ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
Tuesday, June 17, 2025 2:34 AM IST
പാറത്തോട് (കാഞ്ഞിരപ്പള്ളി): പ്രതിസന്ധികളുടെ നടുവില്‍നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിനു വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിച്ച ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയുടെ ഭാവി നിയന്ത്രിക്കേണ്ടതും കാര്‍ഷിക മേഖലയ്ക്ക് അര്‍ഥവും വിലയും കൂടുതല്‍ ഉണ്ടാക്കേണ്ടതും അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍ ഓരോരുത്തരുമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
മാതാപിതാക്കള്‍ മക്കളെപ്പോലെതന്നെ ഈ മണ്ണിനെയും അതിലെ കൃഷിയെയും സ്നേഹിച്ചെന്നും ഇന്‍ഫാമില്‍ അംഗങ്ങളായ മാതാപിതാക്കളുടെ ഈ നന്മകൊണ്ട് മക്കള്‍ ആദരിക്കപ്പെടുന്നതുപോലെതന്നെ നിങ്ങളുടെ കഴിവിന്റെയും മികവിന്റെയും പേരില്‍ നിങ്ങളുടെ മാതാപിതാക്കളും ഇന്ന് ഇവിടെ ആദരിക്കപ്പെടുകയാണെന്നും ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആര്.കെ. താമോദരന്‍, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കേരള സംസ്ഥാന റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കിയും ഗവണ്മെന്റ് അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയ കുട്ടികളെ ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും, അവരുടെ മാതാപിതാക്കളോടൊപ്പമാണ് ഇന്‍ഫാം അനുമോദിച്ചത്. കുട്ടികള്‍ക്ക് സ്വര്‍ണനാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്കി.