പ്യാരി സൂപ്പര്‍ ഗയ്സ്
Tuesday, June 17, 2025 2:24 AM IST
കലിഫോര്‍ണിയ: 2025 ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ യുവേഫ 2024-25 ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മനു (പിഎസ്ജി) മിന്നും ജയം.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത നാലു ഗോളിനു പാരീസിന്റെ സൂപ്പര്‍ ഗയ്സ് കീഴടക്കി. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനെ ഏകപക്ഷീയമായി (5-0) കീഴടക്കിയായിരുന്നു പിഎസ്ജിയുടെ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് നേട്ടം.
കലിഫോര്‍ണിയയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസ് പിഎസ്ജിക്കു ലീഡ് നല്കി. വിറ്റിന്‍ഹ (45+1’), സെന്നി മയുലു (87’), ലീ കാങ് ഇന്‍ (90+7’, പെനാല്‍റ്റി) എന്നിവരും അത്ലറ്റിക്കോയുടെ വല ചലിപ്പിച്ചു. 78-ാം മിനിറ്റില്‍ ക്ലെമെന്റ് ലെങ്ലെറ്റ് ചുവപ്പു കാര്‍ഡ് കണ്ടതോടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ അംഗബലം 10ലേക്കു ചുരുങ്ങിയിരുന്നു.
ബ്രസീല്‍ ചാമ്പ്യനു ജയം
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് ബോട്ടഫോഗോ അമേരിക്കന്‍ സംഘമായ സിയാറ്റില്‍ സൗണ്ടേഴ്സിനെ കീഴടക്കി (2-1). നിലവില്‍ ബ്രസീല്‍ ലീഗ് വണ്‍, ലാറ്റിനമേരിക്കന്‍ (കോപ്പ ലിബര്‍ട്ടഡോറസ്) ചാമ്പ്യന്മാരായ ബോട്ടഫോഗോയ്ക്കുവേണ്ടി ജെയര്‍ പൗല (28’), ഇഗോര്‍ ജീസസ് (44’) എന്നിവരാണ് ഗോള്‍ നേടിയത്.
മരണഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ഇതോടെ പിഎസ്ജിക്കും ബോട്ടഫോഗോയ്ക്കും മൂന്നു പോയിന്റ് വീതമായി.
ഗ്രൂപ്പ് സിയില്‍ കഴിഞ്ഞദിവസം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 10-0നു ന്യൂസിലന്‍ഡ് സംഘമായ ഓക്ലന്‍ഡ് സിറ്റിയെ തകര്‍ത്തു.