!".

K-Rail Survey

അ​യാ​ളു​ടെ ക​വി​ളി​ലേ​ക്ക് വീ​ണ എ​ൻ​റെ ക​ണ്ണു​നീ​ർ​ത്തു​ള്ളി എ​ന്‍റെ അ​ഹ​ന്ത​യെ ക​ഴു​കി​ക്ക​ള​ഞ്ഞു. മ​നു​ഷ്യ​നെ അ​ഗാ​ധ​മാ​യി സ്നേ​ഹി​ക്കാ​നു​ള്ള ആ ​സാ​ർ​വ​ലൗ​കി​ക സ​ത്യം അ​വി​ടെ​വെ​ച്ചാ​ണ് എ​ന്റെ ആ​ത്മാ​വ് തൊ​ട്ട​റി​ഞ്ഞ​ത്. മ​നു​ഷ്യ​ന് മ​നു​ഷ്യ​നെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പു​തി​യൊ​രു തി​രി​ച്ച​റി​വ് എ​ന്റെ ഉ​ള്ളി​ൽ തെ​ളി​ഞ്ഞു. അ​വി​ടെ​ച്ചെ​ന്ന് അ​വ​രെ​യൊ​ക്കെ കാ​ണാ​തെ പോ​യി​രു​ന്നെ​ങ്കി​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ ​ദി​വ്യ​സ​ത്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യാ​തെ പോ​യേ​നേ!

അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഞാ​ൻ ശി​ശു​ഭ​വ​നി​ലെ​ത്തി​യ​പ്പോ​ൾ എ​ന്നെ കാ​ത്തി​രു​ന്ന​ത് ആ ​സ്വ​പ്ന​വാ​ർ​ത്ത​യാ​യി​രു​ന്നു: "മ​ദ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്! നാ​ളെ നി​ങ്ങ​ൾ​ക്ക് മ​ദ​റി​നെ കാ​ണാം, രാ​വി​ലെ 9 മ​ണി​ക്ക് മ​ദ​ർ ഹൗ​സി​ലെ​ത്ത​ണം."

കൊ​ൽ​ക്ക​ത്ത​യി​ലെ ക​നി​വി​ന്‍റെ കൊ​ട്ടാ​ര​മാ​യ മ​ദ​ർ ഹൗ​സി​നെ​ക്കു​റി​ച്ച് കേ​ട്ട​റി​വു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. നാ​ളെ രാ​വി​ലെ ഒമ്പതിന് ആ ​പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കാ​ൻ ക​ഴി​യു​മെ​ന്ന സ​ന്തോ​ഷ​ത്തി​ൽ എ​ന്‍റെ മ​ന​സ്സി​ൽ മ​ദ​റും മ​ദ​ർ ഹൗ​സും നി​റ​ഞ്ഞു​നി​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ദ​ർ ഹൗ​സി​ന്റെ ച​രി​ത്ര​വും എ​ൻ​റെ ഓ​ർ​മ്മ​യി​ലൂ​ടെ ക​ട​ന്നു​പോ​യി - സ്വ​ന്ത​മാ​യി ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ മ​ദ​റും കൂ​ട്ട​രും അ​ല​ഞ്ഞ​പ്പോ​ൾ, ആ ​യാ​ത്ര​യി​ൽ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഡോ. ​ഇ​സ്ലാം എ​ന്ന സ​ഹോ​ദ​ര​തു​ല്യ​നാ​യ വ്യാ​പാ​രി​യാ​യി​രു​ന്നു. ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ വി​ഭ​ജ​ന​കാ​ല​ത്ത് കൊ​ൽ​ക്ക​ത്ത വി​ട്ടു​പോ​കാ​നൊ​രു​ങ്ങി​യ ആ ​മു​സ്ലീം സ​ഹോ​ദ​ര​ൻ, അ​നാ​ഥ​രെ നെ​ഞ്ചി​ലേ​റ്റു​ന്ന ക​ന്യാ​സ്ത്രീ​ക​ളു​ടെ ന​ന്മ തി​രി​ച്ച​റി​ഞ്ഞ്, ത​ന്‍റെ വ​ലി​യ കെ​ട്ടി​ടം വ​ള​രെ കു​റ​ഞ്ഞ തു​ക​യ്ക്ക് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ആ ​ന​ന്മ​യു​ടെ വ​ഴി​ക​ളും ഞാ​ൻ ഓ​ർ​ത്തു​പോ​യി.

