സെൻട്രൽ കേരള സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യന്മാരായ കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂൾ ടീം.
പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കൂവപ്പടി സെന്റ് ആൻസും തിരുവാണിയൂർ സ്റ്റെല്ലാ മേരീസും ചാന്പ്യന്മാരായി.
അണ്ടർ 19 ആൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂളിനെ പരാജയപ്പെടുത്തി കൂവപ്പടി സെന്റ് ആന്സ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. കോതമംഗലം മാർത്ത മറിയം പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിനെ പരാജയപ്പെടുത്തി തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. വരാപ്പുഴ ഇസബെല്ല ഡിറോസിസ് കോൺവെന്റ് സ്കൂളും അങ്കമാലി നൈപുണ്യ പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. അണ്ടർ 14 ആൺ-പെൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ലാ മേരീസ് കോൺവെന്റ് സ്കൂൾ ചാമ്പ്യന്മാരും കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പും നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം മാർത്തമറിയം പബ്ലിക് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളും സെക്കൻഡ് റണ്ണറപ്പ് നേടി. വിജയികൾക്ക് കൂവപ്പടി പഞ്ചായത്ത് മെന്പർ റോസ്മേരി ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി പോൾ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സെബാസ്റ്റ്യൻ, ഡോ. ഗോഡ്വിൻ പോൾ തുടങ്ങിയവർ സംസാരിച്ചു. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ മാസ്റ്റർ ജോൺ ബെൻഹർ ശാലുവും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെല്ലാ മേരി സ്കൂളിലെ കുമാരി ശ്രീപാർവതിയും അണ്ടർ 14 ആൺ-പെൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസിലെ മാസ്റ്റർ ഏയ്ഡൻ സിജോയും കുമാരി നിയ മാത്യുവും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
Tags : emerge as champions. nattuvishesham local news St. Anne’s Koovappady Stella Maris Thiruvaniyoor