ചാത്തന്നൂർ : ചാത്തന്നൂരിന്റെ രാജ വീഥികളെ ആവേശഭരിതമാക്കി പ്രവർത്തകരെ ആവേശത്തിലാക്കിയും എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ സ്വീകരണ പര്യടനം. താലപ്പൊലിയും കൈകൊട്ടികളിയുമായി സ്ഥാനാർഥിക്ക് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ലഭിച്ചത് ഉജ്വല വരവേൽപ്. ആദ്യസ്വീകരണ കേന്ദ്രമായ കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ ജംഗ്ഷനിൽ കർഷകരും കർഷകതൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് മുദ്രാവാക്യം വിളികളോടെ കൃഷ്ണകുമാറിനെ സ്വീകരിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി. കുറുമണ്ടൽ അധ്യക്ഷനായിരുന്നു. തുടർന്ന് പിന്നാലെ അനൗൺസ്മെന്റ് വാഹനങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ കൃഷ്ണകുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു. കടന്നുചെന്ന വഴികളിലെല്ലാം ജനങ്ങൾ ആവേശപൂർവം സ്വീകരിച്ചു. കൈകൊട്ടിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ ശാസ്ത്രിമുക്കിൽ കൈകൊടിക്കളിയുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. സ്വീകരണത്തിലുടനീളം സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ അണിനിരന്നു. കേന്ദ്രസർക്കാർ നിർമാണം നടത്തി നടപ്പാക്കിയ ചാത്തന്നൂർ - പരവൂർ -പാരിപ്പളളി റോഡിന്റെ വികസനപ്രവർത്തനങ്ങൾ ചൂണ്ടികാട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പരവൂരിലും നെടുങ്ങോലത്തും ജനങ്ങൾ സ്ഥാനാർഥിയെ സ്വീകരിച്ചത്.
ചാത്തന്നൂർ എത്തിയപ്പോൾ ആവേശം ചോരാതെ ജനനായകനെ കാത്ത് കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിലും ഭൂതനാഥപുരത്തും ആളുകൾ കാത്തുനിന്നു. ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ സ്ഥാനാർഥിക്ക് ആവേശ്വജ്വല സ്വീകരണമാണ് ലഭിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ്. ജി. കുറുമണ്ഡൽ, കൃഷ്ണരാജ്, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, മുൻ വൈസ് പ്രസിഡന്റ് സത്യപാലൻ, മുൻസിപ്പൽ കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, അനീഷ്യ, ഷീല സുനിൽ, സിന്ധു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈമരാജ്, രഞ്ജിത്, രാജൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കല്ലുവാതുക്കൽ, പൂതക്കുളം, പരവൂർ, ചിറക്കര, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂയപ്പള്ളി തുടങ്ങിയ പഞ്ചായതുകളിലായി അറുപതോളം കേന്ദ്രങ്ങളിലാണ് സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയത്.