പി​റ്റേ​ന്ന് രാ​വി​ലെ എട്ട് മു​ത​ൽ ഞാ​ൻ മ​ദ​ർ ഹൗ​സിന്‍റെ ഗേ​റ്റി​നു വെ​ളി​യി​ൽ കാ​ത്തു​നി​ന്നു. ഒമ്പത് ആ​യ​പ്പോ​ൾ ര​ണ്ട് സി​സ്റ്റ​ർ​മാ​ർ വ​ന്ന് ഗേ​റ്റ് തു​റ​ന്ന് എ​ന്നെ മു​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഹൃ​ദ​യം നി​റ​യെ പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ നി​ന്ന എ​ൻ​റെ മു​ന്നി​ലേ​ക്ക്... സ്നേ​ഹം പൂ​ത്തു​ല​ഞ്ഞ്, ദാ​രി​ദ്ര്യം ക​രി​ഞ്ഞു കൊ​ഴി​യു​മെ​ന്ന് ലോ​ക​ത്തെ പ​ഠി​പ്പി​ച്ച, സൗ​മ​ന​സ്യ​ത്തി​ന്റെ സ​ന്ദേ​ശ​വു​മാ​യി ലോ​ക​മെ​മ്പാ​ടും ന​ട​ന്ന കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ, വി​ശു​ദ്ധ തെ​രേ​സ, വ​രാ​ന്ത​യി​ലൂ​ടെ പ​തു​ക്കെ ന​ട​ന്നു വ​രു​ന്നു!

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ വി​റ​ങ്ങ​ലി​ച്ചു നി​ന്നു. ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച് ചും​ബി​ക്ക​ണ​മോ, അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്ക​ണ​മോ, അ​തോ കാ​ലി​ൽ വീ​ണു ന​മ​സ്ക​രി​ക്ക​ണ​മോ... വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ആ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ മ​ദ​ർ എ​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഞാ​ൻ ആ ​പാ​ദ​ങ്ങ​ളി​ൽ തൊ​ട്ടു​വ​ന്ദി​ച്ചു. ആ ​വി​ശു​ദ്ധ ക​ര​ങ്ങ​ൾ എ​ന്റെ ശി​ര​സ്സി​ൽ അ​മ​ർ​ന്നു പ്രാ​ർ​ത്ഥി​ച്ചു. എ​ന്റെ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ൾ ഞാ​ൻ മ​ദ​റി​നോ​ട് പ​ങ്കു​വെ​ച്ചു. അ​ന്ന് വൈ​കു​ന്നേ​രം മ​ദ​റി​നോ​ടൊ​പ്പം പ്രാ​ർ​ത്ഥി​ക്കാ​നു​ള്ള അ​പൂ​ർ​വ്വ ഭാ​ഗ്യ​വും എ​നി​ക്ക് ല​ഭി​ച്ചു.

വൈ​കു​ന്നേ​ര​ത്തെ പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം പി​രി​യു​ന്ന​തി​ന് മു​ൻ​പാ​യി മ​ദ​ർ എ​ന്നോ​ട് ചോ​ദി​ച്ചു:

"ആ​ഗ്ര​ഹ​ങ്ങ​ളൊ​ക്കെ കൃ​ത്യ​മാ​യും സ​ത്യ​സ​ന്ധ​മാ​യും ന​ട​ത്താ​ൻ ക​ഴി​യു​മോ?"

"തീ​ർ​ച്ച​യാ​യും ക​ഴി​യും മ​ദ​ർ!" ഞാ​ൻ മ​റു​പ​ടി ന​ൽ​കി.

എ​ൻ​റെ ത​ല​യി​ൽ കൈ​വെ​ച്ച് പ്രാ​ർ​ത്ഥി​ച്ച മ​ദ​ർ തെ​രേ​സ​യു​ടെ ആ ​ചി​ത്രം മ​ര​ണ​ത്തി​ന് പോ​ലും എ​ന്റെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് തു​ട​ച്ചു​നീ​ക്കാ​ൻ ക​ഴി​യി​ല്ല. പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം മ​ദ​ർ പ​റ​ഞ്ഞു:

"കാ​ര്യം സാ​ധ്യ​മാ​കും, ഞാ​നും പ്രാ​ർ​ത്ഥി​ക്കും. പ​ക്ഷേ, എ​പ്പോ​ഴും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണം. പാ​വ​പ്പെ​ട്ട​വ​രെ ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത്. ഏ​ത് കാ​ര്യ​ത്തി​നും ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​കും, പ്രാ​ർ​ത്ഥ​ന കൈ​വി​ടാ​തി​രി​ക്കു​ക."

