പെട്ടെന്നുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍
Tuesday, July 8, 2025 2:19 AM IST
ബംഗളൂരു: കര്‍ണാടകയില്‍ പെട്ടെന്നു സംഭവിക്കുന്ന മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് 15 വയസിനു മുകളിലുള്ള ആളുകള്‍ പെട്ടെന്ന് മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഹാസന് ജില്ലയില്‍ തുടര്‍ച്ചയായുള്ള ഹൃദയാഘാത മരണങ്ങളെത്തുടര്ന്നാണു നടപടി.
കോവിഡ് വാക്സിനുകളാണ് ഹൃദയാഘാത മരണത്തിനു കാരണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ക്ക് പുറത്ത് പെട്ടെന്നുള്ള മരണങ്ങള് സംഭവിച്ചാല്‍ സര്‍ക്കാരിനെ അറിയിക്കണം.
പെട്ടെന്നുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ബന്ധമാക്കും. ഹൃദയാഘാതവും പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്ന രോഗങ്ങളും എന്ന വിഷയം അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും റാവു പറഞ്ഞു.
കോവിഡിനുശേഷം പ്രമേഹവും വര്‍ധിച്ചുവരികയാണ്. ഹൃദയാഘാതം മൂലം മരിച്ചവരില്‍ പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ അപകട ഘടകങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് വാക്സിന് ഹൃദയസ്തംഭനത്തിനു നേരിട്ട് കാരണമായിരുന്നില്ല.
വാക്സിനുകള്‍ ആളുകള്‍ക്കു ഗുണം ചെയ്തിട്ടുണ്ട്. സിപിആര്‍ സംബന്ധിച്ച് ആളുകള്‍ക്കു പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.