കൂരാച്ചുണ്ട്: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് നൂറിൽ നൂറ് ശതമാനം വിജയം. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ തുടർച്ചയായി ഇരുപതാം തവണയും നൂറിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.
ആകെ121 കുട്ടികൾ പരീക്ഷ എഴുതിയതിൽ 36 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ185 കുട്ടികൾ പരീക്ഷ എഴുതിയതിൽ 36 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ ഇത്തവണ നൂറിൽ നൂറ് ശതമാനം വിജയം നേടി. ആകെ പരീക്ഷയെഴുതിയ 201 വിദ്യാര്‍ഥികളിൽ 56 വിദ്യാര്‍ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.ൽ നൂറ്
കരുണക്ക് വീണ്ടും നൂറ് മേനി വിജയം
കോഴിക്കോട്: 34-ാം തവണയും നൂറ് ശതമാനം വിജയം ആവർത്തിച്ച് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എച്ച്എസ്എസ്. 15 കുട്ടികൾ പരീക്ഷ എഴുതിയതിൽ നാല് കുട്ടികൾ ഫുൾ എ പ്ലസും ഒരു കുട്ടി 9 എ പ്ലസും നേടി. മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യപാഠം-1-2, ഐടി, തയ്യൽ എന്നിങ്ങനെ പത്തു വിഷയങ്ങൾ ആണ് ഇവിടെയുള്ളത്. ജനറൽ സ്കൂളിലെ ഹിന്ദിക്ക് പകരം വൊക്കേഷണൽ സബ്ജക്ട് ആയ തയ്യൽ ആണ് കുട്ടികൾ പഠിക്കുന്നത്.
താമരശേരി രൂപത കോർപറേറ്റ് സ്കൂളുകൾക്ക് മിന്നും വിജയം
താമരശേരി: എസ്എസ്എൽസി പരീക്ഷയിൽ താമരശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. മുഴുവൻ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വൻ വർധനവുണ്ട്. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, പിടിഎ എന്നിവരെ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോർപറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് എന്നിവർ അഭിനന്ദിച്ചു. വർഷങ്ങളായി താമരശേരി കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിലെ സ്കൂളുകൾ മികച്ച നേട്ടം കൈവരിച്ചു വരികയാണ്. ഇരുപതു സ്കൂളുകളിൽ പരീക്ഷയെഴുതിയ 2467കുട്ടികളിൽ 547വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
പിടിഎം സ്കൂളില്‍ ഇരട്ട വിജയം
കൊടിയത്തൂർ: കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയ 13 ഇരട്ടകുട്ടികളില്‍ നാല് പേര് ഉള്‍പ്പെടെ ഉൾപ്പെടെ 8 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഫഹദ് ബഷീർ- റീഹ ഫാത്തിമ, ഹാനി റഹ്മാൻ- ഹാദി റഹ്മാൻ എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഇരട്ട ജോഡികളിൽ ഷിഫ്ന, ഫാത്തിമ സിയ, കൃപാനന്ദ്, അമൽ എന്നിവർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.