ജാപ്പനീസ് ആഡംബര വാഹനനിര്‍മാതാക്കളായ ലെക്സസ് ഇന്ത്യയിലാദ്യമായി ഒരു സമ്പൂര്‍ണ ഇലക്ട്രിക് സെഡാന് അവതരിപ്പിച്ചു. എട്ടാം തലമുറയില്‍പ്പെട്ട ലെക്സസ് ഇഎസ് 500ഇയാണ് കമ്പനി വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം ഏറിവരുന്ന സാഹചര്യത്തില്‍ മെഴ്സിഡസ് ബെന്‍സ് ഇക്യൂഇ, ബിഎംഡബ്ല്യു ഐ 5 തുടങ്ങിയ വമ്പന്മാരോട് മത്സരിക്കാനാണ് ലെക്സസ് ഈ പുതിയ കരുത്തനെ ഇറക്കിയിരിക്കുന്നത്. 89.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ പുറത്തിറങ്ങുന്ന വാഹനം രാജ്യത്തെ ലക്ഷ്വറി ഇലക്ട്രിക് സെഗ്മെന്റില്‍ വിപ്ലവം കുറിക്കുമെന്നാണ് ലെക്സസിന്റെ അവകാശവാദം.
"ഫ്യൂച്ചറിസ്റ്റിക്' കാഴ്ചപ്പാട്
ലെക്സസ് ഇഎസ് 500ഇയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ പുറംമോടി തന്നെയാണ്. ലെക്സസിന്റെ ഐക്കണിക്കായ "സ്പിന്‍ഡില്‍ ഗ്രില്ലിന്' പകരമായി കൂടുതല്‍ മിനുസമാര്‍ന്നതും വായുഗതിക്ക് അനുയോജ്യവുമായ പുതിയ മുന്‍ഭാഗമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. "ട്വിന്‍ എല്‍-സിഗ്നേച്ചര്‍' എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇസെഡ് ആകൃതിയിലുള്ള ഇന്‍ഡിക്കേറ്ററുകളും വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു. പിന്നില്‍ വാഹനത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും അതിനു മധ്യത്തില്‍ തിളങ്ങുന്ന ലെക്സസ് എന്ന ബ്രാന്‍ഡിംഗും ഈ ഇവിക്ക് പ്രീമിയം അനുഭവം നല്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 20 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ നീളം 5145 മില്ലിമീറ്ററായും വര്‍ധിപ്പിച്ചു.
► ആഡംബരവും സുരക്ഷയും
ലെക്സസ് വാഹനങ്ങളുടെ പ്രധാന ആകര്‍ഷണം എപ്പോഴും അവരുടെ കാബിന് ക്വാളിറ്റിയാണ്. ഡാഷ്ബോര്‍ഡില്‍ പ്രധാനമായി ഇടംപിടിച്ചിരിക്കുന്നത് 14 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്ക്രീനാണ്. ഡ്രൈവര്‍ക്കായി 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. സംഗീത പ്രേമികള്‍ക്കായി 17 സ്പീക്കറുകളോട് കൂടിയ മാര്‍ക്ക് ലെവിന്സണ് പ്രീമിയം സൗണ്ട് സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പനോരമിക് ഗ്ലാസ് റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വയര്‍ലെസ് ചാര്‍ജിംഗ്, മസാജ് ഫീച്ചറോട് കൂടിയ സീറ്റുകള്‍ എന്നിവയുമുണ്ട്. വാഹനത്തിന്റെ വീല്‍ബേസ് വര്‍ധിപ്പിച്ചതിനാല്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് റൂം ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിലും ലെക്സസ് ഇഎസ് 500ഇ വിട്ടുവീഴ്ച ചെയ്യുന്നില്ല. 10 എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ,അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്. ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് തുടങ്ങിയ ഫീച്ചറുകള്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നു.
► കരുത്തുറ്റ പ്രകടനം
പ്രകടനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ലെക്സസ് സ്വീകരിച്ചിരിക്കുന്നത്. 74.68 കിലോവാട്ട് കപ്പാസിറ്റിയുള്ള ലിഥിയം-അയോണ്‍ ബാറ്ററി പാക്കാണ് വാഹനത്തിന്റെ ഹൃദയം. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചുള്ള ഓൾവീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിലുള്ളത്. 343 ബിഎച്ച്പി കരുത്തും 438 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. വെറും 5.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ലെക്സസ് ഇഎസ് 500ഇക്ക് കഴിയും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 28 മിനിറ്റിനുള്ളില്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ, 11 കിലോവാട്ട് എസി ഹോം ചാര്‍ജറും വാഹനത്തിനൊപ്പം ലഭിക്കും. ബാറ്ററിക്കും വാഹനത്തിനും എട്ടു വര്‍ഷം അല്ലെങ്കില്‍ രണ്ടുലക്ഷം കിലോമീറ്റര്‍ വരെ കന്പനി വാറന്റി നല്‍കുന്നുണ്ട്.
Tags : EV revolution Lexus ES 500e