പൂഞ്ഞാർ: മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മാറ്റിവച്ച ഭരണസമിതി തെരഞ്ഞെടുപ്പ് എട്ടിനു നടത്തുന്നതിന് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 18നു നടത്താനിരുന്ന തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. ഇതിനെതിരേ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതിയുടെ കാലാവധി തീരുന്ന എട്ടിനോ അതിനു മുൻപോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എട്ടിനു തെരഞ്ഞെടുപ്പ് നടത്താനും ഭരണസമിതി കാലാവധി പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ പുതിയ ഭരണസമിതി നിലവിൽ വരാനും സാധിക്കുന്ന വിധമാണു പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. മീനച്ചിൽ താലൂക്കിൽപ്പെട്ട പൂഞ്ഞാർ തെക്കേക്കര, അരുവിത്തുറ, ചേന്നാട്, കളത്തൂക്കടവ്, പിണ്ണാക്കനാട്, ഈരാറ്റുപേട്ട പ്രഭാത-സായാഹ്ന ബ്രാഞ്ച്, മേലുകാവുമറ്റം, മൂന്നിലവ്, പെരിങ്ങുളം, തീക്കോയി എന്നീ ബ്രാഞ്ചുകളിലെ അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കേക്കര സെന്റ് ആന്റണീസ് ഹൈസ്കൂളിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കൽ, എന്തയാർ, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ടൗൺ, മുക്കൂട്ടുതറ, കാഞ്ഞിരപ്പള്ളി ടൗൺ, കൂവപ്പള്ളി എന്നീ ബ്രാഞ്ചുകളിലെ അംഗങ്ങൾക്ക് മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലുമാണ് വോട്ടിംഗ്.