കാഞ്ഞങ്ങാട്:പ്രതിദിനം 15,000 ത്തോളം യാത്രക്കാര്‍ ട്രെയിന്‍ കയറിയിറങ്ങുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷ സേന (ആര്‍പിഎഫ് ) യൂണിറ്റ് വേണമെന്ന ആവശ്യം സജീവമായി പരിഗണിക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റൗട്ട്.
മൂന്നുലക്ഷത്തോളം രൂപയാണ് കാഞ്ഞങ്ങാടിന്റെ പ്രതിദിന വരുമാനം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ നടന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം വിലയിരുത്തി. റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് പണിയുന്ന ലിഫ്റ്റ് സംവിധാനത്തോട് കൂടെയുള്ള മേല്‍നടപ്പാലത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം വിലയിരുത്തി.
കഴിഞ്ഞയാഴ്ച്ച ഡിവിഷന് മാനേജരായി ചുമതലയേറ്റ ശേഷം ആദ്യമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിയ മധുകര്‍ റൗട്ടിന് ഊഷ്മളമായ വരവേല്പാ ണ് കാഞ്ഞങ്ങാട്ട് നല്‍കിയത്.
റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ ആര്.കെ. പ്രശാന്തന്, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലാം, ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ. മുഹമ്മദ്കുഞ്ഞി, റെയില്‍വേ ഡിവിഷണല്‍ കണ്സള്ട്ടേഷന് കമ്മിറ്റി അംഗം പി.എം. നാസര്‍, ഫോറം ജനറല്‍ സെക്രട്ടറി കെ.പി. മോഹനന്, റെയില്‍വേ കൊമേഴ്സ്യല്‍ സൂപ്പര്‍വൈസര്‍ അഷ്റഫ്,റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ബിന്ദു, സത്താര്‍ ആവിക്കര, വി.ടി.തോമസ് എന്നിവര്‍ സംബന്ധിച്ചു.
കോവിഡ് കാലത്ത് കാഞ്ഞങ്ങാട്ട് നിര്‍ത്തലാക്കിയ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്,ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസ് ഉള്‍പ്പെടെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക,കൂടുതല്‍ ദീര്‍ഘദൂര ട്രയിനുകള്‍ക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കുക, കാഞ്ഞങ്ങാട് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് നാലാമതൊരു പ്ലാറ്റ്ഫോം കൂടി അനുവദിക്കുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക, മൂന്ന് പ്ലാറ്റ്ഫോമുകളിലായി പൂര്‍ണമായി മേല്‍ക്കൂര സ്ഥാപിക്കുക, ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു ട്രയിന്‍ മംഗളുരു വരെ നീട്ടുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള നിവേദനങ്ങള്‍ ഡിആര്‍എമ്മിന് സമര്‍പ്പിച്ചു.
അഡീഷണല്‍ ഡിആര്‍എം ജയകൃഷ്ണന്, കൊമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.