ആനക്കല്ല് ഒറ്റമാവുങ്കലിലെ സദന്റെ നിർമാണം പൂർത്തിയാക്കിയ ഒറ്റനില വീട്.
ബന്തടുക്ക: ടൈൽസ് പണിക്കാരനായ ആനക്കല്ല് ഒറ്റമാവുങ്കലിലെ കെ. സദൻ മൂന്നുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് ഒരു ഒറ്റനില വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഓണത്തിനു പിന്നാലെ ഈ മാസം 28ന് ഗൃഹപ്രവേശം നടത്താനും തീരുമാനിച്ചതാണ്.
അവസാനഘട്ട പ്രവൃത്തികളുടെ ഭാഗമായി മൂന്നാഴ്ച മുമ്പ് വീടിനു പിന്നിൽ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് നിർമിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് സമീപത്ത് മണ്ണു താഴ്ന്ന് ചെറിയൊരു ഗർത്തം രൂപപ്പെട്ടതായി കണ്ടത്. അത് ഉടൻതന്നെ മണ്ണിട്ടു മൂടുകയും ചെയ്തു.
എന്നാൽ മഴ പെയ്തപ്പോൾ ഈ മണ്ണ് താഴ്ന്ന് വീണ്ടും ഗർത്തം രൂപപ്പെട്ടു. കാണെക്കാണെ ഗർത്തത്തിന് വീതിയും ഉയരവും വർധിച്ചു. വലിയ അളവിൽ മണ്ണിടിഞ്ഞ് വീടിന്റെ അടിയിലൂടെ വലിയൊരു ഗുഹ തെളിഞ്ഞുവന്നു. അതിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും 150 മീറ്റർ അകലെ തോട്ടത്തിലുള്ള കുളത്തിലേക്ക് ഉറവയായി പതിക്കുകയാണെന്നും കണ്ടെത്തി.
വടക്കുഭാഗത്തേക്ക് ചരിവുള്ള കുന്നിൻപ്രദേശത്താണ് വീട് നിർമിച്ചത്. ചരിവുള്ള അതേ ദിശയിലാണ് വീടിന്റെ അടിയിലൂടെ വെള്ളമൊഴുകുന്നത്.
കാസർഗോഡ് മേഖലയിലെ ജലസ്രോത്സുകളായ സുരങ്കകളുടെ മാതൃകയിലുള്ള ഈ ഗുഹയും നീരൊഴുക്കും നേരത്തേ ഇവിടെ ഉണ്ടായിരുന്നതായും അതറിയാതെയാണ് അതിനു മുകളിൽ വീടു നിർമിച്ചതെന്നുമാണ് മനസിലായത്.
സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ ഗുഹയുടെ മുഖം തുറന്നതോടെ വലിയ അളവിൽ മണ്ണിടിഞ്ഞ് വിസ്താരം വർധിക്കുന്ന നിലയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും ഇതിനു കാരണമായി. കുഴിയെടുത്ത ഭാഗത്തുനിന്ന് ഇറങ്ങിനോക്കുമ്പോൾ മൂന്ന് ആളിന്റെ പൊക്കത്തിലാണ് ഇപ്പോൾ ഗുഹയുള്ളത്. ഇനി ഈ വീട്ടിൽ ഒരുദിവസം പോലും മനസമാധാനമായി ഉറങ്ങാൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോൾ സദനും കുടുംബത്തിനുമില്ല.
വീണ്ടും മഴ കനത്താൽ ഗുഹയിലേക്ക് കൂടുതൽ മണ്ണിടിഞ്ഞ് വീടുതന്നെ നിലംപതിക്കുന്നത് കാണേണ്ടിവരുമോ എന്ന ആശങ്കയാണുള്ളത്. വില്ലേജിൽനിന്നും പഞ്ചായത്തിൽനിന്നുമൊക്കെ ആളുകൾ വന്നുനോക്കിയെങ്കിലും എല്ലാവരും നിസഹായതയാണ് പ്രകടിപ്പിക്കുന്നത്.
കൂലിപ്പണിയെടുത്ത് കിട്ടുന്നതിൽനിന്ന് മിച്ചംവച്ച തുക ഉപയോഗിച്ചാണ് 1350 ചതുരശ്ര അടി മാത്രം വിസ്താരമുള്ള ഈ ഒറ്റനില കോൺക്രീറ്റ് വീട് നിർമിച്ചത്. ചെലവ് ചുരുക്കുന്നതിനായി നിർമാരവൃത്തികളുടെ നല്ലൊരു ഭാഗം സദൻ സ്വന്തമായി ചെയ്യുകയായിരുന്നു.നാളിതുവരെയുള്ള സമ്പാദ്യം മുഴുവനും എണ്ണിപ്പെറുക്കി ചെലവഴിച്ച് തീർന്നു. ഇനി വീണ്ടും മറ്റൊരിടത്ത് ഈ അധ്വാനമെല്ലാം ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പോലുമില്ലാത്ത നിലയാണ്.
അമ്മ നാരായണിയും ഭാര്യ രമ്യയും മക്കളായ ആദിൽദേവും ആദിലക്ഷ്മിയും അടങ്ങുന്നതാണ് സദന്റെ കുടുംബം. ഇനി എന്തുചെയ്യാൻ കഴിയുമെന്ന നിരാശയും ആശങ്കയും അവരും പങ്കുവയ്ക്കുന്നു. സർക്കാരോ സന്നദ്ധ സംഘടനകളോ സാങ്കേതിക വിദഗ്ധരോ ഇടപെട്ട് പ്രശ്നത്തിന് എന്തെങ്കിലുമൊരു പരിഹാരം കാണാനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഇവർക്കു ബാക്കിയുള്ളത്.
Tags : Local News Nattuvishesham built house helpless