രാജ്യത്തിനു വേണം, കൂടുതൽ ഡോക്ടർമാരെ
Tuesday, July 8, 2025 2:19 AM IST
ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ചു വർഷംകൊണ്ട് 75,000 മെഡിക്കൽ സീറ്റുകൾ പുതുതായി സൃഷ്ടിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ മെഡിക്കൽ കോളജിലെ അധ്യാപക യോഗ്യതയിലടക്കം സുപ്രധാന പരിഷ്കാരങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി).
യോഗ്യരായ അധ്യാപകരുടെ എണ്ണവും അതുവഴി മെഡിക്കൽ സീറ്റുകളും വർധിപ്പിച്ചു രാജ്യത്ത് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും വളർത്തിയെടുക്കാനാണു സർക്കാരിന്റെ ശ്രമം.
220 കിടക്കകളുള്ള സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കി മാറ്റാമെന്നതാണ് എൻഎംസി മെഡിക്കൽ സ്ഥാപന ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള പരിഷ്കാരങ്ങളിൽ പ്രധാനം. 330 കിടക്കകൾ എന്ന മുൻ മാനദണ്ഡത്തിൽനിന്നാണ് ഈ വലിയ ഇളവ്. മെഡിക്കൽ കോളജുകളിലെ അധ്യാപകനിയമനങ്ങളിലും സുപ്രധാന മാറ്റങ്ങൾ എൻഎംസി വരുത്തിയിട്ടുണ്ട്.
മെഡിക്കൽ ഇതര അധ്യാപകർക്കുള്ള 30 ശതമാനം നിയമന ക്വോട്ട പുനഃസ്ഥാപിച്ചു. ഇതുപ്രകാരം മെഡിക്കൽ അനാട്ടമി, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, മെഡിക്കൽ മൈക്രോബയോളജി എന്നീ മേഖലകളിൽ എംഎസ്സിയോ പിഎച്ച്ഡിയോ ഉള്ള എംബിബിഎസ് ഇതര ബിരുദധാരികൾക്ക് മെഡിക്കൽ കോളജുകളിലെ അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മൈക്രോബയോളജി വിഷയങ്ങൾ പഠിപ്പിക്കാൻ സാധിക്കും. ഇതിനോടൊപ്പം തന്നെ സർക്കാർ സ്ഥാപനങ്ങളിൽ പത്തു വർഷം പ്രവർത്തിച്ച അധ്യാപക ഇതര സ്പെഷലിസ്റ്റുകൾ ഇനിമുതൽ അസോസിയേറ്റ് പ്രഫസർ പദവിയിലേക്കും യോഗ്യരാണ്.
പിജിക്കുശേഷം സർക്കാർ ആശുപത്രികളിൽ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള സ്പെഷലിസ്റ്റുമാരും കണ്സൾട്ടന്റ്സും ഇനി അസിസ്റ്റന്റ് പ്രഫസർ പദവിയിലേക്ക് യോഗ്യരാണ്. നിയമനം ലഭിച്ച് രണ്ടു വർഷത്തിനുള്ളിൽ ബയോമെഡിക്കൽ വിഷയത്തിൽ അടിസ്ഥാന ഗവേഷണം പൂർത്തിയാക്കണമെന്നതാണു വ്യവസ്ഥ.
പുതിയ ചട്ടങ്ങളനുസരിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ആൻഡ് മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അംഗീകരിച്ച സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ അധ്യാപനപരിചയമുള്ള സീനിയർ കണ്സൾട്ടന്റുമാർക്ക് പ്രഫസർ തസ്തികയിലേക്ക് യോഗ്യതയുണ്ട്.
ഇതിനോടൊപ്പം സർക്കാർ സ്ഥാപനങ്ങളിൽ ആറു വർഷം പ്രവർത്തനപരിചയമുള്ള ഡിപ്ലോമയുള്ള സ്പെഷലിസ്റ്റുകൾ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കും യോഗ്യരാണ്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ ഉൾപ്പെടുന്ന പ്രീക്ലിനിക്കൽ, പാരാക്ലിനിക്കൽ വിഷയങ്ങളിൽ സീനിയർ റസിഡന്റാകാനുള്ള പ്രായപരിധി 50 വയസായും ഉയർത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെയും മെഡിക്കൽ അധ്യാപകരുടെയും എണ്ണം വരുംവർഷങ്ങളിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സർക്കാർ മെഡിക്കൽ കോളജുകൾക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഒരേസമയം ആരംഭിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
ഇതിനോടൊപ്പം രണ്ട് അധ്യാപകരും രണ്ടു സീറ്റുമുണ്ടെങ്കിൽ മെഡിക്കൽ കോളജുകളിൽ പിജി കോഴ്സുകളും തുടങ്ങാം. നേരത്തേ മൂന്ന് അധ്യാപകരും ഒരു സീനീയർ റസിഡന്റും വേണമെന്നായിരുന്നു മാനദണ്ഡം.