കോവിഡ്: കേരളത്തിന്റെ സ്ഥിതി മോശമായെന്നു മോദി
Friday, October 30, 2020 1:06 AM IST
ന്യൂഡൽഹി: കേരളത്തിലെ കോവിഡ് സാഹചര്യം മോശമായി മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സമയത്ത് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കോവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയിരുന്നു. ആ സമയത്ത് കേരളത്തിലും കർണാകയിലും കോവിഡ് നിയന്ത്രണവിധേയമായിരുന്നു. എന്നാൽ, കുറച്ചു മാസങ്ങൾക്കു ശേഷം കേരളത്തിലെ സ്ഥിതി ഇപ്പോൾ മോശമായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ കോവിഡ് നിയന്ത്രണങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. മാസ്ക്, കൈകഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താനൊരു ആരോഗ്യ വിദഗ്ധനല്ല. എന്നാൽ, കണക്കുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. എത്ര ജീവിതങ്ങളെ കോവിഡിനെതിരായ പോരാട്ടത്തിലൂടെ രക്ഷിച്ചെടുക്കാം എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മോദി ഇക്കണോമിക്സ് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കോവിഡ് വാക്സിൻ കണ്ടെത്തിയാൽ ഉടൻതന്നെ എല്ലാവർക്കും ലഭ്യമാക്കും. ഒരാളെപ്പോലും ഒഴിവാക്കില്ല.
ആദ്യം മുൻനിരപ്പോരാളികളെയും ദുർബലർക്കുമാണ് മുൻഗണന നൽകേണ്ടത്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. മരുന്നു കണ്ടുപിടിക്കുന്നതിനുള്ള ട്രയലുകൾ ഉൾപ്പെ ടെ നടപടിക്രമങ്ങൾ നടക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാഹചര്യങ്ങളെ വ്യക്തമായി മനസിലാക്കി സമയബന്ധിതമായി ലോക്ക്ഡൗണ്‍ നടപ്പാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം വളരെ കുറവായിരുന്നു. നിർണായക സമയത്താണ് നമ്മൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വിവിധ ഘട്ടങ്ങളിലായി വേണ്ടത്ര സമയമെടുത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതുപോലെ തന്നെ സാന്പത്തികരംഗത്തിന് കൃത്യമായി നേട്ടമുണ്ടാക്കേണ്ട സമയത്താണ് അണ്‍ലോക്ക് നടപടികൾ ആരംഭിച്ചതെന്നും മോദി അവകാശപ്പെട്ടു.
കോവിഡ് മഹാമാരി രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയിൽ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും 2024-ഓടെ രാജ്യം 5ലക്ഷം കോടി ഡോളർ സന്പദ് വ്യവസ്ഥയായി വളരുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ശാസ്ത്രീയ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതാണ് തിരിച്ചുവരവിന് കരുത്തുപകരുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഘട്ടംഘട്ടമായി ഇതിൽ നിന്ന് പിൻവാങ്ങുന്നതും ശാസ്ത്രീയമായ മാർഗത്തിലൂടെയാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലും സന്പദ് വ്യവസ്ഥയിൽ ഉണ്ടായ ചലനങ്ങൾ കാണിക്കുന്നത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണെന്നും മോദി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെടുത്തി സംസ്ഥാനങ്ങളോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തിയാണ് മോദി മറുപടി നൽകിയത്. യുപിഎ സർക്കാരിന്റെ കാലത്ത് വാറ്റിനു പകരം ജിഎസ്ടി വന്നപ്പോൾ വരുമാനനഷ്ടത്തിന് കേന്ദ്ര നഷ്ടപരിഹാരം നൽകാം എന്ന ഉറപ്പു സംസ്ഥാനങ്ങൾക്കു നൽകിയത് യുപിഎ സർക്കാരാണ്.
എന്നാൽ, അവർ അവരുടെ വാക്കു തെറ്റിക്കുക മാത്രമല്ല അഞ്ചു വർഷത്തേക്ക് നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്തു. എന്നാൽ, 2014ൽ തങ്ങൾ അധികാരത്തിൽ വന്നതോടെ ഇത് ഉത്തരവാദിത്തമായി ഏറ്റെടുത്ത് കുടിശിക കൊടുത്തു തീർത്തു. അതാണ് ഫെഡറിലസത്തോടുള്ള തന്റെ സർക്കാരിന്റെ സമീപനം എന്നും മോദി പറഞ്ഞു.
സെബി മാത്യു