സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കും കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിനും വേണ്ടി മനുഷ്യത്വം മറന്ന് പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർമാരുടെ വികൃതമുഖം വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് പഞ്ചാബിൽ നിന്നും പുറത്തുവരുന്നത്.
ഒരു മിണ്ടാപ്രാണിയുടെ ജീവൻ വെച്ച് "100 ദിവസത്തെ ചലഞ്ച്" എന്ന പേരിൽ ഇയാൾ നടത്തിയ ക്രൂരത സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചു.
തെരുവിൽ നിന്നും ലഭിച്ച ജിമ്മി എന്ന് പേരിട്ട ഒരു കൊച്ചു നായക്കുട്ടിയെ വളർത്തുകയും, 100 -ാം ദിവസം അതിനെ കൊന്നു ബിരിയാണി വെച്ച് കഴിക്കുമെന്നുമായിരുന്നു ഈ യുവാവിന്റെ പരസ്യമായ പ്രഖ്യാപനം.
ആദ്യ ദിവസം മുതൽ നായക്കുട്ടിയോടൊപ്പം സമയം ചിലവഴിക്കുന്നതും അതിനെ താലോലിക്കുന്നതുമായ ദൃശ്യങ്ങൾ ഇയാൾ പങ്കുവെച്ചിരുന്നുവെങ്കിലും, ഓരോ വീഡിയോയുടെയും അവസാനം ഈ നായയെ കൊല്ലുമെന്ന ഭീഷണി ആവർത്തിച്ചിരുന്നു.
മൃഗസ്നേഹികളും സാധാരണക്കാരായ കാഴ്ചക്കാരും തുടക്കം മുതലേ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഇയാൾ തന്റെ വികൃതമായ ചലഞ്ചുമായി മുന്നോട്ട് പോയി.
ഒരു ചെറിയ നായക്കുട്ടിയായിരുന്ന ജിമ്മി 92 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും വളർന്നു വലുതായിരുന്നു. ഒടുവിൽ ഈ ക്രൂരത 100 -ാം ദിവസത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ്, സുമനസുകളായ ഒരു കൂട്ടം മൃഗസംരക്ഷണ പ്രവർത്തകർ ഇടപെട്ടു.
സൈബർ ലോകത്തെ സൂചനകൾ വെച്ച് ഇയാളുടെ താമസം കണ്ടെത്തിയ ഇവർ സ്ഥലത്തെത്തി യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുകയും ജിമ്മിയെ മോചിപ്പിക്കുകയും ചെയ്തു. തന്റെ പ്രവൃത്തി തെറ്റാണെന്ന് സമ്മതിച്ച യുവാവ് പരസ്യമായി മാപ്പപേക്ഷിക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
നിലവിൽ ജിമ്മി സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുവരുത്തിയ രക്ഷാപ്രവർത്തകർ, ഇത്തരം തരംതാഴ്ന്ന പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഏത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാർക്കെതിരെ സമൂഹമനസാക്ഷി ഉണരണമെന്ന വലിയ സന്ദേശമാണ് ഈ സംഭവം നൽകുന്നത്.
Tags : AnimalRights StopAnimalAbuse RescueDog DogLoversIndia AnimalWelfare