ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tuesday, June 17, 2025 2:34 AM IST
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ തുടരുന്ന കാലവർഷത്തിന് നാളെയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അതേസമയം ഇന്നും വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മഴയുടെ ശക്തി കുറയും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയേക്കും.
എന്നാൽ ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. അതേസമയം, അറബിക്കടലിൽ തെക്കൻ ഗുജറാത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.