കരിന്തളം: തേജസ്വിനിപ്പുഴയിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ അണ്ടോളിനെയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പൊതാവൂരിനെയും ബന്ധിപ്പിക്കുന്ന കടവിനു സമീപം തോണി മറിഞ്ഞ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നിട്ട് 47 വർഷമാകുന്നു. ഈ ദുരന്തത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അധികമൊന്നും അറിവില്ലെങ്കിലും ഇവിടെയുള്ള തൂക്കുപാലത്തിനു മുകളിലൂടെ മഴക്കാലത്ത് കുലംകുത്തിയൊഴുകുന്ന പുഴ ഇപ്പോഴും നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.
1979 നവംബർ 19നാണ് ഇവിടെ കടത്തുതോണി മറിഞ്ഞ് ദുരന്തമുണ്ടായത്. ഇവിടെയൊരു കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം അന്നുതൊട്ടേ ഉയരുന്നതാണ്. പക്ഷേ പിന്നെയും പതിറ്റാണ്ടുകളോളം ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല. പിന്നീടാണ് തൂക്കുപാലമെങ്കിലും വന്നത്.
കരിന്തളം ഭാഗത്തുനിന്ന് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പള്ളിപ്പാറ ഐഎച്ച്ആർഡി കോളജിലും പഠിക്കുന്ന വിദ്യാർഥികളുൾപ്പെടെ ഈ പാലത്തിലൂടെ നടന്നാണ് മറുകരയിലെത്തുന്നത്. അല്ലെങ്കിൽ അവർക്ക് 16 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. മഴക്കാലത്ത് പുഴ കരകവിയുമ്പോൾ തൂക്കുപാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം കുതിച്ചൊഴുകും. അതിനിടയിലൂടെ കുട്ടികൾ നടന്നുപോകുന്ന കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. ആ സമയങ്ങളിൽ മിക്കപ്പോഴും നാട്ടുകാർ ഇടപെട്ട് പാലം കടക്കുന്നതിൽനിന്ന് കുട്ടികളെയും മറ്റുള്ളവരെയും പിന്തിരിപ്പിക്കുകയാണ് പതിവ്.
ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കാൻ വർഷങ്ങൾക്കുമുമ്പേ പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയതാണ്. ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ഒമ്പത് ലക്ഷം രൂപയുടെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.
250 മീറ്റർ നീളത്തിലുള്ള റോഡ് പാലത്തിനും സമീപന റോഡുകൾക്കുമായി 30 കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇനി ഇക്കാര്യത്തിൽ പുതിയ സർക്കാരിന്റെയും എംഎൽഎമാരുടെയും ഇടപെടലിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് നാട്ടുകാർ. ഇതുവഴി കോൺക്രീറ്റ് പാലവും ബസ് സർവീസുകളുമുൾപ്പെടെ വന്നാൽ രണ്ടു പഞ്ചായത്തുകളിലെയും ഉൾപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് അത് വഴിയൊരുക്കും. ഇരുവശങ്ങളിലുമുള്ള സ്കൂളുകളും കോളജുകളുമുൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് വിവിധ സ്ഥലങ്ങളൽ നിന്ന് എത്തിച്ചേരാനും എളുപ്പമാകും.
Tags : nattu vishesham 47 years ferry disaster