മുംബൈ: മാർച്ച് ആദ്യം മുതൽ യുഎസും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് തുടർച്ചയായി വിൽപ്പനക്കാരായി. മാർച്ച് രണ്ടു മുതൽ ഏപ്രിൽ ഒന്പത് വരെയായി തുടർച്ചയായ 25 ദിവസം വിൽപ്പനാക്കാരായ ഇവർ1.6 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
ഫെബ്രുവരി അവസാന ദിവസങ്ങൾ മുതൽ ആകെ തുടർച്ചയായ 27 ദിവസവും വിദേശ നിക്ഷേപകർ വിൽപ്പനക്കാരുടെ റോളിലായിരുന്നു. ഏപ്രിലിലെ ആദ്യ രണ്ടു സെഷനിൽ 18,260 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച തിങ്കൾ മുതൽ വ്യാഴം വരെ 21,380 കോടി രൂപയിലേറെ ഓഹരികളും വിറ്റു. ഈ വിൽപ്പന തുടർച്ചയ്ക്ക് വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 672 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതോടെയാണ് അവസാനമായത്.
എന്നാൽ, ഇതിനു വിപരീതമായി വിദേശ പോർട്ട്ഫോളിയോ നിക്ഷേകർ ഏപ്രിലിലും വിൽപ്പനക്കാരായി തുടർന്നു. ഏപ്രിൽ 11 വരെ എക്സ്ചേഞ്ചുകൾ വഴി നടന്ന ആകെ വിദേശ നിക്ഷേപ വിൽപ്പന 48,905 കോടി രൂപയുടേതാണ്. മാർച്ചിൽ 1,22,182 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ 2026ൽ ഇതുവരെയുള്ളആകെ വിൽപ്പന 1,90,046 കോടി രൂപയായി ഉയർന്നു. ജിയോജിത് ഇൻവെസ്റ്റ്മെന്റിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു.
നിക്ഷേപകർ ദക്ഷിണ കൊറിയയിലേക്കുംതായ്വാനിലേക്കും
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയും ഈ പ്രതിസന്ധി ഇന്ത്യൻ സന്പദ്വ്യവസ്ഥയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന തുടർച്ചയായ ഇടിവുമാണ് വിദേശ നിക്ഷേപകരെ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയെ അപേക്ഷിച്ച് ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങിയ വിപണികൾ ഇവർക്ക് ആകർഷമാകുന്നു. 2027 സാന്പത്തികവർഷത്തിൽ ഇന്ത്യൻ കന്പനികൾക്ക് വലിയ ലാഭ വളർച്ച ഉണ്ടാകില്ലെന്ന വിലയിരുത്തലും ഈ വിട്ടുപോകലിനു പിന്നിലുണ്ട്.
നിക്ഷേപകർ തിരിച്ചുവരാൻ
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെയും അസംസ്കൃത എണ്ണയുടെ വിലയെയും ആശ്രയിച്ചിരിക്കുന്നെന്ന് വിജയകുമാർ പറഞ്ഞു.
Tags : FIIs withdrew 1.6 lakh crore