രണ്ടാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക വസതി ഒഴിയും: മുൻ ചീഫ് ജസ്റ്റീസ്
Tuesday, July 8, 2025 2:19 AM IST
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കുള്ളിൽ താൻ ഉപയോഗിക്കുന്ന ഔദ്യോഗിക വസതി ഒഴിയുമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
കാലാവധി കഴിഞ്ഞിട്ടും മുൻ ചീഫ് ജസ്റ്റീസ് ഡൽഹി കൃഷ്ണമേനോൻ മാർഗിലെ അഞ്ചാം നന്പർ ബംഗ്ലാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം അത് ഒഴിപ്പിച്ചു സുപ്രീംകോടതിയുടെ ഭവന സമുച്ചയത്തിലേക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണസമിതി കേന്ദ്രസർക്കാരിന് കത്തയച്ചതിനു പിന്നാലെയാണു വിശദീകരണവുമായി ചന്ദ്രചൂഡ് രംഗത്തുവന്നത്.
ജനിതക രോഗം ബാധിച്ച രണ്ട് പെണ്‍കുട്ടികളെ ചന്ദ്രചൂഡും ഭാര്യ കല്പന ദാസും ദത്തെടുത്തിരുന്നു. വീൽചെയറിൽ ജീവിക്കുന്ന ഈ കുട്ടികൾക്ക് ആവശ്യമായ സൗകര്യമുള്ള വീട് ലഭ്യമാകാത്തതിനാലാണ് ഔദ്യോഗിക വസതിയിൽനിന്നു മാറാത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ വീട് മാറാമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രചൂഡ് പറഞ്ഞു.