വെള്ളറട: കള്ളിക്കാട് പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ അനുമതിയില്ലാതെ നിരപ്പുകാല വാര്‍ഡില്‍ ഇടവാച്ചല്‍ ഉലയന്‍കോണം റോഡ് വെട്ടിപ്പൊളിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച എയര്‍ടെല്‍ കമ്പനിയുടെ നടപടി നാട്ടുകാരും വാര്‍ഡ് മെമ്പറും ചേര്‍ന്നു തടഞ്ഞു.
റോഡ് നിയമവിരുദ്ധമായി വെട്ടിപ്പൊളിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രവൃത്തി ശക്തമായി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട എഇ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൃത്യമായ അനുമതി വാങ്ങിയതിനു ശേഷവും റോഡ് പൂര്‍വസ്ഥിതിയിലാക്കി നല്കുമെന്നുള്ള (റീസ്റ്റോറേഷന്) ഉറപ്പ് നല്കിയാല് മാത്രമേ ഇനി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ കമ്പനിയുടെ പണികള്‍ പൂര്‍ണമായി നിര്‍ത്തിവെപ്പിച്ചു. കൂടാതെ, റോഡിന് വരുത്തിയ നാശനഷ്ടങ്ങള്‍ തീർത്ത് റോ ഡ് പൂർവവസ്ഥിതിയിലേക്കു മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനിക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും എഇ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുനിന്നു പിരിഞ്ഞുപോയത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ റോഡുകള്‍ തകര്‍ക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത്.
Tags : member blocked Nattuveshesham Districtnews