കാസർഗോഡ്: കഴിഞ്ഞതവണ ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണം പിടിച്ച ജില്ലാ പഞ്ചായത്തിൽ വാർഡ് വിഭജനം കഴിയുമ്പോഴും ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. നിലവിൽ 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ പുതിയ കരട് വിജ്ഞാപന പ്രകാരം ഒരു ഡിവിഷൻ വർധിക്കും. നാല് ഡിവിഷനുകളുടെ പേരിലും ഏതാണ്ടെല്ലാ ഡിവിഷനുകളുടെയും അതിർത്തികളിലും മാറ്റം വരുന്നുണ്ട്.
ബേക്കൽ എന്ന പേരിലാണ് പുതിയ ഡിവിഷൻ വരുന്നത്. നിലവിലുള്ള ഡിവിഷനുകളിൽ വോർക്കാടിക്കു പകരം കുഞ്ചത്തൂർ, എടനീരിനു പകരം ബദിയടുക്ക, ബേഡകത്തിനു പകരം കുറ്റിക്കോൽ, കരിന്തളത്തിനു പകരം കയ്യൂർ എന്നിങ്ങനെ പുതിയ ഡിവിഷനുകൾ വരും.
ഇപ്പോൾ കള്ളാർ ഡിവിഷന്റെ ഭാഗമായ പനത്തടി പഞ്ചായത്ത് പുതിയ കുറ്റിക്കോൽ ഡിവിഷന്റെ പരിധിയിലേക്ക് മാറും. കള്ളാർ, കോടോം-ബേളൂർ പഞ്ചായത്തുകളാണ് കള്ളാർ ഡിവിഷന്റെ പരിധിയിൽ വരിക. ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ ചിറ്റാരിക്കാൽ ഡിവിഷന്റെ പരിധിയിലും ബ്ലോക്ക് പഞ്ചായത്തിലെ എളേരി ഡിവിഷനും കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി പഞ്ചായത്തുകളും കയ്യൂർ ഡിവിഷന്റെ പരിധിയിലുമാകും.
ഇതോടെ കേരള കോൺഗ്രസിന്റെ ബലത്തിൽ എൽഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞ കള്ളാർ ഡിവിഷൻ ഇത്തവണ അവർക്ക് കുറച്ചുകൂടി സുരക്ഷിതമാകും.
നേരത്തേ എൽഡിഎഫിന് കൈവിട്ടുപോവുകയും കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിൽ മാത്രം ജയിക്കുകയും ചെയ്ത പിലിക്കോട് ഡിവിഷനിൽ ഇനി പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകൾ മാത്രമാകുന്നതോടെ എൽഡിഎഫിന് കൂടുതൽ സുരക്ഷിതമാകും. അതേസമയം ചെറുവത്തൂർ, പടന്ന, വലിയപറമ്പ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചെറുവത്തൂർ ഡിവിഷൻ യുഡിഎഫിന് നന്നായി പൊരുതിയാൽ പിടിച്ചെടുക്കാവുന്ന വിധത്തിലായി.
പുതുതായി രൂപീകരിക്കുന്ന ബേക്കൽ ഡിവിഷൻ പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളുൾപ്പെട്ടതിനാൽ എൽഡിഎഫിന് ഏതാണ്ട് സുരക്ഷിതമാണ്. കോൺഗ്രസിന്റെ സിറ്റിംഗ് ഡിവിഷനായ ഉദുമ ഇതോടെ യുഡിഎഫിനും ഉറപ്പായി. കഴിഞ്ഞതവണ കോൺഗ്രസ് വിട്ട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഷാനവാസ് പാദൂരിന്റെ ബലത്തിൽ എൽഡിഎഫ് പിടിച്ച ചെങ്കള ഡിവിഷൻ ഇത്തവണ യുഡിഎഫിന് തിരിച്ചുപിടിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഫലത്തിൽ കുഞ്ചത്തൂർ, ദേലംപാടി, ചിറ്റാരിക്കാൽ, ഉദുമ, ചെങ്കള, സിവിൽ സ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം ഡിവിഷനുകളിൽ യുഡിഎഫിനും കുറ്റിക്കോൽ, കള്ളാർ, കയ്യൂർ, പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, പെരിയ, ബേക്കൽ ഡിവിഷനുകളിൽ എൽഡിഎഫിനുമാണ് മുൻതൂക്കമുള്ള്. നിലവിൽ ബിജെപിയുടെ കൈയിലുള്ള പുത്തിഗെ, ബദിയടുക്ക ഡിവിഷനുകളിൽ ഏതെങ്കിലുമൊന്ന് പിടിച്ചെടുക്കാനുള്ള സാധ്യതയും യുഡിഎഫിനുണ്ട്.
സിവിൽ സ്റ്റേഷൻ ഡിവിഷനിൽ ബിജെപിക്ക് തിരിച്ചും പൊരുതിനോക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടാകാവുന്ന മാറ്റങ്ങളും ഇരുമുന്നണികൾക്കും ചെറിയ ഭൂരിപക്ഷം മാത്രമുള്ള ഏതെങ്കിലും ഡിവിഷനിൽ സംഭവിക്കാവുന്ന അട്ടിമറികളുമാകും ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം ആർക്കെന്ന് നിശ്ചയിക്കുക.