പാക്കിസ്ഥാൻ ഷെൽ ആക്രമണം ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരേയും
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: ബുധാഴ്ച പുലർച്ചെ പാക്കിസ്ഥാൻ നടത്തിയ കനത്ത ആക്രമണത്തിൽ ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കാർമലേറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) സഭ നടത്തുന്ന ക്രൈസ്റ്റ് സ്കൂളിന് സമീപം പതിച്ച ഷെൽ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചതായും മാതാപിതാക്കൾക്ക് പരിക്കേറ്റതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ക്രൈസ്റ്റ് സ്കൂളിലെ വിദ്യാർഥികളുടെ വീടിന് മുകളിലാണ് പാക്കിസ്ഥാൻ തൊടുത്ത ഒരു ഷെൽ പതിച്ചത്.
ഇതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. മദർ ഓഫ് കാർമൽ (സിഎംസി) സിസ്റ്റേഴ്സിന്റെ മഠത്തിന് സമീപവും ഷെൽ ആക്രമണമുണ്ടായതായും വിദേശ കാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. മഠത്തിനോട് ചേർന്നുണ്ടായ ഷെൽ ആക്രമണത്തിൽ വാട്ടർ ടാങ്കുകൾക്കും സോളാർ പാനലുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും മിസ്രി വ്യക്തമാക്കി.
ഷെൽ ആക്രമണം നടക്കുന്ന സമയത്ത് ക്രൈസ്റ്റ് സ്കൂളിനുള്ളിൽ ഉണ്ടായിരുന്ന വൈദികരും സ്കൂൾ ജീവനക്കാരും സന്യാസിനിമാരും ബങ്കറുകളിലേക്കു മാറി. അതോടൊപ്പം സ്കൂൾ പ്രവർത്തിക്കാതിരുന്നതിനാലും കൂടുതൽ അപകടം ഒഴിവായെന്ന് ജമ്മു ബിഷപ് ഇവാൻ പെരേര വ്യക്തമാക്കി.
നിലവിൽ വൈദികരും സന്യാസിനിമാരും സുരക്ഷിതരാണെന്നും ഇപ്പോൾ വെടിവയ്പ് നടക്കുന്നില്ലെന്നും ക്രൈസ്റ്റ് സ്കൂളിലെ വൈദികൻ ഫാ. ജോർജ് സി എം ഐ വ്യക്തമാക്കി.
നിയന്ത്രണരേഖയ്ക്കു സമീപമുള്ള സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യംവച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്ന് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മിസ്രി വിമർശിച്ചു.