പി​റ്റേ​ന്ന് വൈ​കു​ന്നേ​ര​വും മ​ദ​റി​നോ​ടൊ​പ്പം പ്രാ​ർ​ത്ഥി​ക്കാ​നും, ഫോ​ട്ടോ എ​ടു​ക്കാ​നു​മു​ള്ള അ​നു​വാ​ദം ല​ഭി​ച്ചു. മ​ദ​ർ അ​നു​ഗ്ര​ഹി​ച്ചു ത​ന്ന കു​രി​ശും മെ​ഡ​ലും ചി​ത്ര​ങ്ങ​ളും എ​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യ നി​ധി​യാ​യി മാ​റി. ഞാ​ൻ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ കാ​ര്യ​ങ്ങ​ളെ​ല്ലാം സാ​ധ്യ​മാ​യി.

ആ ​അ​മ്മ​യോ​ട് പ​റ​ഞ്ഞ വാ​ക്ക് ഈ ​നി​മി​ഷം വ​രെ പാ​ലി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചു എ​ന്ന​ത് എ​ന്റെ ആ​ത്മാ​വി​ന് ന​ൽ​കു​ന്ന സം​തൃ​പ്തി ചെ​റു​ത​ല്ല. അ​മ്മ​യു​ടെ ക​നി​വും താ​ലോ​ട​ലും എന്‍റെ ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ബോ​ധ​പൂ​ർ​വ്വം എ​ന്നെ വീ​ഴ്ത്താ​നും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കാ​നും ചി​ല​രൊ​ക്കെ ശ്ര​മി​ച്ച​പ്പോ​ഴും, ത​ല​യു​യ​ർ​ത്തി നി​ല​യു​റ​പ്പി​ച്ചു നി​ൽ​ക്കാ​ൻ എ​ന്നെ പ്രാ​പ്ത​നാ​ക്കി​യ​ത് ആ ​അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം ഒ​ന്നു​മാ​ത്ര​മാ​ണ്.​ആ അ​നു​ഗ്ര​ഹം അ​നേ​കം രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും നി​ങ്ങ​ളെ​യും തേ​ടി​യെ​ത്തും.

അ​ഞ്ചു രൂ​പ​യും ബൈ​ബി​ളും ജ​പ​മാ​ല​യും മാ​ത്ര​മാ​യി മോ​തി​ജീ​ൽ ചേ​രി​യി​ലെ ഒ​രു തു​റ​സ്സാ​യ പ​റ​മ്പി​ൽ, ഡെ​സ്കും ബോ​ർ​ഡു​മി​ല്ലാ​തെ ഒ​രു വി​ദ്യാ​ല​യം തു​ട​ങ്ങി​യ മ​ദ​ർ തെ​രേ​സ ലോ​കം മു​ഴു​വ​ൻ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി പ​ണി​തു​യ​ർ​ത്തി​യ​ത് ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ വ​ലി​യൊ​രു സാ​മ്രാ​ജ്യ​മാ​ണ്. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി ലോ​ക​മെ​മ്പാ​ടും പ​ട​ർ​ന്നു​പ​ന്ത​ലി​ക്കു​മ്പോ​ഴും, അ​തി​ന് ദി​വ്യ​ചൈ​ത​ന്യ​വും നി​സ്വാ​ർ​ത്ഥ​മാ​യ ല​ക്ഷ്യ​ബോ​ധ​വും ന​ൽ​കി​യ​ത് മ​ദ​റി​ന്‍റെ ആ ​വി​ശു​ദ്ധ സാ​ന്നി​ധ്യം ത​ന്നെ​യാ​യി​രു​ന്നു!.

മദർ തെരേസയുടെ വേർപാടിന്‍റെ 29-ാം വാർഷികദിനത്തിൽ മദർ തെരെസക്കൊപ്പം ഉള്ള അനുഭവം പങ്കുവച്ചത് ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും സംവിധായകനുമായ ജോയ് കെ. മാത്യു

Tags : Todays Story

Recent News

Corehub Up