വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ.
അകലക്കുന്നം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 26 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. അകലക്കുന്നം പൂവത്തിളപ്പ് ചൊള്ളന്‍പുഴ ഏബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച പകല്‍ മോഷണം നടന്നത്.
ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഏബ്രഹാം ചികിത്സാ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലും മറ്റുള്ളവര്‍ ഇളയമകനെ വിമാനത്താവളത്തില്‍ കൊണ്ടുവിടാനും പോയിരിക്കുകയായിരുന്നു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്.
രാത്രിയോടെ വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ അടക്കമുള്ള സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്.
അലമാരയുടെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന മാല, വളകള്‍, പാദസരം, കമ്മലുകള്‍ എന്നിവയടക്കമാണ് 26 പവന് നഷ്ടപ്പെട്ടത്. തൊട്ടടുത്തുള്ള മേശക്കുള്ളിലെ ചെപ്പില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടില്ല. മോഷ്ടാക്കള്‍ മറ്റു മുറികളില്‍ കയറിയതിന്റെ ലക്ഷണവുമില്ല. ഇതോടെ വീടും പരിസരവും കൃത്യമായി അറിയാവുന്ന ആരെങ്കിലുമാകാം ഇതിനുപിന്നിലെന്ന നിഗമനത്തിലാണ് പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍പ് സമാന രീതിയില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Nattuvishesham Districtnews Deepikanews gold stolen