പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിനുവേണ്ടി പൈലിംഗ് ജോലികള്‍ തുടങ്ങി. പഴയ ഒപി ബ്ലോക്ക്, അത്യാഹിത വിഭാഗം കെട്ടിടങ്ങള്‍ പൊളിച്ചസ്ഥാനത്ത് നിര്‍ദേശിക്കപ്പെട്ട ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റേതടക്കം നിര്‍മാണം മന്ദഗതിയില്‍.
ഒപി ബ്ലോക്ക് കെട്ടിടം പണിക്കുള്ള അനുമതി കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ചതാണ്. ആറുനില കെട്ടിടത്തിന്റെ അനുമതിയാണ് ലഭിച്ചത്. നബാര്‍ഡിന്റെ ധനസഹായത്തോടെ ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന ഈ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതിയായ ഘട്ടത്തിലാണ് അത്യാഹിത വിഭാഗത്തിനായി പുതിയ കെട്ടിടം പണിയാന്‍ കേന്ദ്ര പദ്ധതിയിലൂടെ അംഗീകാരം ലഭിച്ചത്. എന്നാല്‍, രണ്ട് കെട്ടിടങ്ങളും ഒറ്റ ബ്ലോക്കായി നിര്‍മിക്കുന്ന തരത്തിലുള്ള പ്ലാന്‍ തയാറാക്കി വരുമ്പോഴാണ് നിര്‍മാണോദ്ഘാടനം നടന്നത്.
അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങാത്ത സാഹചര്യത്തില്‍ പുതിയ ഒപി ബ്ലോക്കിന്റെ പൈലിംഗ് ജോലികള്‍ ആരംഭിക്കുകയായിരുന്നു. മൂന്ന് പൈലിംഗ് ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിലേക്കുള്ള പാലം നിര്‍മാണം ജോലി ഉടന്‍ ആരംഭിക്കുമെന്നു പറയുന്നു.
എന്‍എച്ച്എമ്മിന്റെയും കിറ്റ്കോയുടെയും ധനസഹായത്തോടെയാണ് അത്യാഹിത വിഭാഗത്തില്‍ പുതിയ കെട്ടിടം പണിയുന്നത്. മണ്ണ് പരിശോധന അടക്കം പ്രാഥമിക ജോലികളായിട്ടുണ്ട്. കിറ്റ്കോ നേരിട്ടാണ് നിര്‍മാണം നടത്തുന്നത്. കേന്ദ്ര പദ്ധതി ആയതിനാല്‍ 2018ലെ വെള്ളപ്പൊക്ക നില കൂടി കണക്കിലെടുത്ത് കെട്ടിടം തറനിരപ്പില്‍നിന്ന് ഉയര്‍ത്തി പണിയാനാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ആരോഗ്യവകുപ്പ് നിര്‍മിക്കുന്ന ഒപി ബ്ലോക്ക് തറനിരപ്പില്‍ തന്നെയാണ്.
ഒപി ബ്ലോക്ക്, അത്യാഹിത കെട്ടിടങ്ങളുടെ മധ്യത്തിലായി വഴി വേണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിനുള്ള സ്ഥലം ഇല്ലെന്നു വന്നതോടെ ഇരുകെട്ടിടങ്ങളും ഒറ്റബ്ലോക്കായി പരിഗണിച്ച് നിര്‍മാണം നടത്താമെന്ന നിര്‍ദേശം ഉണ്ടായെങ്കിലും അംഗീകാരം ലഭിച്ചില്ല. നിലവിലെ ടെസ്റ്റ് പൈലിംഗ് കഴിഞ്ഞതിനു ശേഷമാണ് നിര്‍മാണം തുടങ്ങുക. ബാക്കി സ്ഥലങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുകയാണ്.
പുതിയ കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍
51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മിക്കുന്നത്. നാലുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസൊലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും.
ഒന്നാം നിലയില്‍ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആര്‍എംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്ടേഴ്സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നുത്.
22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒപി കെട്ടിടം നിര്‍മിക്കുന്നത്. ഈ കെട്ടിടത്തില്‍ 20 ഒപി മുറികള്‍, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, വാര്‍ഡുകള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
വീര്‍പ്പുമുട്ടി ആശുപത്രി... അത്യാഹിത വിഭാഗത്തില്‍ കൊടുംചൂട്
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ പരിമിതമായ സൗകര്യങ്ങളിലാണ് ജനറല്‍ ആശുപത്രി പ്രവര്‍ത്തനം. ഒപി വിഭാഗങ്ങള്‍ പഴയ പേ വാര്‍ഡ് കെട്ടിടത്തിലാണ്. ഇവിടെ തീരെ സൗകര്യമില്ല. രോഗികളും കൂടെ എത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
അത്യാഹിത വിഭാഗം എബിസി ബ്ലോക്കിലേക്കാണ് മാറ്റിയത്. ഇവിടെ എത്താന്‍ പോലും ബുദ്ധിമുട്ടുണ്ട്. കോവിഡ് കാലത്ത് നിര്‍മിച്ച ഷീറ്റിട്ട കെട്ടിടത്തിലാണ് അത്യാഹിത വിഭാഗം. പകല്‍ച്ചൂടിന്റെ കാഠിന്യം കാരണം ഇവിടെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടാണ്. കൊടുംചൂടില്‍ അത്യാഹിത വിഭാഗത്തില്‍ പണിയെടുക്കാനാകില്ലെന്ന് നഴ്സുമാര്‍ പറയുന്നു.
രക്തബാങ്ക്, പീഡിയാട്രിക് വാര്‍ഡ് എന്നിവയും പരിമിതികളിലാണ്. രോഗികള്‍ ഏറെ എത്തുന്ന ആശുപത്രിയാണെങ്കിലും അത്യാഹിത വിഭാഗത്തിലേക്കുള്ള പല കേസുകളും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. കോന്നി മെഡിക്കല്‍ കോളജ് ഇപ്പോഴും പൂര്ണസജ്ജമല്ലാത്തതു കാരണം കോട്ടയത്തേക്കു റഫര്‍ ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ.
സൗകര്യങ്ങളും ഡോക്ടര്‍മാരും ഉണ്ടായിട്ടും കോന്നി മെഡിക്കല്‍ കോളജില്‍ അത്യാഹിത, സര്‍ജറി വിഭാഗങ്ങള്‍ ഇപ്പോഴും പൂര്‍ണസജ്ജമായിട്ടില്ല.