വീഡിയോയിൽ നിന്നുമുള്ള ചിത്രം
അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ശക്തമായ താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റും പേമാരിയും ആഘോഷങ്ങൾക്കും ദൈനംദിന ജീവിതത്തിനും കനത്ത പ്രഹരമേൽപ്പിച്ചു. അതിതീവ്ര മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ജനജീവിതം താറുമാറായതോടെ ന്യൂയോർക്ക് നഗരത്തിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒൻപത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായപ്പോൾ, വടക്കൻ ജോർജിയ മുതൽ മിഡ്-അറ്റ്ലാന്റിക്, തെക്കൻ ന്യൂ ഇംഗ്ലണ്ട് മേഖലകൾ വരെ കാലാവസ്ഥാ ജാഗ്രതാ നിർദ്ദേശത്തിന്റെ നിഴലിലാണ്.
വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിരവധി പേരെ അടിയന്തര സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. സമാനമായ രക്ഷാദൗത്യങ്ങൾ മറ്റ് തീരദേശ മേഖലകളിലും പുരോഗമിക്കുകയാണ്. യാത്രകളേക്കാൾ പ്രധാനം ജീവനും സുരക്ഷയുമാണെന്ന് ഓർമ്മിപ്പിച്ച മേയർ, സുരക്ഷ പണയം വെച്ചുള്ള ഒരു യാത്രയ്ക്കും പ്രസക്തിയില്ലെന്ന് കൂട്ടിച്ചേർത്തു.
മേരിലാൻഡിലെ ഓഷ്യൻ സിറ്റിയിൽ വ്യാഴാഴ്ച രാവിലെ 8:24-ഓടെ വീശിയടിച്ച കാറ്റിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി, എങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. റോക്ക്വിലിൽ ശക്തമായ കാറ്റിൽ വാണിജ്യ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ കുടുങ്ങിപ്പോയ രണ്ടുപേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പവർഔട്ടേജ് ഡോട്ട് യുഎസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 9,25,000-ത്തിലധികം കണക്ഷനുകളാണ് വിച്ഛേദിക്കപ്പെട്ടത്. പെൻസിൽവാനിയ, മേരിലാൻഡ്, ന്യൂജേഴ്സി, വിർജീനിയ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം രൂക്ഷമായത്. വെസ്റ്റ് വിർജീനിയയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 74 മൈൽ വരെ എത്തിയതോടെ കിഴക്കൻ മേഖലയിലുടനീളം ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥ താങ്ക്സ്ഗിവിംഗ് പരേഡുകളുടെ താളവും തെറ്റിച്ചു. ശക്തമായ കാറ്റിൽ കൂറ്റൻ ബലൂണുകൾ ഉയർത്തുന്നത് അപകടകരമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് ന്യൂയോർക്കിലെ പ്രശസ്തമായ മേസീസ് താങ്ക്സ്ഗിവിംഗ് ഡേ പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റി. ഫിലാഡൽഫിയയിലെ പരേഡ് പൊതുനിരത്തുകൾ ഒഴിവാക്കി ടെലിവിഷൻ സംപ്രേഷണത്തിലേക്ക് ഒതുക്കി. പേമാരിയും തീരദേശ വെള്ളപ്പൊക്കവും കാറ്റും തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഭരണകൂടം ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
Heavy rainstorm in New York ?? https://t.co/TvUAhTqdS9
— Beauty of Nature (@NatureMuse_) November 27, 2026
Mamdani urges New Yorkers to stay inside as Thanksgiving storm brings flooding, 35 mph winds https://t.co/rPS5Bjyw45 https://t.co/E729Njjpae
— New York Post (@nypost) November 26, 2026
Tags : ThanksgivingStorm USEastCoast NewYorkCity NewJersey StateOfEmergency PowerOutage