സന്ദേശം നല്കുന്ന കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ഭരണങ്ങാനം: വിശ്വാസത്തിന്റെ കണ്ണിലൂടെ സഹനത്തെ നോക്കിക്കണ്ട് ദൈവസ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും വഴിയാണ് സഹനമെന്ന് ലോകത്തോട് വിളിച്ചുപറയുന്ന വിശുദ്ധ അല്ഫോന്സായുടെ ജീവിത മാതൃക ഈ കാലഘട്ടത്തിന് ഒരു വെല്ലുവിളിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ലക്ഷോപലക്ഷങ്ങളുടെ ജീവിതത്തിലേക്ക് സാന്ത്വനമായും രോഗശാന്തിയായും കൃപയുടെ നിറവായും സ്നേഹമായും ദൈവകൃപയുടെ ഒഴുകിയിറങ്ങുന്ന ജലധാരയാണ് ഭരണങ്ങാനം തീര്ഥാടകേന്ദ്രം. വിശുദ്ധ അല്‍ഫോന്‍സ നമ്മോട് പറയുന്നത് സഹനത്തിന് ഉത്തരമുണ്ട് എന്നാണ്. കൂടാതെ മുറിവുകള്‍ രക്ഷാദായകമാണ് എന്നുമാണ്. ലോകത്തിന്റെ ഭാഷയില്‍ സുഖം, സൗകര്യം, സമ്പത്ത്, ലൗകിക താത്പര്യങ്ങള്‍ എന്നിവ അന്വേഷിക്കുമ്പോള്‍ ദൈവസ്നേഹത്തിന്റെ നിറവില്‍ വിശുദ്ധ അല്‍ഫോന്‍സ അന്വേഷിച്ചത് സഹനങ്ങള്‍ ഏറ്റെടുത്ത്, ത്യാഗങ്ങള്‍ ഏറ്റെടുത്ത്, വിശുദ്ധിയില്‍ വളരാനാണ്. സഹനങ്ങളെ പാഴാക്കിക്കളയരുത്, വിശുദ്ധിയിലേക്കുള്ള ഉപാധിയാണ് എന്നും തിരുമുറിവിനോട് ചേര്‍ന്നുനിന്ന് സഹനത്തെ സ്വീകരിക്കണമെന്നും മാർ പുളിക്കൽ ഓര്‍മപ്പെടുത്തി.
തിരുനാളിന്റെ ഏഴാം ദിവസമായ ഇന്നലെ തലശേരി ആദം മിനിസ്ട്രി ഡയറക്ടർ ഫാ. ജോര്‍ജ് കളരിമുറിയില്‍ ശ്രവണ പരിമിതിയുള്ളവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അറുപതിലേറെ ശ്രവണപരിമിതര്‍ സംബന്ധിച്ചു. ഫാ. അഗസ്റ്റിന് തലോടില്‍ തമിഴ് ഭാഷയിലും ഫാ. സാബു ഞാറോലിക്കല്‍ ഹിന്ദി ഭാഷയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ. തോമസ് ഓലായത്തില്‍, ഫാ. ഡോ. ജയിംസ് മംഗലത്ത്, ഫാ. ഡോ. ജയിംസ് വാഴചാരിക്കല്‍, ഫാ. ഡോ. ജോര്‍ജ് മാലത്തില്‍, ഫാ. മാത്യു മതിലകത്ത് എന്നിവർ വിശുദ്ധ കുര്ബാനകളര്പ്പിച്ച് സന്ദേശം നല്കി. വൈകുന്നേരം അഞ്ചിന് റായ്പുര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് അഗസ്റ്റിന് ചരണകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 6.15ന് ആഘോഷമായ ജപമാല തിരിപ്രദക്ഷിണത്തിന് ഫാ. തോമസ് കൊച്ചോടയ്ക്കല്‍ നേതൃത്വം നല്കി. മാര്‍ ജോസ് പുളിക്കല്‍ അല്‍ഫോന്‍സ നാമധാരികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന നടത്തി. സമ്മാനങ്ങളും വിതരണം ചെയ്തു.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 5.30: വിശുദ്ധ കുര്‍ബാന - ഫാ. സിറിയക് തടത്തില്‍ (ഡയറക്ടര്‍, സെന്റ് തോമസ് പ്രസ്, പാലാ), 6.45: വിശുദ്ധ കുര്‍ബാന - ഫാ. ജേക്കബ് പേഴത്തുങ്കല്‍ (ഡയറക്ടര്‍, എസ്ജെഎച്ച്എംസിടി, ചൂണ്ടച്ചേരി), 8.30: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. ജേക്കബ് വടക്കേല്‍ (റെക്ടര്‍, ഗുഡ്ഷെപ്പേർഡ് മൈനര്‍ സെമിനാരി, പാലാ), 10.00: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍ (റെക്ടര്‍, സെന്റ് തോമസ് അപ്പൊസ്തലിക് മേജര്‍ സെമിനാരി, വടവാതൂര്‍), 11.30: വിശുദ്ധ കുര്‍ബാന - കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ്, സീറോമലബാര്‍ സഭ), ഉച്ചകഴിഞ്ഞ് 2.30: വിശുദ്ധ കുര്‍ബാന - ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ (വികാരി, ചെങ്ങളം പള്ളി, കാഞ്ഞിരപ്പള്ളി രൂപത), 2.30: വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് അരഞ്ഞാണിപുത്തന്‍പുര (അസി. പ്രഫസര്‍, എസ്ജെസിഇടി ചൂണ്ടച്ചേരി), വൈകുന്നേരം 5.00: വിശുദ്ധ കുര്‍ബാന - മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (വികാരി ജനറാള്‍, പാലാ രൂപത), 6.15: ജപമാല പ്രദക്ഷിണം - ഫാ. മാണി കൊഴുപ്പന്‍കുറ്റി (ഡയറക്ടര്‍, എസ്എംവൈഎം പാലാ രൂപത), രാത്രി 7.00: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. കുര്യക്കോസ് കാപ്പിലിപ്പറമ്പില്‍ (വൈസ് പ്രിന്‍സിപ്പല്‍, സെന്റ് തോമസ് കോളജ്, പാലാ).
Tags : Nattuvishesham DistrictNews DeepikaNews Bharananganam