പ്രതീകാത്മക ചിത്രം
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഏറെ വർഷങ്ങൾക്കുശേഷമാണ്, കോട്ടയം മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതനിൽ എത്തിയത്. ഡിസിഎൽ ജൂൺ മാസത്തിൽ നടത്തിയ പ്രവേശനോത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആ സ്കൂളിന് അവാർഡ് നല്കാനും അനുമോദനം അറിയിക്കാനുമാണ് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽസാറിനൊപ്പം ഞാൻ ആ സ്കൂളിലെത്തിയത്.
കൃത്യസമയത്തുതന്നെ അനുമോദന സമ്മേളനം ആരംഭിച്ചു. സമ്മേളനം തുടങ്ങുന്പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു എംഎൽഎഫ് രണ്ടു പേരേ കൈപിടിച്ചു മുൻനിരയിലിരുത്തുന്നതു കണ്ടു. വളരെ ആദരവോടെ, കൂടെയിരുത്തിയത് വൃദ്ധരായ മാതാപിതാക്കളെയായിരുന്നു. ഞാൻ ചോദിച്ചു "ഇവർ ആരാണ്?'' "ഞങ്ങളുടെ ഒരു സ്റ്റാഫിന്റെ മാതാപിതാക്കളാണ്.'' സിസ്റ്ററിന്റെ മറുപടി കേട്ടപ്പോൾ എന്തിനാണ് സ്കൂളിലെ സ്റ്റാഫിന്റെ മാതാപിതാക്കളെ, സംസ്ഥാനത്ത് ഒന്നാമതായി വിജയിച്ചതിന്റെ സമ്മാനദാന സമ്മേളനത്തിന്റെ മുൻനിരയിലിരുത്തുന്നത് എന്നെനിക്കു മനസിലായില്ല. അപ്പോൾ സിസ്റ്റർ ആൻസി മാത്യു പറഞ്ഞു. "കൊച്ചേട്ടന് ഒരു സസ്പെൻസ് ഇരിക്കട്ടെ. ഇവരെ വിളിച്ചത് എന്തിനാണെന്ന് പിന്നെ പറയാം.'' അനുമോദനത്തോടൊപ്പം സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം കൂടിയുണ്ടായിരുന്നു.
സമ്മേളനത്തിനിടയിൽ ഒന്നാംസമ്മാനത്തിന്റെ ട്രോഫി ഞങ്ങൾ നല്കിക്കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. ""ഒരു ട്രോഫി കൂടിയുണ്ട്, അതു ഞങ്ങളുടെ അമൽകുമാറിനാണ്.'' കാര്യം മനസിലാകാതെ നിൽക്കുന്പോൾ അനൗൺസ്മെന്റ് കേട്ടു,
"നമുക്കു സംസ്ഥാനത്ത് ഒന്നാംസ്ഥാനം കിട്ടിയ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തത്, നമ്മുടെ സ്കൂളിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ. അമൽകുമാറാണ്. അത്ര മനോഹരമായ വീഡിയോ ആയതുകൊണ്ടാണ് നമുക്ക് ഒന്നാംസമ്മാനം കിട്ടിയത്. അതിനു മുഖ്യകാരണക്കാരനായ അമൽകുമാറിനെയും ഒപ്പം അദ്ദേഹത്തിന്റെ പ്രിയ മാതാപിതാക്കളേയും സ്റ്റേജിലേക്കു ക്ഷണിക്കുന്നു!''
സുന്ദരമായ നിമിഷങ്ങളാണ് തുടർന്ന് വിടർന്നത്. അപ്പോൾ, ആ പരിപാടിയുടെ ഫോട്ടോഗ്രാഫറായി വന്ന അമൽകുമാർ മാതാപിതാക്കളോടൊപ്പം വന്ന് പ്രത്യേക ട്രോഫി സ്വീകരിച്ചു. മൂന്നു പേരുടെയും കണ്ണുകളിൽ അവാച്യമായ ആത്മഹർഷത്തിന്റെ തിരയിളക്കം ഞാൻ കണ്ടു, ഒപ്പം പ്രിൻസിപ്പലിന്റെ മിഴികളിലും!
പ്രിയ കൂട്ടുകാരേ, നമ്മുടെ ജീവിതം നമ്മൾ ഒറ്റയ്ക്കു വിജയിക്കുന്ന ഒരു ഗെയിമല്ല. ഒരുപാടുപേരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് നാം എല്ലാറ്റിലും വിജയിക്കുന്നത്. ഏറ്റവും പ്രധാനമായി സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹമാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. നമ്മുടെ ചുറ്റുമുള്ള ദൈവമനസുള്ളവരിലൂടെ ആ അനുഗ്രഹങ്ങൾ നമ്മിലേക്ക് വർഷിക്കപ്പെടുകയും നിറവേറുകയും ചെയ്യുന്നു. നിങ്ങളുടെ ഒരു പരീക്ഷാവിജയത്തിൽ ഒത്തിരി പങ്കാളികളുണ്ട്. കലോത്സവവിജയത്തിലും കായിക വിജയത്തിലുമെല്ലാം മാതാപിതാക്കളും ഗുരുജനങ്ങളും സഹോദരങ്ങളും സതീർത്ഥ്യരുമുൾപ്പെടെ നിരവധിപേർ പങ്കാളികളാണ്.
എന്നാൽ, വിജയിച്ചുകഴിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തം പോക്കറ്റിൽ ഇടാനാണ് പലർക്കും ഇഷ്ടം! എന്റെ വിജയം എന്റെ മാത്രം കഠിനാധ്വാനംകൊണ്ട്, ഞാൻ നേടിയതാണ് എന്നു പറയാനും സഹായിച്ച ആരേയും വിജയ ലഹരിയിൽ പങ്കുചേർക്കാതിരിക്കാനും പലരും ശ്രമിക്കാറുണ്ട്. അതു നീതിയാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുണ്ടത്താനം ലിറ്റിൽ ഫ്ളവറിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ അമൽകുമാർ. സ്കൂളിൽ ജോലിക്ക് അപേക്ഷിച്ച അമൽകുമാറിന്റെ ബയോഡേറ്റ കണ്ടപ്പോൾത്തന്നെ സിസ്റ്റർ ആൻസി അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും വിവിധ കഴിവുകളും മനസിലാക്കിയിരുന്നു. പിന്നീട് ആ കഴിവുകൾ സ്കൂളിന്റെ വിവിധ കാര്യങ്ങളിൽ സിസ്റ്റർ ഉപയോഗിക്കുകയും ചെയ്തിരുന്നു. നല്ല വീഡിയോഗ്രാഫറും വീഡിയോ എഡിറ്ററുമായ അമൽകുമാർ അങ്ങനെയാണ് സമ്മാനാർഹമായ വീഡിയോ എഡിറ്റു ചെയ്തത്.
നമ്മുടെ കൂടെയുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ് നമ്മൾ വിജയിച്ചത് എന്ന് അംഗീകരിക്കുന്പോഴാണ് നമ്മൾ കൂടുതൽ നല്ല മനുഷ്യരാകുന്നത്. നമുക്ക് നല്ല മനുഷ്യരാകാം. നന്മയുടെ വിതരണക്കാരാകാം.സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
Tags : DCL KochettenteLetter
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)