പ്രതീകാത്മക ചിത്രം
കോഴിക്കോട്: ട്രാഫിക് നിയമലംഘകരെയും മാലിന്യം തള്ളുന്നവരെയും തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോഴിക്കോട് നഗരത്തില്‍ പുതിയ 250 കാമറകള്‍ സ്ഥാപിക്കും. സിറ്റി ട്രാഫിക് പോലീസിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഉന്നത നിലവാരമുള്ള കാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം എട്ട് കോടി ചെലവിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്.
കാമറകള്‍ സ്ഥാപിക്കുന്നതിന് ഇതുവരെ ഏകദേശം 200 പോയിന്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. നൂറ് കാമറകള്‍ പോലീസിനും 150 കാമറകള്‍ കോര്‍പ്പറേഷനും വേണ്ടിയാണ് സ്ഥാപിക്കുന്നത്. അതിനാല്‍ രണ്ടുതരം കാമറകളാണ് സ്ഥാപിക്കുക. കോര്പ്പറേഷന് സിസിടിവി മാതൃകയിലുള്ള കാമറകളും പോലീസ് എഎന്‍പിആര്‍(ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നനിഷന്) കാമറകളുമാണ് സ്ഥാപിക്കുക. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള സംവിധാനം എഎന്‍പിആര്‍ കാമറകള്ക്കുണ്ട്.
കണ്ണൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. അഞ്ച് വര്‍ഷത്തോളമാണ് കരാര്‍ കാലാവധി. ഇക്കാലയളവില്‍ കാമറകളുടെ അറ്റകുറ്റപ്പണികളും പരിപാലവും ഇവര്‍ക്കായിരിക്കും. നഗരത്തിലേക്ക് കടക്കുന്ന എല്ലാ റോഡുകളിലും കാമറകള്‍ സ്ഥാപിക്കും. ട്രാഫിക് നിയമലംഘനങ്ങളും ഒപ്പം മറ്റ് കുറ്റകൃത്യങ്ങളും ഇതിലൂടെ നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് പോലീസിനെ സഹായിക്കുമെന്ന് കരുതുന്നതായി ട്രാഫിക് സിഐ കെ. അബ്ദുള്‍ ഹക്കിം പറഞ്ഞു.
കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ട്രാഫിക് പോലീസിന്റെയും കോര്‍പ്പറേഷന്റെയും ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെ എന്‍ഒസി ലഭിക്കേണ്ടതുണ്ട്. വൈകാതെ അത് ലഭിക്കുമെന്നാണ് കരുതുന്നത്. എൻഒസി ലഭിച്ചതിന് ശേഷം എത്രയും വേഗം കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുചക്രങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിക്കുക, കാറില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുക, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് സഞ്ചരിക്കല്‍ എന്നീ നിയമലംഘനങ്ങളും എളുപ്പത്തില്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് അടുത്തിടെ പരാതികള്‍ വര്‍ധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോര്പ്പറേഷന് കാമറകള്‍ സ്ഥാപിക്കുന്നത്.
Tags : Local News Nattuvishesham 250 cameras Kozhikode city