കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ 268 ക്രിട്ടിക്കൽ ബൂത്തുകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി കേന്ദ്ര സേനാംഗങ്ങളോട് ആവശ്യപ്പെട്ടു.
പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേളയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശ്രദ്ധ വേണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശിച്ചു.
ജനറൽ ഒബ്സർവർമാരായ വിജയ് ബാലകൃഷ്ണ വാഗ്മറെ, ധ്യാനേശ്വർ കൊണ്ടിബാഹു കിലാരി, പോലീസ് ഒബ്സർവർ അശുതോഷ്കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ്, സിഐഎസ്എഫ്, തമിഴ്നാട് സ്പെഷ്യൽ പോലീസ്, മഹാരാഷ്ട്ര സ്പെഷ്യൽ പോലീസ്, എസ്എസ്ബി എന്നീ കേന്ദ്രസേനകളുടെ പ്രതിനിധികളും പങ്കെടുത്തു.
Tags : nattu vishesham election security measures.