സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇ-ഓഫീസ് സംവിധാനം
Friday, June 5, 2015 12:20 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: ഇ-ഡിസ്ട്രിക്ട് സംവിധാനത്തിനു പിറകെ കണ്ണൂരടക്കം സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ജില്ലാ കളക്ടറേറ്റും സബ് കളക്ടറുടെ (ആര്‍ഡിഒ) ഓഫീസുകളും ഇ-ഓഫീസുകളാക്കുന്നു. സര്‍ക്കാര്‍ ഓഫീസ് സംബന്ധമായ ഫയല്‍ നീക്കങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കി പേപ്പറുകള്‍ ഉപയോഗിക്കാത്ത ഈ സംവിധാനം ഈവര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാക്കാനാണു തീരുമാനം.

റവന്യൂ വകുപ്പില്‍നിന്നു മറ്റു വിവിധ വകുപ്പുകളിലേക്കും സെക്രട്ടേറിയറ്റിലേക്കുമുള്ള ഫയലുകള്‍ പ്യൂണോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കുകയാണു നിലവിലുള്ള രീതി.

ഒരു ഫയല്‍ അയച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തിരിച്ചുവരാന്‍ ദിവസങ്ങളും മാസങ്ങളും എടുക്കാറുണ്ട്. ഇതിനുപകരം ഫയലുകള്‍ ഓണ്‍ലൈനിലൂടെ എത്തിച്ചു വേഗത്തില്‍ തീര്‍പ്പുണ്ടാ ക്കാനും ജനങ്ങള്‍ക്കു വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും ഇ-ഓഫീസ് സംവിധാനം വഴിയൊരുക്കും.

എന്‍ഐസിയാണ് ഇതിനുള്ള സോഫ്റ്റ്വേര്‍ തയാറാക്കുന്നത്. ഇ-ഓഫീസ് സംവിധാനം ഒരുക്കുന്നതിനു മുന്നോടിയായി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ മുഴുവന്‍ ഇ-മെയില്‍ വിലാസം ഇതിനകം ശേഖരിച്ചു കഴിഞ്ഞു. ഫയലില്‍ അംഗീകാരം നല്കാനുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇവര്‍ക്ക് ഉടന്‍ ലഭ്യമാക്കും.


നിലവില്‍ സെക്രട്ടേറിയറ്റിലും ധനവകുപ്പിലുമാണ് ഇ-ഓഫീസ് സംവിധാനമുള്ളത്. ജില്ലാ തലത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ-ഓഫീസ് സംവിധാനം ഒരുക്കുന്നത്.

തിരുവനന്തപുരത്തെ ഡാറ്റാ ബേസ് ആപ്ളിക്കേഷനിലൂടെയാണ് ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുക. നെറ്റ് വര്‍ക്ക് വൈഡ് ഏരിയയിലൂടെയാണു ഫയല്‍ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാവുക. രണ്ടാംഘട്ടം ജീവനക്കാരുടെ അവധി, യാത്ര, നിയമനം സംബന്ധിച്ച വിവരങ്ങള്‍, ശമ്പളം, ലോണ്‍, സര്‍ക്കാര്‍ ചട്ടങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയ വിവരങ്ങളും ഇ-ഓഫീസ് വഴി ലഭ്യമാകും.

ഫയലുകള്‍ പരിശോധിക്കാനും യോഗങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കാനും എസ്എംഎസ് അടക്കമുള്ള സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്കാനും ഫയലുകളില്‍ എടുത്ത തീരുമാനങ്ങളിലെ സംശയങ്ങള്‍ ദുരീകരിക്കാനും മേലുദ്യോഗസ്ഥരെയും മറ്റും ഫയല്‍ കാണിച്ചു സംശയനിവാരണം നടത്താനും ഫയലുകള്‍ ഡിജിറ്റലൈസ്ഡ് ചെയ്തു സൂക്ഷിക്കാനും ഇ-ഓഫീസിലൂടെ സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.