മുംബൈ: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷൽ സർവീസസും ഹുറൂണ്‍ ഇന്ത്യയും ചേർന്ന് ഇതുവരെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത വമ്പൻ കോർപറേറ്റ് കമ്പ നികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
വാർഷിക വരുമാനം 1,000 കോടി രൂപയിലധികമുള്ള 100 പ്രൈവറ്റ് കന്പനികളെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്. അണ്‍ലിസ്റ്റഡ് ജെംസ് 2026’ എന്ന പേരിലാണ് റാങ്കിംഗ് പുറത്തു വിട്ടിരിക്കുന്നത്. 2025ലെ വാർഷിക വരുമാനക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് 100 അണ്‍ലിസ്റ്റഡ് കന്പനികളുടെ പട്ടിക തയാറാക്കിയത്. ഈ കന്പനികളുടെ മൊത്തം വിപണിമൂല്യം 28.5 ലക്ഷം കോടിയാണ്. യൂറോപ്യൻ രാജ്യമായ ഫിൻലാൻഡിന്റെ ജിഡിപിയെക്കാൾ മുകളിലാണിത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുൻനിര അണ്‍ലിസ്റ്റഡ് കന്പനികളെല്ലാം ചേർന്ന് 2025 കലണ്ടർ വർഷത്തിൽ മൊത്തം 8.9 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2023ൽ 6.7 ലക്ഷം കോടിയിൽനിന്ന് രണ്ടു വർഷത്തിനുള്ളിൽ 15.2 ശതമാനത്തിന്റെ വളർച്ചയാണ്.
ഈ കമ്പനികൾ ചേർന്ന് 2025-ൽ മൊത്തം കരസ്ഥമാക്കിയ പ്രവർത്തനലാഭം 1.03 ലക്ഷം കോടി രൂപയാണ്. കന്പനികളുടെ അറ്റാദായം 2023ലെ 13,000 കോടിയിൽനിന്ന് രണ്ടു വർഷത്തിനുള്ളിൽ 35,900 കോടി രൂപയായി ഉയർന്നു. അണ്‍ലിസ്റ്റഡ് കന്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളത്തിൽനിന്നുള്ള മലയാളിയായ എം.പി. അഹമ്മദ് നേതൃത്വം നൽകുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് ആണ്.
ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ സെക്ടറിലെ ഉപകന്പനിയായ റിലയൻസ് റീട്ടെയിൽ ആണ് വരുമാനത്തിന്റെ കണക്കിൽ ഇന്ത്യയിലുള്ള ഏറ്റവും വലിയ അണ്‍ലിസ്റ്റഡ് കന്പനി. അഞ്ചു ശതമാനം വളർച്ചയിൽ വരുമാനം 2.7 ലക്ഷം കോടിയിലെത്തി. ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ട് ആണ് രണ്ടാം സ്ഥാനത്ത്. 17 ശതമാനം വളർച്ചയുമായി വരുമാനം 83,105 കോടി രൂപയായി. മൂന്നാമതുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സ് 38 ശതമാനം വളർച്ചയോടെ 66,872 കോടി രൂപ വരുമാനം നേടി.
വരുമാനക്കണക്കിൽ ടാറ്റ ഇലക്ട്രോണിക്സിന്റെ വരുമാന വളർച്ചയാണ് ശ്രദ്ധേയമായത്. 1652% വളർച്ചയിൽ 66,601 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി നാലാമതെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3173 ശതമാനം വാർഷിക വരുമാന വളർച്ചയാണ് സെമികണ്ടക്ടർ നിർമാതാക്കളായ ടാറ്റാ ഇലക്ട്രോണിക്സ് നേടിയത്. അഞ്ചാമതുള്ള ടാറ്റ ഡിജിറ്റലിന്റെ വരുമാനം അഞ്ചു ശതമാനം വളർന്ന് 32,188 കോടി രൂപയായി.
അണ്‍ലിസ്റ്റഡ് ജെംസ് പട്ടികയിലെ രണ്ടാമത്തെ അതിവേഗ വളർച്ചയുള്ള കന്പനിയും ടാറ്റാ ഗ്രൂപ്പിൽനിന്നാണ്. വെറും നാലു വർഷം പഴക്കമുള്ള ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി 904 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
പ്രവർത്തനലാഭക്കണക്കിൽ മുന്നിലുള്ള മൂന്നു കന്പനികൾ റിലയൻസ് റീട്ടെയിൽ (22,573 കോടി രൂപ), അദാനി പ്രോപ്പർട്ടീസ് (11,332 കോടി രൂപ), സെറോദ ബ്രോക്കിംഗ് (5664 കോടി രൂപ) എന്നിവയാണ്.
Tags : Malabar Gold Ranking ranks third